പഥികന്റെ കാൽപാട്Tuesday, December 6, 2011

ഇറ്റലിയിലേക്ക്...

സമയം രാത്രി 8.50. 9 മണിക്കാണ്‌ മ്യൂണിക്കിൽ നിന്നും ഇറ്റലിയിലെ ഫ്ലോറെൻസിലോട്ടുള്ള ഡോയിച്ചെ ബാനിന്റെ സിറ്റി നൈറ്റ് ലൈൻ (CNL) ട്രെയിൻ. പ്ലാറ്റ്ഫോമിൽ വട്ടത്തിൽ കൂടിനിന്ന് തുമ്പിക്കുട്ടിയുടെ കൂടെ റിംഗാ-റിംഗാ-റോസെസ് കളിക്കുകയായിരുന്നു ഞങ്ങൾ . ഇൻഡ്യയിലാണെങ്കിൽ വട്ടാണെന്നു പറഞ്ഞ് ആൾക്കാർ കളിയാക്കും. ഇവിടെ ആരും മൈൻഡ് ചെയ്യില്ല.അപ്പോഴാണ്‌ ഒരു ജർമ്മൻകാരി ഇടിച്ചു കേറിവന്നൊരു ചോദ്യം ചോദിച്ചത്.

verstehen Sie Deutsch ? (ജർമ്മൻ മനസിലാകുമോ ?)

തൊട്ടടുത്തു നിന്നു കറങ്ങുന്ന അമ്പിളിയെ ചൂണ്ടിക്കാണിച്ച് ഞാൻ പറഞ്ഞു. ഇവൾ നിരക്ഷരകുക്ഷിയാണെങ്കിലും, ഞാൻ അത്യാവശ്യം ജർമ്മൻ പണ്ഡിതനാണ്‌. കേട്ടപാടെ അവൾ എന്നെ അടിമുടി ഒന്നു സൂക്ഷിച്ചു നോക്കി. എന്നിട്ടു പറഞ്ഞു. “അനൗൺസ് ചെയ്തത് ഒന്നും മനസ്സിലായില്ലേ ? ഫ്ലോറൻസിലേക്കുള്ള ട്രെയിൻ ക്യാൻസൽ ചെയ്തെന്നാ ഇപ്പോൾ വിളിച്ചു പറഞ്ഞത്”

“എപ്പ ?” മനസ്സിലൊരു ഡാം പൊട്ടി. “എന്താ കാരണം ?”

“അതൊന്നും പറഞ്ഞിട്ടില്ല. ക്യാൻസൽ ചെയ്തു എന്നു മാത്രമേ അനൌൺസ്മെന്റിൽ പറഞ്ഞുള്ളൂ. ഇൻഫൊർമേഷൻ സെന്ററിൽ പോയി ചോദിക്കണം” അതു പറഞ്ഞിട്ട് അവൾ നടന്നു നീങ്ങി. ഞങ്ങൾ തൊട്ടു പുറകെയും. ഇൻഫൊർമേഷൻ സെന്ററിൽ നിന്ന് എന്തെങ്കിലും ജർമ്മനിൽ പറഞ്ഞാൽ മനസ്സിലാക്കണമല്ലോ.

ഇൻഫൊർമേഷൻ സെന്ററിൽ വലിയൊരു ജനക്കൂട്ടം. ഏതാണ്ട് ദുരിതാശ്വാസക്യാമ്പിന്റെ ഒരു പ്രതീതി. അൽപസ്വല്പം അസ്വസ്ഥരാകാൻ തുടങ്ങിയ ജനങ്ങളെ സമാധാനിപ്പിക്കാൻ DB (ഡോയിച്ചെ ബാൻ)കാർ കോഫിയും മിനറൽ വാട്ടറുമൊക്കെ വിതരണം ചെയ്യുന്നുണ്ട്. കോഫിയുമായി ഞങ്ങളുടെ അടുത്ത വന്ന DBകാരനോട് കാര്യം തിരക്കി.അവനും എന്താ സംഭവം എന്നു വലിയ ഐഡിയ ഒന്നുമില്ല. വിഷമിക്കണ്ട വേറേ ട്രെയിൻ ഇടുമായിരിക്കും എന്ന് മാത്രം പറഞ്ഞ് സമാധാനിപ്പിച്ചു.


ഏതായാലും പ്ലാൻ മൊത്തം കുളമായിക്കിട്ടി.വളരെ റ്റൈറ്റ് ആയാണ്‌ ഇറ്റലി യാത്ര ഷെഡ്യൂൾ ചെയ്തിരുന്നത്. 4 ദിവസം കൊണ്ട് പിസയും ഫ്ലോറൻസും റോമും വത്തിക്കാനും കാണാനായിരുന്നു ആദ്യപ്ലാൻ.അതിനിടയിലാണ്‌ മണ്ണടിഞ്ഞു പോയ പോംപൈ എന്ന ചരിത്രനഗരത്തെ കാണാനുള്ള ആവേശം മൂത്ത് അതും കൂടി പ്ലാനിൽ    കുത്തിക്കയറ്റിയത്. അതിന്റെ പുറമേ ഒരു ട്രെയിൻ ഡിലേ കൂടെ താങ്ങാൻ എന്തായാലും നിവർത്തിയില്ല.

ഇറ്റലി

ഈ കോലാഹലം ആകെ ആസ്വദിച്ചത് തുമ്പിക്കുട്ടിയാണ്‌. അവൾക്കു ഏറ്റവും സങ്കടമുള്ള കാര്യം രാത്രി ഉറങ്ങുന്നതാണ്‌. അയ്യോ... രാത്രി ആകാറായോ എന്ന ചോദ്യവുമായാണ്‌ രാവിലെ എണീറ്റ് വരുന്നതു തന്നെ. ദിവസം മുഴുവൻ പറമ്പു കിളക്കുന്നതിനെക്കാൾ ആയാസകരമായ ജോലിയാണ്‌ അവളെ ഒന്നുറക്കിയെടുക്കാൻ. ഇവിടെ ഉറങ്ങാൻ യാതൊരു സാധ്യതയും ഇല്ലാത്തതു കൊണ്ട് അവൾ ആ വലിയ ക്യൂവിനു ചുറ്റും ഹാപ്പിയായി ചാടിത്തുള്ളി നടന്നു.

ഏതാണ്ട് 3 മണിക്കൂർ ക്യൂ നിന്ന് കൗണ്ടറിലെത്തിയപ്പോൾ കാര്യങ്ങളുടെ ഏകദേശരൂപം പിടികിട്ടി. ജർമ്മനിക്കും ഓസ്ട്രിയക്കുമിടയിലെ ഇലക്ട്രിക് ലൈൻ കനത്ത മഴയിലും ഇടിമിന്നലിലും താറുമാറായത്രെ. അതു ശരിയായാലേ ഏതു ട്രെയിനിനും പോകാൻ കഴിയൂ. ഇവിടെ നിന്നും ഇറ്റലിക്കു ആദ്യം പോകുന്നത് ഞങ്ങളുടെ ട്രെയിൻ തന്നെ ആയിരിക്കും എന്നവർ ഉറപ്പുതന്നു. എന്തെങ്കിലും കാരണവശാൽ യാത്ര മുടങ്ങിയാൽ ഇറ്റലിയിലെ ലോക്കൽ ടിക്കറ്റുകൾ അടക്കം എല്ലാത്തിന്റെയും പണം മടക്കിത്തരാം എന്നും പറഞ്ഞ് ടിക്കറ്റുകളിൽ സീൽ അടിച്ചു തരികയും ചെയ്തു.


