ഒരു യാത്രപോകണമെന്ന് വിചാരിക്കുമ്പോൾ ഞാൻ മാപ്പിൽ കിഴക്കോട്ട് നോക്കും. അമ്പിളി പടിഞ്ഞാറോട്ടും. അപരിചിതമായ ഭാഷയും സംസ്കാരവും ജീവിതശൈലിയുമൊക്കെയുള്ള വേണമെങ്കിൽ അല്പം exotic എന്ന് വിശേഷിപ്പിക്കാവുന്ന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളോടാണ് എനിക്ക് കൂടുതൽ താല്പര്യം. എന്നാൽ പേരും പ്രശസ്തിയുമൊക്കെയുള്ള പറഞ്ഞാൽ നാലുപേരറിയുന്ന പശ്ചിമയൂറോപ്യൻ “ബൂർഷ്വാ” നഗരങ്ങളാണ് അമ്പിളിക്കു പ്രിയം.ഇന്ത്യയിൽ നിന്നും വന്ന നമുക്ക് അതിലും exotic ആയി ഏതു രാജ്യമാണുള്ളതെന്നാണ് അമ്പിളിയുടെ മറുചോദ്യം. അങ്ങനെയൊരു “ആശയസമരത്തിനു” ശേഷമാണ് ആഗസ്റ്റിലെ സമ്മർ വെക്കേഷനിൽ യാത്ര പോകാൻ ബുഡാപെസ്റ്റ് തിരഞ്ഞെടുത്തത്.
മ്യൂണിക്കിൽ നിന്നും ഏതാണ്ട് 800 കിമീ കിഴക്കായി, പ്രസിദ്ധമായ ഡാന്യൂബ് നദിയുടെ തീരത്താണ് ഹംഗറിയുടെ തലസ്ഥാനമായ , ഡാന്യൂബിന്റെ മുത്തെന്നും (Pearl of Danube) കിഴക്കിന്റെ പാരീസെന്നുമൊക്കെ അറിയപ്പെടുന്ന ബുഡാപെസ്റ്റ്. 17 ലക്ഷം പേർ അധിവസിക്കുന്ന ഈ നഗരം ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്പിൽ എട്ടാം സ്ഥാനത്താണ്.ഡാന്യൂബ് നദിയുടെ ഒരു കരയിലുള്ള ബുഡാ എന്ന മലയോരപട്ടണവും മറുകരയിലുള്ള പെസ്റ്റ് എന്ന ആധുനികനഗരവും ചേർന്ന ഇരട്ടനഗരമാണ് (Twin City) ബുഡാപെസ്റ്റ്.
![]() |
ഹംഗറിയിലേക്ക് |
ഹംഗറിയുടെ ദേശീയ റെയിൽവേ ആയ MAV(Magyar Államvasutak) ന്റെ യൂറോ നൈറ്റ് ട്രെയിനിലാണ് മ്യൂണിക്കിൽ നിന്ന് യാത്ര തിരിച്ചത്. ട്രെയിനിലെ സൗകര്യങ്ങൾ ജർമ്മനിയുടെ ഡോയിച്ചേ ബാനിന്റെ രാത്രി ട്രെയിനുകളെക്കാൾ മെച്ചപ്പെട്ടതായി തോന്നി.മുകളിലെ ബർത്തിൽ ബാഗുകൾ വക്കാനുള്ള വലിയ ഷെൽഫുകൾ ഉണ്ട്. കാൽകീഴിലുള്ള റാക്കിൽ വെള്ളവും പലതരം ഫ്രൂട്ട്ജ്യൂസുകളും നിരത്തി വച്ചിരിക്കുന്നു. രാത്രി വായിക്കണമെന്നുള്ളവർക്കു വെളിച്ചം ക്രമീകരിക്കാവുന്ന LED ലൈറ്റുകൾ ഉണ്ട് .തുമ്പിക്കുട്ടി പതിവു തെറ്റിച്ച് അമ്മയുടെ ബർത്തിൽ സ്ഥാനം പിടിച്ചു.
