പഥികന്റെ കാൽപാട്Thursday, September 8, 2011

ബൊഹീമ്യൻ ഗ്രാമങ്ങളിൽ (ചെക് യാത്ര - രണ്ടാം ഭാഗം)

ചെക് യാത്രയുടെ ഒന്നാം ഭാഗം - പ്രാഗിലേക്ക് (ചെക്ക് യാത്ര - ഒന്നാം ഭാഗം)
ഇവിടെ
~~~~~~~~~~~~~~~~~~~~~~~~~~~~~~~

പ്രാഗിൽ 2 ദിവസം ചിലവിടണം എന്നാണ്‌ ഉദ്ദേശിച്ചത്. TV ടവറും ജൂതത്തെരുവുമൊഴികെ മിക്ക പ്രധാന സ്ഥലങ്ങളും ആദ്യദിവസം തന്നെ കണ്ട സ്ഥിതിക്ക് സിറ്റിയിൽ ചുറ്റിത്തിരിയാതെ ചെക്ക് നാട്ടിൻപുറങ്ങൾ കണ്ടുവരാം എന്നു തീരുമാനിച്ചു.രാവിലെ ഭക്ഷണം കഴിഞ്ഞു തിരിച്ചത് ബൊഹീമിയയുടെ (പ്രാഗ് ഉൾപ്പെടുന്ന ചെക് പ്രവിശ്യയാണ്‌ ആധുനിക ബൊഹീമിയ) പടിഞ്ഞാറു ഭാഗത്തായി കിടക്കുന്ന പിൽസനിലേക്കാണ് .

പ്രസിദ്ധമായ Crawling baby TV Tower (Courtesy http://www.travelpod.co.uk)

പിൽസൻ (Plzeň) എന്ന ചെക്ക് നഗരം അത്ര പ്രസിദ്ധമൊന്നുമല്ലെങ്കിലും ആ വാക്ക് വിശ്വപ്രസിദ്ധമാണ്‌. പിൽസ്, പിൽസ്നർ എന്നൊക്കെ പരക്കെ അറിയപ്പെടുന്ന ബിയറിന്റെ പേരിൽ. ആധുനിക ബിയർ നിർമ്മിക്കുന്ന Bottom Fermenting രീതി വികസിപ്പിച്ചെടുത്തത് പിൽസനിലാണ്‌, 1842 ഇൽ. അന്നുമുതൽ അത്തരം ബിയർ പിൽസ് എന്നാണ്‌ അറിയപ്പെടുന്നത്. അതു മാത്രമല്ല, ബഡ് വൈസർ എന്ന ബ്രാൻഡും ഒരു ചെക്ക് നഗരത്തിൽ (Budweis) നിന്നും വന്നതാണ്‌.

പ്രാഗ്-മ്യൂണിക് എക്സ്പ്രെസ്സ് ഹൈവേയിൽ നിന്നും അധികദൂരമില്ല പിൽസനിലേക്ക്. താഴ്ന്ന നിരപ്പിൽ കിടക്കുന്നതിനാൽ ഹൈവേയിൽ നിന്നു തിരിയുമ്പോഴേ പട്ടണത്തിന്റെ ഒരേകദേശരൂപം കാണാം. ചെക്കിലെ ഏറ്റവും ഉയരം കൂടിയ പള്ളിയായ സെന്റ് ബാർതലോമ്യോസ് ചർച്ച് ആണ്‌ ലക്ഷ്യം വച്ചത്. പള്ളിയുടെ ഗോപുരം വളരെ ദൂരത്തു നിന്നു തന്നെ ദൃശ്യമാണ്‌.പക്ഷേ കാറിലെ ജർമ്മൻ നാവിഗേഷന്‌ പിൽസനിലെ ഊട് വഴികൾ പരിചയമില്ലായിരുന്നതിനാൽ അല്പം ചുറ്റിക്കറങ്ങേണ്ടി വന്നു.