കൂടുതൽ നിന്ന് സമയം പാഴാക്കുന്നതിൽ അർത്ഥമില്ലാത്തതു കൊണ്ട് ട്രെയിനിനടുത്തേക്കു തിരിച്ചു .ബെർത്തിൽ 2 പെൺകുട്ടികൾ നേരത്തേ സ്ഥാനം പിടിച്ചിട്ടുണ്ട്. ഉറുഗ്വേയിൽ നിന്നും വന്ന ടൂറിസ്റ്റുകൾ. തുമ്പിക്കുട്ടി ബെർത്തിൽ കയറിയപ്പോഴേ കണ്ണിറുക്കിക്കാണിച്ച് അവരെ കയ്യിലെടുത്തിരുന്നു. ആ പരിചയതിന്റെ പേരിൽ സംസാരം തുടങ്ങി. രണ്ടുപേർക്കും ഇംഗ്ലീഷ് കഷ്ടി പിഷ്ടിയാണ്‌.കയ്യും കലാശവുമായാണ്‌ വർത്തമാനം. എനിക്ക് ഉറുഗ്വേയെപ്പറ്റി ആകെ അറിയാവുന്നത്  അവർ “കോപ്പ” അമേരിക്ക ചാമ്പ്യന്മാരണെന്നും അതിസുന്ദരിമാരുടെ നാടെന്നും മാത്രം. ആദ്യത്തെ കാര്യം ആഗ്യഭാഷയിൽ പറഞ്ഞൊപ്പിച്ചു. (എങ്ങനെയാണെന്ന് ഊഹിച്ചു നോക്കിക്കോളൂ). ഭാര്യ അടുത്തിരിക്കുന്നതു കൊണ്ട് രണ്ടാമത്തെ കാര്യം ആംഗ്യഭാഷയിൽ പറയാൻ തുനിഞ്ഞില്ല. അർദ്ധരാത്രി കഴിഞ്ഞ സമയം. വല്ലതും തെറ്റിദ്ധരിച്ചാലോ ?


അവസാനം ട്രെയിൻ വിട്ടു. ഉച്ചക്കു മുൻപ് ഫ്ലോറൻസിൽ എത്തിയാൽ പ്ലാൻ ചെയ്ത പോലെ ഫ്ലോറൻസും പിസയും കാണാൻ പോകാം എന്നും അല്ലെങ്കിൽ പരിപാടി ക്യാൻസൽ ചെയ്ത് നേരെ നേപിൾസിനു വിടാം (നേപിൾസിനടുത്താണ് പോംപൈ ) എന്നും പ്ലാൻ ചെയ്ത് കിടന്നുറങ്ങി.
ഏതാണ്ട് മൂന്നര മണിക്കൂർ വൈകി രാവിലെ പത്തു മണിയോടെ ട്രെയിൻ ഇറ്റാലിയനിൽ ഫിരെൻസെ(Firenze) എന്നറിയപ്പെടുന്ന ഫ്ലോറൻസിലെത്തി. ഇവിടെ നിന്നും 100 കിലോമീറ്റർ അകലെയായാണ്‌ പിസ എന്ന കുഞ്ഞുപട്ടണവും അവിടെയുള്ള പ്രസിദ്ധമായ പിസയിലെ ചരിഞ്ഞ ഗോപുരവും. ട്രെയിനിന്റെ ‘അപഥ’സഞ്ചാരം കൊണ്ട് കുറിച്ചുകൊണ്ടു വന്ന കണക്ഷൻ വിവരങ്ങളൊക്കെ ഉപയോഗശൂന്യമായിരിക്കുന്നു .തൊട്ടടുത്ത പ്ലാറ്റ്ഫോമിൽ തന്നെ പിസയിലോട്ടുള്ള ട്രെയിൻ പുറപ്പെടാൻ തയ്യാറായി കിടപ്പുണ്ട്. ടിക്കറ്റെടുക്കാനുള്ള മെഷീനിൽ ഇംഗ്ലീഷ് ഭാഷ സെലക്റ്റ് ചെയ്യാൻ നോക്കിയിട്ട് പറ്റുന്നില്ല.അവസാനം അറിയാവുന്ന ഇറ്റാലിയനിൽ (((ങേ!))) തന്നെ പയറ്റിനോക്കാം എന്നു കരുതി എവിടെയൊക്കെയോ പിടിച്ചു ഞെക്കി ടിക്കറ്റെടുത്തു. ടിക്കറ്റിന്‌ ഒരാൾക്ക് 8 യൂറോ ആണെന്നാണ്‌ ഇന്റെർനെറ്റിൽ കണ്ടത്. മെഷീൻ ചാർജ് ചെയ്തത് 3.50 യൂറോ മാത്രവും. ലാഭമായല്ലോ എന്നോർത്ത് ഒന്നുകൂടെ നോക്കിയപ്പോഴാണ്‌ അബദ്ധം മനസ്സിലായത്. സൈക്കിൾ കൊണ്ടു പോകാനുള്ള ടിക്കറ്റാണ്‌ വാങ്ങി വച്ചിരിക്കുന്നത്. വീണ്ടും ടിക്കറ്റെടുക്കേണ്ടി വന്നത് മിച്ചം.

Florence SMN a.k.a Firenze Santa Maria Novella

പിസ്സയിലേക്കുള്ള ലോക്കൽ ട്രെയിൻ നിറയെ യാത്രക്കാരുണ്ടായിരുന്നു. വിദേശടൂറിസ്റ്റുകളാണ്‌ ബഹുഭൂരിഭാഗവും.അധികം താമസിയാതെ ടിക്കറ്റ് ചെക്കർ വന്നു.മെഷീനിൽ നിന്ന് വാങ്ങിയ ടിക്കറ്റ് സ്റ്റേഷനിൽ വാലിഡേറ്റ് ചെയ്യണമായിരുന്നത്രെ. ടിക്കറ്റിൽ എന്തൊക്കെയോ കുത്തിവരച്ചിട്ട് ഫൈനും വാങ്ങി അയാൾ നടന്നു പോയി. ലോകത്തുള്ള ടിടിമാർക്കൊക്കെ അതിന്ത്യയിലായാലും ഇറ്റലിയിലായാലും എന്നെ കാണുമ്പോൾ ഒന്നു തപ്പിവിടണം എന്നു തോന്നുന്നതിന്റെ ലോജിക് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല. ഏതായാലും നല്ല ഐശ്വര്യം..അബദ്ധങ്ങളുടെ ഘോഷയാത്രയുമായാണ്‌ ഇറ്റലിയിലെത്തിയിരിക്കുന്നത്.
അർണോ നദിയും പിസ പട്ടണവും (2006 ലെ ചിത്രം)
ട്രെയിൻ പിസ സെന്റ്രലിലെത്തി. സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പിസാ ഗോപുരത്തിലേക്ക് നടന്നു പോകാം എന്നാണ്‌ ആദ്യം കരുതിയിരുന്നത്. അർണോ നദിയുടെ തീരത്തു കൂടിയുള്ള യാത്ര അതീവഹൃദ്യമാണ് . പക്ഷേ സമയക്കുറവു മൂലം കൂടെ വന്ന അസംഖ്യം ടൂറിസ്റ്റുകളുടെ കൂടെ ഒരു ബസിൽ ഇടിച്ചു കയറി.

