പഥികന്റെ കാൽപാട്



Tuesday, November 29, 2011

സ്ലൊവാക്യയിലെ ഒരു ദിവസം


ചെക്കോസ്ലോവാക്യ വിഭജിക്കുന്നതിനു മുൻപ് ഭൂമിശാസ്ത്രം പഠിച്ച എനിക്ക് സ്ലൊവാക്യയുടെ തലസ്ഥാനമായ ബ്രാട്ടിസ്ലാവ എന്ന നഗരം തികച്ചും അപരിചിതമായിരുന്നു.ആകെ യൂറോട്രിപ് എന്ന ഇംഗ്ലീഷ് സിനിമയിൽ ഹാസ്യരൂപേണേ കാണിക്കുന്ന ദൃശ്യങ്ങൾ മാത്രമാണ്‌ മനസ്സിലുണ്ടായിരുന്നത്. ബെർലിനിലേക്ക് യാത്ര തിരിച്ച ഒരു കൂട്ടം അമേരിക്കൻ ചെറുപ്പക്കാർ വഴിതെറ്റി ബ്രാട്ടിസ്ലാവയിലെത്തുന്നതും ആ നഗരത്തിൽ വച്ചുണ്ടാകുന്ന രസകരമായ സംഭവങ്ങളുമൊക്കെയാണ്‌ ആ സിനിമയിൽ.സ്ലൊവാക്യയുടെ തലസ്ഥാനമായ ബ്രാട്ടിസ്ലാവയെക്കുറിച്ച് കൂടുതൽ അറിഞ്ഞത് ജർമ്മനിയിലെത്തി ചുറ്റുമുള്ള രാജ്യങ്ങളുടെ ഭൂമിശാസ്ത്രം മനസ്സിലാക്കിത്തുടങ്ങിയതിനു ശേഷം മാത്രമാണ്‌. 

സ്ലൊവാക്യയിലേക്ക്
സ്ലൊവാക്യയുടെ പടിഞ്ഞാറുഭാഗത്ത്  ആസ്ട്രിയൻ അതിർത്തിയിലാണ് ബ്രാട്ടിസ്ലാവയുടെ സ്ഥാനം. മറ്റൊരു രാജ്യവുമായി അതിരുകൾ പങ്കുവക്കുന്ന ഒരേയൊരു തലസ്ഥാന നഗരം എന്ന പ്രത്യേകതയുമുണ്ട് ബ്രാട്ടിസ്ലാവയ്ക്ക്.ബുഡാപെസ്റ്റിൽ നിന്ന് പ്രാഗിലേക്കു പോകുന്ന ചെക് റിപ്പബ്ളികിന്റെ യൂറോ സിറ്റി ട്രെയിനിലാണ് ഞങ്ങൾ യാത്രതിരിച്ചത്.  5 മണിക്കൂർ യാത്രയുണ്ട് ബുഡാപെസ്റ്റിൽ നിന്ന് ബ്രാട്ടിസ്ലാവയിലേക്ക്. ഏതാണ്ട് ശൂന്യമായിരുന്നു ട്രെയിനിലെ കൂപ്പെ. വഴിയിലൊരിടത്തുനിന്ന് ട്രെയിനിൽ കയറിയ വൃദ്ധദമ്പതികളായിരുന്നു ആകെ ഉണ്ടായിരുന്ന കമ്പനി. ഞങ്ങളോട് സംസാരിക്കാൻ അവർ ആവതു ശ്രമിച്ചെങ്കിലും ഭാഷ തടസ്സമായി.കേരളം പോലെ പ്രകൃതിരമണീയമായ സ്ലോവാക്യയുടെ ഗ്രാമപ്രദേശങ്ങൾ കടന്ന് ട്രെയിൻ ബ്രാട്ടിസ്ലാവ സ്റ്റേഷനിലെത്തി.


പച്ചപ്പും പുഴയും ചീനവലയും....കേരളം പോലെ..
തീരെ ചെറിയ റയിൽവേ സ്റ്റേഷനാണ് ബ്രാട്ടിസ്ലാവയിലേത്. തിരുവനന്തപുരം സെന്റ്രൽ ഇതിന്റെ ഇരട്ടി വരും. ചെറിയ സ്റ്റേഷനായതു കൊണ്ട് സ്ഥലം കണ്ടുപിടിക്കാനും ലോക്കൽ ടിക്കറ്റ് എടുക്കാനും ബുദ്ധിമുട്ടുണ്ടായില്ല.നഗരത്തിൽ മെട്രോ സംവിധാനമില്ല. ട്രാമുകളാണ്‌ പൊതു ഗതാഗതത്തിന്‌ പ്രധാനമായും ഉപയോഗിക്കുന്നത്.സ്റ്റേഷനു വെളിയിലുള്ള പ്ലാറ്റ്ഫോമിൽ നിന്ന് ട്രാം പിടിച്ച് ഹോട്ടലിലേക്ക് തിരിച്ചു
ട്രാം സ്റ്റേഷൻ



