പഥികന്റെ കാൽപാട്Monday, July 25, 2011

ആരാമത്തിന്റെ രോമാഞ്ചങ്ങൾ - അന്നെയും ട്യുലിപും (ഹോളണ്ടിലൂടെ രണ്ടാം ഭാഗം )

ഹോളണ്ട് യാത്രയുടെ ആദ്യഭാഗം "ഡച്ച് ഗ്രാമങ്ങളിലൂടെ" ഇവിടെയുണ്ട് 
 ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

നെതെർലാൻഡ്സിലെ രണ്ടാമത്തെ ദിവസം. ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും പ്രശസ്തവുമായ ട്യുലിപ് ഗാർഡൻ - ക്യൂക്കൻഹോഫ് (Keukenhof) സന്ദർശിക്കലാണ്‌ ഇന്നത്തെ പ്രധാന പരിപാടി. ഒരു കണക്കിൽ നെതെർലാൻഡ് സന്ദർശനത്തിന്റെ തന്നെ പ്രധാന ഉദ്ദേശം ഇതായിരുന്നു. രാവിലെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് ഏതാണ്ട് 8 മണിയോടെ ക്യൂക്കൻഹോഫിലേക്ക് തിരിച്ചു. ഹോട്ടലിൽ നിന്നു എല്ലാ അരമണിക്കൂർ കൂടുമ്പോഴും ആംസ്റ്റർഡാമിലെ എയർപോർട്ടായ ഷിൽപോളിലോട്ട് ഷട്ടിൽ സർവീസ് ഉണ്ട്. ഷിൽപ്പോളിൽ നിന്നാണ്‌ ക്യൂക്കൻഹോഫിലോട്ടുള്ള കണക്ഷൻ ബസ് ബുക്ക് ചെയ്തിരിക്കുന്നത്.


ലോകത്തെ പ്രാധാന വിമാനസർവിസുകളൊന്നായ KLM ഇന്റെ ആസ്ഥാനമായതിനാൽ അന്താരാഷ്ട്രപ്രസക്തിയുള്ള ഒരു വിമാനത്താവളമാണ്‌ ഷിൽപോൾ.അമേരിക്കയിലേക്കും ഏഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെ ഒരു പ്രധാന ട്രാൻസിറ്റ് പോയിന്റ് ആംസ്റ്റർഡാമാണ്‌.
ഷിൽപോൾ വിമാനത്താവളം
ക്യൂക്കൻഹോഫിലോട്ടുള്ള ബസിൽ വച്ച് ബാംഗ്ളൂർ നിന്നുള്ള ഒരു കുടുംബത്തെ പരിചയപ്പെട്ടു. സ്കൂൾ വെക്കേഷൻ സമയത്തു ലോകം ചുറ്റാൻ ഇറങ്ങിയ ഒരച്ഛനും അമ്മയും രണ്ട് കുട്ടികളും. ഏപ്രിൽ മാസം അമേരിക്കയിലായിരുന്നത്രേ. നെതെർലാൻഡ്സ് ഉൾപ്പടെയുള്ള പശ്ചിമയൂറോപ്യൻ രാജ്യങ്ങൾ ആണ്‌ മെയ് മാസത്തെ ടാർഗ്റ്റ്. എല്ലാ വെക്കേഷനും ഇങ്ങനെ ലോകം കറങ്ങാറുണ്ടത്രെ !


ഗാർഡനിലേക്കുള്ള എന്റ്റി ടിക്കറ്റ് കഴിഞ്ഞ ദിവസമേ എടുത്തിരുന്നതിനാൽ ക്യൂ ഒഴിവക്കാനായി. ട്യുലിപ് പൂവിടുന്ന മാർച്ച് അവസാനം മുതൽ മെയ് പകുതിവരെ മാത്രമെ ഗാർഡനിലേക്ക് പ്രവേശനമുള്ളൂ. ഇതിൽ രാജ്ഞിയുടെ ജന്മദിനമായ ഏപ്രിൽ 30 ന്‌ അവിടെ വലിയ തിരക്കാണ്‌.


