പഥികന്റെ കാൽപാട്Sunday, October 2, 2011

തീവണ്ടിക്കഥകൾ (രണ്ടാം ഭാഗം)

 തീവണ്ടിക്കഥകൾ (ഒന്നാം ഭാഗം) ഇവിടെ

 
വർഷങ്ങൾക്ക് മുൻപുള്ള മനോഹരമായൊരു കോളേജ് വെക്കേഷൻ കാലം.കാളകളിച്ച് അർമ്മാദിച്ചുല്ലസിച്ചിരിക്കുമ്പോഴാണ്‌ ബോധോദയമുണ്ടായത്.

റെക്കോർഡ് വെയ്ക്കാൻ കോളേജിൽ പോണം......പണ്ടാരം...

യാത്രക്കായുള്ള സ്ഥാവരജംഗമ വസ്തുക്കൾ തപ്പിയെടുത്തു തുടങ്ങി. ഐഡി കിട്ടി, റെക്കോഡ് കിട്ടി, അസൈൻമെന്റ് ലിസ്റ്റ് കിട്ടി.

സീസൺ ടിക്കറ്റ്...അതെവിടെ ?

ഒരാഴ്ച മുൻപ് കോളേജിൽ പോയിവന്ന രാം എന്റെ സീസൺ വാങ്ങിക്കോണ്ടു പോയതോർമ്മവന്നു. നേരെ അങ്ങോട്ടോടി...

“എന്റെ ടിക്കറ്റെവിടെ ?”

“ടിക്കറ്റ്.. ?”

രാം ഓർമ്മകളിൽ ഊളിയിട്ടു.


“സീസൺ ടിക്കറ്റിന്റെ മരണം ഒരു ഫ്ലാഷ്ബാക്ക്” ആയി അവന്റെ മനസ്സിലേക്കോടിവന്നു. ക്ലോക്കുകൾ ആന്റിക്ലോൿവൈസിൽ കറങ്ങി, കലണ്ടർത്താളുകൾ പിന്നോട്ട് മറിഞ്ഞു.ചിറയൻകീഴിനും കഴക്കൂട്ടത്തിനുമിടയിലുള്ള വിജനമായ ഒരു പ്രദേശം. പുഷ്പുൾ പോലെ പുറകോട്ടോടുന്ന പരശുറാം എക്സ്പ്രെസ്സ്. എക്സ്പ്രെസ്സിന്റെ ഒരു ബോഗിയിൽ ഗാഢാലിംഗനത്തിൽ നിന്നും ചിതറിത്തെറിക്കുന്ന (ഓർക്കുക, റീവൈൻഡിലാണ്‌ കഥ) രണ്ട് സുഹൃത്തുക്കൾ, ഒന്നു രാം..മറ്റവൻ...എനിക്കറിയില്ല തല്ക്കാലം നമുക്കവനെ മുത്തുപ്പട്ടർ എന്നു വിളിക്കാം..പരസ്പരം പങ്കുവയ്ക്കുന്ന പഴയ കഥകൾ..കുട്ടിക്കാലം..മണ്ണപ്പം .. സ്ലേറ്റ്പെൻസിൽ..മഷിത്തണ്ട്.... സെന്റി...നൊസ്റ്റാൾജിയ..ദേജാ വു......കോപ്പ്.

ദീർഘനേരത്തെ മെലോഡ്രാമക്കോടുവിൽ മുത്തുപ്പട്ടർ ഒരു പേപ്പറിൽ ഫോൺ നമ്പർ കുറിച്ച് രാമിനു കൊടുക്കുന്നു.

രാമും കയ്യിലിരുന്ന ഒരു പേപ്പർ കീറി ഫോൺ നമ്പർ കുറിച്ച്..

അവിടെ ഒരു pause... zoom in..