സ്ലൊവാക്യയുടെ ചരിത്രം ഹംഗറിയുടെയും ചെക് റിപ്പബ്ളികിന്റെയും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആദ്യകാല ഹംഗറിയുടെ ഭാഗമായിരുന്നു സ്ലൊവാക്യ. തുർക്കികൾ ബുഡാപെസ്റ്റ് കീഴടക്കിയപ്പോൾ ഹംഗറിയുടെ തലസ്ഥാനം പ്രെസ്സ്ബുർഗ് എന്നു പേരുള്ള ബ്രാട്ടിസ്ലാവയിലേക്കു മാറ്റി. ഒരു നഗരമെന്നനിലയിൽ ബ്രാട്ടിസ്ലാവ വളരുന്നതും വികസിക്കുന്നതും അക്കാലത്താണ്‌. ആസ്ട്രിയൻ സൈന്യം തുർക്കികളെ തുരത്തി ഹംഗറിയെ തങ്ങളുടെ രാജ്യവുമായി കൂട്ടിച്ചേർത്തതോടെ ബ്രാട്ടിസ്ലാവയുടെ പ്രസക്തി നഷ്ടപ്പെട്ടു. ഒന്നാം  ലോക മഹായുദ്ധത്തോടെ ആസ്ട്രിയൻ സാമ്രാജ്യത്തിൽ നിന്ന് വേർപെട്ട ചെക് റിപ്പബ്ളിക്കും സ്ലൊവാക്യയും ചെക്കോസ്ലോവാക്യ എന്ന പേരിൽ പുതിയ രാഷ്ട്രം സ്ഥാപിച്ചു.  രണ്ടാം ലോകമഹായുദ്ധത്തോടെ ചെക്കോസ്ലോവാക്യ  സോവിയറ്റ് അനുകൂല കമ്മ്യൂണിസ്റ്റ് ഭരണത്തിലേക്കു വഴി മാറി.

സോവിയറ്റ് യൂണിയൻ തകരുകയും കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുകയും ചെയ്തതോടെ ചെക്കുകളും സ്ലൊവാക്കുകളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നു വരാൻ തുടങ്ങി. തുടർന്നാണ്‌ ചെക്കോസ്ലോവാക്യ ചെക് റിപ്പബ്ലിക്കും സ്ലൊവാക്യയുമായി വിഭജിക്കപ്പെടുന്നത്. രക്തച്ചൊരിച്ചിലില്ലാതെ പരസ്പര സഹകരണം വാഗ്ദാനം ചെയ്ത വേർപിരിയൽ വെൽവെറ്റ് വിപ്ളവം എന്നാണ്‌ അറിയപ്പെടുന്നത്.


വെൽവെറ്റ് വിപ്ളവത്തിനു ശേഷം സ്ലൊവാക്യയുടെ വളർച്ച മറ്റ് കിഴക്കൻ യുറോപ്യൻ രാജ്യങ്ങളെക്കാൾ വേഗത്തിലായിരുന്നു. യൂറോ പൊതു നാണയമായി ഉപയോഗിക്കുന്ന യൂറോസോണിലേക്ക് ആദ്യം കടന്ന കിഴക്കൻ യൂറോപ്യൻ രാജ്യമാണ്‌ സ്ലൊവാക്യ.എങ്കിലും യൂറോട്രിപിൽ അല്പം കളിയാക്കി പറയുന്ന പോലെ മറ്റു യൂറോപ്യൻ രാജ്യങ്ങളെക്കാൾ ചിലവു കുറവാണിവിടെ . ഉദാഹരണത്തിന്‌ ഒരു സോൺ യാത്ര ചെയ്യാനുള്ള ടിക്കറ്റിന്‌ 50 യൂറോ സെന്റേ ഉള്ളൂ ബ്രാട്ടിസ്ലാവയിൽ. മ്യൂണിക്കിൽ ഇതിന്റെ അഞ്ചിരട്ടി കൊടുക്കണം.


ഹോട്ടലിൽ പോയി ചെക്ക് ഇൻ ചെയ്ത് ബാഗൊക്കെ വച്ച് ഞങ്ങൾ നഗരമധ്യത്തിലേക്ക് നടന്നു. തെക്കനേഷ്യക്കാർ തീരെ ഇല്ലാത്ത രാജ്യമാണെന്നു തോന്നുന്നു സ്ലൊവാക്യ. ആൾക്കാരെല്ലാം വളരെ കൗതുകത്തോടെയാണ്‌ ഞങ്ങളെ നോക്കുന്നത്. പ്രത്യേകിച്ച് യൂണിക്കോൺ സ്റ്റൈലിൽ (അവളുടെ തന്നെ ഭാഷയിൽ) തലമുടി പൊക്കിക്കെട്ടി ചാടിത്തുള്ളി നടക്കുന്ന തുമ്പിക്കുട്ടിയെ.എതിരേ വരുന്നവർ ഒരു നിമിഷം നിന്ന് ഒരു കോമ്പ്ലിമെന്റ് പറയാനും മടിക്കുന്നില്ല.
ബ്രാട്ടിസ്ലാവ നഗരം - ഒരു ദൂരവീക്ഷണം
മാപ്പ് നിവർത്തിയും തലതിരിച്ചുമൊക്കെ നോക്കിയിട്ടും യാതൊരെത്തും പിടിയും കിട്ടാതെ വഴിയരുകിൽ വണ്ടറടിച്ചു നിക്കുന്നത് യാത്രകളിലെ പതിവു സംഭവമാണ്‌.എന്നാൽ ഇവിടെ അതിന്റെ ആവശ്യമേ വന്നില്ല. ഒരു നിമിഷം പരുങ്ങിനിന്നാൽ സഹായവാഗ്ദാനവുമായി ആരെങ്കിലും എത്തിയിരിക്കും.തിരിച്ച് ഹോട്ടലിലെത്തി കിട്ടിയ ബ്രോഷറുകൾ വായിച്ചു നോക്കിയപ്പൊഴാണ്‌ സ്ലൊവാക്യൻ ടൂറിസത്തിന്റെ ഒരു USP (Unique selling point) തന്നെ ഈ സൗഹൃദമനസ്കരായ ജനങ്ങളണെന്ന് മനസ്സിലാക്കുന്നത്.
ഡാന്യൂബിനക്കരെ നിന്ന് കാസിലും നഗരവും (ഗൂഗിൾ ചിത്രം)
ബ്രാട്ടിസ്ലാവ വളരെ ചെറിയ ഒരു നഗരമാണ്‌ . നാലഞ്ച് മണിക്കൂർ കൊണ്ട് മുഴുവൻ നടന്ന് കണ്ടു തീർക്കാം.ഹോട്ടലിൽ നിന്ന് പത്തു മിനിറ്റിൽ താഴെയേ എടുത്തുള്ളൂ നഗരമധ്യത്തിലെത്താൻ.മറ്റു യൂറോപ്യൻ നഗരങ്ങളിൽ നിന്ന് ബ്രാട്ടിസ്ലാവക്കുള്ള ഒരു പ്രത്യേകത ഇംഗ്ലീഷ് ഭാഷയുടെ ശക്തമായ സ്വാധീനമാണ്‌. ഇംഗ്ലീഷിലുള്ള ഫ്ലെക്സ് ബോർഡുകളും പരസ്യങ്ങളും ധാരാളം കാണാം. തങ്ങളുടെ രാജ്യത്തിന്റെ ചെറിയ അതിരുകളിൽ നിന്ന് വിശാലമായ ലോകത്തേക്ക് കടക്കാനുള്ള വാതായനം ഇംഗ്ലീഷ് ആണെന്ന് സ്ലൊവാക്യക്കാർ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
കാപ്പി വിഴുങ്ങുന്ന ആന - ഒരു ഫ്ലെക്സ് ബോർഡ്
നഗരമദ്ധ്യത്തിൽ ധാരാളം കഫെകളും പബുകളുമുണ്ട്.യുവാക്കളുടെ നഗരമായി ബ്രാട്ടിസ്ലാവയെ ബ്രാൻഡ് ചെയ്യാനുള്ള ഒരു ശ്രമം.യുവതീയുവാക്കളുടെ ഒരു വൻ ബറ്റാലിയൻ തന്നെ എല്ലായിടത്തും കാണാം.പശ്ചിമയൂറോപ്യൻ നഗരങ്ങളിൽ നിന്ന് ബ്രാട്ടിസ്ലാവയിലേക്ക് ചിലവുകുറഞ്ഞ ബസ് സർവീസുകൾ ധാരാളമുണ്ടെന്ന് എവിടെയോ വായിച്ചു.എല്ലാം വീക്കെന്റ് അടിച്ചുപൊളിക്കാനെത്തുന്ന യുവാക്കളെ ഉദ്ദേശിച്ചു തന്നെ.സ്ലൊവാക്യയിലെ 'Stag Weekend' കളെ പറ്റി എല്ലായിടത്തും ആകർഷകമായ പരസ്യങ്ങൾ കാണാം. :)