ആദ്യം കണ്ണിൽ പെടുന്നത് - പിസ കത്തീഡ്രൽ
ബസ്സിറങ്ങുമ്പോൾ ആദ്യം കണ്ണിൽ പെടുന്നത് പിസാ കത്തീഡ്രലാണ്‌. ഒരു പക്ഷേ ചരിഞ്ഞ ഗോപുരത്തിന്റെ സാന്നിധ്യം ഒന്നു കൊണ്ടു മാത്രം സന്ദർശകരുടെ ശ്രദ്ധ കിട്ടാതെ പോയ ഒരു മനോഹര സൗധമാണ്‌ പിസാ കത്തീഡ്രൽ. 11 ആം നൂറ്റാണ്ടിലാണ്‌ പിസാ കത്തീഡ്രൽ നിർമ്മിക്കുന്നത്. വീണ്ടും ഒരു നൂറു വർഷം കൂടി കഴിഞ്ഞാണ്‌ കത്തീഡ്രലിനോട് ചേർന്നുള്ള ബെൽ ടവറിന്റെ നിർമ്മാണം ആരംഭിക്കുന്നത്.പണി തുടങ്ങി 5 വർഷം കഴിഞ്ഞപ്പോഴേ ബെൽ ടവർ ചരിഞ്ഞു തുടക്കി. പണി പാളി എന്നോർത്ത് നിർമ്മാണം ഇടയ്ക്കു വച്ചു നിർത്തുകയും ചെയ്തു. പിന്നെയും ഒരു നൂറ്റാണ്ട് കഴിഞ്ഞാണ്‌ ചരിഞ്ഞ നിലയിൽ തന്നെ ഇതിന്റെ ബാക്കി പണിഞ്ഞു തരാം എന്ന വാഗ്ദാനവുമായി ഒരു സമർത്ഥൻ മുന്നോട്ടുവരുന്നത്. ബാക്കി പണി തീർത്ത് മുകളിൽ പള്ളി മണികളും മറ്റും സ്ഥാപിച്ചത് ഇദ്ദേഹമാണ്‌.
പിസ കത്തീഡ്രൽ - കൂടുതൽ അടുത്തു നിന്ന്

ടവറിനടുത്തോട്ട് നടക്കുന്തോറും ചരിവ് കൂടുതൽ വ്യക്തമായി കാണാം. ഏതാണ്ട് അഞ്ചര ഡിഗ്രി ആണ്‌ ഇതിന്റെ ചരിവ് അളന്ന് തിട്ടപ്പെടുത്തിയിരിക്കുന്നത്. അടിയിലെ മണ്ണിന്റെ ബലക്കുറവു കാരണം ഇപ്പോഴും ചരിഞ്ഞു കൊണ്ടിരിക്കുകയാണ്‌ പിസാ ഗോപുരം.
ചരിഞ്ഞ ഗോപുരം

പിസാ ടവർ കാണുന്നതിനെക്കാൾ രസമാണ്‌ അവിടെയുള്ള ടൂറിസ്റ്റുകളെ നിരീക്ഷിക്കാൻ. ടവറിനെ താങ്ങി നിർത്താനും തള്ളിയിടാനുമൊക്കെയുള്ള ഭാവത്തിൽ വലിഞ്ഞമർന്നും മസിലുപിടിച്ചുമൊക്കെ ഫോട്ടോകൾക്ക് പോസു ചെയ്യുകയാണ്‌ ലോകമെമ്പാടും നിന്ന് ഈ മഹാല്ഭുതം കാണാൻ എത്തിയിട്ടുള്ള ടൂറിസ്റ്റുകൾ.

ചിത്രം science-blogs.com ഇൽ നിന്നും
ശാസ്ത്രരംഗത്തെ മാറ്റിമറിച്ച ചില പരീക്ഷണങ്ങൾക്കും പിസാ ഗോപുരം വേദിയായിട്ടുണ്ട്. താഴേക്ക് വീഴുന്ന കല്ലും തൂവലും വായുവിന്റെ പ്രതിരോധമില്ലെങ്കിൽ ഒരേ വേഗതയിലായിരിക്കും സഞ്ചരിക്കുന്നത് എന്ന് അന്നത്തെ ശാസ്ത്രവിശ്വാസങ്ങളെ വെല്ലുവിളിച്ച് ഗലീലിയോ തെളിയിച്ചത് പിസാ ടവറിൽ വച്ചു നടത്തിയ ഒരു പരീക്ഷണത്തിലാണ്‌.
പിസാ ഗോപുരത്തിന്റെ നിർമ്മാണം - ചരിത്രത്താലുകളിലൂടെ

ഇത്തവണ ടവറിനു മുകളിലേക്ക് കയറണം എന്നുറപ്പിച്ചാണ്‌ വന്നത്. മുൻപൊരിക്കൽ പിസയിൽ വരാൻ അവസരമുണ്ടായപ്പോൾ മുകളിലേക്ക് കയറാൻ കഴിഞ്ഞിരുന്നില്ല. ടവറിനു മുന്നിലെ വമ്പൻ ക്യൂ കണ്ടപ്പോൾ മനസ്സിലായി ഇത്തവണയും ആ ആഗ്രഹം നടക്കാൻ പോകുന്നില്ല എന്ന്. ലേറ്റായി എത്തിയ ഡിബിയുടെ ട്രെയിനിന്‌ ‘നല്ല നമസ്കാരം’ പറഞ്ഞിട്ട് ടവറിന്റെ പിൻ ഭാഗത്തേക്ക് നടന്നു.
കത്തീഡ്രൽ - പിൻ ഭാഗത്തു നിന്നുള്ള ദൃശ്യം

പിസാ ഗോപുരത്തിന്റെ ചരിവ് എല്ലാ ഭാഗത്തും ഒരു പോലല്ല. താഴ്ഭാഗത്ത് ചരിവു കൂടുതലാണ്‌. പിന്നീട് കെട്ടിയ മുകളിലെ നിലകൾ ചരിവിനെ കൊമ്പൻസേറ്റ് ചെയ്യാനായാണ്‌ നിർമ്മിച്ചിരിക്കുന്നത്. ചരിഞ്ഞു വീഴുന്നതിനെ ഒടിച്ചു മുകളിലേക്കാക്കിയതു മനസ്സിലാക്കാം സൂക്ഷിച്ചു നോക്കിയാൽ.