കയ്യിലിരുന്ന പേപ്പർ കീറി....എന്റെ സീസൺ ടിക്കറ്റ് കീറി...236 രൂപ വിലയുള്ള എന്റെ സീസൺ റ്റിക്കറ്റ് കീറി...ഇനിയും 2 മാസം കൂടി കാലാവധിയുള്ള എന്റെ സീസൺ ടിക്കറ്റ് കീറി ഒരു പകുതിയിൽ നമ്പർ കുറിച്ച് അവനു കൊടുക്കുന്നു..

രാം ഫ്ലാഷ് ബാക്കിൽ നിന്നുണർന്നു.അവന്റെ മുഖത്തു പൊട്ടിവിടർന്ന ഭാവവേഷപ്പകർച്ചകൾക്കിടയിലൂടെ എന്റെ സീസൺ ടിക്കറ്റിന്റെ മരണവിധി ഞാൻ വായിച്ചെടുത്തു.

കീറിയ ട്രെയിൻ ടിക്കറ്റും വിറ്റുപോയ
2G സ്പെക്ട്രവും ഒരു പോലെയാണ്‌. പോയതു പോയി. ഇനി കുറ്റം ചെയ്തവനെ ക്രൂശിക്കാം എന്നു മാത്രം..

ദുഃഖം തളം കെട്ടിനിന്ന നിമിഷങ്ങൾക്കൊടുവിൽ പേഴ്സിന്റെ അന്തരാളങ്ങളിൽ മുങ്ങിത്തപ്പി ,രാം എന്റെ സീസണിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞ അസ്ഥികൂടം വെളിയിലെടുത്തു.

അല്പം കഴിഞ്ഞ് വേറെ ഒരു പേപ്പർ കൂടി...കാഴ്ചയിൽ (മാത്രം) ഒരു പോലിരിക്കുന്ന, മുത്തുപ്പട്ടർ നമ്പർ കുറിച്ചുതന്ന ഏതോ ഒരു ലോക്കൽടിക്കറ്റിന്റെ വാമഭാഗം.

ഞാൻ ചേരുമ്പടി ചേർത്തു നോക്കി,...എവിടെ ?

ഒസാമയുടെ തല ഒബാമക്കു വച്ച പോലെ !

അവസാന പ്രതീക്ഷയായി ആ പേപ്പറിലെ നമ്പർ നോക്കി മുത്തുപ്പട്ടരെ വിളിക്കുന്നു.

“ഹലോ..മുത്തുപ്പട്ടരല്ലേ..”

“അതേ ആരാണ്‌...”

“ഇതു ഞാൻ രാം...” 


“ഹാര്‌ ?”


“രാം...ഒന്നാം ക്ലാസ്സിൽ കൂടെപ്പഠിച്ച, സ്ലേറ്റ് തുടക്കാൻ മഷിത്തണ്ട് കൊണ്ടു വന്നിരുന്ന പഴയ ..”
 

“ജബ ജബ ?”
 

“നമ്മൾ അന്നു പരശുറാം എക്സ്പ്രെസ്സിൽ വച്ചു കണ്ടില്ലാരുന്നൊ ?”
 

“ആ..എതാണ്ട് തെളിഞ്ഞു വരുന്നുണ്ട്”
 

“അന്നു ഞാൻ നമ്പർ എഴുതിത്തന്ന പേപ്പറില്ലേ ? 

”അതെന്റെ സീസൺ ടിക്കറ്റാരുന്നു. നമ്പർ കുറിച്ചെടുത്ത് ആ പേപ്പർ തിരികെത്തരാമോ ?“
 

”സോറി അളിയാ..സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോഴേ ഞാനതു കീറി വേസ്റ്റിലിട്ടു.നമ്പറുകളൊക്കെ ഫാസ്റ്റ് ഫാസ്റ്റ് ആയിട്ടല്യോ മാറുന്നേ. വിളിക്കാൻ നോക്കുമ്പോ ആ നമ്പർ മാറിയിട്ടുണ്ടോ എന്നാർക്കറിയാം ?“

ഞാൻ രാമിനെ നോക്കി..