നഗരമധ്യത്തിൽ
നഗരഹൃദയത്തിലെ കഫേകളുടെയും റസ്റ്റോറന്റുകളുടെയും ഇടയിൽ കൂടി നടന്നെത്തിയത് പുരാതനമായ സെന്റ് മാർട്ടിൻസ് കത്തീഡ്രലിലാണ്‌. 13 ആം നൂറ്റാണ്ടിലാണ്‌ ഈ പുരാതനദേവാലയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ പലതവണ മുടങ്ങിയ നിർമ്മാണം പൂർത്തിയാക്കാനായത് 15ആം നൂറ്റാണ്ടിൽ മാത്രം. ഇരു രാജ്യങ്ങളും ഒന്നായിരുന്ന സമയത്ത് ഹംഗറിയിലെ രാജാക്കന്മാരുടെ കിരീടാവരോഹണം നടത്തിയിരുന്ന സ്ഥലം എന്നൊരു പ്രാധാന്യവും സെന്റ് മാർട്ടിൻ കത്തീഡ്രലിനുണ്ട്. സ്ലോവാക്യയിലെ ഏറ്റവും വലിയ പള്ളി എന്ന ബഹുമതി ഉണ്ടെങ്കിലും യൂറോപ്പിലെ മറ്റു പല ദേവാലയങ്ങളെ അപേക്ഷിച്ച് ഇതൊരു “അശു” തന്നെയാണെന്ന് സമ്മതിക്കേണ്ടി വരും.
സെന്റ് മാർട്ടിൻസ് കത്തീഡ്രൽ (ചിത്രം വികിയിൽ നിന്ന്)


കത്തീഡ്രലിനു മുന്നിലൂടെയാണ്‌ ഡാന്യൂബിനു കുറുകെയുള്ള പ്രസിദ്ധമായ UFO (Unidentified flying object) പാലം കടന്നു പോകുന്നത്. പാലത്തിന്റെ ഒരു വശത്ത് പറക്കും തളിക വന്നിറങ്ങിയതു പോലെ നിർമ്മിച്ചിരിക്കുന്ന ഒരു റസ്റ്റോറന്റ് ആണ്‌ പാലത്തിനു ഈ പേരു വരാൻ കാരണം. റസ്റ്റോറന്റിനോട് ചേർന്ന് തന്നെ ഒരു ഒബ്സെർവേറ്ററിയും ഉണ്ട്. 

UFO പാലം
രണ്ട് തട്ടുകളായാണ്‌ UFO പാലം നിർമ്മിച്ചിരിക്കുന്നത്. മുകളിലെത്തട്ട് വാഹനങ്ങൾക്ക് കടന്നു പോകാനാണ്‌. കാൽ നടക്കാർക്കുള്ള നടപ്പാതയാണ്‌ താഴെ.രണ്ടും ഒരേ തൂക്കുപാലത്തിന്റെ ഭാഗം തന്നെ.പാലത്തിലേക്കു കടക്കുമ്പോൾ തന്നെ വലതു വശത്തായി ഡന്യൂബിനഭിമുഖമായി ബ്രാട്ടിസ്ലാവാ കാസിൽ കാണാം. വെള്ളച്ചുവരുകളും തവിട്ടുമേല്ക്കൂരയുമുള്ള ഈ കാസിൽ കേരളത്തിലെ പഴയ നാലുകെട്ടുകളെ അനുസമരിപ്പിക്കുന്നു.കാസിലിന്റെ ചില ചിത്രങ്ങളേടുത്ത ശേഷം ഞങ്ങൾ പാലത്തിലേക്കു നടന്നു.