സെന്റ് ബാർതലോമ്യ കത്തീഡ്രൽ..പച്ച നിറത്തിൽ കാണുന്നതാണ്‌ സ്റ്റേജ്

വളരെ നല്ല സമയത്താണ്‌ അവിടെയെത്തിയത്. ഒരു ബൊഹീമ്യൻ ഫോക് ഫെസ്റ്റിവൽ നടക്കുകയായിരുന്നു പള്ളിയുടെ മുറ്റത്ത്. സ്റ്റേജിൽ നമ്മുടെ ചവിട്ടുനാടകം പോലെ ഒരു കലാരൂപം. ഏതോ ബൈബിൾ കഥയാണെന്ന് നടന്മാരുടെ വേഷവിധാനത്തിൽ നിന്നും മനസ്സിലാകും.നിറയെ തമാശ കലർത്തിയാണ്‌ അവതരണം.കണ്ടുനില്ക്കുന്ന ജനക്കൂട്ടം പൊട്ടിപ്പൊട്ടിച്ചിരിക്കുന്നുണ്ട്.ചെക്ക് ഭാഷ അറിയാമായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആശിച്ചു പോയി.

ബൊഹിമ്യൻ ചവിട്ടുനാടകം
മറ്റൊരു നൃത്തരൂപം


അല്പനേരം അതു നോക്കി നിന്നിട്ട്, പള്ളിക്കകത്തേക്ക് നടന്നു.പുറമേയുള്ള രൂപഭംഗി അല്ലാതെ വേറെ പ്രത്യേകതയൊന്നും പള്ളിക്കു തോന്നിയില്ല.തേയ്ക്കാത്ത ചെങ്കല്ലു കൊണ്ടാണ്‌ പള്ളിയുടെ നിർമാണം.മുകളിലെ ഗോപുരത്തിലോട്ടുള്ള കോണിപ്പടികൾ അടച്ചിരുന്നു.പള്ളിയുടെ വലിപ്പം വച്ചു നോക്കുമ്പോൾ പ്രാർത്ഥനാമുറി തീരെ ചെറുതാണ്‌.


പള്ളിയുടെ ഉൾവശം
ഫോക് ഫെസ്റ്റിവലിനോടനുബന്ധിച്ച് നിറയെ ചെറിയ ചെറിയ സ്റ്റാളുകളുണ്ട് പള്ളിക്കു ചുറ്റും.നാട്ടിൻപുറങ്ങളിൽ നിന്നും കൊണ്ടുവന്നിരിക്കുന്ന കരകൗശലവസ്തുക്കളും ഭക്ഷണപാനീയങ്ങളുമാണ്‌ പ്രധാനവില്പന.

ഉൽസവപ്പറമ്പ്

Trdlo വില്ക്കുന്ന 2-3 സ്റ്റാളുകൾ ഉണ്ടവിടെ. കാസിലിനടുത്തു കണ്ടതിൽ നിന്നും വിപുലമാണ്‌ ഇവിടത്തെ Set up.

വീണ്ടും Trdlo (ഒരു ചെക് മധുരപലഹാരം)


അവിടെ കണ്ട ഒരു നെയ്തുകാരൻ കൗതുകമായി. അനുവാദം വാങ്ങി ഒരു ചിത്രമെടുത്തു.

