പഥികന്റെ കാൽപാട്



Wednesday, June 8, 2011

അഭ്രപാളികൾക്കരികെ . .(സ്വിസ് യാത്ര - രണ്ടാം ദിവസം)

രാവിലെ 6.30 ഓടെ ഇന്റെർലാകെൻ സ്റ്റേഷനിൽ എത്തിയപ്പോളാണറിയുന്നത് അവരുടെ “Good Morning Ticket” ഓഫർ പീക്ക്‌ സീസണിൽ മാത്രമേ ഉള്ളൂ എന്നു​‍്‌. അല്പം നിരാശ തോന്നി. പോരാത്തതിനു യുങ്ങ്ഫ്രൗയോഹിലെ കാലാവസ്ഥയും അത്ര മെച്ചമില്ല.മൂടൽമഞ്ഞും മഴക്കാറുമാണത്രെ, എന്തായാലും യൂറോപ്പിന്റെ മുകളിലെത്താതെ മടക്കമില്ലെന്ന്‌ നിശ്ചയിച്ചുറപ്പിച്ച്‌ ടിക്കറ്റെടുത്തു ട്രെയിനിൽ കയറി.

jungfraujoch ട്രെയിനിന്റെ ആദ്യത്തെ സ്റ്റോപ്‌ ലോട്ടർബ്രുണ്ണൻ തന്നെ ആണു​‍്‌. റയിൽവേ സ്റ്റേഷന്റെ തൊട്ടു മുകളിലായാണ്‌ സ്റ്റൗബാഹ്‌ വെള്ളച്ചാട്ടം. ഒന്നു കൂടെ വെള്ളച്ചാട്ടത്തിനെ മുഖം കാണിച്ച്‌ അടുത്ത കണക്ഷൻ ട്രെയിൻ പിടിച്ചു.

ലോട്ടർബ്രുണ്ണനിൽ നിന്നും ക്ളൈനെ ഷീഡെഗിലോട്ടുള്ള ദൂരം നീലഗിരി മൗണ്ടൻ റെയിലിനെ അനുസ്മരിപ്പിക്കുന്നു. താഴ്‌വരകളെ പിന്നൊട്ടു തള്ളി ട്രെയിൻ മഞ്ഞുമലകളെ സമീപിക്കുകയാണ്‌. 
മലകയറ്റം
ഒരു ടണൽ കടന്നതോടെ ബ്രീൻസ്‌ ആല്പ്സിലെ രണ്ടാമത്തെ വലിയ കൊടുമുടി ആയ ഈഗെർ കാണാറായി.ഈഗെറിന്റെ ഒരു വശം ഉദയസൂര്യന്റെ രശ്മികൾ തട്ടി പ്രതിഫലിക്കുന്നു. മലമുകളിൽ ഒരു നക്ഷത്രം ഉദിച്ച പോലെ . പെട്ടെന്നു ഈ ദൃശ്യം കണ്ടതോടെ ട്രെയിനിൽ ഉണ്ടായിരുന്ന എല്ലാവരും ക്യാമറയുമായി ജനാലക്കരികിലേക്കു പാഞ്ഞു. 
ഈഗെർ 

ക്ളൈനെ ഷീഡെഗിൽ നിന്നാണ്‌ യുങ്ങ്ഫ്രൗയോഹിലോട്ടുള്ള ട്രെയിൻ കണക്ഷൻ. ട്രെയിൻ എല്ലാ അര മണിക്കൂർ കൂടുമ്പോഴും ഉണ്ട്‌. ഈഗെറിന്റെ തിളക്കമുള്ള മുഖം കൂടുതൽ വ്യക്തമായി കാണാം ക്ളൈനെ ഷീഡെഗിൽ. തൊട്ടടുത്ത കുന്നിലേക്കു ഒരു ചെറിയ ട്രക്കിങ്ങ്‌ നടത്താനുള്ള സമയമുണ്ട്‌. 


ഈഗെർ (സമീപദൃശ്യം)


എതാണ്ട്‌ ഒരു മണിക്കൂർ അവിടെ ചിലവഴിച്ചു കാണും. താഴെ റെയിൽവേ സ്റ്റേഷനിലോട്ടു ട്രെയിൻ വരുന്നത്‌ അവിടെനിന്നും കാണാം. ഓടിച്ചെന്ന്‌ ട്രെയിനിൽ കയറി. 

യുങ്ങ്ഫ്രൗബാൻ

NEXT TRAIN @

ട്രെയിൻ ടണൽ യാത്ര തുടങ്ങുകയായി. ചെറുതായി മർദ്ദ വ്യത്യാസം അനുഭവപ്പെട്ടു വരുന്നു. ഇരുവശത്തെയും കാഴ്ചകൾ മറഞ്ഞിരിക്കുന്നു. എല്ലയിടവും ഇരുട്ടു മാത്രം.