ബ്രാട്ടിസ്ലാവ കാസിൽ


UFO പാലത്തിൽ നിന്ന് നോക്കിയാൽ മഴവില്ലുപോലെ മനോഹരമായി ദീപാലങ്കാരം നടത്തിയുട്ടുള്ള അപ്പോളോ പാലവും അതിന്റെ ഡാന്യൂബിലെ (സ്ലൊവാക്യനിൽ ഡൂണ) പ്രതിബിംബവും കാണാം. ക്യാമറ പാലത്തിന്റെ കൈവരിയിലുറപ്പിച്ചു വച്ചിട്ടു പോലും അപ്പോളോ ബ്രിഡ്ജിന്റെ നല്ലൊരു ചിത്രമെടുക്കാൻ കഴിഞ്ഞില്ല.UFO പാലത്തിലൂടെ അതിവേഗം പാഞ്ഞു പോകുന്ന വാഹനങ്ങൾ തൂക്കുപാലത്തെ ശക്തമായി കുലുക്കുന്നുണ്ടായിരുന്നു.


അപ്പോളോ ബ്രിഡ്ജ്
നടന്ന് നടന്ന് ഞങ്ങൾ മറുവശത്തെത്തി. വൈദ്യുതവെളിച്ചത്തിൽ പ്രഭചൊരിഞ്ഞു നില്ക്കുന്ന ബ്രാട്ടിസ്ലാവാ കാസിൽ അത്യാകർഷകമായി കാണപ്പെട്ടു. അവിടെ കണ്ടു മുട്ടിയ ചില ലോക്കൽ ടൂറിസ്റ്റുകളോട് കുശലപ്രശനം നടത്തി ചില ചിത്രങ്ങളെടുത്ത് നഗരത്തിലേക്ക് തിരിച്ച് നടന്നു.
കാസിൽ - വൈദ്യുതപ്രഭയിൽ
നേരം നന്നേ ഇരുട്ടിയിരിക്കുന്നു. എങ്കിലും പബുകളിലെയും ഡാൻസ്ബാറിലെയും ആരവങ്ങൾ ഒഴിയുന്നില്ല. കയറണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉച്ചത്തിലുള്ള ശബ്ദം തുമ്പിക്ക് അരോചകമായേക്കും എന്നോർത്ത് ആ ആഗ്രഹം മനസ്സിൽ വച്ചു. തിരികെ നടക്കുന്ന വഴി ബ്രാട്ടിസ്ലാവയിലെ പേരുകേട്ട റോഡ് വർക്കറിന്റെ ശില്പം കണാൻ കഴിഞ്ഞു. കുറേ ചെറുപ്പക്കാർ അതിനു ചുറ്റും ഇരുന്നും കിടന്നും ചിത്രങ്ങളെടുക്കുന്നു.
റോഡ് വർക്കർ - വഴിയരികിലെ ശില്പങ്ങളിലൊന്ന്


തിരികെ റൂമിലെത്തിയപ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞു. വിയന്നയിലാണ്‌ അടുത്ത രണ്ടു ദിവസം ചിലവഴിക്കാൻ പ്ലാൻ ചെയ്തിരിക്കുന്നത്. അതിനുള്ള ഊർജ്ജം കരുതി വക്കണമെന്ന വിചാരത്തോടെ കിടക്കയിലേക്ക് മറിഞ്ഞു.

37 comments:

  1. ഒരു കുഞ്ഞ് യാത്രാക്കുറിപ്പു കൂടി....വായിച്ച് അഭിപ്രായം പറയുമല്ലോ ?

    ReplyDelete
  2. പഥികാ.. മനോഹരമായ കുറിപ്പ്. അപ്പൊ ഇനി വിയന്നയും ഉണ്ട് അല്ലെ.? തുടരൂ കൂടെ ഉണ്ട്........സസ്നേഹം

    ReplyDelete
  3. ഓരോ യാത്രയും വായിക്കുമ്പോള്‍ ,ഇനിയും എത്ര എത്ര നാടുകള്‍ ഞാന്‍ അറിയാത്തതും ,കാണാത്തതും ഉണ്ടല്ലേ !ഈ യാത്ര ഒക്കെ വായിക്കുമ്പോള്‍ എല്ലാം കണ്ടപ്പോലെ തന്നെ .
    ഈ യാത്രയിലും പഥികന്‍ കുടുംബത്തിന്റെ കൂടെ കൂടി ,പിന്നെ പബു കളില്‍ ഒന്നും കയറാതെ പോന്നതിനെ കുറിച്ചുള്ള വിഷമം മാറ്റി തരാം .അടുത്ത യാത്രയില്‍ ആദ്യം പഥികന്‍ കയറി കുറച്ചു നേരം അവിടെ യിരുന്നിട്ട് .പിന്നെ അമ്പിളി യോട് കയറി വരാന്‍ പറയൂ .അപ്പോള്‍ തുമ്പിയും കൂടെ പുറകെ വന്നോള്ളും .(കുട്ടികള്‍ക്ക് കൂടി ഇരിക്കാന്‍ പറ്റുന്ന സ്ഥലത്ത് കയറി നല്ല ഭക്ഷണം ഒക്കെ അടിച്ചു സന്തോഷമായി തിരിച്ചു വരാല്ലോ ....ല്ലേ ?)
    അപ്പോള്‍, ഇനി വിയന്ന യാത്ര തുടരട്ടെ ..