യൂറോപ്പിലെ മറ്റ് പൂന്തോട്ടങ്ങളെപ്പോലെ നൂറ്റാണ്ടുകളുടെ പാരമ്പര്യമൊന്നും ക്യൂക്കൻഹോഫിന്‌ അവകാശപ്പെടാനില്ല.2011 ഇൽ 62ആം വാർഷികം ആഘോഷിച്ച ക്യൂക്കൻഹോഫ് 1949 ഇലാണ്‌ രൂപകല്പന ചെയ്തത്. ലോകത്തിൽ ഏറ്റവും കൂടുതൽ പൂക്കൾ കയറ്റുമതി ചെയ്യുന്ന നെതെർലാന്റ്സിന്‌ അതർഹിക്കുന്ന ഒരു പ്രദർശനശാല ഒരുക്കുകയായിരുന്നു ക്യൂക്കൻഹോഫിന്റെ സൂത്രധാരനും ആംസ്റ്റർഡാമിന്റെ അന്നത്തെ മേയറുമായ ലിസ്സെയുടെ പ്രധാനലക്ഷ്യം .ക്യൂക്കൻഹോഫ് എന്ന വാക്കിന്റെ അർത്ഥം “Kichen Garden” എന്നാണ്‌. 16 ആം നൂറ്റാണ്ടിലെ പ്രഭ്വി ആയിരുന്ന ജാക്വലിന്റെ അടുക്കളത്തോട്ടമായിരുന്നു ക്യൂക്കൻഹോഫ്.


ക്യൂക്കൻഹോഫിലെത്തുന്ന സന്ദർശകരെ സ്വീകരിക്കുന്നത് ആഡ്രിയൻ എന്നു പേരുള്ള ഒരു വലിയ ഡച്ച് ഓർഗനാണ്‌. 1978 ഇൽ നിർമ്മിച്ച ഈ ഓർഗനിൽ പാട്ടുകൾ തിരഞ്ഞെടുക്കുന്നത് ഡോട്ടഡ് പേപ്പറിന്റെ സഹായത്താലാണ്‌. 


അഡ്രിയൻ
അഡ്രിയന്റെ മുന്നിൽ നിന്നും തിരിഞ്ഞാലുടൻ ട്യുലിപ് പൂക്കളുടെ വലിയ സാമ്രാജ്യം കാണാം.മഞ്ഞ ചുവപ്പ് നീല തുടങ്ങി നാനാവർണ്ണത്തിലുള്ള ട്യുലിപ് പൂക്കൾ. വിവിധ ഇനങ്ങളിലായി 70 ലക്ഷം പൂച്ചെടികളാണ്‌ 2011ഇൽ ഇവിടെ വച്ചു പിടിപ്പിച്ചിട്ടുള്ളത്.ഇതിൽ 45 ലക്ഷവും ട്യുലിപ്പുകൾ തന്നെ. 


വിൻഡോസ് വാൾപേപ്പറല്ല ! :)
ലോകത്തി ഏറ്റവും കൂടുതൽ ചിത്രങ്ങൾ എടുക്കപ്പെടുന്ന സ്ഥലം എന്ന ബഹുമതിയും ക്യൂക്കൻഹോഫിനുണ്ട്. 

പലതരത്തിൽ പലനിറങ്ങളിൽ ട്യുലിപ്പുകൾ
സീസൺ കഴിയാറായതിനാൽ ചില സ്ഥലങ്ങളിൽ പൂക്കൾ വാടിത്തുടങ്ങിയിരുന്നു.അവിടങ്ങളിൽ സന്ദർശകർക്കു നിരാശ ഉണ്ടാവാതിരിക്കൻ late budding Tulips നട്ടുപിടിപ്പിച്ചിരിക്കുന്നു. 

പ്രകൃതിയുടെ നിറക്കൂട്ട്


എന്നാൽ പലരും കരുതുന്ന പോലെ നെതെർലാൻഡിന്റെ തനതായ പുഷ്പമല്ല ട്യുലിപ്. ഗൾഫ് നാടുകളാണ്‌ ട്യുലിപിന്റെ ജന്മദേശം. വ്യാപാരാവശ്യത്തിന്നായി ഗൾഫിൽ എത്തിയ ഡച്ചുവ്യാപാരികൾ ആണ്‌ ഇതു യൂറൊപ്പിലെത്തിച്ചത്.കാരണം ഓറഞ്ചു നിറത്തോടുള്ള “ആക്രാന്തം” തന്നെ.നെതെർലാൻഡ്സിന്റെ ഔദ്യോഗിക നിറമാണ്‌ ഓറഞ്ച്.ഇതു പോലെ പണ്ടു കാലത്തു വെള്ളയും ചുവപ്പും നിറമുള്ള കാരറ്റുകളായിരുന്നത്രേ കൂടുതൽ പ്രചാരം. ഓറഞ്ചു നിറമുള്ള കാരറ്റും ലോകം മുഴുവൻ വച്ചു പിടിപ്പിച്ചത് ഡച്ചു നാവികരാണ്‌. 

