പഥികന്റെ കാൽപാട്Monday, August 1, 2011

ലോക്കപ്പിലേക്ക് !

സമൂഹത്തിലെ അനീതികളെ ശക്തമായെതിർക്കാനും വേണ്ടി വന്നാൽ ഭരണകൂടത്തോടും വ്യവസ്ഥിതികളോടും ഏറ്റുമുട്ടാനും യുവതലമുറക്കു ബാധ്യത ഉണ്ടെന്നാണ്‌ എന്റെ അഭിപ്രായം. ആശയപരമായ അത്തരം സംഘട്ടനങ്ങളിൽ നിയമത്തിന്റെ പിൻബലമുള്ള ഭരണകൂടത്തിനു തന്നെ ആയിരിക്കും സ്വാഭാവികമായും മുൻതൂക്കം.അവിടെയാണ്‌ അറസ്റ്റ്‌ വരിക്കൽ ജയിൽ നിറക്കൽ തുടങ്ങിയ സമരമാർഗ്ഗങ്ങളുടെ പ്രസക്തി.ഗാന്ധിജിയും ബാലഗംഗാധരതിലകനും സുഭാഷ്‌ ചന്ദ്രബോസുമൊക്കെ കാണിച്ചു തന്ന വഴി. അത്തരം ഒരു കർത്തവ്യം സുധൈര്യം ഏറ്റെടുക്കാനുള്ള ഭാഗ്യം എനിക്കും ഒരിക്കൽ ഉണ്ടായിട്ടുണ്ട്‌.

സംഭവം നടക്കുന്നത് വർഷങ്ങൾക്കു മുമ്പാണ്‌.പ്രൊജെക്റ്റും സെമിനാറും ക്യാമ്പസ്‌ ഇന്റെർവ്യുകളുമൊക്കെ ആയി എഞ്ചിനീറിങ്ങ്‌ ഫൈനൽ ഇയർ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം.കാമ്പസ് ഇന്റെർവ്യൂവിലൂടെ ഒരു ജോലി എങ്ങനെയെങ്കിലും സമ്പാദിക്കുക എന്നതായിരുന്നു അപൂർവ്വം ചില അതിബുദ്ധിമാന്മാരൊഴികെ ബാക്കിയുള്ള മിക്കവാറും വിദ്യാർത്ഥികളുടെ പരമമായ ലക്ഷ്യം. ഒരു ഗതി പിടിക്കാനുള്ള ആവേ
ശമോ കോർപറേറ്റ് ജീവിതത്തിന്റെ പ്രലോഭനമോ ഒന്നും ആയിരുന്നില്ല ഇതിനു പിന്നിലെ പ്രധാന പ്രചോദനം.അക്കാലത്ത്‌ ഒരു ജോലി എന്നതു നാളെയുടെ ഉപജീവനത്തെക്കാൾ ഇന്നിന്റെ അതിജീവനത്തിന്റെ ആവശ്യമായിരുന്നു . വീട്ടുകാർക്കും നാട്ടുകാർക്കും ഇടയിൽ സ്വന്തം അസ്തിത്വം തെളിയിക്കാനും വെറും പാഴനല്ലെന്നു സ്വയം ബോധ്യപ്പെടുത്താനും എന്തിന്‌ ഡെമോക്ളിസിന്റെ വാളുപോലെ നേർത്ത നൂലിൽ തൂങ്ങിക്കിടന്നാടുന്ന ലൈനുകൾ ഉറപ്പിച്ചുകെട്ടാനും വരെ ഒരു “ഓഫർ ലെറ്റർ” കൂടിയേ കഴിയുകയുള്ളായിരുന്നു. അതുകൊണ്ട് നാസയിലെ സയന്റിസ്റ്റിന്റെ മുതൽ മാർജിൻ ഫ്രീ സ്റ്റോറിലെ ടൈപ്പിസ്റ്റിന്റെ വരെയുള്ള ജോലിക്കായുള്ള ടെസ്റ്റുകൾ തുല്യപ്രാധാന്യത്തോടെ തുല്യഗൗരവത്തോടെ എഴുതിപ്പോന്നു.