ലോകത്തികെ ആദ്യത്തെ Mountain tunnel rail പ്രൊജെക്റ്റാണ്‌ യുങ്ങ്ഫ്രൗബാൻ (jungfraubahn).1895-1907 വരെ 12 കൊല്ലമെടുത്തു പണി തീരാൻ. ക്ളൈനെ ഷീഡെഗിൽനിന്നും യുങ്ങ്ഫ്രൗയോഹ്‌ വരെ ഉള്ള ദൂരം പൂർണ്ണമായും ആൽപ്സ്‌ പർവ്വതത്തിനുള്ളിൽ കൂടെയാണ്‌.ടണലിൽ മലിനീകരണം ഉണ്ടാവാതിരിക്കാൻ Diesel നും കല്ക്കരിക്കും പകരം വൈദ്യുതി് ആണ്‌ ആദ്യം മുതലേ ട്രെയിനുകളിൽ ഉപയോഗിച്ചിരുന്നതു്.ലോകത്തിലെ പലരാജ്യങ്ങളും വൈദ്യുതിയെക്കുറിച്ചു കേൾക്കുന്നതിനു മുന്നേ ഇലക്ട്രിക് ട്രെയിൻ രൂപകൽപന ചെയ്ത എൻജിനീയർമാരുടെ ദീർഘവീക്ഷണത്തെ അനുമോദിക്കാതെ വയ്യ . 1 മീറ്ററിൽ 25 സെന്റീമീറ്റർ മാത്രം inclination അക്കാലത്തു അനുവദിച്ചിരുന്നതിനാൽ സമീപത്തുള്ള മലകളെ ചുറ്റിയുള്ള ദീർഘമായ ഒരു പാതയാണ്‌ യുങ്ങ്ഫ്രൗബാനിന്റേത് . ടിബെറ്റിനു മുകളിലൂടെയുള്ള ക്വിങ്ങ്സാങ്ങ് റയിൽവേ (Qingzang Railway) 2006 ഇൽ നിലവിൽ വരുന്നതു വരെ ലോകത്തെ ഏറ്റവും ഉയരമുള്ള മൗണ്ടൻ റയിൽ ആയിരുന്നു യുങ്ങ്ഫ്രൗബാൻ.

യുങ്ങ്ഫ്രൗയോഹിലെത്തുന്നതിനു മുമ്പു ട്രെയിനിന്‌ 2 സ്റ്റോപ്പുകളുണ്ട്‌. ഐസ്മീർ (ഐസിന്റെ കടൽ എന്നർത്ഥം) ഉം ഐഗെർവൻഡും. രണ്ടു സ്റ്റേഷനിലും വ്യൂ പോയിന്റുകൾ ഉണ്ട്‌. ട്രെയിൻ 5 മിനിറ്റ്‌ വീതം രണ്ടു സ്റ്റേഷനിലും നിർത്തിയിടും. അവിടെനിന്നും അക്ഷരാർത്ഥത്തിൽ തന്നെ മഞ്ഞിന്റെ ഒരു കടൽ കാണാം.

മഞ്ഞിന്റെ ഒരു കടൽ
 ഏതാണ്ട്‌ 10 മണിയോടെ ട്രെയിൻ യുങ്ങ്ഫ്രൗയോഹിലെത്തി ചേർന്നു.വലിയ തിരക്കാണ്‌ യുങ്ങ്ഫ്രൗയോഹിലെ ബേസ്‌ ക്യാമ്പിൽ.മിക്കവാറും ഇന്ത്യാക്കാർ.


ബേസ്‌ ക്യാമ്പിലെ ഒരു പ്രധാന ആകർഷണം ഐസ്‌ പാലസാണ്‌. ഐസ്‌ പാലസിന്റെ ഫ്ളോറും മേൽക്കൂരയുമെല്ലാം ഐസ്‌ കൊണ്ടാണ്‌. ഒരു ഇടുങ്ങിയ നടപ്പാതയും ഒരുക്കിയിട്ടുണ്ട്‌. അതും ഐസു മെഴുകിയതു തന്നെ. സ്നോവൈറ്റിനെയും സിൻഡ്രെല്ലയുടെയുമൊക്കെ കഥകൾ ഐസിൽ പൊതിഞ്ഞ ശിൽപങ്ങളാക്കി നിരത്തി വച്ചിരിക്കുന്നതു കാണാം.