ചരിഞ്ഞു വീഴുന്നതിനെ ഒടിച്ചു മുകളിലേക്കാക്കിയത്

ചെന്നായ വളർത്തിയ സഹോദരങ്ങളായ റെമസും റോമുലസുമാണ് റോമാ നഗരം (Rome) സ്ഥാപിച്ചതെന്ന് ഒരു കഥയുണ്ട്. ചെന്നായ പാലൂട്ടുന്ന റെമസിന്റെയും റോമുലസിന്റെയും ഒരു സ്തൂപം പിസാ ഗോപുരത്തിനു പിന്നിലായി സ്ഥാപിച്ചിട്ടുണ്ട് 

റോമസും റോമുലസും

അധികം വൈകാതെ ഫ്ലോറൻസിലേക്ക് തിരിച്ചു. യൂറോപ്പിന്റെ നവോത്ഥാനത്തിന്‌ (Renaissance) വിത്തു പാകിയ നഗരം എന്ന പേരിലാണ്‌ ഫ്ലോറൻസ് ലോകമെങ്ങും പ്രസിദ്ധിയാർജ്ജിച്ചത്. റോമൻ സാമ്രാജ്യത്തിന്റെ അധഃപതനത്തിനു ശേഷം കലാരംഗത്തും ശാസ്ത്രരംഗത്തും കാര്യമായ പുരോഗതിയൊന്നുമില്ലാതെ ദീർഘകാലം ഇരുണ്ടയുഗത്തിലായിരുന്നു യൂറോപ്പ്. ഈ ഇരുണ്ട യുഗത്തിൽ നിന്ന് യൂറോപ്പിനെ കൈപിടിച്ചുയർത്തിയത് ഡാവിഞ്ചി, ഗലീലിയോ, മൈക്കൽ ആഞ്ചലോ, ബോട്ടിസെല്ലി തുടങ്ങിയരുടെ ബഹുമുഖസംഭാവനകളാണ്‌. നവോത്ഥാനകാലയൂറോപ്യൻ നിർമ്മിതിയുടെ മകുടോദാഹരണമാണ്‌ ഫ്ലോറൻസിലെ പ്രധാന ദേവാലയമായ ബസലിക്ക ഡി സാന്താ മരിയ ഡെൽ ഫ്ലൊറെ.
ഫ്ലോറൻസ് കത്തീഡ്രൽ
ഒരു ജർമ്മൻ സുഹൃത്ത് പറഞ്ഞത് യൂറൊപ്പിന്റെ നവോത്ഥാനം യഥാർത്ഥത്തിൽ ആരംഭിച്ചത് സ്റ്റുട്ട്ഗാർട്ടിനും മ്യൂണിക്കിനുമിടയിലുള്ള ആഗ്സ്ബുർഗ് എന്ന ബവേരിയൻ പട്ടണത്തിൽ നിന്നാണെന്നാണ്‌.ആറ്റംബോംബു മുതൽ പുട്ടിനും കടലയ്ക്കും വരെ എല്ലാത്തിനും അവകാശം സ്ഥാപിക്കുന്നത് ജർമൻകാരുടെ പതിവാണ്‌.

നവോത്ഥാനത്തിന്റെ തൊട്ടിൽ - ഫ്ലോറൻസ്
പൂർണ്ണമായും മാർബിൾ കൊണ്ടു നിർമ്മിച്ചതാണ് ഫ്ലോറൻസ് കത്തീഡ്രൽ. ദേവാലയത്തിന്റെ അസ്ഥിവാരം മുതൽ മേൽക്കൂര വരെ മനോഹരമായ ചുവർചിത്രങ്ങളും ശില്പങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
ശില്പചാതുരി

ഫ്ലോറൻസിലെ മറ്റൊരു പ്രധാന ആകർഷണം  മൈക്കൽ ആഞ്ചെലോ നിർമ്മിച്ച ഗോലിയാത്തിനെ എതിരിടുന്ന ദാവീദിന്റെ ശില്പമാണ്.ഫ്ലോറൻസ് കത്തീഡ്രലിൽ നിന്ന് ഏതാനും മീറ്റർ അകലെയായുള്ള പിയാസ ഡെല്ല സിഗ്നോറിയ (Piazza della Signoria) എന്ന സ്ക്വയറിലാണ് ഈ ശില്പം സ്ഥാപിച്ചിരിക്കുന്നത്. നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൊണ്ടു മാത്രം അതികായനായ ശത്രുവിനെ എതിരിടുന്ന ദാവീദിന്റെ സുധീരവും അതേസമയം സമചിത്തവുമായ മുഖഭാവം മനസ്സിൽ നിന്ന് പെട്ടെന്ന് വിട്ടുപോരില്ല. ദാവീദുമാരിനി നമ്മുടെ നാട്ടിലും ജനിക്കേണ്ടിയിരിക്കുന്നുവെന്ന് തോന്നുന്നു, മുല്ലപ്പെരിയാറിനെയും കേരളത്തെയും രക്ഷിച്ചെടുക്കാൻ.
സമരസന്നദ്ധനായ ദാവീദ് - മൈക്കലാഞ്ചലോയുടെ മാസ്റ്റർപീസ്
നിശ്ചയദാർഢ്യം -ദാവീദ്, ചിത്രം വിക്കിയിൽ നിന്നും
1505 ഇൽ അനാച്ഛാദനം ചെയ്ത ഈ പ്രതിമ ചില മനോരോഗികളുടെ ഒറ്റപ്പെട്ട ആക്രമണങ്ങളെ തുടർന്ന് അക്കാദെമീയ (Accademia) എന്ന ആർട്ട് മ്യൂസിയത്തിലേക്ക് മാറ്റി. ഇന്നവിടെ കാണുന്നത് അതിന്റെ പൂർണ്ണരൂപത്തിലൂള്ള റിപ്ളിക മാത്രം. ദാവീദിനെ കൂടാതെ സമുദ്രദേവനായ നെപ്ട്യൂണിന്റെയും മെഡൂസയുടെ തല കൊയ്തെടുക്കുന്ന പെർസ്യൂസിന്റെയുമൊക്കെ ശില്പങ്ങൾ Piazza della Signoria ഇൽ കാണാം.

സമുദ്രദേവൻ
വേനൽക്കാലമായിരുന്നതിനാൽ ജനനിബിഡമായിരുന്നു Piazza della Signoria. തെരുവു ഗായകരും മജീഷ്യന്മാരും ടൂറിസ്റ്റുകളുമൊക്കെയായി വലിയൊരു ജനക്കൂട്ടം.
പെർസ്യൂസ്
തിരിച്ച് ഫ്ലോറൻസ് റെയിൽവേ സ്റ്റേഷനിൽ ഓടിക്കിതച്ചെത്തുമ്പോൾ നേപിൾസിലേക്കുള്ള ട്രെയിൻ കാത്തു കിടപ്പുണ്ടായിരുന്നു. നേപിൾസിലേക്കുള്ള 500 കിലോമീറ്റർ ദൂരം 2.5 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ട്രെൻ ഇറ്റാലിയയുടെ ഫ്രെച്ചാറോസാ (Freccia rossa). ചുവന്ന അമ്പ് എന്നാണത്രേ ഫ്രെച്ചാറോസായുടെ അർത്ഥം. മണിക്കൂറിൽ 370 കിമി വരെ വേഗതയിൽ കുതിച്ചു പായാൻ കഴിവുള്ളവനാണീ ചുവന്ന അമ്പ്.
ഫ്രെച്ചാറോസാ

അങ്ങനെ ചുവന്ന അമ്പിലേറി നേപിൾസിലേക്ക്....സർക്കാരിനെ നിയന്ത്രിക്കുന്ന മാഫിയാ സംഘങ്ങൾക്കും മയക്കുമരുന്ന് രാജാക്കന്മാർക്കും ഗ്യാങ്ങ് വാറുകൾക്കും കുപ്രസിദ്ധമായ നഗരം. ‘Godfather’ സിനിമയിലൂടെ ലോകമെങ്ങും അറിയപ്പെട്ട അധോലോകപട്ടണം സിസിലിയെക്കാൾ ഇറ്റാലിയൻ ഗവണ്മെന്റിന്‌ തലവേദന ഉണ്ടാക്കുന്ന,  പീറ്റ്സയുടെയും (Pizza) മാഫിയയുടെയും ജന്മഗൃഹം - ജർമ്മനിലും ഇറ്റാലിയനിലും നാപോളി എന്നറിയപ്പെടുന്ന നേപിൾസ്.

