പഥികന്റെ കാൽപാട്Monday, November 7, 2011

രത്നങ്ങളുടെ നഗരത്തിൽ


നവംബർ ഒന്ന് കർണ്ണാടകത്തിലെന്ന പോലെ ജർമ്മനിയിലും അവധിയാണ്‌. തിങ്കളാഴ്ച കൂടെ അവധിയെടുത്താൽ കിട്ടുന്ന നാലുദിവസം വീണ്ടുമൊരു കിഴക്കൻ യൂറോപ് പര്യടനം പ്ലാൻ ചെയ്തിരുന്നതാണ്‌. എന്നാൽ ഓഫീസിലെ ദീപാവലി ആഘോഷവും ഡ്രൈവിങ്ങ് ലൈസൻസിന്റെ ചില പ്രശ്നങ്ങളും കാരണം ആ പരിപാടി ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെയാണ്‌ മരങ്ങൾ മഞ്ഞയും ചുവപ്പും കുപ്പായമിട്ടു നില്ക്കുന്ന മനോഹരമായ ശിശിരകാലത്തെ തെളിഞ്ഞ ദിവസം യാത്ര പോകാൻ ഇന്ന്സ്ബ്രുക്ക് (Innsbruck) തിരഞ്ഞെടുത്തത്.

ആസ്ട്രിയയുടെ വടക്കു പടിഞ്ഞാറ്‌ ഭാഗത്തുള്ള ടൈറോൾ (Tyrol) പ്രവിശ്യയുടെ തലസ്ഥാനമാണ്‌ ആൽപ്സിന്റെ അടിവാരത്തിലുള്ള ഈ പട്ടണം.ടൈറോൾ ഇറ്റലിയിലും ആസ്ട്രിയയിലുമായി വ്യാപിച്ചു കിടക്കുന്ന മനോഹരമായ ഭൂവിഭാഗമാണ്‌.പണ്ട് വിശാല ആസ്ട്രിയയുടെ ഭാഗമായിരുന്ന ടൈറോളിന്റെ  തെക്കു ഭാഗം ഇറ്റലിയുമായി കൂട്ടിച്ചേർത്തത് ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമാണ്‌.

ഇന്ന്സ്ബ്രുക്കിലേക്ക്

ഇന്ന്സ്ബ്രുക്കിലോട്ട് പോകാൻ അമ്പിളിക്കുണ്ടായിരുന്ന പ്രധാന ആവേശം അവിടത്തെ സ്വരോവ്സ്കി (Swarovski) ക്രിസ്റ്റൽ വേൾഡും അതിനോട് ചേർന്നുള്ള വലിയ ഷോറൂമുമായിരുന്നു. ആസ്ട്രിയൻ ക്രിസ്റ്റൽ നിർമ്മാതാക്കളായ സ്വരോവ്സ്കിയുടെ ഇന്ന്സ്ബ്രുക്കിലെ ആസ്ഥാനത്തിലുള്ള മ്യൂസിയമാണ്‌ സ്വരോവ്സ്കി ക്രിസ്റ്റൽ വേൾഡ്. അവിടെയുള്ള യന്ത്രനിർമ്മിതമായ ക്രിസ്റ്റൽ രൂപങ്ങൾക്ക് കലാപരമായ യാതൊരു മൂല്യവുമില്ലെന്നും അതിനു വേണ്ടി സമയവും പണവും പാഴാക്കുന്നത് മണ്ടത്തരമാണെന്നും വാദിച്ചു നോക്കിയെങ്കിലും ഫലം കണ്ടില്ല.ക്രിസ്റ്റൽ വേൾഡ് കണ്ടിട്ട് സമയമുണ്ടെങ്കിൽ ബാക്കി ഇന്ന്സ്ബ്രുക്ക് കണ്ടാൽ മതി എന്നായി അമ്പിളി.രണ്ടു മഹിളാമണികളെയും കൊണ്ട് (ഒന്ന് കുഞ്ഞതാണെങ്കിലും) ഒരു വലിയ ആഭരണശാലയിലേക്ക് പോകുന്നതിന്റെ അത്യാഹിതം എനിക്ക് നന്നായറിയാമായിരുന്നെങ്കിലും ഗത്യന്തരമില്ലാതെ ഞാൻ സമ്മതിച്ചു.

ശീതകാലത്തെ സമയക്രമത്തിലോട്ട് പാശ്ചാത്യരാജ്യങ്ങൾ മാറുന്നത് ഒക്ടോബർ അവസാനമാണ്‌. അങ്ങനെ ക്ലോക്കുകൾ 1 മണിക്കൂർ പിന്നോട്ട് കറങ്ങിയതു കൊണ്ട് രാവിലെ എണീറ്റ് തയ്യാറാവാൻ ബുദ്ധിമുട്ടുണ്ടായില്ല.ബവേരിയൻ ടിക്കറ്റിൽ ആസ്ട്രിയൻ അതിർത്തിയായ കുഫ് സ്റ്റൈൻ വരെ സഞ്ചരിക്കാം. അവിടെ നിന്ന് ഒരു മണിക്കൂർ യാത്രയേ ഉള്ളൂ ഇന്ന്സ്ബ്രുക്കിലേക്ക്. ഇന്ന്സ്ബ്രുക്കിലേക്ക് പോകുന്ന വഴിയാണ്‌ ക്രിസ്റ്റൽവേൾഡിനടുത്ത സ്റ്റേഷനായ ഫ്രിറ്റെൻസ് വാറ്റെൻസ്.