ചെകിലെ നെയ്തുകാരൻ

ബൊഹീമ്യൻ ആയുധശാല ;)

ഉൽസവപ്പറമ്പിലെ സോപ്പ് ചീപ്പ് കണ്ണാടിക്കടകൾ കണ്ടപ്പോൾ അമ്പിളിക്കു ഷോപ്പിങ്ങിന്റെ ആവേശം കയറി. ചെത്തിമിനുക്കിയ കരിങ്കല്ലും മരത്തടിയും കൊണ്ടുള്ള വിചിത്രമായ ചില “ആടയാഭരണങ്ങൾ” അമ്പിളി തിരഞ്ഞെടുത്തു.ഒരു ജിറാഫിന്റെ രൂപത്തിലുള്ള ജിഗ്സോ പസിലും ചെക് കർഷകവേഷത്തിലുള്ള ഒരു പെൺകുട്ടിയുടെ പാവയുമണ്‌ തുമ്പിമോൾ പെറുക്കിയെടുത്തത്.അവളതിനു പിങ്കി എന്നു പേരുമിട്ടു.പിങ്കിയെ എനിക്കും നന്നായി ഇഷ്ടപ്പെട്ടു. നല്ല ശില്പസൗന്ദര്യമുള്ള പാവ. ജർമ്മനിയിൽ ഇത്തരമൊന്നിന്‌ പത്തിരട്ടി വില കൊടുക്കണം.

കുഞ്ഞു കർഷക

പള്ളിക്കു ചുറ്റും ഒരു റൌണ്ട് നടന്നു ഞങ്ങൾ സ്റ്റേജിന്റെ പിന്നിലെത്തി.അവിടെ അടുത്ത പരിപാടിക്കു കയറാനായി പരമ്പരാഗത ബൊഹിമ്യൻ വേഷം ധരിച്ച കുറെ പെൺകുട്ടികൾ. ഒരു ഫോട്ടോക്ക് പോസ് ചെയ്യാമോ എന്നു ചോദിച്ചപ്പോൾ സന്തോഷത്തോടെ സമ്മതിച്ചു.ഞങ്ങൾ ഇൻഡ്യയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അവർ ഒരു കൂട്ടുകാരിയെ വിളിച്ചു പരിചയപ്പെടുത്തി തന്നു. ഇൻഡ്യ കാണണം എന്ന് കാലങ്ങളായി ആഗ്രഹിക്കുന്നവളായിരുന്നു ഈ കൂട്ടുകാരി.ഇൻഡ്യയെക്കുറിച്ചും ഇവിടത്തെ നഗരങ്ങളെക്കുറിച്ചുമൊക്കെ അവൾക്കു നന്നായി അറിയാം.

ബൊഹീമ്യൻ പെൺകൊടികൾ

ചെക് സുന്ദരിമാരോട് റ്റാറ്റ പറഞ്ഞ് നടന്നത് ഗ്രേറ്റ് സിനഗോഗിലേക്കാണ്‌. ലോകത്തിലെ മൂന്നാമത്തെ വലിയ ജൂതപ്പള്ളിയാണത്രേ പിൽസനിലെ ഗ്രേറ്റ് സിനഗോഗ്.ജറുസലേമിലെയും ആംസ്റ്റർഡാമിലെയും സിനഗോഗുകൾ മാത്രമാണ്‌ ഇതിലും വലുതായിട്ട് ഉള്ളത്. സാധാരണ യൂറോപ്യൻ ശില്പരീതിയിൽ നിന്നും വളരെ വ്യത്യസ്ഥമായാണ്‌ ഗ്രേറ്റ് സിനഗോഗിന്റെ രൂപകല്പന.മകുടങ്ങൾ നിർമ്മിച്ചിരിക്കുന്നത് റഷ്യൻ വാസ്തുശാസ്ത്രപ്രകാരമാണ്‌. ഇതിന്റെ അൾത്താരക്ക് ( Aron kodesh) ഹൈന്ദവക്ഷേത്രങ്ങളുമായി സാമ്യമുണ്ട്.

