പഥികന്റെ കാൽപാട്Friday, October 21, 2011

വിമാനക്കഥകൾ ..

ഓൺസൈറ്റു പോകുന്നവനെ കൂട്ടുകാരെല്ലാം കൂടി ആവാഹിച്ചു എയർപോർട്ടിൽ കൊണ്ടുവിടുന്ന ഒരു ചടങ്ങുണ്ടായിരുന്നു പണ്ട്.മുക്കുവന്മാർ ഭൂതത്തെ ആവാഹിച്ച് കുപ്പിയിലാക്കി കടലിലേക്ക് വലിച്ചെറിയുന്ന പോലത്തെ ഒരു ആചാരം.അടുത്ത തിരയ്ക്ക് കുപ്പിയും ഭൂതവും കരയിലേക്കു തിരിച്ചു വരും എന്ന് ഉറപ്പുണ്ടെങ്കിലും വലിച്ചെറിയുന്ന സമയത്തെ സന്തോഷവും പ്രതീക്ഷയും ആവേശവുമൊക്കെയാണ്‌ ഈ ആചാരത്തിന്റെ ഒരു കാതൽ.നമ്മൾ ഓണവും ദീപാവലിയുമൊക്കെ ആഘോഷിക്കുന്നതും ഏതാണ്ട് ഇതുപോലത്തെ ഏതോ ഒരു ഫീലിങ്ങ് കൊണ്ടാണല്ലോ? .ഈ ചടങ്ങ് ഇപ്പോഴുമുണ്ടോ എന്നെനിക്കറിയില്ല. അതോ ഇതൊക്കെ പണ്ടുമുതലേ ബാച്ചീസിനു മാത്രമേ ഉണ്ടായിരുന്നുള്ളോ ?


പറയാൻ വന്നത് ആദ്യമായി നാടുകടന്ന ഒരു ചരിത്രസംഭവത്തെക്കുറിച്ചാണ്‌. ജോലികിട്ടി ബാംഗ്ലൂർ മഹാനഗരത്തിൽ ഉലാത്തി(ഉലത്തി അല്ല) നടക്കുന്ന കാലം. കൂട്ടുകാർ പലരും അക്കരെ കടന്നു കഴിഞ്ഞു. എന്റെ വഞ്ചി അപ്പൊഴും കോറമംഗലയിൽ തന്നെ. ഓൺസൈറ്റു കാത്തുകിടക്കുന്ന സോഫ്റ്റ് വയർ എഞ്ചിനീയറും കെട്ടുപ്രായം കഴിഞ്ഞ് പുര നിറഞ്ഞുനില്ക്കുന്ന പെൺകൊച്ചും അടിസ്ഥാനപരമായി ഒരേ വികാരമാണ്‌ അനുഭവിക്കുന്നത്. പെണ്ണിനെ കെട്ടിച്ചു വിടാൻ വീട്ടുകാരും നാട്ടുകാരും ഉൽസാഹിക്കുമെന്ന വ്യത്യാസമെങ്കിലുമുണ്ട്. ഒരു സോഫ്റ്റ് വയർ എഞ്ചിനീയർക്ക് “നമുക്കു നാമേ പണിവത് ഓൺസൈറ്റ് , ഓഫ് ഷോറുമതുപോലെ” എന്നതു തന്നെ പ്രമാണം.


"വല്ലതും നടക്കുമോടേ" എന്ന് മറ്റു പല കൂട്ടുകാരെയും പോലെ എന്റെ അന്തരാത്മാവും എന്നോട് ചോദിച്ചു തുടങ്ങിയ ആ നിർണ്ണായക നിമിഷത്തിൽ ഞാൻ മാനേജരുടെ കാലിൽ കമിഴ്ന്നു വീണു. പ്രമോഷൻ , ഹൈക്ക്, ഉഴപ്പിനടക്കാനുള്ള സ്വാതന്ത്ര്യം അങ്ങനെ സ്വന്തമായുണ്ടായിരുന്നതെല്ലം പണയം വച്ച് നികൃഷ്ടമായ ഒരു ബാർട്ടർ സമ്പ്രദായത്തിലൂടെ ആദ്യ ഓൺസൈറ്റ് നേടിയെടുത്തു. ആദ്യയാത്രയായതിനാൽ പുതുതായി ജോയിൻ ചെയ്യുന്ന ഒരു മാനേജരുടേ കൂടെ യാത്ര പ്ലാൻ ചെയ്യാൻ നിർദ്ദേശവും കിട്ടി.