ആസ്ട്രിയൻ ഓട്ടോബാൻ - വാറ്റൻസിലേക്ക്

ഏതാണ്ട് 10.30 ഓടെ ഞങ്ങൾ ഫ്രിറ്റെൻസ് വാറ്റെൻസിലെത്തി. നിർഭാഗ്യവശാൽ അവിടെ നിന്ന് ക്രിസ്റ്റൽവേൾഡിലേക്ക് ബസ് സർവ്വീസ് ഒന്നും ഉണ്ടായിരുന്നില്ല. 20 മിനിറ്റോളമുണ്ട് നടക്കാൻ. നടക്കുന്ന വഴി സിൽ നദിയുടെയും ആൽപ്സ് പർവ്വതത്തിന്റെയും കാഴ്ചകൾ കാണാം.

ആല്‌പ്സും സിൽ നദിയും

ഫ്രിറ്റെൻസ് വാറ്റെൻസ് സ്റ്റേഷന്റെ തൊട്ടുമുന്നിലായാണ്‌ സിൽ നദി ഒഴുകുന്നത്. നദി മുറിച്ചു കടന്നു വേണം ക്രിസ്റ്റൽവേൾഡിലേക്ക് പോകാൻ. വഴിയരികിലെ സൈൻ ബോർഡുകൾക്കും മറ്റ് എഴുത്തുകൾക്കും ജർമ്മനിയുമായി നല്ല സാദൃശ്യം.

ഫ്രിറ്റെൻസ് വാറ്റെൻസ് സ്റ്റേഷൻ


ശിശിരകാലത്തെ പ്രകൃതി അണയാൻ പോകുന്ന ദീപത്തിന്റെ ആളിക്കത്തൽ പോലെയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്‌. കഠിനമേറിയ ശൈത്യകാലത്തെ വരവേല്ക്കുന്നതിനു മുന്നോടിയായി സർവ്വാഭരണവിഭൂഷിതയായി അണിഞ്ഞൊരുങ്ങി നില്ക്കുന്ന പ്രകൃതി. നാനാ വർണ്ണങ്ങളുടെ ഘോഷയാത്ര നാലുചുറ്റിനും.

പ്രകൃതിയുടെ വർണ്ണോത്സവം
പോകുന്നവഴി വാറ്റെൻസിലെ വീരനായകനായ ജയന്റ് ഹായ്മന്റെ ഒരു വലിയ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. വാറ്റെൻസ് പട്ടണത്തെ ആക്രമിക്കാനെത്തിയ ഒരു ഡ്രാഗണിനെ നാക്കുപിഴിതു കൊന്ന് ജനങ്ങളെ രക്ഷിച്ചവനാണത്രേ ഈ വിദ്വാൻ.

ജയന്റ് ഹായ്മൻ

ജയന്റ് ഹായ്മന്റെ പ്രതിമക്കടുത്തായി ഒരു ചെറിയ ഉദ്യാനമുണ്ട്.അവിടെ മനോഹരമായ ഒരു ജലധാരയും.

സൂര്യനെ തണുപ്പിക്കാൻ


പ്രവൃത്തിദിനമായതിനാലാവാം തിരക്കു വളരെ കുറവായി തോന്നി ക്രിസ്റ്റൽ മ്യൂസിയത്തിൽ.ശിശിരകാലത്തിന്റെ മനോഹാരിത ചുറ്റുമുള്ള മരങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.


പ്രകൃതിയും മനുഷ്യനും

ആൽപ്സിന്റെ അടിവാരത്തിലുള്ള പ്രകൃതിരമണീയമായ ഒരു താഴ്വരയിലാണ്‌ സ്വരോവ്സ്കിയുടെ ആസ്ഥാനം. ഇതിനോട് ചേർന്നാണ്‌ ക്രിസ്റ്റൽ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. നിറങ്ങളുടെയും വെളിച്ചത്തിന്റെയും ഒരു മായികലോകം എന്നു വേണമെങ്കിൽ ക്രിസ്റ്റൽ വേൾഡിനെ വിശേഷിപ്പിക്കാം. സ്ഥലകാല യാഥാർത്ഥ്യങ്ങൾക്ക് പ്രസക്തിയില്ലാത്ത ഈ അൽഭുതക്കാഴ്ചകളാണ്‌ ക്രിസ്റ്റൽവേൾഡിനെ ലോകത്തിലെ ഇതര മ്യൂസിയങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

രത്നങ്ങൾ കൊണ്ടൊരുക്കിയ സുസ്വാഗതം

പച്ചിലപ്പടർപ്പുകൊണ്ടു നിർമ്മിച്ച കണ്ണിലും മൂക്കിലും രത്നങ്ങൾ പതിപ്പിച്ച ഒരു രൂപമാണ്‌ ക്രിസ്റ്റൽവേൾഡിന്റെ മുഖമുദ്ര. ഈ രൂപമാണ്‌ ക്രിസ്റ്റൽ വേൾഡിന്റെ എല്ലാ പരസ്യങ്ങളിലും കാണുന്നത്. ഇതിന്റെ വായിലൂടെ ഒരു കുഞ്ഞു വെള്ളച്ചാട്ടം ഒഴുകുന്നതു കാണാം. ഈ രൂപത്തിന്റെ ചെവിയിലൂടെ വേണം അകത്തു കയറാൻ.