Great Synagogue - ജൂതപ്പള്ളി

അകത്തു കയറാനുള്ള ടിക്കറ്റെടുക്കാൻ ചെന്നപ്പോൾ ടിക്കറ്റിനൊപ്പം പള്ളിയുടെ ചരിത്രമടങ്ങിയ ഒരു ലഘുലേഖയും ഒരു കുഞ്ഞു പേപ്പർ തൊപ്പിയും തന്നു.തല മറച്ചു വേണം അകത്തു പ്രവേശിക്കാൻ. രണ്ടാം ലോകമഹായുദ്ധത്തിനു മുൻപ് ധാരാളം ജൂതമതവിശ്വാസികൾ ഉണ്ടായിരുന്നു ചെക് റിപബ്ലിക്കിൽ.ഹിറ്റ്ലറുടെ ചെക്ക് അധിനിവേശത്തോടെ ഇവരിൽ ബഹുഭൂരിപക്ഷവും നാടുകടത്തപ്പെടുകയോ കോൺസന്റ്രേഷൻ ക്യാമ്പുകളിൽ വച്ചു കൊല്ലപെടുകയോ ചെയ്തു.യുദ്ധകാലത്ത് ഒരു ഗോഡൗൺ ആയി ഉപയോഗിച്ചിരുന്നതിനാൽ സിനഗോഗ് നാസികൾ തകർത്തില്ല.യുദ്ധാനന്തരം സിനഗോഗ് വീണ്ടും തുറന്നെങ്കിലും അവശേഷിച്ച ജൂതരുടെ എണ്ണക്കുറവു കാരണം പ്രാർഥനാപരിപാടികൾ അധികകാലം കൊണ്ടുപോകാൻ കഴിഞ്ഞില്ല..1973 ലായിരുന്നു ഇവിടത്തെ അവസാന സർവീസ്.ഇപ്പോൾ ഇതൊരു സ്മാരകം മാത്രം.


കൊച്ചിയിലെ ജൂതപ്പള്ളിയിൽ ചെറുപ്പത്തിൽ പോയിട്ടുള്ളതില്പിന്നെ ആദ്യമായാണ്‌ ഒരു സിനഗോഗിൽ വരുന്നത്. ഞങ്ങളൊഴികെ വേറെ ആരും ആ വിശാലമായ സിനഗോഗിൽ ഉണ്ടായിരുന്നില്ല. മൂകവും ഏകാന്തവുമായി കാണപ്പെട്ട അവിടം വളരെ ഭക്തിസാന്ദ്രമായി തോന്നി.ഒപ്പം അവാച്യമായ
ഒരു ദുരൂഹത ചുറ്റും പരക്കുന്നതായും. ഒറ്റപ്പെട്ട തൂണുകളും തൂക്കുവിളക്കുകളും കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോയ പ്രൗഢിയുടെ ഓർമ്മകൾ അയവിറക്കുന്ന പോലെ.

ഇരുൾമൂടുമെന്റെ ഇടനാഴിയിൽ


അധികം താമസിയാതെ സിനഗോഗിൽ നിന്നിറങ്ങി..പിൽസ്നർ ഉർഖ്വെൽ എന്ന പ്രശസ്ത ചെക്ക് ബിയറിന്റെ ബ്രൂവറി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സമയക്കുറവു തടസ്സമായി.പിൽസനിലെ ഫ്യൂച്ചിക്കിന്റെ വീടുകണ്ടുപിടിക്കനുള്ള ശ്രമവും ഫലം കണ്ടില്ല.

പിൽസ്നർ ഉർഖ്വെൽ

കിട്ടിയ അല്പ സമയം കൊണ്ട് പിൽസനു ചുറ്റുമുള്ള ചില ചെറിയ ഗ്രാമങ്ങളും കൃഷിയിടങ്ങളുമെല്ലാം ചുറ്റിക്കറങ്ങി. വിശാലമായ ഒരു പാടത്തിനരികയുള്ള വിജനമായ ഒരൊറ്റയടിപ്പാതയുടെ അരികെ വിശ്രമിക്കാൻ അൽപസ്ഥലം കണ്ടെത്തി. അല്പം മൂടിനില്ക്കുന്ന ആകാശവും അസ്തമയസൂര്യനും ഗ്രാമാന്തരീക്ഷവും ദിവസം മുഴുവൻ അവിടെ കഴിച്ചു കൂട്ടാൻ പ്രേരിപ്പിച്ചു..പക്ഷേ നില്ക്കാൻ സമയമില്ലല്ലോ ? ജീവിതത്തിലെന്നപോലെ യാത്രകളും അജ്ഞാതമായ ഏതോ ലക്ഷ്യം തേടിയുള്ള പരക്കം പാച്ചിലല്ലേ ?