(ഇനിയും ബാക്കി..)

37 comments:

 1. അല്പം നീളം കൂടിപ്പോയ ഒരു യാത്രാവിവരണം, ജൂണിലെ വേനലവധിക്കാലത്തു നടത്തിയ ഒരു യാത്രയുടേത്..

  ReplyDelete
 2. പിസാ ടവർ കാണുന്നതിനെക്കാൾ രസമാണ്‌ അവിടെയുള്ള ടൂറിസ്റ്റുകളെ നിരീക്ഷിക്കാൻ.ഹഹ
  അത് കൊണ്ട് ഞാന്‍ ഇറ്റലി പോയപ്പോള്‍ അവിടെ ക്ക്പോയില്ല ..
  പഥികാ .ഒന്ന് ഓടിച്ചു വായിച്ചു .ഒന്ന് കൂടി വിശദമായി വായിക്കാന്‍ വരാം .ഞാന്‍ കണ്ടിട്ടുള്ള സ്ഥലകളില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയ സ്ഥലം ഇറ്റലി തന്നെ !!

  ReplyDelete
 3. പഥികാ,വിവരണത്തിനു നീളം കൂടിയിട്ടൊന്നുമില്ലന്നേ.നല്ല വിവരണം. ചിത്രങ്ങളും മനോഹരം.ഫ്രെസ്സറോസാ യാത്രാ വിശേഷങ്ങള്‍ ഉടനെയുണ്ടാകുമല്ലോ. ഫോണ്ടിനു അല്പം തെളിച്ചക്കുറവുണ്ടോ?

  ReplyDelete
 4. പഥികൻ...വളരെ മനോഹരമായ വിവരണം...പിസ ഗോപുരത്തിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഈ പിസ കത്തീഡ്രലിനെക്കുറിച്ച് ഇപ്പോഴാണ് കേൽക്കുന്നത്..അതും നിർമ്മാണവൈദഗ്ദ്യംകൊണ്ട് വളരെ മനോഹരമായിരിക്കുന്നല്ലോ..

  ചിത്രങ്ങളെല്ലാം സൂപ്പർ..ക്യാമറ ഏതാണ് ഉപയോഗിക്കുന്നത്.?
  ജൂണിൽ നടത്തിയ യാത്രാവിശേഷങ്ങൾ ഇപ്പോഴാണോ പോസ്റ്റ് ചെയ്യുന്നത്..അതൊക്കെ ചൂടോടെതന്നെ ഞങ്ങൾക്കും വിളമ്പണ്ടേ. ;)
  കൃഷ്ണകുമാർ പറഞ്ഞതുപോലെ ഫോണ്ടിന്റെ തെളിച്ചക്കുറവ്, അല്പം അനുഭവപ്പെടുന്നുണ്ട്..
  ബാക്കി യാത്രാവിശേഷങ്ങൾക്കായി കാത്തിരിക്കുന്നു..ആശംസകൾ
  സ്നേഹപൂർവ്വം ഷിബു തോവാള.

  ReplyDelete
 5. നീളം കൂടിയ വിവരണം എന്ന് മെയില്‍ കണ്ടപ്പോള്‍ മടിച്ചു മടിച്ചാണ് വന്നത്... സത്യം പറയാലോ.. നീളം ഒട്ടും കൂടിയിട്ടില്ല.. മാത്രമല്ല രസകരമായി പറഞ്ഞു.. പതിവില്‍ നിന്ന് വിപരീതമായി ഇത്തിരി നര്‍മ്മം കൂടി ചേര്‍ത്തത് നന്നായി..

  ആശംസകള്‍...

  ReplyDelete
 6. ഇറ്റലിയെ അറിഞ്ഞു.. ഗോപുരം വിവരണം നന്നായി....
  എന്റെ നഗരത്തെ കുറിച്ച് ഞാന്‍ വരുന്നുണ്ട്..... അപ്പോ അവിടെയും വരണം
  നന്ദി

  ReplyDelete
 7. അല്‍പ്പം നീളം കൂടിയാലും മനോഹരം. ചിത്രങ്ങളും വിവരണങ്ങളും..

  ഈ പോസ്റ്റിനു ആശംസകള്‍

  ReplyDelete
 8. ട്രെയിന്‍ ഡിലെ ഇന്ത്യയില്‍ മാത്രമല്ല അല്ലെ..:) നല്ല രസമുള്ള വതരണം.. ബോറടിപ്പിക്കാതെ എല്ലാ സ്ഥലവും ചുറ്റികാണിച്ചു. :) അഭിനന്ദനങ്ങള്‍..

  ReplyDelete
 9. വിവരണം നന്നായിട്ടുണ്ട്...ആശംസകള്‍...nimjas

  ReplyDelete
 10. വളരെ മനോഹരമായൊരയാത്രാവിവരണം.
  രചനാശൈലിയും,മിഴിവാര്‍ന്ന ചിത്രങ്ങളും
  നന്നായിരിക്കുന്നു.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 11. സമരസന്നദ്ധനായ ദാവീദ് - പണ്ട് ബാലവിജ്ഞാനകോശത്തില്‍ കണ്ട ഓര്‍മ്മയുണ്ട്. ഈ ഫോട്ടോ കണ്ടപ്പോ ഓര്‍മ്മ വന്നു, "അയ്യേ ഇതെന്താ ഇയാളൊന്നും ഇടാണ്ട് നിക്കുന്നേ" എന്ന് പണ്ട് പറഞ്ഞ കാര്യം :)

  കൊള്ളാല്ലോ വിവരണം. ഈ സ്ഥലങ്ങളൊക്കെ ശരിക്കും ഉള്ളതാണെന്ന് തോന്നുന്നത് തന്നെ ഇങ്ങനെ വായിക്കുമ്പോഴാണ്‌. വടക്കോട്ട് പോയാല്‍ Bangalore ഉം തെക്കോട്ട് പോയാല്‍ തിരുവനന്തപുരവും ആണ്‌ കാലങ്ങളായി മനസ്സിലുള്ള ഭൂമിയുടെ അതിര്‍ത്തികള്‍.

  ReplyDelete
 12. നീളം ഒട്ടും കൂടിയിട്ടില്ല. മടുപ്പുളവാക്കാതെ ഒറ്റയിരിപ്പിന്ന്‍ വായിക്കാനായി. ചിത്രങ്ങളും വിവരണവും നന്നായി. അഭിനന്ദനങ്ങള്‍..

  ReplyDelete
 13. നേരത്തെ വന്നിരുന്നു നാട്ടാരാ.. ഓടിച്ച് വായിച്ചിട്ടങ്ങട് ശരിയായില്ലാ...അതാ പോയിട്ട് പിന്നേം വന്നത്.. ഇറ്റലി കാണാതെ കണ്ടൊരു പ്രതീതി... നല്ല വിവരണം ..ചിത്രങ്ങളും പിസ കത്തീഡ്രൽ ആദ്യ അറിവാണിവിടെ നിന്നും .. ഫ്ലോറൻസ് കത്തീഡ്രലും ഇശ്ശി പിടിച്ചു.. ആശംസകൾ..

  ( ഇനിയേലും ട്രയിനിൽ കേറുമ്പോ അമ്പിളിച്ചേച്ചിയെക്കൊണ്ട് ടിക്കട്ടെടുപ്പിച്ച് സൂക്ഷിക്കാൻ പറേണേ... :) ഞാനോടി..)