വീണ്ടും ട്യുലിപ്
ഗാർഡന്റെ ഒരു വശത്ത് ഒരു കൂറ്റൻ വിൻഡ്മില്ലുണ്ട്. 18 ആം നൂറ്റാണ്ടിലെ ഈ വിൻഡ്മില്ല് അതേപടി പുനസ്ഥാപിച്ചിരിക്കുകയാണ്‌ ക്യൂക്കൻഹോഫിൽ. വിൻഡ്മില്ലിന്റെ മുകളിലേക്ക് നടന്നു കയറാം. നന്നേ ഇടുങ്ങിയ 2 കോണിപ്പടികളുണ്ട് ഒന്നു കയറാനും ഒന്നിറങ്ങാനും. കാറ്റിന്റെ ദിശയനുസരിച്ച് വിൻഡ്മിൽ തിരിക്കാനുള്ള ലിവർ മുകളിലത്തെ നിലയിലായി കാണാം. ഇത്രയും വലിയ വിൻഡ്മിൽ ആ കുഞ്ഞു ലിവർ ഉപയോഗിച്ചു തിരിക്കാൻ പറ്റുന്നത് അതിശയം തന്നെ. 

ക്യുക്കൻഹോഫിലെ വിൻഡ്മിൽ
വിൻഡ്മില്ലിന്റെ താഴത്തെ തുറസ്സായ സ്ഥലത്ത് ഒരു ഡച്ച്
മ്യൂ സിക് കാർണിവൽ അരങ്ങേറുകയണ്‌. മിക്കവാറും മധ്യവയസ്സു കഴിഞ്ഞവരാണ്‌ പാടുന്നവർ.പരിമിതമായ വാദ്യോപകരണങ്ങളുപയോഗിച്ച് ദ്രുതതാളത്തിലുള്ള ഒരു നാടോടി സംഗീതം.ചുറ്റും അത്യാവശ്യം വലിയ ഒരു ആൾക്കൂട്ടം കൈകാലുകൾ കൊണ്ടു താളം പിടിച്ച് പാട്ടുകാരെ പ്രോൽസാഹിപ്പിക്കുന്നു.ആ സംഗീതം ആസ്വദിച്ച് അല്പനേരം അവിടെ നിന്നു. 

ഡച്ച്
മ്യൂ സിക് കാർണിവൽ


മ്യൂ സിക് കാർണിവൽ
വിൻഡ്മില്ലിന്റെ മുകളിൽ നിന്നും


മരത്തടിയിൽ ഫോർക്ക് കുത്തി വച്ചതുപോലെയുള്ള കസേരകളാണ്‌ അവിടെയുള്ള പാർക്കിൽ. മെയ് അവസാനം ലില്ലിപ്പൂക്കളുടെ സീസണാണ്‌ . ലില്ലിപ്പൂക്കൾക്കായി ഒരു വലിയ പ്രദർശനശാല ഒരുക്കിയിട്ടുണ്ട് ക്യൂക്കൻഹോഫിൽ. ഊഷ്മാവു ക്രമീകരിച്ച പ്രത്യേക ഗ്രീൻ ഹൗസുകളിലാണ്‌ ഇവ പ്രദർശിപ്പിച്ചിരിക്കുന്നത്. 

ലില്ലിപൂക്കളുടെ ഒരു പരേഡും ഒരു ഭാഗത്തായി നിർമ്മിച്ചിട്ടുണ്ട്.


ലില്ലിപ്പൂക്കളുടെ അടുത്തുനിന്നിറങ്ങുന്നത് ഒരു തടാകത്തിന്റെ കരയിലേക്കാണ്‌. തടാകത്തിൽ നിറയെ അരയന്നങ്ങൾ.ട്യുലിപ് പൂക്കളും ജലാശയവും അരയന്നങ്ങളുമൊക്കെയായി വളരെ മനോഹരമായ ഒരു കാഴ്ച. അവിടെ ഒരു കല്യാണപ്പാർട്ടിയുടെ ഫോട്ടോ സെഷൻ നടക്കുകയാണ്‌. 