ചെക് വയലേല
But Miles to go before I sleep and Miles to go before I sleep


ഏതാണ്ട് 7 മണിയോടെ ജർമ്മൻ അതിർത്തി കടന്നു. ജർമ്മൻ അതിർത്തി സൂചിപ്പിക്കുന്ന ബോർഡിനു അടുത്തായി തന്നെ അല്പം ധിക്കാരത്തോടെ എന്നമട്ടിലുള്ള മറ്റൊരു സൈൻ ബോർഡ് കാണാം. "End of all road restrictions" എന്ന്. വേഗതാ നിയന്ത്രണമില്ലാത്ത ജർമ്മൻ ഓട്ടോബാനിൽ കടക്കുന്ന യാത്രക്കാരെ വരവേല്ക്കുന്നതിതാണ്‌. അതു വരെ ഒപ്പത്തിനൊപ്പം മര്യാദരാമന്മാരായി വന്നിരുന്ന പോർഷെകളും ലാംബോർഗിനികളും ശരം വിട്ടതു പോലെ മറികടന്ന് മറയുന്നു.

End of all road restrictions

ആക്സിലറേറ്ററിൽ കാലമർത്തി. അല്പം അമാന്തത്തോടെ ആണെങ്കിലും സ്പീഡോ 200 ലേക്ക്...ചെക് നാടിനോട് വിട ....ഫ്യൂച്ചികിനോടും...

19 comments:

 1. സ്പീഡൊ 200 ലേക്ക്‌ !!!!!

  ഇപ്പൊ മോനെ വിളിച്ചു കൊണ്ടു വന്നപ്പോള്‍ അവന്‍ എനിക്കു പറഞ്ഞു തരുന്നു അച്ഛാ ഈ വണ്ടി നാല്‍പതിനു മേലെയും പോകും
  ന്ന്‌
  :)

  ReplyDelete
 2. നല്ല വിവരണങ്ങൾ...

  ReplyDelete
 3. നന്നായി. ബൊഹീമിയന്‍ പെണ്‍കൊടികളുടെ വേഷേ വളരെ ഇഷ്ടമായി. നല്ല നിറപ്പകിട്ട്.......സസ്നേഹം

  ReplyDelete
 4. കൊള്ളാം,നല്ല വിവരണം. ആദ്യമായാണ് ഇവിടെ. പിങ്കിയെ എനിക്കും “ക്ഷ”പിടിച്ചൂട്ടോ

  ReplyDelete
 5. അങ്ങനെ ചെക്ക് യാത്രയും അനുഭവവേദ്യമായി... ചെക്ക് വയലേല മനോഹരം... നമ്മുടെ നാട്ടിൻപുറത്തെ പാടങ്ങൾക്ക് നടുവിലൂടെയുള്ള പാതകൾ പോലെ... ഇനി അടുത്ത യാത്ര എങ്ങോട്ടാണ്?

  ReplyDelete
 6. അങ്ങനെ ‘ചെക്ക്’യാത്രയും തരമായി...
  ഓണാശംസകൾ...

  ReplyDelete
 7. ആദ്യഭാഗം വായിച്ചിട്ടില്ല പഥികാ, എന്നാലും ഈ രണ്ടാം ഭാഗം തന്നെ കൊതിപ്പിക്കുന്നു, പിങ്കിയും ചെക്ക് സുന്ദരികളും ചവിട്ടു നാടകവുമൊക്കെ ഏതോ മായിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നല്ലോ...