  ReplyDelete
 14. നീളം കൂടിയെന്നു പറഞ്ഞതുകൊണ്ട് ഒരു ചായയൊക്കെ തിളപ്പിച്ച് കുറച്ചു നേരം ഇരുന്ന് വായിച്ചു കളയാമെന്നു കരുതിയാണ് വന്നത്. പക്ഷെ, ഇതു വേഗം തീർന്നു പോയല്ലൊ...!!?
  ചിത്രങ്ങളും വിവരണങ്ങളും അതി ഗംഭീരം.
  നല്ല തെയ്യാറെടുപ്പോടെയുള്ള ഈ എഴുത്തിന് അഭിനന്ദനങ്ങൾ.

  [പിന്നെ ഒരു സ്വകാര്യം, ഒരുപാടു മുൻപു നടന്ന സഞ്ചാരമാണെന്നൊന്നും പറയണ്ടാട്ടൊ. ഞങ്ങളുടെ മനസ്സുകളിൽ ഇത് ഈയടുത്ത ദിവസങ്ങളിൽ നടന്നത് ചൂടോടെ വിളമ്പുകയാണെന്ന ധാരണയിലാണ് വായിക്കുന്നത്. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ. അതിനാ കൂടുതൽ ആസ്വാദ്യത...!!]
  ആപ്പൊ, ആശംസകൾ...

  ReplyDelete
 15. വായിച്ചു.എഴുത്തുകള് ഒന്നിനൊന്നു മെച്ചം.പെട്ടെന്നു നിന്നു പോയപോലെ.
  ബാക്കിവേഗംവരട്ടെ.
  പിസ്സയിലേക്കുള്ള ഏന്നാണ് നല്ലത്.

  ReplyDelete
 16. നീളം കൂടുതല്‍ ഒട്ടും തോന്നിയില്ലല്ലോ. ഇതൊക്കെ വായിച്ചും കണ്ടും മാത്രം തൃപ്തിപ്പെടാം എനിക്കൊക്കെ. മനോഹരമായ ചിത്രങ്ങളും നല്ല വിവരണവും. അടുത്തത് വന്നാല്‍ ഉടനെ എത്താം.

  ReplyDelete
 17. നിങ്ങളൂടെ നാടായ കൊല്ലം കണ്ടാൽ ഇല്ലം കാണണ്ടായെന്ന് പറഞ്ഞപോലെ...
  പടിഞ്ഞാറക്കാര് പറയുക
  ഇറ്റലി കണ്ടാൽ ഇല്ലാം കാണണ്ട എന്നാണ് കേട്ടൊ ഭായ് .

  പിന്നെ യൂറൊപ്പുമുഴുവൻ പഥികൻ സഞ്ചാരപാതയാക്കി മാറ്റുകയാണല്ലോ...അപ്പോൾ ബിലാത്തിയിലെത്തുമ്പോൾ നമ്മൾക്ക് മീറ്റാം അല്ലേ...

  ReplyDelete
 18. പ്രിയപ്പെട്ട അതുല്‍,
  മഞ്ഞു വീഴുന്ന ഈ രാവില്‍, ഒരു ഇറ്റലി യാത്ര...!ചരിത്രം വീണ്ടും പഠിപ്പിക്കുകയാണല്ലോ!കണ്ണിനു കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍...!സുന്ദരം! പിസാ കത്തീഡ്രലാണ് ഭംഗി...`!
  ഒരു യാത്ര കഴിഞ്ഞു വന്നയുടന്‍ പോസ്റ്റ്‌ എഴുതാന്‍ ശ്രമിക്കണം,കേട്ടോ!അപ്പോള്‍ വരികള്‍ക്ക് മിഴിവേകും!:)
  വളരെയധികം വിവരങ്ങള്‍ നല്‍കിയ ഈ പോസ്റ്റ്‌ എഴുതിയതിനു അഭിനന്ദനങ്ങള്‍!
  സസ്നേഹം.
  അനു

  ReplyDelete
 19. ഈ പഥികന്‍റെ കാൽപ്പാടുകള്‍ എവിടെയെല്ലാം പതിഞ്ഞിരിയ്ക്കുന്നൂ..
  ചില ഇടങ്ങളില്‍ വായനയെ മുറിച്ചു കൊണ്ട് അസൂയ ഉടലെടുക്കുന്നൂ..
  പിന്നെ, കൌതുകം...സന്തോഷം....
  ആ കണ്ണുകളിലൂടേയും വിരല്‍ തുമ്പുകളിലൂടേയും ലോകം കാണാന്‍ സാധിയ്ക്കാ..അഭിനന്ദനീയം തന്നെ...!

  ReplyDelete
 20. ആദ്യം വന്ന് അഭിപ്രായം പറഞ്ഞതിനു നന്ദി സിയാ..സിയയുടെ സ്വിസ്സ്/ ഇറ്റലി യാത്രകൾ ഞാൻ വായിച്ചിട്ടുണ്ട്..തിരുവനന്തപുരം യാത്രയും....:)..സമയം കിട്ടുമ്പൊ വന്ന് വിശദമായി വായിക്കണേ..

  കൃഷ്ണകുമാർ ഫോണ്ട് പ്രശ്നം എന്റ ചാത്തൻ കമ്പ്യൂട്ടറിന്റേതാണെന്നാ ഞാൻ കരുതിയത്...ചിലപ്പൊ ടെമ്പ്ലേറ്റ് മറ്റേണ്ടി വരുന്മെന്ന് എനിക്കു തോന്നുന്നു.

  ഷിബൂ..വേനൽക്കാലത്ത് കുറച്ചധികം യാത്ര ചെയ്തതു കൊണ്ട് ചിലത് പെൻഡിങ് ആയി..തണുപ്പു വന്നതോടെ യാത്രയെല്ലാം നിന്നു.ഇനി പഴയതൊകെ പൊടി തട്ടി എടുക്കണം. ക്യാമറ Canon 400D 18-55 kit lens . കുറച്ചുകൂടി നല്ല ഒരു lens വാങ്ങണം എന്നുണ്ട്.

  ഖാദൂ..’ഉറങ്ങാൻ പാടെങ്കിൽ കാൽ‌പാട്‘ എന്നാണ് ഞങ്ങളുടെ ക്ലാസ് മാഗസീനായ കോടാലിയിൽ എന്റെ യാത്രാവിവരണങ്ങളെക്കുറിച്ചു വന്ന ഒരു മോക് റിവ്യൂ..അതാണ് മുൻ‌കൂർ ജാമ്യം എടുത്തത്.

  എതാ ശിഖണ്ഡീ നഗരം ? എതായാലും ഞാൻ റെഡി..

  ജിമ്മി ജോൺ, നിംജാസ്...വന്നതിൽ വളരെ നന്ദി...

  ഇന്ത്യയിൽ ട്രെയിൻ ഡിലേ ആണെന്ന് പ്രവാസികൾ പറഞ്ഞുണ്ടാക്കുന്നതല്ലേ ജെഫൂ....കഴിഞവർഷം 25ലധികം ദീർഘദുറയാത്രകൾ നടത്തിയതി നമ്മുടെ നാട്ടിലെ തീവണ്ടി അരമണിക്കൂറിൽ വൈകി വന്ന ഒരു സംഭവം പോലും ഉണ്ടായിട്ടില്ല.. ഞാൻ ഗാരണ്ടി..:)

  പ്രിയ c.v.thankappan..നല്ല വാക്കുകൾക്കു നന്ദി

  കിരൺ യാത്രാ വിവരണം വായിക്കാനെത്തുമെന്ന് ഞാൻ വിചാരിച്ചില്ല...വന്നതിൽ സന്തോഷം....