പിശുക്കന്റെ മനസ്സുപോലെ വരണ്ടുകിടന്ന എന്റെ പാസ്സ്പോർട്ടിൽ ആദ്യ വിസയുടെ കുളിർമഴപെയ്തു.ടിക്കറ്റും ഇൻഷുറൻസും ഫോറെക്സും വന്നു.കീറത്തോർത്തുടുത്ത് നില്ക്കുന്ന ഗാന്ധിജിക്കു പകരം കോട്ടും സൂട്ടുമിട്ടു ഞെളിഞ്ഞു നില്ക്കുന്ന വാഷിംഗ്ടണിന്റെ പടമടിച്ച നോട്ടുകൾ കയ്യിൽ കിട്ടിയപ്പോൾ തന്നെ ഞാനൊരു എലൈറ്റ് ക്ലബ്ബിലെ മെംബറായതു പോലെ തോന്നി.


കൂട്ടുകാരായ ബാലൻ, സെനിൽ, അമ്പിളി (ജസ്റ്റ് എ ഫ്രണ്ട് ആന്റ് ഫിലോസഫർ ആയിരുന്ന കാലത്ത്) തുടങ്ങിയ മുക്കുവർ ഞാനെന്ന ഭൂതത്തെ എയർപോർട്ടിൽ കൊണ്ടുതള്ളി. എയർപോർട്ടെന്നൊക്കെ പറയുന്നത് വൻസംഭവമാണെന്ന് വിചാരിച്ച് വെൺചാമരവും ചപ്രമഞ്ചവും പ്രതീക്ഷിച്ചുവന്ന ഞാൻ കാണുന്നത് കംപ്ലീറ്റ് അലപ്പറ സെറ്റ് അപ്.മജസ്റ്റിക് ബസ്സ്റ്റാന്റിന്റെ പകുതി പോലുമില്ലാത്ത ഒരു കെട്ടിടം. അവിടെ മീഞ്ചന്തയിലെന്ന പോലെ കുട്ടയും വട്ടിയുമെടുത്ത് നെട്ടോട്ടമോടുന്ന അസംഖ്യം യാത്രക്കാരും.


ആ ജനസമുദ്രത്തിൽ നിന്ന് പുതിയ മാനേജറെ തപ്പിപ്പെറുക്കി എടുത്തു. പഴയ മനേജരുടെ മുന്നിൽ കീറിയ ചീട്ടൊക്കെ ഇവിടെ ഒട്ടിച്ചു ചേർത്ത് ഇമേജിന്റെ പുതിയൊരു ചീട്ടുകൊട്ടാരം തന്നെ പണിയണം....


കലാപരമായി പുതിയ മാനേജരെ കുപ്പിയിൽ നിറച്ചുകൊണ്ടിരിക്കെ ഒരു സുന്ദരി വന്ന് തട്ടി വിളിച്ചു.


"സൂറിക്കിലോട്ടല്ലേ...നിങ്ങളുടെ ഫ്ലൈറ്റ് ഓവർബുക്ക്ഡ് ആണ്‌"..


"സാരമില്ല ചേച്ചീ...നിന്ന് പൊക്കോളാം...ആശിച്ചു കിട്ടിയ ചാൻസാ"....


"അതല്ല..യാത്ര നാളത്തേക്ക് മാറ്റിവക്കാമോ ? ഇന്ന് 5 സ്റ്റാർ അക്കോമഡേഷൻ തരാം. കോമ്പൻസേഷൻ ആയി 350 യൂറൊയും തരാം".


350 യൂറോ...മനസ്സിൽ സൂപ്പർ കമ്പൂട്ടറുകൾ വർക്ക് ചെയ്തു തുടങ്ങി..24000 രൂപ !!! 

ഞാൻ ഒന്നു തിരിഞ്ഞു നോക്കി കൂടെ നില്ക്കുന്നതാരാ ? കടുത്ത ദൈവഭക്തനും പരമസാത്വികനുമായ എന്റെ മനേജർ.ഏതാനം ആഴ്ചകൾക്കു മുൻപ് മാത്രം ജോയിൻ ചെയ്ത, കൈകൾ മൊത്തം രക്ഷകൾ കെട്ടിയ പച്ചവെള്ളം ചവച്ചു കുടിക്കുന്ന പൂർണ്ണസസ്യഭുക്കായ ഒരു പാവം തെലുങ്കു ബ്രാഹ്മണൻ. 

അപ്രൈസലും സാലറി റിവിഷനും അടുത്തു വരുന്നു. ചെകുത്താനു തലവര പണയം വച്ചാണ്‌ ഞാനിങ്ങോട്ടേക്ക് പോന്നിരിക്കുന്നത് .ചോദ്യം കുഴപ്പിക്കുന്നതായി..24000 രൂപയും 5 സ്റ്റാർ താമസവും വേണോ അതോ ശോഭനമായ ഒരു ഭാവി വേണോ ? റിസ്കെടുക്കാനോ ? ഞാനോ ? അതും പുതിയ മനേജറുടെ മുന്നിൽ കമ്പനിയോടുള്ള ആത്മാർത്ഥത തെളിയിക്കാൻ കിട്ടിയിരിക്കുന്ന ഈ സുവർണ്ണ അവസരത്തിൽ.