  ReplyDelete
 8. നല്ല വിവരണം . തുടരുക

  ReplyDelete
 9. ഒരു യാത്ര ചെയ്തപോലെ.....തുടരുക...എല്ലാ ഭാവുകങ്ങളും....

  ReplyDelete
 10. ആകെ കണ്ടിട്ടുള്ളത് കൊച്ചിയിലെ ജൂതപള്ളി ആണ് .........ഇപ്പോള്‍ സിനഗോഗില്‍ എത്തിയ പോലുണ്ട് ...........നല്ല യാത്രാ വിവരണം ......

  ReplyDelete
 11. നല്ല വിവരണം..പോയി വന്നത് പോലെ...
  നന്ദി..പിങ്കി സുന്ദരി തന്നെ...

  ഇന്ത്യ ഹെറിറ്റേജ്..കുട്ടികളോട് കളി
  വേണ്ട അവര്‍ നമ്മെക്കാള്‍ വലിയവര്‍
  ആണ്...(ചിരിച്ചു പോയി)...

  ReplyDelete
 12. കൊച്ചിയിലെ ജൂതപ്പള്ളി കണ്ടിട്ടുണ്ട്.
  വിവരണം വളരെ സുന്ദരമയിരുന്നു. ഫോട്ടോകളും നന്ന്. പിങ്കി ആരേയും മോഹിപ്പിയ്ക്കും.
  ഷെർലക് ഹോംസാണ് ആദ്യം ബൊഹീമിയൻ സ്കാൻഡലിലൂടെ ബൊഹീമിയ എന്ന വാക്ക് പരിചയപ്പെടുത്തിയത്, പണ്ട് കുട്ടിക്കാലത്തൊരിയ്ക്കൽ.......
  നന്ദി ഈ നല്ല കുറിപ്പിന്. ഇനിയും വരാം.

  ReplyDelete

 13. ഈ വീഴ്ച്ചയ്ക്കു ശേഷം
  ഞാന്‍ വളരെ മര്യാദക്കാരനാണ്‌

  നല്ല ഹൈവേ അല്ലെങ്കില്‍ എന്റെ വണ്ടിയുടെ സൂചി നാല്‍പതില്‍ ഒട്ടിച്ചു വച്ചതു പോലെ ആയിരിക്കും . പിള്ളേര്‍ക്ക്‌ അതുകാണുന്നതേ അരിശം.
  മൂത്തവനാണെങ്കില്‍ എന്റെ കയ്യില്‍ വണ്ടി കിട്ടുകയില്ല, അല്ല അവന്‍ ഓടികുന്നതാ എനിക്കും ഒരു ധൈര്യം.
  ഇളയവന്‍ അത്ര ആയില്ല.

  ReplyDelete
 14. അലി- വരവിനും വായനക്കും ഏറെ നന്ദി

  യാത്രികാ - ബൊഹീമ്യൻ പെൺകൊടികൾ വളരെ ആകർഷകമാണ്‌. വേഷത്തിലും രൂപത്തിലും :)

  ബിന്ദൂ - ആദ്യവരവിനും കമെന്റിനും നന്ദി. ഇപ്പോൾ യാത്രാവിവരണം ഒന്നും കാണാനില്ലല്ലോ ?

  അരുൺ - നന്ദി.

  വിനുവേട്ടാ - സ്ഥിരവായനക്കു ഒരായിരം നന്ദി. അടുത്ത യാത്ര എഴുതിക്കൊണ്ടിരിക്കുന്നു..2-3 മാസം ലാഗ് ഉണ്ട് :)

  വീ.കെ..വരവിനും അഭിപ്രായത്തിനും നന്ദി..

  കുഞ്ഞൂസ്...ആശുപത്രിയിൽ നിന്നു തിരികെവന്നെന്നും സൗഖ്യമാണെന്നും വിചാരിക്കട്ടെ...വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം.