ഈ ഗുഹക്കകത്താണ് മ്യൂസിയം

ടിക്കറ്റെടുത്ത് ഞങ്ങൾ അകത്തു കയറി. മ്യൂസിയത്തിലേക്ക് കടക്കുന്ന സന്ദർശകരെ എതിരേല്ക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ആഭരണക്കല്ലാണ്‌. 310000 കാരറ്റാണ്‌ ഇതിന്റെ തൂക്കം. സെന്റിനർ എന്നു പേരിട്ടിരിക്കുന്ന ഈ കല്ല് സ്വരോസ്കിയുടെ സ്ഥാപകനായ ഡാനിയേൽ സ്വരോവ്സ്കിക്ക് സമർപ്പിച്ചിരിക്കുന്നു പലതരം കല്ലുകൾ കൊണ്ട് ജീനിയും അലങ്കാരങ്ങളും ചെയ്തിട്ടുള്ള ഒരു കുതിരയുടെ ശില്പവും അതിനടുത്തായുണ്ട്. മ്യൂസിയത്തിലെ സവിശേഷമായ പ്രകാശസംവിധാനം കണ്ണിനു കുളിരായിരുന്നെങ്കിലും ക്യാമറക്കത്ര പിടിച്ചില്ല.

സെന്റിനർ - ക്യാമറയിൽ ഇങ്ങനെയൊക്കെയേ പതിഞ്ഞുള്ളൂ ;(സ്വരോവ്സ്കിയിലെ പ്രിസിഷൻ എഞ്ചിനീയർമാരുടെ കരവിരുത് തെളിയിക്കുന്ന മെക്കനിക്കൽ തീയേറ്ററാണ്‌ അടുത്ത സ്റ്റാളിൽ. വേഗത്തിൽ കറങ്ങുന്നതിനിടെ തുണ്ടുകളായി മുറിച്ച ഒരു മനുഷ്യരൂപം കൂടിച്ചേരുന്നതും നൃത്തം വയ്ക്കുന്നതുമൊക്കെയാണ്‌ അവിടത്തെ പ്രദർശനം.

ചിതറിത്തെറിച്ച്..
വീണ്ടുമൊന്നായി..


മ്യൂസിയത്തിലെ ഏറ്റവും ആകർഷകമായി തോന്നിയ ക്രിസ്റ്റൽ ഡോമാണ്‌ അടുത്ത സ്റ്റാളിൽ. 595 കണ്ണാടികൾ കൊണ്ടുതീർത്ത ഒരു കാലിഡസ്കോപ്പാണ്‌ ക്രിസ്റ്റൽ ഡോം. ഈ കാലിഡസ്കോപ്പിനുള്ളിലാണ്‌ സന്ദർശകർ.ഉള്ളിൽ നിന്നുള്ള പ്രകാശശ്രോതസ്സിന്റെ വ്യതിയാനത്തിനനുസരിച്ച് താരാപഥങ്ങൾ നിറഞ്ഞ നീലാകാശവും ആഴിയുടെ അഗാധതയും മനസ്സിന്റെ വിഹ്വലതകളുമെല്ലാം അതിനു ചേർന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടും. മനോഹരമായ ഒരനുഭൂതിയാണ്‌ ക്രിസ്റ്റൽഡോം എന്നു പറയാതെ വയ്യ. പ്രശസ്ത ഓപെറാ ഗായികയായ ജെസ്സി നോർമൻ ക്രിസ്റ്റൽ ഡോമിൽ നടത്തിയ ഒരു സംഗീതപരിപാടിയുടെ വീഡിയോ അടുത്ത സ്റ്റാളിലുണ്ട്. മഡഗാസ്കറിൽ നിന്ന് കൊണ്ടുവന്ന സുതാര്യമായ ഒരു സ്വാഭാവിക ക്രിസ്റ്റലിൽ ആ ശബ്ദവും പ്രകാശവും പ്രതിഫലിക്കുന്നു.

സ്വാഭാവിക രത്നം - ഒരു പാറക്കല്ലിന്റെ വലിപ്പമുള്ളത്

ഐസ് പാസേജ് മൈക്കിൾ ജാക്സന്റെ പ്രശസ്തമായ ബില്ലീജീനിന്റെ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്നുതാണ്‌ .മുകളിലൂടെ നടക്കുമ്പോൾ ചിത്രങ്ങൾ തെളിഞ്ഞു വരുന്ന LCD സ്ക്രീനാണിത്.