തെലുങ്ക് പട്ടർക്ക് സ്കോർ ചെയ്യാനവസരം കൊടുക്കാതെ ചാടിക്കേറി് സുന്ദരിയോട് മൊഴിഞ്ഞു.


Sorry, We have an important client meeting on Monday, Cant even think of shifting it a bit


സുന്ദരി നിരാശയോടെ മടങ്ങി. സുന്ദരിമാരെ നിരാശരാക്കി വിടുന്നത് എനിക്കത്ര ഇഷ്ടമുള്ള കാര്യമല്ലെങ്കിലും ശോഭനമായ ഭാവിക്കു വേണ്ടി ഞാനതങ്ങു സഹിച്ചു.


പിന്നെയും കടമ്പ പലതു കടക്കേണ്ടി വന്നു ആദ്യ യാത്രക്ക്. ഇമിഗ്രേഷൻ കൗണ്ടറിലെ ഒരു കന്നഡക്കാരനാണ്‌ എന്നെ അലക്കിയുണക്കിയെടുക്കുന്ന ജോലി പിന്നീട് ഏറ്റെടുത്തത്.പാസ്സ്പോർട്ടും ഐഡീ കാർഡുമൊക്കെ വാങ്ങി ഭൂതക്കണ്ണാടി കൊണ്ടു പരിശോധിച്ചിട്ട് പുള്ളി ഒരു ചോദ്യം.


എല്ലി ഹോഗ്തായിതേ...?


ഓർക്കാപ്പുർത്ത് കന്നഡ കേട്ട പരുങ്ങലോടെ ഞാൻ


സൂ..സൂ..സൂറിച്ച്....


പരുങ്ങൽ കണ്ടിട്ട്..ചേട്ടൻ വീണ്ടും


കന്നഡ ഗൊത്തിൽവാ ?


സ്വല്പ ഗൊത്തു....


ഏനു ? വർഷ തുമ്പായിൽവാ ?


അതു ശരി...ഇനി സൂറിച്ചിൽ പോകാൻ കന്നഡയും പഠിക്കണോ ?


അവിടം കൊണ്ട് തീർന്നില്ല. കെട്ടിപ്പൊതിഞ്ഞു കൊണ്ടു വന്ന അച്ചാറിൽ ആറ്റം ബോംബുണ്ടോന്നും ഇറച്ചി മസാലയിൽ എൻറിച്ചെഡ് യുറേനിയമുണ്ടോ എന്നും മറ്റും പലതരം രാസ ജൈവ പരീക്ഷങ്ങൾ. മെറ്റൽ ഡിറ്റക്ടറു കൊണ്ട് ദേഹം മുഴുവനും നടത്തുന്ന കടത്തനാടൻ ചവിട്ടി തിരുമ്മലുകൾ. നടയടി ഒഴിച്ച് ഒരു ജയിൽപ്പുള്ളിക്ക് ആദ്യദിവസം ജയിലിൽ കിട്ടാവുന്ന മനസ്സാ വാചാ കർമ്മണാ ഉള്ള പീഢനങ്ങൾ.


എല്ലാം കഴിഞ്ഞ് മനസ്സിലൊരല്പം കുളിരു വീണത് ഫ്ലൈറ്റിലെ ബോർഡിങ്ങ് പോയിന്റിൽ സുസ്മേര വദനയായി കൈ നീട്ടി നില്ക്കുന്ന സുന്ദരിയായ എയർ ഹോസ്റ്റസ് മദാമ്മയെ കണ്ടപ്പോഴാണ്‌.


വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അക്കരെക്കു കടക്കുന്ന എന്നെ പുഞ്ചിരിയോടെ മാടിവിളിക്കുന്ന യൂറോപ്പിന്റെ പ്രതീകമായി തോന്നി ആ സുന്ദരി.


നവോത്ഥാനത്തിന്റെ ഭൂഖണ്ഡമേ.... ഞാനിതാ വരുന്നു നിന്റെ വിരിമാറിലേക്ക്,,,,,,


പടികൾ ചവിട്ടിക്കയറി, അവളുടെ മനോഹരമായ കൈ പിടിച്ചു കുലുക്കിയിട്ടു പറഞ്ഞു.


ഹലോ..ഐ ആം അതുൽ...നൈസ് റ്റു മീറ്റ് യു !


“ഹേയ് !” നാഗമാണിക്യമെടുക്കാൻ മരപ്പൊത്തിലോട്ടിട്ട കയ്യിൽ പാമ്പുകടിച്ച രാജകുമാരിയുടെ ഭാവത്തോടെ മദാമ്മ കൈ വലിച്ചു.