കോളേജിനു വെളിയിൽ കാമ്പസ് ഇന്റർവ്യൂകൾ നടത്തിയിരുന്ന മഹാസ്ഥാപനമായിരുന്നു എറണാകുളത്തെ ഷ്രെഡ്സ്. എറണാകുളത്തു പോയി ടെസ്റ്റ് എഴുതണമെന്നുള്ള വസ്തുത ഞങ്ങൾ ചില അഭിമാനികളായ തിരുവനന്തപുരത്തുകാർക്കു സഹിക്കാവുന്നതിലുമപ്പുറം ആയിരുന്നെങ്കിലും വേറെ ഗതിയില്ലായിരുന്നതിനാൽ ഒരനുഷ്ഠാനം പോലെ എല്ലാ ആഴ്ചയും പോയി മുഖം കാണിക്കുമായിരുന്നു


തിരുവനന്തപുരത്തു നിന്ന് രാവിലെ 5 മണിക്കു തിരിക്കുന്ന വേണാട് എക്സ്പ്രസ്സിലായിരുന്നു എറണാകുളം പര്യവേഷണം.ഞങ്ങൾ ചില ലോക്കൽസിന്റെ ഒപ്പം മറ്റു സ്ഥലങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും കാണും തിരുവനന്തപുരത്തു നിന്നും ട്രെയിൻ കയറാൻ.ഒന്നിച്ചു യാത്ര ചെയ്യുന്നതിന്റെ രസം, തലേന്ന് ഒന്നിച്ചു വല്ലതും പഠിക്കാമെന്ന മിഥ്യാധാരണ ഇങ്ങനെ പലതായിരുന്നു ഇത്തരം പ്ലാനിങ്ങിനു പിന്നിൽ.

ശനിയാഴ്ചകളിലായിരുന്നു മിക്കവാറും ടെസ്റ്റുകൾ. വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ ഞങ്ങൾ, അടുത്ത അങ്കം വെട്ടാനുള്ള യോദ്ധാക്കൾ ഒന്നിച്ചു കൂടിയിരുന്നതു മ്യൂസിയം കോമ്പൗണ്ടിലായിരുന്നു.

അങ്ങനെ ഒരു വെള്ളിയാഴ്ച വൈകുന്നേരം കംപൈൻ സ്റ്റഡിയും സ്റ്റ്രാറ്റജിക് പ്ലാനിങ്ങുമൊക്കെ കഴിഞ്ഞു വീട്ടിലേക്കു തിരിച്ചപ്പോൾ എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് തൃശ്ശൂർക്കാരൻ നിരഞ്ജന്‌ ഒരു പ്രശ്നം. അവന്റെ കോളേജ് ഐഡി കാർഡ് കാണാനില്ല.കോളേജിൽ നിന്നും വന്നപ്പോൾ കൊണ്ടു വന്നിരുന്നതായി അവനുറപ്പുണ്ട്. മ്യൂസിയം കോമ്പൗണ്ടിലെവിടെയോ വീണുപോയതാവനാണ്‌ വഴി. കോളേജ് ഐഡി കാർഡില്ലാതെ ടെസ്റ്റ് എഴുതാൻ പറ്റില്ലെന്ന പൂർണ്ണബോധ്യമുള്ളതിനാൽ, ഞങ്ങൾ രണ്ടും മ്യൂസിയം വളപ്പിലോട്ടു തിരിച്ചു.

അപ്പോഴേക്കും ഇരുട്ട് പരന്നു തുടങ്ങിയിരുന്നു.ഞങ്ങളിരുന്ന ബെഞ്ചിനും അതിനു ചുറ്റുമൊക്കെ നടന്നു നോക്കി. ഐഡി കാർഡിന്റെ പോടി പോലുമില്ല. ഇനി അടുത്തുള്ള കുറ്റിക്കാട്ടിലേക്കു വല്ലതും തെറിച്ചു പോയിക്കാണുമോ എന്നു സംശയിച്ച് അവിടെ തിരഞ്ഞുതുടങ്ങി.പൊന്തകളുടെ മറവിൽ ഒന്നും കാണാൻ വയ്യ.കൈകൾ കൊണ്ട് പരതുക മാത്രമേ ഉള്ളൂ വഴി .അങ്ങനെ വിഷമിച്ചിരിക്കവേ ആണ്‌ ആകാശത്തു നിന്നും ദിവ്യജ്യോതി പ്രത്യക്ഷപ്പെട്ട പോലെ ശക്തമായ ഒരു വെളിച്ചം ആ കുറ്റിക്കാട്ടിലോട്ടു വീഴുന്നത്.

ദിവ്യജ്യോതിയുടെ ഉറവിടം കണ്ടുപിടിച്ചു. രണ്ടു പോലീസുകാർ റ്റോർച്ച് ലൈറ്റും പിടിച്ചു നില്കുകയാണ്‌. പോലീസിന്റെ തക്കസമയത്തുള്ള വരവിലും ഐഡി കാർഡ് കണ്ടുപിടിക്കാൻ ടോർച്ചുലൈറ്റ് അടിച്ചുതരാൻ തോന്നിയ സഹായമനസ്കതയിലും പുളകം കൊണ്ട് ,  മുഖമുയർത്തി താങ്ക് യൂ സർ എന്നു പറഞ്ഞു.