പ്രകാശവും ശബ്ദവും ചേർത്തിണക്കിയ സവിശേഷമായ ഒരു വിസ്മയം എന്ന് വിശേഷണമാണ്‌ 55 മില്ല്യൺ ക്രിസ്റ്റൽസ് കൊണ്ടൊരുക്കിയ “അനന്തതയുടെ വിസ്മയം (Wonder of infinity)” എന്ന പ്രദർശനം. LCD സ്ക്രീനിലെ മോഡേൺ ആർട്ടുകൾ തലക്കു മുകളിലൂടെ ബൗൺസർ ആയി കടന്നു പോയി.എനിക്കു മനസ്സിലാകാൻ പറ്റാത്ത എന്തോ ഭയങ്കരസംഭവം ആയിരിക്കും എന്ന സമാശ്വസിച്ച് അടുത്ത സ്റ്റാളിലേക്കു നടന്നു.

വല്ലതും മനസ്സിലായോ ? ഇല്ലെങ്കിൽ നമ്മൾ ഒരേ തൂവൽ പക്ഷികൾ :))

ഒരു പോസ്റ്റ് സ്റ്റാർ വാർ ലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന രംഗസംവിധാനമാണ്‌ പ്രതിഫലനം എന്ന പ്രദർശനത്തിൽ. പല ആകൃതിയിലുള്ള 48 ബഹുഭുജങ്ങളാണ്‌ വിവിധ വർണ്ണങ്ങളുള്ള പ്രകാശത്തിന്റെ അകമ്പടിയോടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വശങ്ങളിൽ മതത്തിന്റെയും ശാസ്ത്രത്തിന്റെയും മനുഷ്യപരിണാമത്തിലുള്ള സ്വാധീനം വിവരിക്കുന്ന ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുണ്ട്. .

ബഹുഭുജങ്ങളിലൂടെ നടക്കുമ്പോൾ - മനസ്സിന്റെ പ്രതിഫലനം
പരസ്പരവിരുദ്ധമെന്നു പരക്കെ അറിയപ്പെടുന്ന പ്രകൃതിയെയും സാങ്കേതികവിദ്യയെയും പ്രതീകാത്മകമായി ചേർത്തിണക്കി വച്ചിരിക്കുന്നു ക്രിസ്റ്റൽ ഫോറസ്റ്റിൽ. ക്രിസ്റ്റൽ ഫോറസ്റ്റിലൂടെ നടക്കുമ്പോൾ അഗ്നിയുടെ വന്യതയും ജലത്തിന്റെ കുളിർമ്മയും സ്ഫടികത്തിന്റെ സുതര്യതയും കാഴ്ചക്കരുടെ മനസ്സിലേക്ക് ഒഴുകിയത്തും..

ക്രിസ്റ്റൽ ഫോറസ്റ്റ്..തീം അഗ്നി
ക്രിസ്റ്റൽ ഫോറസ്റ്റിൽ നിന്ന് നടന്നിറങ്ങുന്നത് സ്വരോവ്സ്കിയുടെ ഒരു വലിയ ഷോറൂമിലാണ്‌. ആഭരണങ്ങൾക്കു പുറമേ ധാരാളം സ്വരോവ്സ്കി ഡിസൈനെർ ക്രിസ്റ്റൽ രൂപങ്ങളും അവിടെയുണ്ട്. അവിടെയെത്തിയപ്പോൾ ഇനി അല്പനേരം ശല്യപ്പെടുത്തരുതെന്ന ഒരു താക്കീതും തന്നിട്ട് അമ്പിളി നേരെ ജുവലറി സെക്ഷനിലേക്ക് പോയി.

ജ്വലറി..ഇവിടെയാണ് ഞാൻ കാത്തിരുന്നത് :))

ഡിസൈനർ ക്രിസ്റ്റലുകളിൽ ധാരാളം കാർട്ടൂൺ കഥാപാത്രങ്ങളുണ്ടായിരുന്നത് തുമ്പിക്കുട്ടിക്ക് കൗതുകമായി.

ഹലോ കിറ്റി

സ്വരോവ്സ്കി മ്യൂസിയം കുട്ടികൾക്കിഷ്ടപ്പെടും എന്ന് പല യാത്രാവെബ്സൈറ്റുകളിലും വായിച്ചിരുന്നത് ശരിയാണെന്ന് അവിടെച്ചെന്നപ്പോൾ മനസ്സിലായി. സാധാരണ മ്യൂസിയങ്ങളിൽ പോകുമ്പോൾ അവൾക്ക് ഭയങ്കരമായി ബോറടിക്കാറാണുള്ളത്.

മൂസ്....റെയിൻ ഡിയർ

ഹലോ കിറ്റി, സിംബ, പീറ്റർ പാൻ, വിന്നി ദി പൂ, ബാംബി തുടങ്ങി തുമ്പിമോളുടെ മിക്ക കൂട്ടുകാരുമുണ്ടായിരുന്നു അവിടെ. ആവരോടൊക്കെ കിന്നാരം പറഞ്ഞു അല്പനേരം കഴിഞ്ഞപ്പോൾ അമ്പിളി തിരിച്ചെത്തി. “സെലെക്ഷൻ” കൂടുതലായതിനാൽ തീരുമാനമെടുക്കൻ പറ്റിയില്ലെന്നും ഒന്നുകൂടെ ഗവേഷണം നടത്തിയിട്ടു വേണം വന്നു വാങ്ങാൻ എന്നും പറഞ്ഞ്. മനസ്സിനും പോക്കറ്റിനും ആശ്വാസം.