    ReplyDelete
  4. ഞാൻ ഒരു കമന്റിട്ടിരുന്നു. അതു കാണാനില്ല.
    കാലത്തേ വിദേശയാത്ര തരപ്പെട്ടതിൽ സന്തോഷം.
    ആ അപ്പോളോ ബ്രിഡ്ജ് ഈ ഭൂമീലു തന്നെയാണ് അല്ലേ?

    പാസ്പോറ്ട്ടും വിസായും വിമാനക്കൂലീം ഉണ്ടെങ്കിലേ നാടു ചുറ്റാൻ പറ്റൂ എന്ന് പറഞ്ഞതാര്? ഞാനല്ല സർ.
    അടുത്ത യാത്രയ്ക്ക് എപ്പോഴാ റെഡിയാവേണ്ടത്?

    ReplyDelete
  5. നല്ല വിവരണം. തുടരുക...

    [UFO = Unidentified Flying Object]

    ReplyDelete
  6. കൊള്ളാല്ലോ അതുലെ ഇനി അടുത്ത യാത്ര എന്നാണ് ...പോകാന്‍ ഇപ്പോളെ റെഡി ആകണ്ടേ ...അമ്പിളിയോടും തുമ്പി മോളോടും നേരത്തെ പറഞ്ഞോളൂ അടുത്ത യാത്രക്ക് കൂടെ കുറേപേര്‍ ഉണ്ടെന്നു ....യാത്ര നന്നായിട്ടോ .....

    ReplyDelete
  7. ഒരേ യാത്രകളിലും, ഞങ്ങളെയും കൂടെ ചേര്‍ക്കുന്നു. ഒത്തിരി നന്ദി
    യാത്ര തുടരട്ടെ

    ReplyDelete
  8. മനോഹരമായ വിവരണം ..കൊതിപ്പിച്ചു ..:)

    ReplyDelete
  9. വളരെ നല്ലൊരു വിവരണം പഥികാ..യാത്രയും എഴുത്തും തുടരട്ടെ.. "stag weekend " കഴിഞ്ഞ് ഒരു സ്മൈലി എന്തിനായിരുന്നു? ;)

    ReplyDelete
  10. പഥികൻ..സ്ലൊവാക്യയിലൂടെ ഒരു ദിവസത്തെ യാത്ര ഞാനും നടത്തി.. അതും വളരെ നന്നായി ആസ്വദിച്ച്...മനോഹരമായ വിവരണം..ചിത്രങ്ങൾ അതിസുന്ദരം എന്നു പറയേണ്ടതില്ലല്ലോ..അടുത്ത യാത്രകളിലും കൂടെയുണ്ടാകും...കാത്തിരിക്കുന്നു ആ യാത്രകൾക്കായി...ആശംസകൾ..സ്നേഹപൂർവ്വം ഷിബു തോവാള

    ReplyDelete
  11. നല്ല വിവരണം നാട്ടാരാ... ബ്രാട്ടിസ്ലാവ കാസിൽ മനം മയക്കി...പിന്നെ UFO പാലവും ആ റെസ്റ്റോറെന്റും.. :)

    ചരിത്രം വിവരിച്ചതും അവസരോചിതമായി... അവിടത്തെ ജനതയുടെ സൌഹൃദമനോഭാവം മനം കുളിർപ്പിച്ചു...തിരുവന്തോരത്തെങ്ങാനും ഒരാൾ വന്നു നിന്ന് സ്ഥലം തിരക്ക്യാലത്തെ സ്ഥിതി ആലോചിച്ചു പോയി :)

    ReplyDelete
  12. അതുലിന്റെ യാത്രാ വിവരണനം ഏഷ്യാനെറ്റ്‌ സഞ്ചാരം പരിപാടി കേള്‍ക്കുന്ന പോലെ ആണ് എനിക്ക് തോന്നിയത്
    അടുത്തത് ഉടന്‍ വരട്ടെ

    ReplyDelete
  13. ചിത്രവും വിവരണവും ചരിത്രവും... എല്ലാം കൂടിയപ്പോള്‍ നല്ലൊരു യാത്ര അനുഭവം..

    ആശംസകള്‍..

    ReplyDelete
  14. നല്ല രസമുള്ള വിവരണം. ചിത്രങ്ങളും അതി മനോഹരം..

    ReplyDelete
  15. യാത്രികാ..ആദ്യം വന്ന് അഭിപ്രായം പറഞ്ഞതിന് നന്ദി..

    സിയാ...പ്രായം കൂടുന്നതിനനുസരിച്ച് മനസ്സ് വളരുന്നില്ല...പിള്ളേരൊക്കെയായി ഇനി അടങ്ങി ഫാമിലീ ട്രാവലർ ആകാം എന്നോർത്താലും മനസ്സു സമ്മതിക്കണ്ടേ...പിന്നെ അമേരിക്കയിലെത്തിയതോടെ സിയയുടെ യാത്രകൾ തീരെ കുറഞ്ഞു എന്നു തോന്നുന്നല്ലോ ?

    എച്മൂ....വളരെ നന്ദി കൂടെ യാത്ര ചെയ്യുന്നതിന്....ഈ ബ്ലോഗിൽ കമന്റ് ഡിലീറ്റ് ആകുന്നെന്ന് പലരും പറഞ്ഞു. ..എങ്ങനാ ഡിലീറ്റ് ആകുന്നതെന്ന് എനിക്കറിയില്ല... അല്ലാതെ എച്മുവിന്റെ ഒരു കമന്റ് ഡിലീറ്റ് ചെയ്യാൻ ഈ ബൂലോകത്താർക്കാ ധൈര്യം...