നീലവാനച്ചോലയിൽ നീന്തിടുന്ന ഹംസമേ..
ജർമ്മനിയും നെതെർലാൻഡും തമ്മിലുള്ള സാമൂഹിക നയതന്ത്ര ബന്ധമാണ്‌ 2011 ന്റെ തീം. ഇതിനായി ഒരു വലിയ സ്റ്റാൾ ഒരുക്കിയിട്ടുണ്ട്.ഡച്ചു സംസ്കാരത്തിന്‌ ജർമ്മനി നല്കിയ സംഭാവനയും ഇരു രാജ്യത്തെയും രാജകുടുംബങ്ങൾ തമ്മിലുള്ള ബന്ധവുമൊക്കെയാണ്‌ പ്രദർശനവിഷയം .


അവിടെ നിന്നിറങ്ങിയപ്പോൾ ചെറിയ ചാറ്റൽ മഴ. നിന്നു നനയാതെ അടുത്ത ബസ് പിടിച്ച് ആംസ്റ്റർഡാം സെന്റ്റലിലോട്ടു തിരിച്ചു.
      
            *                             *                              *


ക്യുക്കൻഹോഫിൽ നിന്നും വിചാരിച്ചതിലും നേരത്തെ ഇറങ്ങാൻ കഴിഞ്ഞതിനാൽ അടുത്ത ദിവസം പ്ലാൻ ചെയ്തിരുന്ന അന്നെ ഫ്രാങ്ക് ഹൗസ് സന്ദർശനം നേരത്തെ ആക്കാൻ തീരുമാനിച്ചു. ആംസ്റ്റെർഡാമിലെത്തുന്ന സന്ദർശകർ തീർച്ചയായും പോയിരിക്കുന്ന ഒരു സ്ഥലമാണ്‌ അന്നെ ഫ്രാങ്കും കുടുംബവും നാസി ഭീകരരിൽ നിന്ന് ഒളിച്ച് 2 വർഷത്തോളം താമസിച്ചിരുന്ന അജ്ഞാതഭവനം.അതുകൊണ്ടു തന്നെ ഇവിടെ പ്രവേശനത്തിനു നീണ്ട ക്യു പതിവാണ്‌.ഓൺലൈൻ ആയും ടൂറിസ്റ്റ് ഇൻഫൊർമേഷൻ സെന്ററിൽ നിന്നും ടിക്കറ്റെടുക്കാമെങ്കിലും ലഭ്യമായ ടിക്കറ്റുകളുടെ എണ്ണം പരിമിതമാണ്‌.

ആംസ്റ്റെർഡാം സെന്റ്റലിൽ നിന്നും പത്തു പതിനഞ്ചു മിനിറ്റ് നടന്നാൽ അന്നെ ഫ്രാങ്ക് ഹൗസിലെത്താം.പോകുന്ന വഴിയാണ്‌ ഡാംസ്ക്വയറും റോയൽ പാലസും. എന്തോ അറ്റകുറ്റപ്പണിക്കായി പാലസ് അടച്ചിട്ടിരുന്നതിനാൽ അകത്തു കയറാൻ പറ്റിയില്ല.