അതിനു മറുപടിയായി ഞങ്ങളെ എതിരേറ്റതു മണിപ്രവാളത്തിലുള്ള ഒരു കാവ്യശകലമാണ്‌. ഭാ..$#^%#$^@&^# കുറ്റിക്കാട്ടിൽ ഇരുട്ടത്തു എന്താടാ %#$&^#% ളേ പരിപാടി ?

ഓർമ്മയുടെ മങ്ങിയ ഫ്രെയിമിലെ അടുത്ത ചിത്രത്തിൽ ഞങ്ങൾ മ്യൂസിയം പോലീസ്‌ സ്റ്റേഷനിലെ ലോക്കപ്പിലാണ്‌.സിഐ വരുന്നതും കാത്ത്‌. ഞങ്ങളുടെ പേരിലുള്ള കേസ് അതിനകം ലളിതമായ ഭാഷയിൽ വിവരിച്ചുതന്നിരുന്നു. പൊതുസ്ഥലത്തെ പ്രകൃതിവിരുദ്ധ അനാ...ആ..അതുതന്നെ !!

സിഐ വന്നപാടെ ഞങ്ങളെ വിളിപ്പിച്ചു. ഞങ്ങൾ ഓടിച്ചെന്ന്‌ ഒന്നാം ക്ളസ്സിൽ അഡ്മിഷൻ കിട്ടിയതു മുതൽ പത്താം ക്ളാസ്സ്‌ പരീക്ഷ പാസ്സായതും കോളേജിൽ ചേർന്നതുമുൾപ്പടെ ഉള്ള എല്ലാ വിശേഷങ്ങളും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.നാളെ എറണാകുളത്ത് ഇന്റർവ്യൂ ഉണ്ടെന്നും പോകാൻ അനുവദിക്കണമെന്നും അപേക്ഷിച്ചു. ഞങ്ങൾ “അത്തര”ക്കാരല്ലെന്നും എൻജിനീയറിങ്ങ്‌ വിദ്യാർത്ഥികളാണെന്നും അറിയിച്ചു.

“അല്ലേലും ഈ പണിക്കിറങ്ങുന്നവന്മാരൊക്കെ ലാ കോളേജിലെയും എൻജിനീയറിങ്ങ്‌ കോളേജിലെയും പിള്ളേരായിരിക്കും. അവന്മാർക്കാ ഒരിതു കൂടുതൽ” . സിഐ ഈ മേഖലയിലെ തന്റെ അനുഭവജ്ഞാനം വെളിപ്പെടുത്തി.

അല്പം കഴിഞ്ഞ് കുറച്ച് കനിവ്‌ തോന്നിയിട്ടാകണം സിഐ മറ്റൊരോഫർ മുന്നോട്ടു വച്ചു. “ഒരു കാര്യം ചെയ്യ്‌, ഞാൻ എന്തായലും കേസൊന്നുമെടുത്തിട്ടില്ല. വീട്ടിൽ
നിന്നാരെയെങ്കിലും വിളിച്ചു ഒരെഴുത്തെഴുതി വച്ചിട്ടു പോയ്ക്കൊളൂ”

അടിവയറ്റിൽ നിന്നും തലയോട്ടിയിലേക്ക്‌ ഒരു ഇടിമിന്നൽ പാഞ്ഞു പോയി. ...വീട്ടിൽ നിന്നാരെ
ങ്കിലും ...എഴുത്ത്‌...

വല്ല അടിപിടിയോ കത്തിക്കുത്തോ എന്തിനൊരു കൊലപാതകശ്രമമാണെങ്കിൽ പോലും പറഞ്ഞു നിൽക്കാം
..ഒരു ദുർബലനിമിഷത്തിൽ പറ്റിയതാണെന്നോ മറ്റോ..ഇങ്ങനെ ഒരു കേസിലകത്തായി, ജാമ്യമെടുക്കാൻ വരണമെന്ന്‌ വിളിച്ചു പറഞ്ഞാലുള്ള പ്രതികരണമെന്തായിരിക്കും ?

“ഇതിനാണോടാ കൂട്ടുകാരനാണെന്നും പറഞ്ഞു ഒരോരുത്തനെയൊക്കെ വീട്ടിൽ കേറ്റി താമസിപ്പിച്ചിരിക്കുന്നേ”

“അതും പോരാഞ്ഞിട്ടു പബ്ളിക്‌ പ്ളേയ്സിൽ പരസ്യമായി...ച്‌..ഛേ..”