    ദിവാകരേട്ടാ..ടൈപ്പോ ഓൺ ദി സ്പോട്ടിൽ തിരുത്തിയിട്ടുണ്ട്....തെറ്റു കാണിച്ചു തന്നതിനു വളരെ നന്ദി.

    പഴയ യാത്രകൾ ‘മുൻ‌കാല പ്രാബല്യത്തോടെ’ എഴുതുകയാണ് കൊച്ചുമോളേ....യാത്രക്കു കൂടെ കൂട്ടാൻ വളരെ വളരെ സന്തോഷം.

    ശിഖണ്ഡി, രമേശ്ജി....നല്ല വാക്കുകൾക്കു നന്ദി...

    എന്തു പറയാനാ ശ്രീജിത്തേ..വന്നു വന്ന് സ്മൈലി ഇല്ല്ലാതെ ഒരു ഭാവവും പ്രകടിപ്പിക്കാൻ വയ്യാ എന്നായിരിക്കുന്നു..
    തന്നതില്ലപരനുള്ളുകാട്ടുവാൻ
    നല്ലതാകുമൊരുപായമീശ്വരൻ
    ഇന്ന് ഭാഷ അപൂർണ്ണമാണഹോ
    എന്ന് കുമാരനാശാൻ പാടിയത് സ്മൈലികളില്ലാത്ത ഒരവസ്ഥയെക്കുറിച്ചായിരിക്കും.. :) ..ബ്രാട്ടിസ്ലാവയിലെ Stag Weekend കളെ കുറിച്ച് ഗൂഗിളിനോട് ചോദിച്ചു നോക്കൂ...അല്ലെങ്കിൽ യൂറോട്രിപ് കണ്ടുനോക്കൂ ..ദാ വീണ്ടും സ്മൈലി :))

    ഫോട്ടോ നന്നായി എന്ന് ഷിബുവിനെപ്പോലുള്ള ഒരാളുടെ കോമ്പ്ലിമെന്റ്സ് കിട്ടിയാൽ വേറെ എന്തു വേണം .....താജ്മഹൽ യാത്ര പെട്ടെന്ന് പോരട്ടെ..

    നാട്ടുകാരി എന്നതൊക്കെ ശരി...തിരുവനന്തപുരത്തെ കുറ്റം പറയുന്നത് മാത്രം ഞാൻ സഹിക്കില്ല...കേരളത്തിലെ മറ്റു ഭാഗങ്ങളിലെ തലതെറിച്ച പിള്ളേരെക്കാൾ എക്സ്ട്രാ ഡീസന്റ് ആയാണ് നമ്മുടെ നാട്ടുകാർ സന്ദർശകരോട് ഇടപെടുന്നത്.. :) ..ദേ സ്മൈലി

    ReplyDelete
  16. യാത്രകള്‍ അഭംഗുരം,അനുസ്യൂതം തുടരട്ടെ, പ്രിയ പഥികന്‍. എല്ലാ ആശംസകളും.

    ReplyDelete
  17. നല്ല വിവരണവും മനോഹരമായ ഫോട്ടോസും. പുതിയ അറിവുകള്‍ തന്ന പോസ്റ്റിന് നന്ദി

    ReplyDelete
  18. ചരിത്രവും ഭൂമിശാസ്ത്രവും മനോഹരമായ ചിത്രങ്ങളും ചേര്‍ന്ന് ആ പ്രദേശത്തെക്കുറിച്ച് ചെറിയൊരു ധാരണ ഉണ്ടാക്കി. വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  19. ഒരു വീഡിയോ കണ്ട പ്രതീതി. അസാമാന്യ വിവരണം. തുടക്കം മുതല്‍ അവസാനം വരെയും. കൌതുകകരമായ ഒട്ടേറെ കാര്യങ്ങള്‍. വിജ്ഞാനപ്രദമായ ഒരു വായന. മാപ്പും ചിത്രങ്ങളും വളരെ പ്രയോജനകരമായി.

    ഒരു സംശയം....ഈ യാത്ര നടത്തിയത് ഏതു മാസമായിരുന്നു? അപ്പോഴുള്ള കാലാവസ്ഥയെ കുറിച്ച് കൂടെ അറിയാനുള്ള കൌതുകം കൊണ്ടാണ്.

    ReplyDelete
  20. ബ്രിട്ടനിൽ കിടക്കുന്ന ഈ ഞാൻ പോലും ബ്രാട്ടിസ്ലാവയെ പറ്റി ഇത് വായിച്ചപ്പോഴാണ് കൂടുതൽ അറിയുന്നത് കേട്ടൊ യാത്രകളുടെ പഥികാ...
    കിഴക്കൻ യൂറോപ്പിനെ ഏതാണ്ടൊക്കെ ഈ പട്ടണത്തിൽ കൂടി ഒപ്പിയെടുത്തിരിക്കുന്നൂ...

    സഞ്ചാരസാഹിത്യത്തിലും അധിപനായികൊണ്ടിരിക്കുകയാണ് അഥുൽ ഇപ്പോൾ..അല്ലേ ഭായ്

    അഭിനന്ദങ്ങൾ...!

    ReplyDelete
  21. ആദ്യം തന്നെ അഭിനന്ദനങ്ങള്‍ അറിയിയ്ക്കട്ടെ..
    വളരെ സുന്ദരമായിരിയ്ക്കുന്നു യാത്രാ വിവരണം..കൊതിപ്പിയ്ക്കുന്ന ചിത്രങ്ങളും..!
    സഞ്ചരിച്ചിട്ടുള്ള ഇടങ്ങള് മനസ്സില്‍ നിന്ന് തൂലിക തുമ്പിലേയ്ക്ക് പകര്‍ത്തിയ രീതി മനോഹരം..നല്ലൊരു കാഴ്ച്ച നല്‍കി..നന്ദി, സന്തോഷം..!