  മടുപ്പുളവാക്കാതെ ഒറ്റയിരിപ്പിന്ന്‍ വായിക്കാനായി എന്നറിഞ്ഞതിൽ സന്തോഷം മനോജ്..മടുപ്പിച്ചില്ലല്ലോ...

  ഐഡിയ തന്നിട്ട് ഓടല്ലേ സീതേ..ഒരു താങ്ക്സ് കൂടെ കൊണ്ടു പോകൂ.......ഐഡിയ എങ്ങനെ ഉണ്ടെന്നു പരീക്ഷിച്ചിട്ടു പറയാം.. :)

  വി.കെ ഒരു ഡയറിയും കൂടെ ആയതു കൊണ്ടാ യാത്രാസമയം പറഞ്ഞത്. ..അത്ര പഴയതൊന്നും അല്ലല്ലോ..ഒരു അഞ്ചുമാസം അത്രയല്ലേ ഉള്ളൂ...

  Sitammal ടീച്ചർ..തെറ്റു തിരുത്തിയിട്ടുണ്ട് :)

  പട്ടേപ്പാടം റാംജി - ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച..ദുബായിലെ ഡെസർട്ട് സഫാരി ഒരു മോഹമായി കൊണ്ടു നടക്കാൻ തുടങ്ങിയിട്ടു കാലം കുറേ ആയി...

  ഞാൻ കൊല്ലംകാരനല്ലേ മുരളിയേട്ടാ.തനി തിരുവന്തോരം...കൊല്ലം കണ്ടാൽ ഇല്ലം കാണണ്ടായെന്ന് പറയുന്നത് തങ്കശ്ശേരിയിലെ കൊട്ടേഷൻ ടീമിനെ ഓർത്തായിരിക്കും..ഇറ്റലിയിലും മൊത്തം മാഫിയ തന്നെ.....ബിലാത്തിക്കു വരണമെന്നുണ്ട്...വരുമ്പൊ കാണാം...

  എന്റെ വാക്കുകൾ പെറുക്കിക്കൂട്ടി യാത്രാവിവരണം എഴുതാൻ പാടാ അനൂ...അനുവിന്റേതു പോലുള്ള ഒരു ഭാഷ ഉണ്ടായിരുന്നെങ്കിൽ ആഴ്ചയിൽ മൂന്നെണ്ണം വച്ചെഴുതിയേനെ...പൊന്മുടിയും മ്യൂസിയവും ശംഖുമുഖവും അങ്ങനെ ജീവിതത്തിലെ എല്ലാ യാത്രകളും.. :)

  ഇപ്പൊ വർഷിണിയുടെ പോസ്റ്റ് വായിച്ച് തലപുകഞ്ഞതേ ഉള്ളൂ....മൊത്തം ദുരൂഹത :) നല്ല വാക്കുകൾക്കു നന്ദി സുഹൃത്തേ.....

  ReplyDelete
 21. "മനസ്സിലൊരു ഡാം പൊട്ടി" ഈ ഡയലോഗ് പേറ്റന്റ് ചെയ്യണം.

  സത്യത്തില്‍ നീളം കുറഞ്ഞുപോയി എന്നാണ് എന്റെ പരാതി.

  വായിച്ചതില്‍ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്രാവിവരണം.

  ചിരിയുടെയും അറിവിന്റെയും ഒരു കലവറ.

  ഇതിനു നന്ദി പറയുന്നു.

  ReplyDelete
 22. എല്ലായ്പ്പോഴും പറയുന്ന കമന്റ്‌ ഉള്ളൂ എനിക്ക് ഇപ്പോഴും പറയാന്‍...യുറോപ് എന്നെ വല്ലാതെ കൊതിപ്പിക്കുന്നു എന്ന്...:)))) നല്ല വിവരണവും നല്ല ഫോട്ടോസും....:))

  ReplyDelete
 23. അതുൽ... മറ്റൊരു മനോഹരമായ യാത്രാവിവരണം കൂടി...

  ചില ആൾക്കാരെ പാമ്പ് ഓടിച്ചിട്ട് കടിക്കുമെന്ന് കേട്ടിട്ടുണ്ട്... അതുപോലെയാണല്ലേ അതുലും ടി.ടി.ഇ യുമായുള്ള ഇരിപ്പുവശം...?

  ReplyDelete
 24. പഥികന്‍ ആകാംഷയോടെ വായിച്ചു തീര്‍ത്തു നിങ്ങളെ ഈ സഞ്ചാരം പക്ഷെ കഴിഞ്ഞ പോസ്റ്റില്‍ താങ്കള്‍ സന്തോഷ്‌ ജോര്‍ജു വിവരണങ്ങള്‍ പോലെ ആണ് പറഞ്ഞിരിന്നുന്നത് എന്നാല്‍ ഇതില്‍ ഒരു പാട് മാറ്റങ്ങള്‍ പറച്ചിലിന്റെ ശൈലിയില്‍ വന്നു അത് ഒരു നല്ല കാര്യമാണ്

  ReplyDelete
 25. ‘മനസ്സിലൊരു ഡാം പൊട്ടി’ ഞാൻ പേറ്റന്റ് ചെയ്യുന്നുണ്ട്...ആരെങ്കിലും അതുപയോഗിക്കുന്നതു കണ്ടാൽ ശ്രദ്ധയിൽ പെടുത്തുക :).വരവിനും നല്ല അഭിപ്രായത്തിനും നന്ദി പ്രിയപ്പെട്ട പൊട്ടാ..

  യൂറോപ്പിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യു മഞ്ജു..ഇവിടെ എത്തുന്ന ടൂറിസ്റ്റുകളിൽ നല്ലൊരു ശതമാനം ജപ്പാൻ‌കാരാണ്.

  വിനുവേട്ടാ...സത്യത്തിൽ ഒരു ടിടി ആകേണ്ടിയിരുന്നവനാ ഞാൻ ...അവരെ ചതിച്ചു നാടുവിട്ടതിന്റെ ദേഷ്യമാ എന്നോട് തീർക്കുന്നത് .. :)

  സ്വന്തമായി ഒരു ശൈലി ഇല്ലാത്തതിന്റെ കുഴപ്പമാ കൊമ്പാ അത്..ഒരോ തവണ അപ്പഴത്തെ മൂഡ് അനുസരിച്ചാണ് എഴുത്തു വരുന്നത്...തനതായ ഒരു ശൈലിയൊക്കെ ഉണ്ടാക്കിയെടുക്കാൻ ഞാൻ ഗവേഷണം നടത്തുന്നുണ്ട്.. ;)

  ReplyDelete
 26. നല്ല യാത്ര,അതിനേക്കാള്‍ നല്ല വിവരണവും. ആശംസകള്‍....

  പിന്നെ ആ ദാവീദിന്റേയും പെര്‍സ്യൂസിന്റേയുമൊക്കെ പ്രതിമകള്‍ മ്മടെ നാട്ടിലായിരുന്നെങ്കില്‍ ആലോചിച്ച് നോക്കിയേ പുകില്...
  മലമ്പുഴേത്തെ യക്ഷി ഒരു ഗതീമില്ലാത്തോണ്ടാ അവിടെതെന്നെ ഇരിക്കണെ...അത്രക്കും ബുദ്ധിമുട്ടിച്ചിട്ടുണ്ട് അതിനെ മ്മടെ ആള്‍ക്കാര്..