വിന്നീ ദ പൂ

അവിടെ നിന്ന് ഇന്ന്സ്ബ്രുക്കിലോട്ട് 15 മിനുട്ട് ട്രെയിൻ യാത്രയുണ്ട്. ട്രെയിനിൽ കയറി ഇരുപ്പുറപ്പിച്ച ഉടനെ നന്നായി വസ്ത്രധാരണം ചെയ്ത ഒരു കാപ്പിരിപെൺകുട്ടി ഓടി അടുത്തുവന്ന് ഹിന്ദിയിൽ വർത്തമാനം തുടങ്ങി. “ഗഫൂർ ക ദോസ്ത്” സ്റ്റൈലിൽ മറുപടി പറഞ്ഞപ്പോഴേ അവൾക്കു മനസ്സിലായി കാര്യം പോക്കാണെന്ന്. പിന്നെ ഇംഗ്ലീഷിലായി ബാക്കി. എതോ ചർച്ച് മിഷന്റെ ഭാഗമായി മിഷണറി പ്രവർത്തനം നടത്താൻ ഹിന്ദി ഒക്കെ പഠിച്ചിട്ടുണ്ടത്രേ. ഇറങ്ങാൻ നേരം കുട്ടികളെ എങ്ങനെ ആത്മവിശ്വാസത്തോടെ വളർത്താം എന്നു പഠിപ്പിക്കുന്ന ഒരു പുസ്തകം അവൾ സമ്മാനമായി തന്നു. തുറന്നു നോക്കിയപ്പോൾ അതിനകത്ത് ഒരു സുവിശേഷപുസ്തകം ഒളിപ്പിച്ചു വച്ചിരിക്കുന്നു.


ഇന്ന്സ്ബ്രുക്കിലെത്തി ടൂറിസ്റ്റ് ഇൻഫൊർമേഷൻ സെന്റർ കണ്ടുപിടിക്കാനകാതെ കുഴങ്ങി. അവസാനം സുവനീറുകൾ വില്ക്കുന്ന ഒരു കടയിൽ പോയി ഒരു സിറ്റിമാപ്പ് വാങ്ങി. അവിടത്തെ കടക്കാരനോട് സിറ്റിയിലെ പ്രധാന ആകർഷണങ്ങളെപ്പറ്റി അന്വേഷിച്ചപ്പോൾ ആ മാപ്പിൽ തന്നെ കൃത്യാമായി എല്ലാം വരച്ച് അടയാളിപ്പെടുത്തിതന്നു.അവസാനം മാപ്പിന്റെ വില കൊടുത്തപ്പോൾ വാങ്ങാനും അയാൾ തയ്യാറായില്ല. ഒരു സ്പെഷ്യൽ താങ്ക്സ് മാത്രം തിരികെ നല്കി നഗരമദ്ധ്യത്തിലേക്കു നടന്നു.

വഴിയിൽ കണ്ട ഒരു കാഴ്ച...നമ്മുടെ സ്വന്തം ആപെ...
1000 വർഷത്തോളം പഴക്കമുള്ള നഗരമാണത്രേ ഇന്ന്സ്ബ്രുക്ക്. നഗരഹൃദയത്തിൽ ഇന്നു കാണുന്ന കെട്ടിടങ്ങളെല്ലാം 500ൽ പരം വർഷങ്ങളുടെ പഴക്കമുള്ളവയാണ്‌. അക്കൂട്ടത്തിലെ പ്രധാന ആകർഷണമാണ്‌ 1420 ഇൽ നിർമ്മിച്ച ഗോൾഡൻ റൂഫ്. 2500 ചെമ്പു തകിടുകൾ കൊണ്ടാണ്‌ ഈ മേൽക്കൂര ഒരുക്കിയിരിക്കുന്നത്.

ഗോൾഡൻ റൂഫ്

ഗോൾഡൻ റൂഫിനടുത്തു തന്നെയാണ്‌ നഗരത്തിലെ ഏറ്റവും പൊക്കമുള്ള ഗോപുരമായ സിറ്റി ഹാൾ. നഗരത്തിന്റെ മനോഹരമായൊരു പനോരമിക് കാഴ്ച ഇവിടെ നിന്നു കിട്ടും.ഒന്നാം നിലയിലെ കൗണ്ടറിൽ ചെന്ന് ടിക്കറ്റ് വാങ്ങി. ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ടിക്കറ്റ് കൗണ്ടറിലിരുന്ന ചേട്ടന്‌ വളരെ സന്തോഷം. പുള്ളിക്കാരൻ ഒരിക്കൽ കോവളത്ത് വന്നിട്ടുണ്ടത്രേ.