ഡാംസ്ക്വയർ


അന്നെ ഫ്രാങ്ക് ഹൗസ് പ്രസിദ്ധമാകുന്നത് ഒളിവു ജീവിതകാലത്തു അന്നെ എഴുതിയ ഡയറിയിലൂടെയാണ്‌. ജർമ്മനിയി
ജനിച്ച അന്നെ ഫ്രാങ്കിന്‌ 13 ആം പിറന്നാൾ സമ്മാനമായി ലഭിച്ചതാണ്‌ ആ ഡയറി. ഒരാത്മസുഹൃത്തിനോട് പറയുന്ന പോലെ സ്വന്തം ജീവിതത്തിലെ ഒരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളും അന്നെ ആ ഡയറിയിലൂടെ എഴുതി.രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ നാസിപ്പട്ടാളം ലോകം മുഴുവൻ ജൂതരെ തിരഞ്ഞുപിടിച്ചു കൂട്ടക്കൊല ചെയ്യുന്ന സമയത്താണ്‌ ജൂതപ്പെൺകുട്ടിയായ അന്നെക്കും അവളുടെ കുടുംബത്തിനും ആംസ്റ്റർഡാമിലെ സ്വന്തം വീട്ടിൽ നിന്നും ഒരു ഗോഡൗണിനു പുറകിലുള്ള ഒളിസങ്കേതത്തിലോട്ടു പോകേണ്ടി വന്നത്. 2 വർഷങ്ങൾക്കു ശേഷം അജ്ഞാതനായ ഏതോ ഒറ്റുകാരനിൽ നിന്നു ലഭിച്ച സന്ദേശമനുസരിച്ച് നാസികൾ ഫ്രാങ്ക് കുടുംബത്തെ അറസ്റ്റ് ചെയ്യുന്നവരെ അന്നെ മുടങ്ങാതെ ഡയറി എഴുതുമായിരുന്നു. അന്നെയുടെ അഛൻ ഓട്ടോ ഫ്രാങ്ക് ഒഴികെ അന്ന് പിടിക്കപ്പെട്ടവരെല്ലാം നാസിജർമ്മനിയിലെ കോൺസന്റ്റേഷൻ ക്യാമ്പുകളിൽ വച്ച് കൊല്ലപ്പെട്ടു. യുദ്ധം കഴിഞ്ഞ് ഈ ഡയറി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് ഓട്ടോ ഫ്രാങ്കാണ്‌. 100 ഒളം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള അന്നെ ഫ്രാങ്ക് ഡയറി വിവേചനത്തിനും വംശവിദ്വേഷത്തിനുമെതിരെയുള്ള ശക്തമായ സന്ദേശമായി ഇന്നും പരക്കെ വായനക്കാരെ ആകർഷിക്കുന്നു.
അന്നെ ഫ്രാങ്ക്
ഒരു പെൺകുട്ടിയുടെ വിചാരവീക്ഷണങ്ങളിൽ വളർച്ചയുടെ 2 വർഷക്കാലം കൊണ്ടുണ്ടാകുന്ന മാറ്റങ്ങൾ ഈ ഡയറിയിൽ പ്രതിഫലിക്കുന്നുണ്ട്. കൗമാരചാപല്യങ്ങളുടെ കുത്തിക്കുറിക്കലാണ്‌ ആദ്യമൊക്കെ കാണുന്നതെങ്കിൽ താൻ ജീവിച്ചു പോരുന്ന വിഷമകരമായ കാലഘട്ടത്തിന്റെ വിഹ്വലതകളും ഇത്തരമൊരവസ്ഥയുടെ കാരണങ്ങളെക്കുറിച്ചുള്ള സ്വതന്ത്രമായ ചിന്തകളുമാണ്‌ അവസാനപേജുകളിൽ. ഒപ്പം സ്വതന്ത്രമായ നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും.

എതാണ്ട് ഒരു മണിക്കൂറോളം ക്യു നില്ക്കെണ്ടിവന്നു അന്നെ ഫ്രാങ്ക് ഹൗസിലൊട്ടുള്ള പ്രവേശനത്തിന്‌. കയറുമ്പോൾ തന്നെ വിശാലമായ ഒരു ഹാൾ കാണാം. ഫ്രാങ്ക് കുടുംബം താമസിച്ചിരുന്ന വീടിനു മുൻവശത്തെ ഗോഡൗൺ ആയിരുന്നു മുൻപ് അത്. അവിടെ ചില ചിത്രങ്ങ
പ്രദർശിപ്പിച്ചിരിക്കുന്നു.
അന്നെ ഫ്രാങ്ക് ഹൗസിൽ ഫോട്ടോ എടുക്കാൻ പാടില്ല. അതറിയാതെ എടുത്ത ചിത്രം