കാലമാടാ..പരമനാറീ.....

രാം കൈമലർത്തി...”സോറി ഇറ്റ് ഹാപ്പെൻസ്..സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾ.. പരിതസ്ഥിതിയുടെ പരുപരുപ്പുകൾ“

ആ ചെറിയ കാലയളവിൽ ഈ വലിയ തുക പൂൾ ചെയ്യാൻ സാധ്യമല്ലാത്തതിനാലും സാമ്പത്തികപരാധീനത അനുഭവിക്കുന്ന യുവപ്രതിഭകളെ സ്പോൺസർ ചെയ്യാൻ ഇന്നത്തെപ്പോലെ വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ ഒന്നും അന്നില്ലാതിരുന്നതിനാലും ഞാനാ അസ്ഥികൂടവും പേറി റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയായി.

വിധിയെത്തടുക്കാൻ വില്ലേജ് ഓഫീസർക്കും കഴിയില്ലല്ലോ. അന്നും പഴയ ടിടി എന്നെ പൊക്കി.

ഉരുണ്ടു വന്ന ഉൾഭയം ഊതിത്തണുപ്പിച്ച്, കഴിയുന്നത്ര വിനയവും ആത്മവിശ്വാസവും മുഖത്തു വാരിത്തേച്ച്, ആ അസ്ഥികൂടം പൊക്കിപ്പിടിച്ച് ഞാൻ പറഞ്ഞു.

”ഇതാ സർ ടിക്കറ്റ് ..പക്ഷേ ‘ഒരൽപം’ കീറിപ്പോയിട്ടുണ്ട്.“

കീറിപ്പോയ ‘അൽപ’ഭാഗത്തേക്കും പിന്നെ എന്റെ മുഖത്തേക്കും മാറിമാറി നോക്കിയിട്ട് ടിടി.

”നീ ജന്മനാ ഫ്രാഡാണോ അതോ ഫ്രാഡായി അഭിനയിക്കുന്നെന്നേ ഉള്ളോ ? “

എന്തു പറയാൻ..സീസൺ ടിക്കറ്റ് കീറി നമ്പർ എഴുതിക്കൊടുത്തെന്ന് പറഞ്ഞാൽ പെറ്റമ്മ പോലും വിശ്വസിക്കില്ല.

പിന്നവിടെയൊരു കീചകവധം അരങ്ങേറുകയായിരുന്നു.. കുട്ടിക്കീചകനെ ഭീമൻ ‘വധിക്കുന്നത്’ കാണാൻ ഒരു ബോഗി നിറയെ കശ്മലന്മാരായ കാഴ്ചക്കാരും !

”ഒരു സീസൺ കീറി രണ്ടു പേർ ട്രെയിനിൽ കേറിയാൽ ആരും പിടിക്കില്ലെന്ന് വിചാരിച്ചോ ? ഇതൊക്കെ പഴയ നമ്പർ അല്ലേ മോനേ, കേക്കാത്ത വല്ല നമ്പരുമുണ്ടെങ്കിൽ എറക്ക്“

47,512..ഈ നമ്പർ കേട്ടിട്ടുണ്ടോ ...പുതിയതാ..ഇപ്പൊ എറക്കിയത്... (obviously,ആത്മഗതം)

”ഇതിന്റെ മറ്റേ പകുതിയും കൊണ്ട് നിന്റെ ഫ്രണ്ട് ഈ ട്രെയിനിൽ തന്നെ കാണുമെന്നെനിക്കറിയാം...അവനേം ഞാൻ പൊക്കും...അല്ല നമ്മളോടാ കളി...ഇതു പോലെ വേല എത്ര കാണിച്ചിട്ടാ ഞാനിവിടെ കേറിപ്പറ്റിയതെന്നറിയാമോ ? “

ഇതാണെനിക്കു മനസ്സിലാകാത്തത്. പണ്ടു ടിക്കടെറ്റുക്കാതെ യാത്ര ചെയ്തിരുന്നവരെ മാത്രമേ ടിടി ആയി ജോലിക്കെടുക്കാറുള്ളോ ?. അങ്ങനെ ആണെങ്കിൽ ഇത്രയും കാലത്തെ ‘പ്രവർത്തിപരിചയം’ വച്ച് റെയിൽവേസിൽ എനിക്കൊരു ജോലി ഉറപ്പാ....പിന്നെന്തിനാ ഈ പഠിച്ച് കഷ്ടപ്പെടുന്നത്.