  സജീവ് - വരവിനും അഭിപ്രായത്തിനും ഏറെ നന്ദി.

  ചന്തുചേട്ടാ..നല്ല വാക്കുകൾക്ക് ഏറെ നന്ദി..

  കൊച്ചുമോൾ ... വായനക്കും അഭിപ്രായത്തിനും നന്ദി..

  എന്റെ ലോകം... വളരെ നന്ദി...പിങ്കി വീട്ടിലിരുന്ന് ചിരിക്കുന്നു :)

  എച്മുക്കുട്ടീ - ഷെർലക് ഹോംസ് വായിച്ചിട്ടുണ്ടെങ്കിലും ബൊഹീമ്യൻ സ്കാൻഡൽ മനസ്സിലില്ല. ബോഹിമിയ എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടി വരുന്നത് എസ്.കെ.പൊറ്റക്കാടിന്റെ ബൊഹീമ്യൻ ചിത്രങ്ങൾ തന്നെ. വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം.

  ഇൻഡ്യാ ഹെറിറ്റേജ് ചേട്ടാ .. ജർമ്മനിയിലെ ഹൈവേകളിലെ മിനിമൻ സ്പീഡ് 60 ആണ്‌. മുംബൈ-പൂനെ ഹൈവേയിൽ മിനിമം 80 ആണെന്ന്നും കേട്ടിട്ടുണ്ട്. പക്ഷേ വേഗമെത്തുന്നതിലല്ല സേഫ് ആയി എത്തുന്നതിൽ തന്നെ ആണ്‌ കാര്യം...

  ReplyDelete
 15. ഈ യാത്രയിലും കൂടെ കൂടി ട്ടോ .പിന്നെ
  Bohemian crystal ഉണ്ടാക്കുന്നത് ഒന്നും കണ്ടില്ലേ ?അതൊക്കെ അവിടെ തന്നെ അല്ലെ?ഇനി അടുത്ത യാത്ര എവിടേക്ക് ആണ് ?

  ജീവിതത്തിലെന്നപോലെ യാത്രകളും അജ്ഞാതമായ ഏതോ ലക്ഷ്യം തേടിയുള്ള പരക്കം പാച്ചിലല്ലേ ..തീര്‍ച്ചയായും ഞാനും ‍ അത് സമ്മതിക്കുന്നു .

  ReplyDelete
 16. സിയാ.. നല്ല നിർദ്ദേശത്തിനു നന്ദി. ബൊഹീമ്യൻ ക്രിസ്റ്റലുകളെക്കുറിച്ചു പറയാതെ ഒരിക്കലും ചെക് യാത്ര പൂർണ്ണമാകില്ല. ക്രിസ്റ്റൽ ഉണ്ടാക്കുന്നതു കാണാൻ പറ്റിയില്ലെങ്കിലും അവിടെ നിന്നും സുവനീർ ആയി വാങ്ങിയത് ഒരു ബൊഹീമ്യൻ ക്രിസ്റ്റൽ ഗ്ലാസ് ആണ്‌. ഞൻ ബ്ലോഗ് update ചെയ്തിട്ടുണ്ട്. നന്ദി

  @ പ്രാഗിലേക്ക് (ചെക്ക് യാത്ര - ഒന്നാം ഭാഗം)
  http://kaalpad.blogspot.com/2011/08/blog-post_29.html

  ReplyDelete
 17. നല്ല വിവരണങ്ങൾ..

  ReplyDelete
 18. ശരിക്കും കൊതിപ്പിച്ചു കളഞ്ഞു ഈ യാത്രാവിവരണം,എനിക്കും ഒന്ന് പോകണം എന്ന് ആഗ്രഹം തോന്നിയിട്ടുള്ള സ്ഥലങ്ങള്‍ ആണ് ഇതൊക്കെ..

  ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...