സിറ്റി ഹാൾ
കുശലാന്വേഷണങ്ങളൊക്കെ കഴിഞ്ഞ് പടികയറാൻ തുടങ്ങി.കുത്തനെയുള്ള 148 പടവുകളുണ്ട് മുകളിലേക്ക്.പകുതിദൂരം കയറുമ്പോൾ പടികൾ കോൺ ആകൃതിയാകും.പടികൾ എണ്ണിക്കയറുക തുമ്പിക്കുട്ടിയുടെ പ്രധാനകലാപരിപാടിയാണ്‌. പക്ഷേ 40 വരെ എത്തുമ്പോൾ അവളുടെ കൗണ്ടർ റിസെറ്റ് ആയിപ്പോകുന്നതു കൊണ്ട് 3-4 ആവർത്തനം വേണ്ടി വന്നു മുകളിലെത്താൻ.


ഗോപുരത്തിനു മുകളിൽ നിന്ന് ആസ്ട്രിയൻ ആൽപ്സിലൂടെയുള്ള കേബിൾകാറുകളും മൗണ്ടൻട്രെയിനുകളും കാണാം. 1925 ഇൽ നിർമ്മിച്ച സ്കീ ജമ്പ് സ്റ്റേഡിയവും അവിടെ നിന്ന് കാണാം. 1964 ലും 1976 ലും ശൈത്യകാല ഒളിമ്പിക്സ് നടന്നത് ഇവിടെ വച്ചാണ്‌.

ഒളിമ്പിക് സ്കീ സ്റ്റേഡിയം

അധികം താമസിയാതെ അവിടെ നിന്നിറങ്ങി ഓൾഡ് ടൗണിലെ ഇടുങ്ങിയ വഴികളിലൂടെ അലഞ്ഞു നടന്ന് ചില സുവനീറുകൾ വാങ്ങി. ആ ചെറുവീഥികളിലൂടെ നടന്നെത്തുന്നത് ഇംപീരിയൽ പാലസിലോട്ടാണ്‌.

കൊട്ടാരത്തിനു എതിർ വശത്തായാണ്‌ ഓപറാ ഹൗസ്.17 ആം നൂറ്റാണ്ടിൽ പണിതീർത്ത ഈ കെട്ടിടത്തിൽ ഇന്നും ബാലെയും ഓപെറായും നാടകവുമെല്ലാം പതിവായി അരങ്ങേറുന്നു.

ഓപെറാ തിയേറ്റർ
ഓപറാ ഹൗസിനു മുന്നിലൂടെ നടന്ന് ജെസ്യൂട്ട് ചർച്ചിലെത്തി. സിറ്റി ഹാളിൽ നിന്ന് ഈ പള്ളിയുടെ ഗോപുരങ്ങൾ കാണാം.

ജെസ്യൂട്ട് ദേവാലയത്തിലെ താഴികക്കുടം
ജെസ്യൂട്ട് ദേവാലയത്തിൽ നിന്നിറങ്ങിയപ്പോൾ ഇരുട്ടു പരന്നിരുന്നു. അങ്ങു ദൂരെ മലമുകളിൽ മാത്രം പോക്കു വെയിലിന്റെ പൊൻവെളിച്ചം.


പോക്കുവെയിൽ പൊന്നുരുകി...
തണുപ്പ് കടുത്തു വരുന്നു. തിരികെ മടങ്ങാൻ തീരുമാനിച്ചു. കണ്ടതിലധികം കാണാകാഴ്ചകൾ ബാക്കി. ടൈറോളിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ഇനി എപ്പോഴെങ്കിലും അവസരമുണ്ടാകും എന്ന പ്രതീക്ഷയിൽ ഇന്ന്സ്ബ്രുക്കിനോട് വിടപറഞ്ഞു.34 comments:

 1. ഒരു കുഞ്ഞു യാത്രയുടെ വിശേഷങ്ങൾ, ചൂടാറും മുൻപ് :)...
  സസ്നേഹം,
  പഥികൻ

  ReplyDelete
 2. ചൂടാറും മുമ്പ് ഞാനും

  വായിച്ചു കേട്ടോ...

  സന്തോഷം ആയി..എന്തൊരു തിളക്കം

  രത്നങ്ങള്‍ക്കും ഈ വിവരണത്തിനും...

  ReplyDelete
 3. വായിച്ചു.... കൂടുതല്‍ കൂടുതല്‍ കൊതിപ്പിക്കുന്നു യുറോപ്... എനിക്കിനി ഇപ്പൊ അവിടെ പോയെ പറ്റൂ എന്നയല്ലോ ഈശ്വരാ...നല്ല വിവരണം കേട്ടോ...

  ReplyDelete
 4. super description... nall chitrangal... parichayapeduthalukkalkku nandi...

  ReplyDelete
 5. ഇത്രേം തിളക്കമുള്ള കാഴ്ചകൾ കാണിച്ചു തന്നതുകൊണ്ട് കണ്ണ് ഫ്യൂസായിപ്പോയി. കമന്റൊന്നും എഴുതാൻ പറ്റുന്നില്ല.

  നല്ല രസമുണ്ടായിരുന്നു വായിയ്ക്കാനും പടം കാണാനും.