പറഞ്ഞിട്ടു കാര്യമില്ല. ഭാവിസഹപ്രവർത്തകൻ എന്ന പരിഗണന കാണിക്കാതെ ടിടി വീണ്ടും എന്റെ പോക്കറ്റ് ജെസിബിക്കിട്ടു തോണ്ടിയിട്ട് സ്ഥലം വിട്ടു. 


കാശു പോയെങ്കിലും ആ സംഭവം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും ദാസ് ക്യാപിറ്റലിന്റെയും അടിസ്ഥാനതത്ത്വങ്ങൾ ഉദാഹരണസഹിതം എനിക്കു മനസ്സിലാക്കിത്തന്നു. ടിക്കറ്റെടുക്കാനുള്ള മൂലധനം..അതാണെല്ലാ പ്രശ്നങ്ങൾക്കും കാരണം..മൂലധനമില്ലാതാകുന്ന ഒരു സമൂഹത്തിൽ മാത്രമേ യഥാർത്ഥ സോഷ്യലിസം നടപ്പാവുകയുള്ളൂ.ടിടി എന്ന ബ്യൂറോക്രാറ്റ്, ബൂർഷ്വാസിയുടെ കയ്യിലെ ചട്ടുകം മാത്രം.ഇത്തരം പ്രതീകങ്ങൾ തച്ചുടക്കുകയാണ്‌ വിദ്യാർത്ഥികളടക്കമുള്ള അടിസ്ഥാനവർഗ്ഗത്തിന്റെ പ്രാഥമികലക്ഷ്യം.

ഞാൻ നിശ്ചയിച്ചുറപ്പിച്ചു. മനസ്സിൽ വിപ്ലവാശയങ്ങളുടെ തീജ്വാല മുളപൊട്ടി.

അത് അനുദിനം ആളിക്കത്തിക്കൊണ്ടേയിരുന്നു.

ടിടി അടുത്തതവണ എന്നെ പൊക്കുന്നതു വരെ !!!!
 


                                                                 (തുടരും ..)

32 comments:

 1. വേദന വിങ്ങുന്ന ജീവിതത്തിൽ നിന്നു ഞാൻ വേരോടെ ചീന്തിയെടുത്ത മറ്റൊരേടു കൂടി. ഇതിന്റെ വക്കുകളിൽ ചോര പൊടിഞ്ഞിരിക്കാം.. അതു വാർണീഷ് ആണെന്ന് മാത്രം പറയരുത്... :))

  ReplyDelete
 2. വായിച്ചു രസിക്കാനുള്ള കോപ്പുണ്ട്‌. നര്‍മ്മവും കര്‍മ്മവും ധര്‍മ്മവും തമ്മിലുള്ള മല്‍പ്പിടുത്തത്തില്‍, പക്ഷെ, ഇവിടെ നര്‍മ്മത്തിനാണ്‌ വിജയം. യുക്തിയുടെ കഴുത്തില്‍ കെട്ടിയിട്ട പട്ട കാലില്‍ കുടുങ്ങി നില്‍ക്കുന്നുവെന്ന് എല്ലാവരും അറിഞ്ഞെന്നു വരില്ല.
  ഈ പേനത്തുമ്പിലൂടെ ഒലിച്ചിറങ്ങുന്ന മഷി അക്ഷരങ്ങളായി താളുകളില്‍ നിറഞ്ഞുകൊണ്ടിരിക്കട്ടെ...