കണ്ണുതുറന്നത് കോഫിയും ക്രോയ്സന്റുമായി ടിക്കറ്റ് ചെക്കർ വന്നു വിളിച്ചപ്പോഴാണ്. ട്രെയിൻ ഹംഗറിയിലൂടെ സഞ്ചരിക്കുകയാണ്. കമ്പർട്മെന്റിലെ ബഹുഭൂരിപക്ഷം ആളുകളും ക്യാബിനു പുറത്തു വന്ന് പ്രകൃതി ഭംഗി ആസ്വദിക്കുന്നു.നിറയെ കുറ്റിക്കാടുകളും കൃഷിയിടങ്ങളും നിറഞ്ഞ ഗ്രാമഭംഗി.വഴിയരികിൽ കാണുന്ന തുരുമ്പിച്ച പോസ്റ്റുകളും പഴയ കെട്ടിടങ്ങളും ഒരവികസിത രാജ്യത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നോർമ്മിപ്പിക്കുന്നു. ഏതാണ്ട് 8.30യോടെ ട്രെയിൻ ഡാന്യൂബ് നദി കടന്ന് ബുഡാപേസ്റ്റിലെ കെലെട്ടി പു സ്റ്റേഷനിൽ (Budapest Keleti pályaudvar - Budapest East stattion) വന്നെത്തി.ബുഡാപെസ്റ്റിലെ 3 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് കെലെട്ടി പു.
പല യാത്രാ വെബ്സൈറ്റുകളും മുന്നറിയിപ്പു തന്ന പോലെ ബുഡാപെസ്റ്റ് കെലെടി പു റെയിൽവേസ്റ്റേഷൻ തിരക്കു പിടിച്ചും അലങ്കോലമായും കാണപ്പെട്ടു.ഒന്നിനും ഒരു ക്രമമില്ലാത്ത പോലെ. പ്രത്യേകിച്ചും ചിട്ടവട്ടങ്ങളുടെ നാടായ ജർമ്മനിയിൽ നിന്ന് വരുമ്പോൾ ആ തോന്നൽ ഇരട്ടിക്കും.ടൂറിസ്റ്റ് ഇൻഫൊർമേഷൻ സെന്ററും അന്താരാഷ്ട്ര ട്രെയിൻ ടിക്കറ്റ് കൗണ്ടറും കണ്ടുപിടിക്കാൻ അല്പം ബുദ്ധിമുട്ടി. നല്ല തിരക്കുണ്ടായിരുന്നു ടിക്കറ്റ് കൗണ്ടറിൽ. അടുത്ത ദിവസം ബ്രാട്ടിസ്ലാവക്കു പോകാനുള്ള ടിക്കറ്റ് ഒരു പേപ്പറിൽ എഴുതി സീൽ അടിച്ചു തന്നു. ഹംഗറിയിലെ ഈ കയ്യെഴുത്ത് ടിക്കറ്റിനെപ്പറ്റി നേരത്തേ വായിച്ചിരുന്നതിനാൽ അൽഭുതം തോന്നിയില്ല.
![]() |
തിരക്കു പിടിച്ച കെലെട്ടി പു സ്റ്റേഷൻ |
ടിക്കറ്റ് കൗണ്ടറിനടുത്ത് തന്നെയാണ് ടൂറിസ്റ്റ് ഇൻഫൊർമേഷൻ സെന്റർ. ഇൻഫൊർമേഷൻ കൗണ്ടറിലിരുന്ന പെൺകുട്ടി നഗരത്തിന്റെ ഒരു മാപ്പും ചില ബ്രോഷറുകളും തന്നു. മെട്രോ യാത്രക്കായി ഒരു ബ്ലോക് ടിക്കറ്റെടുക്കാനും നിർദ്ദേശിച്ചു.10 ടിക്കറ്റുകളാണ് ഒരു ബ്ലോക്കിലുള്ളത്. പ്രത്യേകം പ്രത്യേകം വാങ്ങിയാൽ ഒരു ടിക്കറ്റിനു 320 ഫോറിന്റ് (ഹംഗറിയുടെ നാണയം ) ആകും 10 എണ്ണമുള്ള ബ്ലോക് ടിക്കറ്റിന് 2800 ഫോറിന്റ് മാത്രം.