  ReplyDelete
 6. Swarovski Crystal Collections - ഇത് പല സ്ഥലത്തും കണ്ടിട്ടുണ്ടെങ്കിലും ഇത്ര വലിയ സംഭവമാണെന്ന് അറിയില്ലായിരുന്നു. ഇനി ഒരു സ്വകാര്യം പറയാം. ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പടിയെണ്ണിക്കയറുമ്പോള്‍ ഇടയ്ക്കു വച്ച് എണ്ണം നഷ്ടപ്പെടുന്ന തുമ്പിക്കുട്ടിയെയാണ്.. :)

  ReplyDelete
 7. >>വാറ്റെൻസ് പട്ടണത്തെ ആക്രമിക്കാനെത്തിയ ഒരു ഡ്രാഗണിനെ നാക്കുപിഴിതു കൊന്ന് ജനങ്ങളെ രക്ഷിച്ചവനാണത്രേ ഈ വിദ്വാൻ.<<

  ഇങ്ങേര് തന്നെ ആണോ നമ്മുടെ ജയന്‍ ആയി വന്നത്?
  നല്ല വിവരണം.

  ReplyDelete
 8. വായിച്ചു നല്ല വിവരണം

  ReplyDelete
 9. ആശ്ചര്യം തോന്നുന്നൂ...വളരെ നന്ദി സുഹൃത്തേ..!

  ReplyDelete
 10. അത്ഭുതങ്ങള്‍ കാണുന്ന പോലെ പാറ കാലിന്‍ വലിപ്പമുള്ള രത്നം
  വളരെ നല്ല ഒരു വിവരണനം നന്ദി സഹോദരാ

  ReplyDelete
 11. ഭംഗിയുള്ള പടങ്ങളും നല്ല വിവരണവും. സ്ഥലത്തെക്കുറിച്ച് വ്യക്തമായ അറിവ് ലഭിക്കും.

  ReplyDelete
 12. നന്നായ് പറഞ്ഞു.ആശംസകൾ...

  ReplyDelete
 13. സഞ്ചാരം പ്രോഗ്രാം പൂട്ടികാനുള്ള പരിവാടിയാണോ?
  വിവരണം കിടിലന്‍...

  ReplyDelete
 14. പഥികൻ, രത്നങ്ങളുടെ നഗരത്തിലേയ്ക്കുള്ള യാത്രാവിവരണം, രത്നങ്ങൾ പോലെതന്നെ തിളക്കമേറിയത്...ചിത്രങ്ങളും അതി മനോഹരം ... എല്ലാവിധ ആശംസകളും. സ്നേഹപൂർവ്വം നേരുന്നു.

  ReplyDelete
 15. നന്നായിട്ടുണ്ട് ട്ടാ...

  ഫോട്ടോയും വിവരണവും കലക്കി...

  ReplyDelete
 16. ശ്ശോ, ഞാന്‍ എത്തിയപ്പോഴേക്കും ചൂടാറിപ്പോയോ... (ആദ്യത്തെ നാല് ഫോട്ടോസ് കണ്ടാല്‍ ഇവിടുത്തെ പോലെ ഉണ്ട്ട്ടോ !) ഏതായാലും ആ ജുവലറി സെക്ഷനില്‍ നിന്നും പോക്കറ്റ്‌ കാലിയാവാതെ ഇറങ്ങാന്‍ ആയല്ലോ !!! ഭാഗ്യം :))

  ReplyDelete
 17. കൊതിപ്പിക്കുന്ന യാതാവിവരണം,,, ഒപ്പം സഞ്ചരിച്ചതുപോലെ ഒരു തോന്നൽ

  ReplyDelete
 18. അറിയാത്ത സ്ഥലങ്ങള്‍, കാണാത്ത കാഴ്ചകള്‍...ശരിക്കും ഇഷ്ടായി.

  ആലോചിച്ച് നൊക്കൂ..നമ്മുടെ പത്മനാഭക്ഷേത്രത്തിലെ നിലവറ ഒരു മ്യൂസിയമാക്കിയാല്‍ ഇതിനേക്കാള്‍ വലിയ രത്നങ്ങള്‍ ഒരുപക്ഷെ അവിടെ കണ്ടേക്കാം...

  ReplyDelete
 19. സചിത്ര വിവരണം വളരെ നന്നായി.
  ഒന്നു കണ്ട പ്രതീതി.
  ആശംസകൾ

  ReplyDelete
 20. ആദ്യ ചിത്രങ്ങളൊക്കെ ഗംഭീരം,അത് പോലെ തന്നെ വിവരണവും കേട്ടോ...

  ReplyDelete
 21. കൊള്ളാം വിവരണം നന്നായിട്ടുണ്ട് ... രത്നങ്ങളുടെ നഗരത്തിലേക്ക് ഒരു ചെറിയ യാത്ര പോയപോലായി ....ചിത്രങ്ങളും മനോഹരമായിട്ടുണ്ടുട്ടോ....ആലീസിന്ടെ അത്ഭുദലോകത്ത് ചെന്നെത്തിപ്പെട്ട പോലാണ് ഇത് കണ്ടപ്പോള്‍ എനിക്ക് തോന്നണത്‌ ...

  ReplyDelete
 22. കുഞ്ഞുയാത്രയോ?!! ഇതൊരു ഒന്നൊന്നര യാത്രയാണല്ലോ!

  വായിച്ചു. ഒരു അൽഭുതലോകത്തിലൂടെ സഞ്ചരിച്ച പ്രതീതി....