  ReplyDelete
 3. നാട്ടാരാ ഈ വിപ്ലവ വീര്യത്തിനു ഞാനും പച്ചക്കൊടി കാണിക്കണു...ഹും...ഹല്ല പിന്നെ..ഈ ബ്യൂറോക്രാറ്റുകളെ തച്ചുടയ്ക്കുക ( പണ്ട് പരശുരാമിലൂടെ ഇങ്ങനൊരു സാധനത്തെ പേടിച്ചോടിയ സ്മരണയിൽ ഒരു നെടുവീർപ്പ് ബാക്ക്ഗ്രൌണ്ടിൽ..)

  ReplyDelete
 4. കൊള്ളാം..അപ്പോള്‍ പണ്ടേ തരികിട ആണല്ലേ??ഹൂം...രസകരമായ രചന..

  ReplyDelete
 5. അതുശരി സ്ഥിരം റ്റിയ്ക്കറ്റ് എടുക്കാത്ത യാത്രക്കാരനായിരുന്നല്ലേ. എന്റെ ഒരു കൂട്ടുകാരനെ ഇതുപോലെ റ്റിറ്റി പിടീച്ചിട്ടുണ്ട്.. ബാംഗ്ലൂർ നിന്നും കൊല്ലത്തിനു പോകാൻ നോക്കിയപ്പോൾ എറണാകുളം വരെ റ്റിയ്ക്കറ്റ് എടുക്കാനുള്ള പൈസ കഴിച്ച് ബാക്കി മൂന്നു രൂപ.. അതും കൊണ്ട് എറണാകുളം റ്റിയ്ക്കറ്റ് എടുത്ത് കയറി. എറണാകുളം കഴിഞ്ഞും അവിടെ തന്നെ ഇരുന്നു. ചങ്ങനാശ്ശേരിയോ മറ്റോ എത്തിയപ്പോ റ്റിറ്റി വരുന്നു.. റ്റിയ്ക്കറ്റ് ഇല്ല, ഫൈനടയ്ക്കാൻ കാശ് ഇല്ല. അവിടെ ഇറക്കി വിട്ടു. അവൻ വളരെ കൂൾ ആയി അവിടെ ഇറങ്ങി. കുറച്ച് നേരം അവിടെ ഇരുന്നപ്പോ കേരളാ എക്സ്പ്രസ്. അതിൽ കയറി. വീണ്ടും അടുത്ത റ്റിറ്റി. വീണ്ടും റ്റിയ്ക്കറ്റ് ഇല്ല, ഫൈനടയ്ക്കാൻ കാശും ഇല്ല. ഇറങ്ങിക്കോളാൻ റ്റിറ്റി പറഞ്ഞു. നേരത്തെ ട്രെയിനിൽ നിന്നും എന്നെ ഇങ്ങനെ ഇറക്കി വിട്ടതാ, സാർ ഇറക്കി വിട്ടാൽ ഞാൻ അടുത്ത ട്രെയിനിൽ വരേണ്ടി വരും എന്നു പറഞ്ഞു.. സ്റ്റുഡന്റ് ആണു്, കാശില്ലന്നൊക്കെ പറഞ്ഞ് പുള്ളീടെ സിമ്പതി ഒക്കെ പിടിച്ച് പറ്റി, കൊല്ലം വരെ അതിൽ തന്നെ വന്നു.

  ReplyDelete
 6. രസായി ട്ടോ
  ഇഷ്ടായി .
  ആശംസകള്‍

  ReplyDelete
 7. അതെ
  റ്റി റ്റി കയറുന്നോ കയറുന്നോ എന്ന് നോക്കി ഇരിക്കണം

  വരുന്ന ലക്ഷണം കാണുമ്പോള്‍ ഓടി കക്കൂസില്‍ കയറി ഒളിക്കണം.
  ഇതൊക്കെ ഇനി ഞാന്‍ പറഞ്ഞു തന്നിട്ടു വേണൊ? ഒരു പഴയ കഥയാ ഒരിക്കല്‍ എഴുതാം