പിന്നീട് ആ മുഖത്തു വിരിഞ്ഞ പേരറിയാത്ത വികാരങ്ങളുടെ അർത്ഥവും വ്യാപ്തിയും ഗ്രഹിക്കാൻ ഞാൻ അശക്തനായിരുന്നെങ്കിലും ആ ചുണ്ടുകൾ മന്ത്രിച്ചത് പച്ചമലയാളത്തിൽ ഞാൻ വായിച്ചെടുത്തു.


“ഇവനേതാടാ ഈ കൂതറ”


ഭൂമിക്ക് അല്പം മുകളിലായി, ആകാശത്തിന്‌ അല്പം താഴെയായി വിമാനത്തിന്റെ ചവിട്ടു പടിയിൽ, സ്ഥായിയായ “മിഴുങ്ങസ്യാ” ഭാവവുമായി കഥയുടെ പൊരുളറിയാതെ ഞാൻ നിന്നു


തൊട്ടു പുറകേ കയറിയ തെലുങ്കൻ മാനേജർ ട്രാവൽ പൗച്ച് തുറന്ന് ബോർഡിങ്ങ് പാസ്സ് എടുത്തു നീട്ടുന്നതു വരെ


അതു ശരി, ബോർഡിങ്ങ് പാസിനായിരുന്നല്ലേ എയർ ഹോസ്റ്റസ് കൈ നീട്ടിയത്.


എക്സ്ക്യൂസ് മി...ഞാൻ വിചാരിച്ചു....


**************************************


ആഴ്ചകൾക്കു ശേഷം,ശിശിരകാലത്തെ മരംകോച്ചുന്ന തണുപ്പിൽ,ഒരു ഹോട്ടൽ മുറിയിൽ സ്മിർനോഫ് ലൈമിനും പൊരിച്ച കോഴിക്കുമൊപ്പം മനസ്സും പങ്കു വയ്ക്കവേ (ച്ഛേയ്...മനസ്സു മാത്രം, തെറ്റിദ്ധരിക്കരുത്) ,തെലുങ്ക് പട്ടർ എന്നോടു പറഞ്ഞു.


“നീയൊരു ഊളയാണെന്നാണ്‌ ഞാനാദ്യം ഓർത്തത്..അല്ലേൽ ആരെങ്കിലും 24000 രൂപയും 5 സ്റ്റാർ അക്കോമഡേഷനും വേണ്ടെന്നു വയ്ക്കുമോഡാ കൂവേ ? ഈ തണുപ്പത്തിവിടെ പാഞ്ഞുവന്നിട്ട് എന്നാ മലമറിക്കാനാ ? നീയില്ലായിരുന്നെങ്കിൽ ഞാനെങ്കിലും ആ പൈസ പോക്കറ്റിലാക്കിയേനെ”


വീണ്ടും തലക്കകത്ത് ഒരു വെള്ളിടി വെട്ട്...പറന്നു നടക്കുന്ന പൊന്നീച്ചകൾ ഒട്ടകപ്പക്ഷികൾ...


അത്തവണത്തെ സാലറി ഹൈക്ക് വന്നു.. എനിക്ക് വെറും 5% ഹൈക്ക്...ഇന്ത്യയുടെ ജിഡിപി ഗ്രോത്തിനെക്കാൾ 4% കുറവ് !!


എന്റെ സാമ്പത്തികവളർച്ച ശരാശരി ഇന്ത്യക്കാരന്റേതിന്റെ പകുതി മാത്രം !


തനിക്കിട്ടു പൈസേടെ പണിതന്നവനെ ഒരു തെലുങ്കൻ വെറുതേ വിടുമോ ?


24000 രൂപ, 5 സ്റ്റാർ അക്കോമഡേഷൻ, ഊള, 5% ഹൈക്ക്...


ഞാൻ ആരായി ? 38 comments:

 1. കൂടുതല്‍ എഴുതി തെളിയട്ടെ...
  ആശംസകള്‍..

  ReplyDelete
 2. "മുക്കുവന്മാർ ഭൂതത്തെ ആവാഹിച്ച് കുപ്പിയിലാക്കി കടലിലേക്ക് വലിച്ചെറിയുന്ന പോലത്തെ ഒരു ആചാരം.അടുത്ത തിരയ്ക്ക് കുപ്പിയും ഭൂതവും കരയിലേക്കു തിരിച്ചു വരും എന്ന് ഉറപ്പുണ്ടെങ്കിലും വലിച്ചെറിയുന്ന സമയത്തെ സന്തോഷവും പ്രതീക്ഷയും ആവേശവുമൊക്കെയാണ്‌ ഈ ആചാരത്തിന്റെ ഒരു കാതൽ."

  ഇപ്പോഴും അതിനൊരു മാറ്റവുമില്ല അതുൽ... മനുഷ്യനെ ചിരിപ്പിക്കാനായിട്ട് ഇറങ്ങിക്കോളും... ഇനി ഇതിന്റെ ബാക്കി എപ്പോൾ എഴുതും?