    ReplyDelete
  22. ഇത്തരം യാത്രാവിവരണങ്ങളില്‍ കൂടിയാണ് അറിയാത്ത പലതും അറിയാന്‍ കഴിയുന്നത്. സ്ലോവാക്യയെക്കുറിച്ച് നല്ല വിവരണവും മനോഹരമായ ചിത്രങ്ങളും നല്‍കി നല്ലൊരു കാഴ്ചയും വായനയും നല്‍കി. ufo പാലത്തിന്റെ ചിത്രങ്ങള്‍ കൂടുതല്‍ മനോഹരം.

    ReplyDelete
  23. കൊമ്പാ..ഇതാ സഞ്ചാരം മൂപ്പർ കേക്കണ്ട...തന്നെ കുത്തിച്ചാവും :)
    ജെഫൂ, ഖാദൂ - വളരെ നന്ദി വന്നതിലും അഭിപ്രായം പറഞ്ഞതിലും
    ഷബീർ വന്നതിനു വളരെ നന്ദി..
    കേരളദാസനുണ്ണി ... പോകുന്ന സ്ഥലങ്ങളുടെ ചരിത്രവും മറ്റു വിവരങ്ങളും മറക്കാതെ എഴുതി വക്കുക എന്ന ഒറ്റ ഉദ്ദേശമേ ഈ കാല്പാടിനൂള്ളൂ...
    അനാമിക, krishnakumar വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ വളരെ നന്ദി..
    നല്ല വാക്കുകൾക്ക് നന്ദി പ്രിയപ്പെട്ട പൊട്ടാ...യാത്ര പോയത് ആഗസ്റ്റിലായിരുന്നു..വേനൽക്കാലത്ത്..
    അങ്ങനെ പറയാതെ മുരളിയേട്ടാ..മുരളിയേട്ടനെപ്പോലുള്ള വൻപുലികളും കൊമ്പന്മാരും സിംഹങ്ങളും സിംഹികളുമൊക്കെയുള്ള ഈ ബൂലോകസഞ്ചാര ആരണ്യത്തിൽ ഞാനൊരു വഴിപോക്കൻ മാത്രം..പാവം പഥികൻ.. :)
    വര്‍ഷിണി..നല്ല വാക്കുകൾക്കു ഹൃദയം നിറഞ്ഞ നന്ദി..
    പട്ടേപ്പാടം റാംജി വായിച്ച് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

    ReplyDelete
  24. yyyoooo.....Kothiyavunnu...I Wanna Gooo....!

    ReplyDelete
  25. ഞാനന്നേരം പറഞ്ഞതല്ലേ, ആ പബിൽ കൂട് കയറിയിട്ട് പോരാമായിരുന്നൂന്ന്... ഹോ.. അന്നേരം എന്തൊരു ഗമയായിരുന്നു...!!
    ഈ യാത്രയും ബോധിച്ചു.
    ആശംസകൾ...

    ReplyDelete
  26. പ്രിയപ്പെട്ട അതുല്‍,
    HAPPY DECEMBER!
    ഈ ഡിസംബര്‍ പുലരിയില്‍ മനോഹരമായ ഒരു യാത്രയില്‍ കൈപിടിച്ച് നടത്തിയതിനു വളരെ നന്ദി !
    അമ്മ പത്താം ക്ലാസ്സില്‍ ഇംഗ്ലീഷും സാമൂഹ്യപാഠവും പഠിപ്പിച്ചിരുന്നു. ഞങ്ങള്‍ വേറെ സ്കൂളുകളില്‍ ആയിരുന്നു. അപ്പോള്‍ വീട്ടില്‍ ,അമ്മ ചരിത്രം അതി സുന്ദരമായി പഠിപ്പിച്ചു, ആ വിഷയത്തില്‍ താല്പര്യം ചെറുപ്പത്തില്‍ തന്നെ മനസ്സിലുണ്ടാക്കിയിരുന്നു. ബോര്‍ഡ്‌ പരീക്ഷയില്‍ സാമൂഹ്യപാഠത്തില്‍ ഒന്നാം സ്ഥാനം കിട്ടുകയും ചെയ്തു,കേട്ടോ! :)
    ഈ യാത്ര വിവരണം എന്നെ കണ്ട് പോയത്,അമ്മയുടെ സാമൂഹ്യ പാഠ ക്ലാസ്സുകളിലേക്ക്. :)
    ഈ ദൃശ്യവിസ്മയങ്ങള്‍ വല്ലാതെ കൊതിപ്പിക്കുന്നു. UFO പാലം, അപ്പോളോ ബ്രിഡ്ജ്, CASTLE ഒക്കെ എത്ര സുന്ദരം!
    ഓരോ യാത്രയും പുതിയ ജനതയുടെ,സംസ്കാരത്തിന്റെ, അറിവിന്റെ, വിസ്മയങ്ങളുടെ, ഓര്‍മകളുടെ വാതായനങ്ങള്‍ തുറക്കുന്നു! ആലിസിന്റെ അത്ഭുതലോകത്തില്‍ നമ്മള്‍ എത്തി ചേരുന്നു.പലപ്പോഴും വഴിയോരങ്ങളില്‍ കാഴ്ച കണ്ടു അന്തം വിട്ടു നോക്കി നില്‍ക്കുന്നു.
    പബുകള്‍ നിറയെ ഉള്ള ഒരു നാട്ടിലാണ് ഞാനും താമസിക്കുന്നത്! പക്ഷെ ഇത് വരെ അതിനുള്ളില്‍ കയറിയിട്ടില്ല..! :)
    ലോകത്തിലെ ഒരു പാട് രാജ്യങ്ങള്‍ സന്ദര്‍ശിച്ച നന്ദയോട് പറയാം,ഈ പോസ്റ്റ്‌ നോക്കുവാന്‍.
    Thanks a bunch Athul, for this beautiful informative post!
    യാത്രയില്‍ അമ്പിളിയും തുമ്പികുട്ടിയും കൂടെയുണ്ടായിരുന്നു എന്നറിഞ്ഞു സന്തോഷിക്കുന്നു.ഇനിയും ഒരു പാട് യാത്രകള്‍ നടത്താന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ !
    മനോഹരമായ മഞ്ഞിന്റെ മാസം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  27. പഥികന്‍ ഭായിയുടെ കൂടെയുള്ള ഈ യാത്ര ഹൃദ്യമാണ്...അതിസുന്ദരമായ ചിത്രങ്ങളും വിവരണവും..ഇനി വിയന്നയും പോരട്ടെ..ആശംസകള്‍..