  ReplyDelete
 8. ഈ റ്റിറ്റി അക്രമത്തെ കുറിച്ച്‌ ഒരു തമാശ കഥയുണ്ട്‌ അതു മിക്കവര്‍ക്കും അറിയാമായിരിക്കും
  അല്ലെ
  എന്നാല്‍ അറിയാത്തവര്‍ക്കു വേണ്ടി ദാ ഇവിടെ

  ReplyDelete
 9. കോളേജ് കാലഘട്ടം ഓര്‍മ്മ വന്നു...
  " നീ 10 തവണ ടിക്കറ്റ്‌ എടുക്കാതെ കയറിയാല്‍ 1 തവണ
  ടി ടി ആര്‍ പൊക്കും. എന്നാലും ലാഭം നിനക്കാ .."
  പ്രോബബിലിറ്റി യില്‍ വീക്ക്‌ ആയിരുന്ന എനിക്ക് ബുദ്ധിമാനായ
  കൂട്ടുകാരന്‍ പറഞ്ഞു തന്ന ടിപ്സ്.. എന്ത് ചെയ്യാന്‍ .. ആദ്യത്തെ ചാന്‍സില്‍ തന്നെ
  പൊക്കി .. നാണവും മാനവും അഴിച്ചു വച്ച് കയ്യിലുള്ള പൈസ
  ടി ടി ആര്‍ ന്‍റെ നടയിലും സമര്‍പ്പിച്ച് തലയും താഴ്ത്തി ഇറങ്ങി ..
  അത് തന്നെ ...

  ReplyDelete
 10. ഒസാമയുടെ തല ഒബാമക്കു വച്ച പോലെ.. :):)

  പലയിടത്തും നന്നായി ചിരിപ്പിച്ചു. നല്ല പോസ്റ്റ്.

  ReplyDelete
 11. "Re-wind"
  Nice story telling Technic.

  ReplyDelete
 12. വിപ്ലവം വരുന്ന ഒരു വഴിയേ. ഗംഭീരമായി എഴുത്ത്. സീസണ്‍ ടിക്കറ്റ് രണ്ടാക്കി രണ്ടുപേര്‍ യാത്ര ചെയ്യുന്നത് ടി.ടി. അനുഭവത്തില്‍ 
  നിന്ന് മനസ്സിലാക്കിയതാവും.

  ReplyDelete
 13. വാർണീഷൊഴിച്ച് ചോരയാണെന്ന് പറയുന്ന ഈ പോസ്റ്റ് തട്ടിപ്പാണെങ്കിലും വായിക്കാൻ കൊള്ളാം.നന്നായി. വിപ്ലവാഭിവാദ്യങ്ങള്
  സ്നേഹ പൂർവ്വം വിധു

  ReplyDelete
 14. ഈ കള്ളവണ്ടി കയറുന്നത് സ്ഥിരം ആണെല്ലേ........ഞാന്‍ ചോദിക്കാന്‍ തീരുമാനിച്ചത് ടി ടി ചോദിച്ചു ..... ജന്മനാ ഫ്രാഡാണല്ലേ..... നന്നായി ട്ടോ ....അതുലെ ഇനി അങ്ങുപോയതും കള്ളവണ്ടി കയറി ആണോ ..

  ReplyDelete
 15. അമ്പമ്പോ! വേദനകൊണ്ട് സഹിയ്ക്കാനാവുന്നില്ല.

  ഭംഗിയായി എഴുതി കേട്ടൊ. അഭിനന്ദനങ്ങൾ.

  ReplyDelete
 16. ഇഷ്ടപ്പെട്ടു, ഈയെഴുത്ത്..

  ReplyDelete
 17. നല്ല നർമ്മം
  ആശംസകൾ!