Ice Place ( Bad Click :( )

ബേസ്‌ ക്യാമ്പ്‌ കെട്ടിടത്തിൽ നിന്നും പ്ളേറ്റൊയിലേക്കിറങ്ങാൻ പോയപ്പോളാണ്‌ തണുപ്പിന്റെ കാഠിന്യം മനസ്സിലായത്‌. കൂടാതെ ശക്തമായ കാറ്റും. പ്ളേറ്റൊയിലെക്കിറങ്ങുന്ന സ്ഥലത്ത്‌ മഞ്ഞിൽ നല്ല വഴുക്കൽ ഉണ്ട്‌. തെന്നി വീഴാതെ അതിലേ പിടിച്ചു നടക്കാൻ ഒരു ചെയിൻ കെട്ടിയിട്ടുണ്ട്‌. എന്നാലും പലരും ആ മഞ്ഞിൽ വീഴുന്നതു കാണാമായിരുന്നു.

പ്ളേറ്റൊ

കനത്ത മൂടൽ മഞ്ഞു രസംകൊല്ലിയായെത്തിയത്‌ കൊണ്ട്‌ അവിടത്തെ കാഴ്ചകൾ ശെരിക്കാസ്വദിക്കാൻ കഴിഞ്ഞില്ല. കൂടാതെ ജെറിലിനു ഒരു തലകറക്കം. ഒരു പക്ഷേ മർദ്ദവ്യത്യാസം കൊണ്ടായിരിക്കാം. അതികം വൈകാതെ
യുങ്ങ്ഫ്രൗയോഹിലെ മറ്റൊരു വ്യൂ പോയിന്റായ സ്ഫിങ്ക്സിലോട്ടു ഒരൊട്ടപ്രദക്ഷിണം വച്ചിട്ടു ഞങ്ങൾ സ്റ്റേഷനിലെക്കു തിരിച്ചു.ക്ളൈനെ ഷീഡെഗിലോട്ടു വീണ്ടും ഒരു ടണൽ യാത്ര. 

View from Sphinx

ക്ളൈനെ ഷീഡെഗിൽ നിന്നും യുങ്ങ്ഫ്രൗ ബാൻ 2 വഴിക്കാണ്‌ പോകുന്നതു. ഒന്നു ലോട്ടെർബ്രുണ്ണെനിലേക്കും മറ്റേതു ഗ്രിൻഡെൽവാൽഡിലേക്കും. കഴിഞ്ഞ ദിവസം ലോട്ടെർബ്രുണ്ണെൻ സന്ദർശിച്ചിരുന്നതിനാൽ ഗ്രിൻഡെൽവാൽഡിലോട്ടുള്ള ട്രെയിൻ പിടിച്ചു.
ഗ്രിൻഡൽവാൽഡ് വാലി

ട്രെയിൻ മലയിറങ്ങി പോകുമ്പോൾ ഇരുവശത്തും കാണുന്ന ദൃശ്യങ്ങളിൽ നിന്നും കണ്ണെടുക്കാൻ തോന്നില്ല.എങ്കിൽ പോലും എതിർ വശതെ സീറ്റിൽ ഇരുന്ന്‌ രണ്ടു ജപ്പാൻകാർ കൂർക്കംവലിച്ചുറങ്ങുന്നുണ്ടായിരുന്നു. 


Swiss House

ഐഗെറിന്റെ താഴ്വ്വരയിലെ ചെരിയ ഒരു ഗ്രാമമാണു ഗ്രിൻഡെൽവാൽഡ്‌.നിറയെ പശുക്കളും ഫാമുകളും പച്ചപ്പുല്ലും നിറഞ്ഞ ഒരു പ്രദേശം. 




ഗ്രിൻഡെൽവാൽഡ്‌ റെയിൽവേ സ്റ്റേഷൻ ഒരു മലയുടെ മുകളിലാണ്‌. അവിടെ നിന്നും കുറച്ചു ദൂരം നടക്കാനുണ്ട്‌ താഴ്‌വരയിലേക്ക്‌. ഗ്രിൻഡെൽവാൽഡിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന പരിപാടി വാക്കിങ്ങ്‌ ടൂറുകളാണ്‌.താഴ്വ്വരയിലെവിടെയും ലോകത്തിന്റെ നാനാഭാഗത്തുമുള്ള ധാരാളം ടുറിസ്റ്റുകൾ ഹൈക്കിങ്ങ്‌ സ്റ്റിക്കുകളുമായി നടക്കുന്നതു കാണാം. 