  ReplyDelete
 27. നന്നായിരിക്കുന്നു പഥികാ.. ചിത്രങ്ങള്‍ അതിമനോഹരം. അടുത്ത ലക്കം വേഗം പോരട്ടെ.

  ReplyDelete
 28. അതുല്‍
  നീളം ഒന്നും കൂടിയിട്ടില്ല.
  ചിതങ്ങളും വിവരണങ്ങളും അതിമനോഹരം.
  തുടരുക.ആശംസകള്‍
  (പിന്നെ ഡാം പൊട്ടി എന്ന് മനസ്സില്‍ പോലും തോന്നല്ലേ. പത്തു മുപ്പതഞ്ഞു ലക്ഷം അതിന്റെ ഭയത്തിലാണ്)

  സജീവ്‌

  ReplyDelete
 29. ആദ്യമായാണ്‌ ഇവിടെ... ആവേശത്തോടെ വായിച്ചു.... നല്ല അവതരണം... അഭിനന്ദനങ്ങള്‍ !!!
  ഒന്ന് രണ്ടു തിരുത്തലുകള്‍ പറഞ്ഞോട്ടെ: Freccia Rossa എന്നത് വായിക്കുന്നത് - ഫ്രെച്ച റോസ്സ എന്നാണു
  Pompeii നഗരത്തിന്റെ ശരിയായ ഉച്ചാരണം പോംപേയ് എന്നാണു..
  വീണ്ടും വായിക്കാന്‍ കാത്തിരിക്കുന്നു....

  ReplyDelete
 30. മുല്ല..പുരുഷപ്രതിമകളെ നമ്മുടെ നാട്ടുകാർ കൈവക്കും എന്നെനിക്കു തോന്നുന്നില്ല...ഇന്ത്യയിലാണെങ്കിലും ഇറ്റലിയിലാണെങ്കിലും പൂർണ്ണനഗ്നപ്രതിമകൾ അല്പം കടന്നകൈ ആണെന്നാണ് എന്റെ അഭിപ്രായം..

  നല്ല വാക്കുകൾക്കു നന്ദി ശ്രീജിത്ത്...

  വരവിനും അഭിപ്രായത്തിനും നന്ദി സജീവ്....ഡാം പൊട്ടുമെന്ന പേടി കൊണ്ടാണ് എപ്പോഴും ഞാനും അതു തന്നെ പറയുന്നെ...

  നന്ദി Rengith..Freccia Rossa യുടെ ഉച്ഛാരണം ഒന്നു രണ്ടു തവണ കേട്ടു നോക്കി ഫ്രെച്ച റോസ്സ ആണോ ഫ്രെസ്സ റോസ്സ ആണോ എന്ന് തിരിഞ്ഞില്ല...തിരുത്തലിനു നന്ദി..
  അതു പോലെ ഇപ്പോഴത്തെ നഗരം പോം‌പി (pompei) എന്നും വെസൂവിയസ് വിഴുങ്ങിയത് പോം‌പൈ (pompeii) ആണെന്നുമാണ് എന്റെ അറിവ്..അതു ശരി അല്ലേ ?

  ReplyDelete
 31. ചിതങ്ങളും വിവരണങ്ങളും അതിമനോഹരം.
  ആശംസകള്‍

  ReplyDelete
 32. ഈ പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞതുകൊണ്ട് അത്രയും 
  സ്ഥലങ്ങളെക്കുറിച്ച് ഏകദേശ ധാരണയായി. ഇതുപോലെ
  നല്ല ഫോട്ടോകളും വിവരണവുമായി ബാക്കി ഭാഗം കൂടി
  പോസ്റ്റ് ചെയ്യുക.

  ReplyDelete
 33. പ്രിയ പഥികന്‍ .. ചരിത്രപരമായി താങ്കള്‍ പറഞ്ഞ കാര്യം ശരിതന്നെ ആണ്... പക്ഷെ Pompei എന്നതും ഉച്ചരിക്കേണ്ടത് പോംപേ എന്ന് തന്നെ ആണ്.... (ഈ പട്ടണത്തില്‍ ഞാന്‍ നാളുകള്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് സന്ദര്‍ഭവശാല്‍ സൂചിപ്പിക്കട്ടെ)

  ReplyDelete
 34. ചുമ്മാ, പറ്റിയ്ക്കരുത്. നീളം കൂടി എന്നെഴുതീട്ട് നേരം കിട്ടുമ്പോ വായിയ്ക്കാന്ന് വിചാരിച്ച് മാറ്റിവെച്ചതായിരുന്നു....
  അപ്പോ ഇതാണ് ഇറ്റലി....എന്നാ‍ ബാക്കീം കൂടി പോരട്ടെ...

  ReplyDelete
 35. സൂപ്പര്‍ വളരെ നല്ല യാത്രാവിവരണം അഭിനന്ദനങ്ങള്‍, രചനാശൈലി വളരെ നന്നായീരിക്കുന്നു
  ഇതു വായിച്ചപ്പോള്‍ തോന്നിയ ഒരു ഐഡിയയാണ് ഇറ്റലി യാത്രയില്‍ നമ്മുടെ സോണിയ ആന്റിടെ കുടുംബക്കാരെ കണ്ടു അവര്‍ വഴി മുല്ലപരിയര്‍ ഡാം ഇഷ്യൂവില്‍ കേരളത്തിന്‌ അനുകുലമായി ആന്റിടെ അടുത്തു ഒന്ന് രേകമെന്റി നോക്കാര്നു, ചിലപ്പോള്‍ ‌‌ഏറ്റെലോ..... ഏത്
  സസ്നേഹം

  ReplyDelete
 36. Mohiyudheen MP ആദ്യവരവിൽ വളരെ സന്തോഷം..

  കേരളദാസനുണ്ണീ..നന്ദി...

  എച്മൂ..അതൊരു മാർക്കറ്റിങ് ടെക്നിക്ക് അല്ലാരുന്നോ ? ഇത്തവണ അതേറ്റില്ല എന്നു മാത്രം..

  ഡാർക്ക് ഡോൺ..നന്ദി....എന്നാണ് ഇൻഡോനേഷ്യൻ യാത്രാവിവരണം ? പിന്നെ കാശു കിട്ടാത്ത കാര്യത്തിലൊന്നും സോണിയ ആന്റിയും കുടുംബവും ഇടപെടും എന്ന് തോന്നുന്നില്ല.

  ReplyDelete
 37. പഥികാ,

  വളരെ നല്ല ബ്ലോഗ്‌. ഞാന്‍ എല്ലാ ലേഖനങ്ങളും വായിക്കാറുണ്ട്.

  ജര്‍മന്‍ ഉച്ചാരണങ്ങള്‍ ഒക്കെ വളരെ നന്നായി മലയാളത്തില്‍ എഴുതിയിട്ടുണ്ട്.
  പലരും ജര്‍മന്‍ വാക്കുകള്‍ ഇംഗ്ലീഷില്‍ എങ്ങനെ ഉച്ചരിക്കുന്നുവോ, അങ്ങനെയാണ് മലയാളത്തില്‍ എഴുതുന്നത്‌.
  താങ്കളുടെ എഴുത്ത് വ്യത്യസ്തമാണ്.

  വിനോദ്

  ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...