  ReplyDelete
 18. whah same problem njanum face cheythatha avanitonnu pottikkan thonniyatha ....pavappeettavante vishamam manasilakkende?
  ticketundenkil evan mare kanukaye illa.tickettillankilo?......kashtakalam

  ReplyDelete
 19. കൊള്ളാം.
  ഇഷ്ടപ്പെട്ടു!
  എനിക്കുമുണ്ട് കുറച്ചു തീവണ്ടിക്കഥകൾ!
  15 വർഷമായി സ്ഥിരം യാത്രക്കാരനാ!

  ReplyDelete
 20. ആദ്യ ഭാഗത്തില്‍ നിന്നും വേറിട്ടൊരു രചന !!കൂടെ നര്‍മം കൂടുതല്‍ ഇഷ്ട്ടപെടുന്ന എനിക്ക് ചിരിക്കാന്‍ വക നല്‍കുന്ന ഒരു പാട് പന്‍ജുകളും !! ആശംസകള്‍ !!

  ReplyDelete
 21. ഗംഗാധരേട്ടാ..വന്നഭിപ്രായം പറഞ്ഞതിന് വളരെ വളരെ നന്ദി...പറഞത് മുഴുവൻ മനസ്സിലായോ എന്നെനിക്കറിയില്ല..എന്നാലും
  നാട്ടുകാരീ...തച്ചുടക്കാൻ ലോകം മുഴുവൻ ബൂർഷ്വാസികളാണ്..ലക്ഷം ലക്ഷം ബൂർഷ്വാസികളും...ലക്ഷണമൊത്ത നമ്മൾ ഒന്നോ രണ്ടോ വിപ്ലവകാരികളും....എന്നലും നോക്കാം അല്ലേ...
  ഷാനവാസിക്ക.....കാശില്ലാത്തവന് എന്തും കാണിക്കാം....:)..അതിനെ തരികിട എന്നും വിളിക്കാം..
  കുഞ്ഞൻസ്....വന്ന് കമന്റിട്ടതിന് ആയിരം നന്ദി...അതൊകൊണ്ടല്ലേ അജ്ഞാതനായി കിടന്ന ഒരു ബാച്മേറ്റിനെ ഈ ചെറിയ ബൂലോകത്ത് വീണ്ടും കാണാൻ പറ്റിയത്...
  ചെറുവാടീ‍..വന്നതിന് നന്ദി....
  ലുട്ടുമോനേ..ഷെയിം ഷെയിം....ജീവിതം തീവണ്ടിയിലല്ലേ...
  അജിത്..വളരെ വളരെ നന്ദി..
  പണിക്കരേട്ടാ (ഇൻഡ്യാഹെറിറ്റേജ്) തീവണ്ടിക്കഥകൾ വീണ്ടും പോരട്ടേ..നമുക്കിതൊരു പ്രസ്ഥാനമാക്കാം..
  യാത്രക്കാരാ...നാണവും മാനവും കോളേജിൽ പഠിക്കുമ്പോൾ അല്പം പോലുമില്ലാതിരുന്നതീനാൽ ആ പ്രാശ്നം ഉണ്ടായിട്ടില്ല...
  കുമാരാ..വന്നതിന് വളരെ വളരെ നന്ദി..
  കേരളദാസേട്ടാ...ഇപ്പൊ ഒരു സംശയം..കാൾ മാക്സിനെയും ടീടീ പൊക്കിയിട്ടുണ്ടാവുമോ ? വേറെ എവിടെ നിന്ന് ഈ ഐഡിയ ഒക്കെ വരാൻ ?? :))
  വിധൂ...തട്ടിപ്പും തമാശയും തമ്മിലുള്ള അതിർവരമ്പുകൾ നേർത്തതാണ്..അല്ലേ :) വന്നതിനു നന്ദി കേട്ടോ..
  കുങ്കുമം...കള്ളവണ്ടികഥകൾ ഇവിടെയുമുണ്ട്..അത് പിന്നൊരിക്കൽ..‘പേർസണലായി പറഞ്ഞാൽ’ഫ്രാഡ് ആയിരിക്കാനാണിഷ്ടം...
  എച്മൂ....അതേ അതേ...ഒരാളുടെ വേദന മറ്റൊരാൾക്ക് പുഞ്ചിരി...തമാശിച്ചതാണേ..
  മുകിലേ...അഭിപ്രായത്തിന് ഏറെ നന്ദി
  അലീ...വളരെ വളരെ നന്ദി
  നാലുവർഷം പേടിച്ചാ നടന്നത് അഭിഷേകേ..ഇപ്പോ പരശുറാമിൽ കയറുമ്പോൾ എന്തോ സ്വന്തമാണെന്നുള്ള ഒരഹങ്കാരം..
  ഭായി...ഈ പോസ്റ്റിനെപ്പറ്റി തന്നെ ആണോ ? താങ്ങിയതല്ലല്ലോ അല്ലേ ? :)
  ജയൻ ഡോക്ടർ...തീവണ്ടിക്കഥകൾ പോരട്ടേ...നമുക്ക് ഒരു എക്സ്ക്ലൂസീവ് ബ്ലോഗ് തുടങ്ങാം..മമത ആന്റിയെക്കൊണ്ട് ഉൽഘാടിക്കുകയും ചെയ്യാം...വന്നതിൽ വലിയ സന്തോഷം കേട്ടോ..
  ഫൈസൽബാബൂ...ഊർക്കടവിൽ നിന്നും വന്നെത്തിയതിൽ വളരെ വളരെ സന്തോഷം...