അവിടെ നിന്നും കുത്തനെ ഉള്ള ഒരു കോണിപ്പടി കയറിയാൽ ഒരു
ബുക്ക്ഷെൽഫ് കാണാം. ആ ബുക്ക് ഷെൽഫിന്റെ പുറകിലായാണ്‌ വീടിനകത്തു പ്രവേശിക്കനുള്ള രഹസ്യ വാതിൽ. ആ വീട്ടിലെ മുറികളെല്ലം പഴയ രീതിയിൽ തന്നെയാണ്‌ സജ്ജീകരിച്ചിരിക്കുന്നത്. അന്നെയും ചേച്ചി മാർഗരറ്റും മുറികളിൽ വരച്ചു വച്ച ചിത്രങ്ങളും ഒട്ടിച്ചു വച്ച ന്യൂസ് പേപ്പർ കട്ടിങ്ങുകളുമെല്ലാം അവിടെ കാണാം. ആ വീടിന്റെ മുക്കും മൂലയും അന്നെയുടെ ഡയറിയിലൂടെ സുപരിചിതമായിരുന്നതിനാൽ കുട്ടിക്കാലത്തെപ്പൊഴോ കഴിഞ്ഞിരുന്ന ഒരു വീട്ടിൽ വളരെക്കാലം കഴിഞ്ഞു തിരിച്ചെത്തിയ ഒരു പ്രതീതി.

വീടിനോട് ചേർന്ന് ഒരു പ്രദർശനശാലയുണ്ട്. അവിടെ അന്നെയുടെ ഡയറിയുടെ കയ്യെഴുത്തു പ്രതി സൂക്ഷിച്ചിരിക്കുന്നു.കൂട്ടത്തിൽ പ്രസക്തമായ ചില വീഡിയോ ദൃശ്യങ്ങളും. അവയിൽ അന്നെയുടെ അഛൻ ഓട്ടോഫ്രാങ്കിന്റെയും, അന്നെ ഫ്രാങ്കിന്റെ ഡയറി സൂക്ഷിച്ചു വച്ച് ഓട്ടൊഫ്രാങ്കിനു കൈമാറിയ ജർമ്മൻ കെയർടേക്കർ മീപ് ഗീസിന്റെയും അഭിമുഖങ്ങൾ ശ്രദ്ധേയമാണ്‌.

അന്നെ ഫ്രാങ്ക് ഹൗസിൽ നിന്നിറങ്ങുമ്പോൾ മനസ്സു കലുഷിതമായിരുന്നു. കനേഡിയൻ സൈന്യം ആംസ്റ്റർഡാം മോചിപ്പിക്കുന്നതിനു ഒരാഴ്ച മുൻപാണ്‌ അന്നെ ഫ്രാങ്കും കുടുംബവും നാസി തടങ്കലിലാകുന്ന
ത്. പോളണ്ടിലെ ഔഷ്വിറ്റ്സ് കോൺസന്റ്റേഷൻ ക്യമ്പിൽ വച്ച് അവൾ മരിക്കുന്നത് റഷ്യൻ സൈന്യം അവിടെ എത്തുന്നതിനു ഒരു മാസം മുൻപ് മാത്രവും.ആംസ്റ്റെർഡാമിലെ ആ ഇടുങ്ങിയ വീട്ടിൽ ഒരാഴ്ച കൂടി അവൾക്ക് ഒളിച്ചു താമസിക്കാൻ പറ്റിയിരുന്നെങ്കിൽ !! നാസിത്തടവറയിലെ കൊടിയ പീഢനങ്ങളെ അല്പകാലം കൂടി അതിജീവിക്കാൻ അവൾക്കായിരുന്നെങ്കിൽ !!! സ്വപ്നം കണ്ടു കാത്തിരുന്ന സ്വതന്ത്രമായ ലോകത്തേക്ക് അന്നെക്ക് മടങ്ങിവരാൻ കഴിഞ്ഞിരുന്നെങ്കിൽ !

പക്ഷേ മറ്റൊന്നാലോചിച്ചാൽ അർത്ഥപൂർണ്ണമായ ചെറിയ ജീവിതമല്ലേ ദീർഘായുസ്സിനെക്കാൾ നല്ലത് ? ഒരു പക്ഷേ അന്നെ തിരിച്ചു വന്നിരുന്നെങ്കിൽ ഈ ഡയറി വെളിച്ചം കാണുമായിരുന്നോ ? അടിച്ചമർത്തപ്പെട്ട യൗവ്വനത്തിന്റെ പ്രതീകമായി അന്നെക്ക് ഇന്നും ജനമനസ്സുകളിൽ ജീവിക്കാൻ കഴിയുമായിരുന്നോ ?