  ReplyDelete
 3. 5 സ്റ്റാര്‍, 350 യൂറോ, ഹൈക്ക്..എല്ലാം വെള്ളത്തില്‍. ഇതാ പറയുന്നത് വിനാശകാലേ വിപരീതബുദ്ധിയെന്ന്..(അതെല്ലാം പോട്ടെ, ഇതിലെത്ര ശതമാനം സത്യമുണ്ട്????)

  ReplyDelete
 4. മനജേരുടെ മുന്നില്‍ ആളാകാന്‍ നോക്കി കക്ഷത്തിരുന്ന ഫൈവ് സ്റ്റാര്‍ അക്കോമഡേഷനും ഉത്തരത്തിലിരുന്ന അപ്പ്രൈസലും പോയിക്കിട്ടി അല്ലെ ..അവസാനം അതുല്‍ ശശി ആയെന്നു ചുരുക്കം .

  ReplyDelete
 5. കണക്ഷൻ ഫ്ലൈറ്റിന്റെ പ്രശ്നമില്ലായിരുന്നെങ്കിൽ എന്തിനാ അത് നഷ്ടപ്പെടുത്തിയത്...?
  5സ്റ്റാറിനും 24000 രൂപക്കുമിടയിൽ എന്തോന്നു കന്നടാടേയ്..!!?

  ആശംസകൾ...

  ReplyDelete
 6. ദൈവമേ, ഇത്തവണ നാട്ടീന്നു പോന്നപ്പോള്‍ ഖത്തര്‍ എയര്‍വെയ്സ്-കാരും എന്നോട് ഇങ്ങനെ ഒരു ഓഫര്‍ പറഞ്ഞതാ..അപ്രൈസല്‍ വരുമ്പോള്‍ അറിയാം..ഹും..

  ReplyDelete
 7. സാരമില്ല ചേച്ചീ...നിന്ന് പൊക്കോളാം...ആശിച്ചു കിട്ടിയ ചാൻസാ.... കലക്കി...

  പിന്നെ ആരായിന്ന് ചോദിച്ചാല്‍... പച്ച മലയാളത്തില്‍... ശശി... :P

  ReplyDelete
 8. ആശംസകള്‍. രസകരമായ് എഴുതി.

  ReplyDelete
 9. പഥികൻ, ഈ ഭൂതത്തെ കുപ്പിയിലാക്കി വലിച്ചെറിയുന്നവന്റെ പണിയ്ക്ക് ഒരിക്കലും അവസാനമുണ്ടാകുമെന്ന് തോന്നുന്നില്ല..കഴിഞ്ഞ ഏഴ് വർഷമായി ഈ പണി ഞാനും തുടർന്നുകൊണ്ടിരിക്കുന്നു..കൂട്ടത്തിൽ താമസിച്ചവനൊക്കെ ദുബായിയും, ആസ്ട്രേലിയ‌യുമൊക്കെ നോക്കി പറക്കുമ്പോൾ എവനെയൊക്കെ കൊണ്ടുപോയി തള്ളാനും ആരെങ്കിലും ഒക്കെ വേണ്ടെ...?
  എഴുത്ത് വളരെ നന്നായിരിക്കുന്നു..ആസ്വദിച്ചു. :)

  എന്നാലും 5 സ്റ്റാർ അക്കോമഡേഷൻ, 350 യൂറൊ..അതു തള്ളിക്കളഞ്ഞത് ഇത്തിരി കടുത്ത കയ്യായിപ്പോയി.... :)

  ReplyDelete
 10. കന്നഡ ഗൊത്തിൽവാ ?....
  ഇത് വായിച്ചപ്പോള്‍ സുരാജ് വെഞ്ഞാറമ്മൂടിനെ ഓര്മ വന്നു ഒരു പടത്തില്‍ പറയുന്നുണ്ട് കന്നടയില്‍ ഗോത്താനപരുപാടി എന്ന് ...ബോർഡിങ്ങ് പാസ് ചോദിച്ച മദാമ്മയുടെ കൈ മനപൂര്‍വം പിടിച്ചു കുലുക്കിയതല്ലേ .....
  .അവസാനം അതുലും ശശി ആയി

  ReplyDelete
 11. കലക്കി, ഒരു ബാംഗ്ലൂര്‍ സൂറിച് യാത്രയുടെ വിവരണം. .
  പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു മെയില്‍ അയചോള്‌ു. . .തീര്‍ച്ചയായും വരാം. . .

  കോമഡി എഴുതാന്‍ അറിയാത്തത് കൊണ്ട് കോമഡി വായിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. .

  ReplyDelete
 12. നല്ല രസമുള്ള എഴുത്ത്..
  എന്നായിരുന്നു ഈ യാത്ര ?