  ReplyDelete
 22. കീറിയ ട്രെയിൻ ടിക്കറ്റും വിറ്റുപോയ 2G സ്പെക്ട്രവും ഒരു പോലെയാണ്‌. പോയതു പോയി. ഇനി കുറ്റം ചെയ്തവനെ ക്രൂശിക്കാം എന്നു മാത്രം..

  ഈ വരികള്‍ ആണ് ഇതില്‍ എനിക്ക് ഏറ്റവും പിടിച്ചത്.. മൊത്തത്തില്‍ സൂപ്പര്‍ ആയി.. സാഹിത്യത്തില്‍ തീവണ്ടി ശാഖ തുടങ്ങാന്‍ ഉള്ള പ്ലാന്‍ ഉണ്ടോ???

  ReplyDelete
 23. വിപ്ലവം ജ്വലിക്കയല്ലേ, അഭിവാദ്യങ്ങൾ!

  ReplyDelete
 24. എന്തായാലും കലക്കി ട്ടോ...

  ReplyDelete
 25. നല്ല രസമുള്ള എഴുത്ത് പഥികാ ആശംസകള്‍ ...

  ReplyDelete
 26. രസകരായിരിയ്ക്കുന്നൂ....ആശംസകള്‍.

  ReplyDelete
 27. രസകരമായ ഈ രണ്ടാം ഭാഗത്തിനും എന്റെ ആശംസകൾ..താങ്കളുടെ രചനാശൈലി നന്നായി...ഇഷ്ടപ്പെട്ടു...ഇനിയും പോരട്ടേ....എല്ലാ ഭാവുകങ്ങളും...

  ReplyDelete
 28. പോരട്ടെ പോരട്ടെ ഇനിയും തരികിട കഥകൾ...

  ”നീ ജന്മനാ ഫ്രാഡാണോ അതോ ഫ്രാഡായി അഭിനയിക്കുന്നെന്നേ ഉള്ളോ ? “

  ഇത് വായിച്ച് ചിരിച്ചതിന് കണക്കില്ല...

  ReplyDelete
 29. ഈ പോസ്റ്റ്‌ കാണാനും വായിച്ചു ചിരിച്ചു തലകുത്തി മറിയാനും വൈകിയതില്‍ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു!
  ഒരുപാട് ഇഷ്ട്ടായി മച്ചൂ.

  ReplyDelete
 30. കലക്കി, ആദ്യ ഭാഗത്തേക്കാള്‍ രസായി... :))

  ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...