മെട്രോ ടിക്കറ്റ് വാങ്ങാനുള്ള മെഷീൻ കാർഡ് എടുക്കാത്തത് അടുത്ത പ്രശ്നമായി. കയ്യിൽ ഫോറിന്റ് കരുതിയിട്ടുമില്ല.യൂറോസോണിനു വെളിയിലുള്ള രാജ്യത്തു സഞ്ചരിക്കുമ്പോൾ അവിടത്തെ എ.റ്റി.എമിൽ നിന്ന് പണമെടുക്കാറാണ് പതിവ്.ഇങ്ങനെ കിട്ടുന്ന ലോക്കൽ കറൻസിക്ക് നിസ്സരമായ കമ്മീഷനേ ബാങ്ക് ഈടാക്കൂ . പക്ഷേ അടുത്തെങ്ങും ഒരു എ.റ്റി.എം കാണാനില്ല. ബുഡാപെസ്റ്റ് റെയിൽവേ സ്റ്റേഷനിലെ കുപ്രസിദ്ധമായ എക്സ്ചേഞ്ച് കൗണ്ടറിനെപ്പറ്റി വായിച്ചിട്ടുണ്ടായിരുന്നെങ്കിലും ഗത്യന്തരമില്ലാതെ അവിടെപ്പോയി കുറച്ചു ഫോറിന്റ് വാങ്ങി. 1 യൂറോയ്ക്ക് 280 ഫോറിന്റ് ആണ് നിലവിലെ എക്സ്ചേഞ്ച് റേറ്റ്. പക്ഷേ കിട്ടിയത് 210 ഫോറിന്റ് വച്ചും !
മെട്രോ സ്റ്റേഷൻ കണ്ടുപിടിക്കലായിരുന്നു അടുത്ത സാഹസം.മെയിൻ സ്റ്റേഷനിലെ സൈൻ ബോർഡ് അനുസരിച്ചു നടന്ന ഞങ്ങൾ എത്തിപ്പെട്ടത് നടുറോട്ടിൽ.ജിപ്സികളുടെ പാട്ടും കൂത്തും നടക്കുകയായിരുന്നു അവിടെ.അവസാനം അടുത്തു കണ്ട ഒരു പോലീസുകാരനോട് വഴി ചോദിച്ചു. അല്പം പോലും ഇംഗ്ലീഷ് പറയാനറിയാത്ത അയാൾ പകുതിയോളം ദൂരം നടന്ന് വന്ന് വഴികാണിച്ചു തന്നു. സാമാന്യം നല്ല തിരക്കായിരുന്നു മെട്രോ സ്റ്റേഷനിൽ. സ്റ്റേഷനിൽ കയറുന്നതിനു മുൻപ് ടിക്കറ്റ് പഞ്ച് ചെയ്യണം. കയറുന്നവർ പഞ്ച് ചെയ്യുന്നു എന്നുറപ്പുവരുത്താൻ പബ്ബുകളിലെ ബൗൺസർമാരെപ്പോലെ ചില തടിയന്മാർ ഇരുവശത്തും നിൽപുണ്ട്.
താമസം ശരിയാക്കിയിരുന്നത് പെസ്റ്റ് ഭാഗത്തെ നുഗാട്ടി (Nyugati pu ) സ്റ്റേഷനടുത്തുള്ള ഒരു ഹോട്ടലിലായിരുന്നു. നഗരത്തിലെ പ്രധാന ആകർഷണങ്ങൾ ഈ പരിസരത്താണ്.മെട്രോ സ്റ്റേഷനിൽ നിന്നിറങ്ങി ട്രാമിൽ അല്പ ദൂരം സഞ്ചരിക്കണം നുഗാട്ടി സ്റ്റേഷനിലെത്താൻ.ട്രാം യാത്രയിൽ കണ്ട നഗരത്തിന്റെ മുഖച്ഛായ കെലെട്ടി സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ കണ്ടതിൽ നിന്നും വളരെ വ്യത്യസ്ഥമായിരുന്നു. മ്യൂണിക്കിലെ പഴഞ്ചൻ ട്രാമുകളെക്കാൾ വീതിയുള്ളതും ആധുനികവുമാണ് ബുഡാപെസ്റ്റിലെ ട്രാമുകൾ.വൃത്തിയുള്ള റോഡുകൾ. റോഡിനിരുവശവും അന്താരാഷ്ട്രനിലവാരത്തിലുള്ള കടകളും കെട്ടിടങ്ങളും . ഒരവികസിത രാജ്യത്തിന്റെ ലക്ഷണം എങ്ങുമില്ല.