  ReplyDelete
 13. അടിപൊളി എഴുത്ത്.
  പഥികന്‍ പോയ സ്ഥലമെല്ലാം ഇപ്പോഴും അവിടെ തന്നെ ഉണ്ടോ ആവോ!!!

  ReplyDelete
 14. ഞാൻ ആരായീന്ന്.....
  നല്ല രസമായിട്ടെഴുതി. വിനുവേട്ടൻ പറഞ്ഞത് പോലെ ചിരിപ്പിക്കാനായിട്ട് ഇറങ്ങിക്കോളും....ഞാനിപ്പോ ഗൌരവത്തിലിരിയ്ക്കുന്ന സമയമായിരുന്നു. അതു പോയിക്കിട്ടി...

  ReplyDelete
 15. കയ്യില്‍ വന്നു കയറിയ മഹാലക്ഷ്മിയെ ആട്ടിപ്പായിച്ച പഥികാ, ഞാന്‍ ആയിരുന്നു ആ തെലുങ്ക്‌ പട്ടരുടെ സ്ഥാനത്തെന്കില്‍ പഥികന്‍ സൂറിച്ച് പോയിട്ട് സൂററ്റ്‌ പോലും കാണില്ലായിരുന്നു !!
  നര്‍മ്മം നന്നായി ബോധിച്ചു ....

  ReplyDelete
 16. അപ്പോള്‍ പഥികന്‍ ഒരു മണ്ടനും കൂടി ആണല്ലേ??എന്നാലും പറ്റിയ മണ്ടത്തരങ്ങള്‍ ഒന്നും വിടാതെ പറഞ്ഞുവല്ലോ..സന്തോഷം..എഴുത്ത് നന്നായിട്ടുണ്ട്...ആശംസകള്‍..

  ReplyDelete
 17. :-).Rasaayi...

  Ennittu... Ambilychechi Evde???

  ReplyDelete
 18. മാനേജര്‍ അതൊക്കെ പറയും,
  എന്നാലും നമ്മള്‍ നമ്മുടെ ഡീസന്റ് കീപ്‌ ചെയ്യണം,  സ്നേഹാശംസകള്‍

  ReplyDelete
 19. ഇസ്മായിൽ..ആദ്യ കമന്റിന് നന്ദി..
  വിനുവേട്ടാ...മണ്ടത്തരങ്ങൾ എഴുതാൻ തുടങ്ങിയാൽ അവസാനിക്കില്ല...ഇനിയും പ്രതീക്ഷിച്ചോ :)
  @അജിത്...ഹെ ഹെ...ആ ചോദ്യം ഞാൻ വായനക്കാർക്ക് വിട്ടുകൊടുത്തിരിക്കുന്നു :)
  @ദുബാക്കാരാ..അതു തന്നെ..നഷ്ടങ്ങൾ ഏറ്റു വാങ്ങാൻ എന്റെ ജീവിതം ഇനിയും ബാക്കി :)
  @വി.കെ...ശോഭനമായ ഒരു ഭാവി...അതു മാത്രമായിരുന്നു ലക്ഷ്യം..
  @Sreejith EC...അതു ശരി...അപ്പൊ all the best..മലയാളത്തിൽ പറഞ്ഞാൽ "അവനനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ..... :)"
  @ലുട്ടുമോൻ...പഥികന്റെ കാല്പാട് വൃത്തിയായി വരച്ചുതന്നതിന് ഒരു സ്പെഷ്യൽ ദാൻകേഷൂൻ (ജർമ്മൻ ജർമ്മൻ...)
  @മുല്ല .. ആശംസകൾക്ക് നന്ദി...
  @ഷിബൂ..മുക്കുവനും ഭൂതവും എപ്പോഴഉം ഇന്റെർചേഞ്ചിങ്ങ് റോൾസ് ആണ്..ഇന്നത്തെ മുക്കുവൻ നാളത്തെ ഭൂതം..തിരിച്ചും..:)
  @kochumol(കുങ്കുമം)..ങേ...അതെങ്ങനെ മനസ്സിലാക്കി...മുഴുക്കള്ളനേ അരക്കള്ളനെ മനസ്സിലാക്കാൻ പറ്റൂ എന്നൊരു ചൊല്ലുണ്ട്..ഗുരുവേ പ്രണാമം....:)
  @സിവില്‍ എഞ്ചിനീയര്‍ ..ആദ്യവരവിന് നന്ദി..
  @സ്വന്തം സുഹൃത്ത്...ആറേഴു കൊല്ലം മുൻപായിരുന്നു ഈ യാത്ര...
  @ദിവാകരേട്ടാ..പൊളിച്ചടുക്കാൻ ഞാൻ മാക്സിമം നോക്കുന്നുണ്ട്...
  @എന്റെ ലോകം..പഥികൻ എന്നും പഥികൻ :) വേറെ ആരുമായില്ല :)
  @എച്മുക്കുട്ടിയെ ചിരിപ്പിക്കാൻ കഴിഞ്ഞത് എന്റെ നേട്ടമാണെൻകിലും ബൂലോകത്തിന് നഷ്ടമാണ്..ഭാവഗംഭീരമായ ഒരു പോസ്റ്റ് പോയില്ലേ ? :)
  @ഹാഷിക്കേ..ഞാൻ ഒരു മുഴം നീട്ടി എറിഞ്ഞതല്ലേ...അതെന്റെ തലയിൽ തന്നെ വന്നു വീഴുമെന്ന് ഞാനറിഞ്ഞോ ?
  @ഷാനവാസിക്ക..സത്യം..വിസ്മയകരമായ ഈ ലോകം കണ്ട് അതിശയിച്ചു നില്ക്കുന്ന ഒരു മണ്ടൻ തന്നെയാണ് ഞാൻ. എന്നും അങ്ങെനെ ആയിരിക്കാനാണിഷ്ടവും..ചിലപ്പോൾ വൃത്തികെട്ട ഈഗോ അതു സമ്മതിച്ചുതരാറില്ലെന്നു മാത്രം..:)
  @Marykkutty ഇത് ഫ്ലാഷ്ബാക്ക് അല്ലേ....ഡയറിക്കുറിപ്പ് എവിടെ വരെ ആയി ?
  @കുന്നെക്കാടന്‍ അത് ലോജിൿ..പിന്നെ ഡീസൻസി ഉണ്ടെൻകിലല്ലേ കീപ് ചെയ്യാൻ പറ്റൂ :)