ലോക്കപ്പ്‌ ആത്മഹത്യകളുടെ മനശ്ശാസ്ത്രം വളരെ ലളിതമായി എനിക്കു മനസ്സിലായി..


എത്ര മണിക്കൂറുകൾ അവിടെ അങ്ങനെ കഴിഞ്ഞു എന്നെനിക്കോർമ്മയില്ല.സ്റ്റേഷനകത്തുള്ള ഞങ്ങളുടെ ബോഡി ലാംഗ്വേജിൽ "കമിതാക്കളുടെ" ലക്ഷണമൊന്നും കാണാത്തതു കൊണ്ടായിരിക്കും അവസാനം സിഐ ഞങ്ങളെ ഇറക്കി വിട്ടു.

സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ മനസ്സു തിരയടങ്ങിയ കടൽ പോലെ ശാന്തമായിരുന്നു.മ്യൂസിയത്തിലെവിടെയോ ഇരുട്ടിൽ ഉടമസ്ഥനെക്കാത്ത്‌ അനാഥനായിക്കിടക്കുന്ന ഐഡി കാർഡോ നാളെ എറണാകുളത്തു നടക്കനിരിക്കുന്ന ഇന്റെർവ്യൂവോ ഒന്നും മനസ്സിലൂണ്ടായിരുന്നില്ല. ആകെ മനസ്സിലൂണ്ടായിരുന്നതു നാളെ ഈ കഥകൾ കേട്ടു പൊട്ടിച്ചിരിക്കുന്ന കോളേജിലെ നൂറുകണക്കിനു വിദ്യാർത്ഥികളുടെ മുഖം, നാളെ മുതൽ തുല്യം ചാർത്തികിട്ടാൻ പോകുന്ന പുതിയ അപരനാമം, വടക്കൻ പാട്ടിലെന്ന പോലെ ജൂനിയർ പാണന്മാർ ബാച്ചുകളോളം പാടി നടക്കാൻ പോകുന്ന വീരഗാഥകൾ.

“ഓ നമ്മുടെ കോളേജിൽ ഇതു വലിയ കാര്യമൊന്നുമല്ല, നമ്മുടെ സീനിയെർസിനെ ഈ പരിപാടിക്ക് ”പലതവണ“ പോലീസ്‌ പൊക്കിയിട്ടുള്ളതല്ലേ !”

ഇല്ല ! ഇത്തരം ഒരു നാറിയ കഥയിലെ നായകനും “നായിക”യുമാവാൻ വയ്യ. ആ സംഭവം അവിടെ വച്ചു ഓൺ ദി സ്പോട്ടിൽ കുഴിച്ചു മൂടാൻ മ്യൂസിയം പോലീസ് സ്റ്റേഷനെ സാക്ഷി നിർത്തി ഞങ്ങൾ ദൃഢപ്രതിജ്ഞ ചെയ്തു.


ആ പ്രതിജ്ഞ ഞങ്ങൾ രണ്ടുപേരും അക്ഷരം പ്രതി പാലിച്ചു.

ഇതാ ഈ നിമിഷം വരെ !!!!!!10 comments:

 1. ഹ ഹ ഹ :) ചിരിപ്പിച്ചൂ..!!

  അല്ലാ..., സത്യത്തിൽ ഐ ഡി കാർഡ് തപ്പാൻ പോയതായിരുന്നോ അതോ...?!!! :)

  ReplyDelete
 2. അങ്കോം കാണാം താളീം ഒടിക്കാം.... :o)
  നന്ദി ഭായി..വായനക്കും അഭിപ്രായത്തിനും..

  ReplyDelete
 3. ഹഹഹാ..
  ചിരിച്ചു വീണല്ലോ മാഷേ.

  ReplyDelete
 4. "ആ പ്രതിജ്ഞ ഞങ്ങൾ രണ്ടുപേരും അക്ഷരം പ്രതി പാലിച്ചു.
  ഇതാ ഈ നിമിഷം വരെ !"

  ReplyDelete
 5. കുമാരാ...വരവിനും അഭിപ്രായത്തിനും ഏറെ നന്ദി...

  നെല്ലിക്കയാകുമ്പോൾ വീണിടത്തു നിന്നുരുളാമല്ലോ ?.വരവിനും അഭിപ്രായത്തിനും ഏറെ നന്ദി...

  പ്രിയ...അരിപ്രാവേ...വരവിനു് ഏറെ നന്ദി...

  ReplyDelete
 6. സത്യം നിറഞ്ഞു നില്‍ക്കുന്ന പോസ്റ്റ്‌ വളരെ ഇഷ്ടായി ട്ടോ

  ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...