അന്നെയുടെ ഡയറി പ്രകാശനം ചെയ്യുമ്പോൾ ഓട്ടോഫ്രാങ്ക് പറഞ്ഞ വാക്കുകൾ മനസ്സിലൊട്ടു വന്നു.

To build the future, we should know the past !

അന്നെ, വിവേചനത്തിന്റെയും വംശവെറിയുടെയും ഇരുണ്ട ഇന്നലെകൾ നിന്നിലൂടെ ലോകമറിയുന്നു. അതിൽ നിന്നും പാഠമുൾക്കൊണ്ട് സാർവ്വസാഹോദര്യത്തിന്റെ പ്രകാശമാനമായ ഒരു ഭാവി പടുത്തുയർത്താൻ മനുഷ്യരാശിക്കു കഴിയും, തീർച്ച !
 

ഒട്ടിച്ചു ചേർത്തത് :
അഡ്രിയന്റെ (ഡച്ച് ഓർഗൻ) ഒരു വീഡിയോ :  http://www.youtube.com/watch?v=m5BpmKGZwEY
ക്യുക്കൻഹോഫ് : http://www.keukenhof.nl/
അന്നെ ഫ്രാങ്ക് ഡയറി ഓൺലൈൻ ആയി :
അന്നെ ഫ്രാങ്ക് ഹൗസ് വെബ്സൈറ്റ് ഇവിടെ നിന്നും ഓൻലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം :  http://www.annefrank.org/

5 comments:

 1. ഒരു പാടിഷ്ടമായി. തുലിപ് ചിത്രങ്ങള്‍ നന്നായി.ഞാന്‍ പോയപ്പോള്‍ സീസണ്‍ അല്ലായിരുന്നു. അതുകൊണ്ട് ട്യൂലിപ് പാടം മാത്രം കണ്ടു പൂ കണ്ടില്ല :(. ആനിന്റെ ഡയറിക്കുറിപ്പുകള്‍ വായിച്ചിട്ടുണ്ട്. .....സസ്നേഹം

  ReplyDelete
 2. പഥികൻ...വിവരണവും ചിത്രങ്ങളും വളരെ നന്നായിരിക്കുന്നു..പ്രത്യേകിച്ച് അന്നെ ഫ്രാങ്കിനെക്കുറിച്ചുള്ള വിവരണം.{അന്നെ ഫ്രാങ്ക് ഹൗസിൽ ഫോട്ടോ എടുക്കാൻ പാടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ)ഫ്രാങ്ക് ഹൗസിന്റെ കുറച്ചു ചിത്രങ്ങൾ കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.ആ ഡയറി പല തവണ വായിക്കാൻ സാധിച്ചതുമൂലമുണ്ടായ ആഗ്രഹം.....

  ReplyDelete
 3. യാത്രികാ, ഷിബൂ..വരവിനും വായനക്കും അഭിപ്രായത്തിനും ഏറെ നന്ദി...

  ഷിബൂ..അന്നെ ഫ്രാങ്ക് ഹൗസിന്റെ ഒരു virtual tour ഈ ലിങ്കിൽ ഉണ്ട്
  http://www.annefrank.org/en/Subsites/Home/

  ReplyDelete
 4. ഈ വിവരണം വളരെ വളരെ നന്നായി ..നെതെർലാൻഡ് കാണണം എന്ന് വലിയ ഒരു സ്വപ്നം ആണ് .ഇത് വായിച്ചപ്പോള്‍ എല്ലാം നേരില്‍ കണ്ടപ്പോലെ ..

  ReplyDelete
 5. ട്യുലിപ് നമ്മുടെ രാഷ്ട്രപതി ഭവനിലെ ഗാർഡനിൽ ഉണ്ട്. അങ്ങനെ അതു കാണാൻ സാധിച്ചിട്ടുണ്ട്. എന്നാലും ടുലിപ് പാടങ്ങൾ കാണുന്നതു പോലെയല്ലല്ലോ. സിൽ സില പോലെയുള്ള ചില സിനിമകളിൽ കണ്ടിട്ടുണ്ട് ഈ പാടം.
  അന്നെ ഫ്രാങ്ക് ഡയറി ഒരുപാട് പ്രാവശ്യം വായിച്ചിട്ടുള്ളതുകൊണ്ട്...ഒത്തിരി വിഷമം തോന്നി.

  ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...