  ReplyDelete
 20. എന്തൂട്ടാണ്ട ഇത്.. ആത്മാര്‍ത്ഥതക്ക് 500 യൂറോയുടെ വിലപോലും ഇല്ല എന്ന് മനസ്സിലായല്ലോ.. ഭൂതാത്രെ ഭൂതം.. :) ആശംസകള്‍..

  ReplyDelete
 21. ശ്ശോ മിസ്സാക്കില്ലോ നാട്ടാരാ...ങാഹ് പോട്ടെ..

  ReplyDelete
 22. വിമാനക്കഥകള്‍ ഒരു തുടര്‍ക്കഥ ആയി പോസ്റ്റാന്‍ മാത്രം കാണുമല്ലോ..ബാക്കി കൂടി പോരട്ടേ..ആ എയര്‍ ഹോസ്റ്റസിനെ ഷേക്ക്‌ ഹാന്‍ഡ്‌ ചെയ്തത് വായിച്ചു ചിരിച്ചു മണ്ണ് കപ്പി...:)

  ReplyDelete
 23. നല്ല രസത്തോടെ വായിച്ചു. ചില പ്രയോഗങ്ങളും കലക്കി.. ആശംസകള്‍

  ReplyDelete
 24. ആത്മാര്‍ഥത അഭിനയിച്ചിട്ടു പണി കിട്ടിയല്ലേ... പോസ്റ്റ്‌ രസ്സായി..
  എന്നാലും ഈ ഓൺസൈറ്റു കാത്തുകിടക്കുന്നവന്മാരെയും, കെട്ടുപ്രായം കഴിഞ്ഞ് പുര നിറഞ്ഞുനില്ക്കുന്ന പെൺകൊച്ചുങ്ങളെയും, ഒരേ വികാരത്തിലാക്കിയതാ കലക്കിയെ :D

  ReplyDelete
 25. Eda..

  Kidilam ennu parayathe pattilla.. :)..

  Manasu vittu chirichu.. ente first trip aalochichittu.. Good going..

  ReplyDelete
 26. പഴയ മനേജരുടെ മുന്നിൽ കീറിയ ചീട്ടൊക്കെ ഇവിടെ ഒട്ടിച്ചു ചേർത്ത് ഇമേജിന്റെ പുതിയൊരു ചീട്ടുകൊട്ടാരം തന്നെ പണിയണം.... കലക്കി ... ഞാനീ സോഫ്റ്റ്‌വെയര്‍ ഫീല്‍ഡില്‍ എതിയാതെ ഉള്ളൂ..
  ഇത്തരം ഉപദേശങ്ങള്‍ ഉപകരിക്കും ... ഹ. ഹ... ആശംസകള്‍ ..

  ReplyDelete
 27. രസകരമായ അവതരണ ശൈലി അകര്‍ ഷണീ യം എന്നാലും കേറിവന്ന മഹാ ലക്ഷ്മിയെ അത്യാഗ്രഹം കൊണ്ടില്ലാതിക്കിയ നിന്നെ ഊള എന്നല്ലാതെ വേറെന്തു പറയാന്‍

  ReplyDelete
 28. ഈ അവതരണം രസകരമായിട്ടുണ്ട്..കേട്ടൊ ഭായ്.
  ഈ ഭൂതം എന്റെ അയലക്കുത്തുണ്ട് അല്ലേ
  ബിലാത്തിയിലെങ്ങാൻ വരുന്നുണ്ടെങ്കിൽ വിളിക്കുമല്ലോ (+447930134340)

  ReplyDelete
 29. മണ്ടത്തരങ്ങളിങ്ങനെ ഉറക്കെ വിളിച്ചുപറയാൻ പാടുണ്ടോ?