തെളിനീർച്ചോല

നടന്നു നടന്നു ഒരു നദിക്കരയിലെത്തി. നിറയെ വെള്ളാരങ്കല്ലുകളുള്ള ഒരു കുഞ്ഞരുവി. വെള്ളത്തിൽ കല്ലുകൽ പെറുക്കി എറിഞ്ഞ്‌ കുറച്ചു നേരം അവിടെ കഴിച്ചു കൂട്ടി.ഓരോ കല്ലു വെള്ളത്തിൽ വീഴുമ്പോഴും തുമ്പിക്കുട്ടി പൊട്ടിപ്പൊട്ടിച്ചിരിച്ചു. നദിക്കരയിൽ തന്നെ ഒരു ഫാമുണ്ട്‌. ഫാമിൽ നിറയെ പശുക്കളും കുതിരകളും.
 



തിരിച്ചു പോകാറായി. വന്ന വഴി തിരിഞ്ഞു നോക്കിയപ്പോൾ അക്ഷരാർത്ഥതിൽ തന്നെ നടുങ്ങിപ്പോയി. ഇറങ്ങിയ കയറ്റം മുഴുവൻ നടന്നു കയറിയാലേ സ്റ്റേഷനിലെത്തൂ. ദൂരെ മലമുകളിൽ സ്റ്റേഷനടുത്തു കൂടെ ട്രെയിൻ പോകുന്ന മനോഹര ദൃശ്യം കാണാം.



ട്രെയിൻ പോകുന്ന ദിശ നോക്കി അടുത്തുള്ള വേറൊരു സ്റ്റേഷൻ കണ്ടുപിടിച്ചു.ഗ്രിൻഡെൽവാൽഡ്‌ ഗ്രുൻഡ്‌.. ഭാഗ്യം.. അങ്ങോട്ടേക്ക്‌ അധികം ദൂരമില്ല. പക്ഷേ അടുത്ത ട്രെയിൻ വരാൻ സമയമേറെ ഉണ്ട്‌.ഒരു കണക്കിലതനുഗ്രഹമായി തോന്നി. ദിവസം മുഴുവൻ നടന്നു തളർന്ന കാലുകൾക്ക്‌ കുളിർ കാറ്റേറ്റ്‌ അല്പം വിശ്രമം.

ട്രെയിൻ എത്തി. ഗ്രിൻഡെൽവാൽഡിൽ നിന്നും കയറിയ യാത്രക്കാരെക്കൊണ്ടു ട്രെയിൻ   നിറഞ്ഞിരുന്നു. കഷ്ടപ്പെട്ട്‌ ജനാലക്കരികിലെ ഒരു സീറ്റൊപ്പിച്ചു.കാഴ്ചകളൊന്നും കാണാതെ പോകരുതല്ലോ.

സായംസന്ധ്യ

അസ്തമയമായി. പുതിയ ഒരു പ്രഭാതം വ
ഗ്ദാനം തന്ന്‌ സുര്യൻ മറയുകയാണ്‌. ഈ സ്വർഗ്ഗരാജ്യത്തിലെ മനോഹരമായ ഒരു ദിവസം കൂടി അവസാനിക്കുന്നു എന്നർത്ഥം. പക്ഷേ ഇനിയുമുണ്ട്‌ ഒരു ദിവസം കൂടി. ലുസേർണും സൂറിക്കുമാണ്‌ നാളത്തെ ലക്ഷ്യം. ബാഗ്‌ തുറന്ന്‌ മാപ്പും പ്രിന്റൗട്ടുകളുമുള്ള ഫയൽ പുറത്തെടുത്തു. 

...തുടരും

5 comments:

  1. മനോഹരം സ്വിസ്സ് കാഴ്ചകള്‍. സ്വിസിന്റെ പ്രകൃതി രമണീയത എന്‍റെ മനസ്സിലും മായാതെ കിടക്കുന്നുണ്ട്....സസ്നേഹം

    ReplyDelete
  2. മനോഹരം ഈ കാഴ്ചകള്‍,എത്ര കണ്ടാലും മതിവരാത്ത ഒരു രാജ്യമാണല്ലോ സ്വിസ്സ്.

    ReplyDelete
  3. അതിമനോഹരമായ പടങ്ങള്‍
    തുടരുക
    സസ്നേഹം
    സജീവ്‌

    ReplyDelete
  4. ആഹാ! പടങ്ങളും വിവരണവും വായിച്ചാഹ്ലാദിയ്ക്കുന്നു.

    ReplyDelete
  5. ഹഹഹഹ...ജപ്പാന്‍കാരുടെ ഉറക്കം!! എവിടെ എങ്കിലും വെറുതെ നിന്നാല്‍ പോലും ഉറങ്ങുന്നവരാ....

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...