    ReplyDelete
  28. സാധാരണയില്‍ കവിഞ്ഞു വായിക്കാന്‍ ഒരു മൂഡ്‌ ഉള്ളപ്പോളെ യാത്രാ വിവരണങ്ങള്‍ ശ്രദ്ധിക്കാറുള്ളൂ. വായിക്കാന്‍ ക്ഷമകാണിച്ചതുകൊണ്ട് കുറെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു നന്നായി വിവരിച്ചിരിക്കുന്നു

    ReplyDelete
  29. @മേരിക്കുട്ടി...വന്നതിനു നന്ദി ..എവിടെ ഡയറിക്കുറിപ്പുകൾ ബാക്കി ?
    ‌@അനൂ...എന്റെയും പ്രിയ വിഷയമായിരുന്നു ജ്യോഗ്രഫി. എന്നെങ്കിലും യാത്ര പോകാൻ പറ്റും വിചാരിക്കാതിരുന്ന ഒരു കാലത്ത് സ്റ്റാമ്പുകൾ ശേഖരിച്ചും യാത്രവിവരണങ്ങൾ വായിച്ചും ലോകത്തെ പറ്റി ഏതാണ്ടൊരു ധാരണ ഉണ്ടാക്കിയിരുന്നു..വന്നതിലും വായിച്ചതിനും വളരെ നന്ദി..
    @ഷാനവാസിക്കാ...ഈ വാക്കുകൾ തന്നെ ഏറ്റവും വലിയ പ്രോത്സാഹനം.
    @എന്തു പറയാനാ വി.കെ..പോയ ബുദ്ധിപിടിച്ചാൽ കിട്ടണ്ടേ..
    ‌@ദേവൻ...നല്ല വാക്കുകൾക്കു നന്ദി..ക്ഷമ ഉള്ളപ്പോൾ ഇനിയും വരിക :)
    @Dark Don അതു മുഴുവൻ ശരിയല്ല...വഴി ചോദിച്ചാൽ കൂടെ വന്ന് കൊണ്ടാക്കുന്നവരാണ് ജപ്പാൻ‌കാർ..ബാക്കി നമ്മൾ ഏഷ്യക്കാർ ഒക്കെ കണക്കാ...വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

    ReplyDelete
  30. ഞാനും അടുത്തുണ്ടായിരുന്ന പോലെ ആശംസകള്‍

    ReplyDelete
  31. ഈ യാത്രാക്കുറിപ്പ് ആ യാത്ര പോലെ വളരെ മനോഹരം. ഒട്ടും ബോറടിപ്പിച്ചില്ല. പറയണ്ട കാര്യങ്ങള്‍ മാത്രം പറയുന്നു. വീണ്ടും ഈ വഴി വരാം. തുടര്‍ന്ന് എഴുതുക.

    ReplyDelete
  32. ഞാനും സ്ലോവാക്യയില്‍ ഒന്ന് ചുറ്റിയടിച്ച പോലെയുണ്ട് . മനോഹരം .

    ReplyDelete
  33. യാത്രാ വിവരണം അസ്സലായി പ്രേതെകിച്ചു ഫോട്ടോകള്‍ ...ആശംസകള്‍

    ReplyDelete
  34. അതുൽ... ഇന്ത്യക്കാരിൽ അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി കാണാക്കാഴ്ച്ചകൾ കാണിക്കുന്നതിൽ എങ്ങനെയാ നന്ദി പറയുക... അടുത്ത വിയന്ന യാത്രയ്ക്കായി കാത്തിരിക്കുന്നു...

    ReplyDelete
  35. അതുല്‍
    വളരെ മനോഹരമായ വിവരണം. ഈ സ്ഥലങ്ങളെ പറ്റിയുള്ള വിവരണം ആദ്യമായാണ്‌ വായിക്കുന്നത്. ശരിക്കും കൊതിപ്പിക്കുന്നു.
    തുടരുക..

    സജീവ്‌

    ReplyDelete
  36. പുണ്യവാളാ..കൂടെ എപ്പൊഴും ഉണ്ടായിരിക്കണേ :)..
    കണക്കൂർ - വരവിനും അഭിപ്രായത്തിനും നന്ദി...
    ഒരുവിളിപ്പാടകലെയുള്ളതു കൊണ്ട് എല്ലാ യാത്രകളിലും വിളിക്കാം :)
    ഇടാശ്ശേരിക്കാരാ--നല്ല വാക്കുകൾക്കു നന്ദി
    വിനുവേട്ടാ--കാണാക്കാഴ്ച്ചകൾ ഈ ലോകത്ത് എന്തു മാത്രം..ഇവിടെ അടുത്തുള്ള സ്ഥലങ്ങളിൽ പോകാൻ പരമാവധി ശ്രമിക്കുന്നു.. അത്രമാത്രം..
    സജീവ്-അപരിചിതമായ സ്ഥലത്തു പോകാനാണ് എനിക്കും താല്പര്യം.വളരെ നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും..

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...