  ReplyDelete
 30. @ജെഫൂ...ഇവിടെ കണ്ടതിൽ വളരെ സന്തോഷം...ആശംസകൾക്ക് നന്ദി...
  @സീതേ..ചാൻസ് ഇനിയും വരുമല്ലോ..
  @ജാസ്മിക്കുട്ടീ...മെഗാസീരിയൽ ആക്കാനുണ്ട് കഥകൾ..ഒരോന്നായി പറയാം..
  @ഷബീറ്..നന്ദി :)
  @ലിപീ..ഈ വികാരം അനുഭവിച്ചാൽ മാത്രമേ അറിയൂ...
  @inferno...നന്ദി....
  @യാത്രക്കാരാ...ടിപ്സ് വേണമെൻകിൽ ഇനിയും പറഞ്ഞുതരാം...സ്വന്തം ഉത്തരവാദിത്തത്തിൽ പരീക്ഷിക്കുമെൻകിൽ...
  @കൊമ്പാ.ഈ അത്യാഗ്രഹമല്ലേ നമ്മളെ മുന്നോട്ടു നയിക്കുന്നത്...അത് വർക്കൌട്ട് ചെയ്യാനുള്ള കിഡ്നി കൂടെ വേണം എന്നു മാത്രം.
  @പ്രിയ മുരളീ..ഈ ഭൂതം എല്ലായിടത്തുമുണ്ട് ജാഗ്രതൈ..ബിലാത്തിയിൽ വരാൻ പ്ലാനുണ്ട്....വരുമ്പോൾ വിളിക്കാം.....
  @എഴുത്തുകാരി ചേച്ചീ...നല്ല ചോദ്യം...ഇതെഴുതിയപ്പോൾ ഞാനുമതാലോചിച്ചതാ...കോമളനും തരളിതഗാത്രനുമൊക്കെയായി കാണപ്പെടുന്നെൻകിലും (:0)) പ്രായം 30 കടന്നു...മണ്ടത്തരങ്ങൾ ഉറക്കെ വിളിച്ചുപറയുന്നത് മനസ്സിനെയെൻകിലും വീണ്ടും ചെറുപ്പമാക്കാനുള്ള എന്റെ റ്റാക്റ്റിക്സിന്റെ ഭാഗമാണ്... :)

  ReplyDelete
 31. ഇനിയും ജീവിതത്തില്‍ കൊട്ടുകള്‍ കിട്ടട്ടെ......
  നല്ല പോസ്റ്റുകള്‍ ഉണ്ടാവട്ടെ

  ReplyDelete
 32. വിമാനക്കഥ കേമായി. എയര്‍ ഹോസ്ടസ് മാര്‍ പിടിച്ച് പുറത്തെരിയാത്തത് കൊണ്ടാണ് പല മലയാളികളും വിദേശ ജോലി ചെയ്യുന്നത് എന്ന് ഒരു സുഹൃത്ത്‌ പറഞ്ഞത് ഓര്‍ക്കുന്നു.

  ReplyDelete
 33. സംശയമില്ല ശശിയായി!! ഇപ്പോള്‍ മനസ്സിലായല്ലോ. കാശ് കിട്ടിയാല്‍ പുളിക്കരുത്. :-)

  ReplyDelete
 34. "കലാപരമായി പുതിയ മാനേജരെ കുപ്പിയിൽ നിറച്ചുകൊണ്ടിരിക്കെ "
  ഇങ്ങനൊക്കെ എഴുതാനും ഒരു പ്രത്യേക കഴിവു വേണം. ഇതു മാത്രമല്ല ക്വോട്ടാനാണെങ്കിൽ ഒരുപാടുണ്ട്.

  രസകരമായി എഴുതി. ഇതു ഞാൻ എന്താ കാണാതെ പോയത്?

  ReplyDelete
 35. "അമ്പിളി (ജസ്റ്റ് എ ഫ്രണ്ട് ആന്റ് ഫിലോസഫർ ആയിരുന്ന കാലത്ത്)"
  അതിരിക്കട്ടെ ഈ അമ്പിളി പെണ്ണോ ആണൊ?
  ഈ വാചകം കണ്ടതു കൊണ്ടു ചോദിച്ചതാ.
  അപ്പൊ ഇപ്പൊ ആരാ?

  ReplyDelete
 36. നന്നായിട്ടുണ്ട്...

  ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...