  ReplyDelete
 23. navaratnangalute nagaratthinu nalla thilakkam.
  siasiratthe varavelkkan nilkkunna prakrithiyum minungunnu.ake minnitthilangunnu. nannayi.

  ReplyDelete
 24. വിൻസന്റ്, മഞ്ജു, കലി, എച്മുക്കുട്ടി,ശ്രീജിത്ത്, ദിവാകരേട്ടൻ, പ്രദീപ്, സ്വന്തം സുഹൃത്ത്, വർഷിണി, കൊമ്പൻ,കേരളദാസനുണ്ണി, സങ്കല്പങ്ങൾ, ശിഖണ്ഡി, ഷിബൂ, ഖാദു, ലിപി, മിനി, മുല്ല, കലാവല്ലഭൻ,കൃഷ്ണകുമാർ, കൊച്ചുമോൾ, ബിന്ദു...

  വന്നഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാർക്കും നന്ദി .....

  ReplyDelete
 25. ഇന്ന്സ്ബ്രുക്കിനെ ഒരു പരിചയവുമില്ലായിരുന്നു... വിശദമായി എഴുതിയതിൽ സന്തോഷം... [അത്ര ദൂരെയല്ലാല്ലേ :)]

  ReplyDelete
 26. അസൂയ ജനിപ്പിക്കും യാത്രകൾക്ക് ആശംസകൾ...

  ReplyDelete
 27. പോയിക്കാണുന്നത് പോലെ മനോഹരമാണ് താങ്കളുടെ വിവരണവും ചിത്രങ്ങളും.. യാത്ര തുടരട്ടെ..!!

  ReplyDelete
 28. പഥികന്‍
  അതിമനോഹരമായ ചിത്രങ്ങള്‍ . വിവരണങ്ങളും സൂപ്പര്‍.
  എല്ലാവിധ ആശംസകളും.

  സജീവ്‌

  ReplyDelete
 29. ശ്ശോ അല്പം ചൂടു കുറഞ്ഞിട്ടാണല്ലോ നിക്ക് കിട്ടീത്...ഈ അവധി പറ്റിച്ച പണിയാണേ...ന്നാലും രസിച്ചു നാട്ടാരാ..പ്രകൃതിയൊരുക്കിയ വർണ്ണപ്രപഞ്ചം കണ്ണിനു കുളിരായി...ആല്പ്സിന്റെ മനോഹാരിതയും.. ക്രിസ്റ്റൽ വേൾഡിലെ കാഴ്ചകൾ അമ്പരപ്പുളവാക്കി.. ( ശ്ശോ ന്നാലും അമ്പിളിച്ചേച്ചീ ചേട്ടായിയുടെ കീശ കാലിയാക്കാർന്നു :( ... )

  ReplyDelete
 30. യാത്രാ വിവരണം കണ്ണഞ്ചിപ്പിച്ചു.. ആ ക്രിസ്ട്ടല്‍സിന്റെ കുഞ്ഞ് കുഞ്ഞ് രൂപങ്ങള്‍ വളരെ മനോഹര ചിത്രങ്ങള്‍.. ഒന്ന് ഈ ജാസ്മിക്കുട്ടിക്കു വാങ്ങി കൊടുത്തയച്ചൂടാ
  യിരുന്നോ.. :)

  ReplyDelete
 31. പോസ്റ്റ്‌ വന്നപ്പോള്‍ തന്നെ വായിച്ചിരുന്നു .

  ക്രിസ്റ്റൽ വേൾഡ് കണ്ടിട്ട് സമയമുണ്ടെങ്കിൽ ബാക്കി ഇന്ന്സ്ബ്രുക്ക് കണ്ടാൽ മതി എന്നായി അമ്പിളി.
  അപ്പോള്‍ ഈ പോസ്റ്റ്‌ ടെ അഭിനന്ദനം മുഴുവന്‍ അമ്പിളി ക്ക് ഇരിക്കട്ടെ ...ക്രിസ്റ്റൽ വേൾഡ് കണ്ടത് തന്നെ ഒരു സന്തോഷം അല്ലേ അവിടെ നിന്നും ഒന്നും വാങ്ങാന്‍ ഇല്ല എങ്കിലും വെറുതെ ഒന്ന് കാണാന്‍ സാധിച്ചത് തന്നെ വലിയ കാര്യം അല്ലേ ..

  ReplyDelete
 32. അസ്സലായിരിക്കുന്നു.. ശരിക്കും കൊതിപ്പിക്കുന്ന യാത്രാ വിവരണം.. ഫോറ്റൊസുകളൊക്കെ കരള്ളില്‍ കൊരുത്തു പോയി..
  നന്ദി സഞ്ചാരീ,, ഒരുപാട് നന്ദി..

  ReplyDelete
 33. ഈ കൊതിപ്പിക്കുന്ന സ്ഥലം ഒര്രിക്കൽ സന്ദർശിക്കണമെന്ന പൂതി ഇപ്പോൾ മനസ്സിൽ വളർന്നൂ....
  വളരെ മനോഹരമായ ഈ സഞ്ചാരലേഖനം യാത്രാകോമീല് പുന:പ്രസിദ്ധീകരിക്കണം കേട്ടൊ പഥികാ

  ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...