![]() |
ആധുനിക ട്രാമുകൾ |
ഹോട്ടലിൽ ചെക്ക് ഇൻ സമയം പറഞ്ഞിരുന്നത് 2 മണിക്കാണ്. ആദ്യം കട്ടായം പറഞ്ഞെങ്കിലും മൂന്നു വയസ്സുകാരി തുമ്പിമോൾ ചിരിച്ചു കാണിച്ചപ്പോൾ റിസപ്ഷനിലിരുന്ന മദാമ്മ മെരുങ്ങി. പെട്ടെന്ന് ഒരു മുറി ശരിയാക്കിത്തന്നു.അധികം താമസിയാതെ ഹോട്ടലിൽ നിന്നു തന്നെ ബുഡാപെസ്റ്റ് ഹോപ് ഓൺ ഹോപ് ഓഫ് ടൂറിസ്റ്റ് ബസ് സർവിസിന്റെയും കോംപ്ലിമെന്ററി ആയി കിട്ടിയ ഡാന്യൂബ് റിവർ ക്രൂയിസിന്റെയും ടിക്കറ്റ് വാങ്ങി ഞങ്ങൾ ഹംഗേറിയൻ പാർലമെന്റ് ലക്ഷ്യമാക്കി നടന്നു.
![]() |
പാർലമെന്റ് - ഒരു വിദൂരവീക്ഷണം |
ഹോട്ടലിൽ നിന്നും 3 മിനിറ്റ് നടന്നാൽ ഡാന്യൂബിന്റെ തീരത്തെത്തും. മഹാനദി എന്ന വിശേഷണം അന്വർത്ഥമാക്കുന്ന അതിവിശാലമായ നദിയാണ് ജർമ്മനിൽ ഡൊണോവ് എന്നും ഹംഗേറിയനിൽ ഡൂണ എന്നും പേരുള്ള ഡാന്യൂബ്. 2800 കിമീ നീളമുള്ള ഡാന്യൂബ്, നീളത്തിൽ റഷ്യയിലെ വോൾഗക്കു പിന്നിലായി യൂറോപ്പിൽ രണ്ടാം സ്ഥാനത്താണ് . ജർമ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റിൽ നിന്നുൽഭവിച്ച് 10 രാജ്യങ്ങളിലൂടെ ഒഴുകിയാണ് ഈ നദി ഉക്രെയിൻ-റൊമാനിയ അതിർത്തിയിൽ വച്ച് കരിങ്കടലിൽ ചെന്ന് ചേരുന്നത്. വിയെന്ന, ബ്രാട്ടിസ്ലാവ, ബുഡാപെസ്റ്റ്, ബെൽഗ്രേഡ് എന്നീ 4 തലസ്ഥാനനഗരങ്ങൾ ഡാന്യൂബിന്റെ തീരത്താണ്. അങ്ങനെ ബുഡാപെസ്റ്റിന്റെ മാത്രമല്ല യൂറോപ്പിന്റെ മൊത്തം ജീവനാഡിയാണ് കൺമുന്നിൽ പരന്നൊഴുകുന്നത്. റോമിലെ പിയസ്സാ നവോനയിലെ, ബെർനിനി തീർത്ത നാലു നദികളുടെ ശില്പത്തിൽ യൂറോപ്പിന്റെ നദിയായി ഡാന്യൂബിനെ കണ്ടത് മനസ്സിലേക്ക് വന്നു.
![]() |
ഒരു മാപ് കൂടി, ഡാന്യൂബിന്റെ സഞ്ചാരപഥം |
കുളിർകാറ്റേറ്റ് അല്പസമയം അവിടെ കഴിച്ചു കൂട്ടി. അപ്പോഴാണ് രസകരമായ ആ കാഴ്ച കണ്ടത്.ഒരു ബസ് നദിക്കരയിലൂടെ ഓടി വന്ന് ധ്ധൂം എന്നു പറഞ്ഞ് വെള്ളത്തിലേക്ക് ഒറ്റച്ചാട്ടം.എന്നിട്ട് കൂളായി വെള്ളത്തിലൂടെ ഓടിച്ചു പോകുന്നു.ബുഡാപെസ്റ്റിലെ പ്രസിദ്ധമായ വാട്ടർബസ് സർവീസ് ആണിതെന്ന് പിന്നീട് ബ്രോഷർ നോക്കി മനസ്സിലാക്കി.
![]() |
ഓടും ബസ്, വെള്ളം കണ്ടാൽ നീന്തും ബസ് |
അതിമനോഹരമായ ഹംഗേറിയൻ പാർലമെന്റ് നദീമുഖമായാണ് സ്ഥിതി ചെയ്യുന്നത്.ചെങ്കൽ നിറമുള്ള മകുടവും വെണ്ണക്കല്ലിൽ തീർത്ത ചുമരുകളുമുള്ള പാർലമെന്റ് മന്ദിരം ബുഡാപെസ്റ്റിന്റെ മുഖമുദ്രയാണ്. പരമ്പരാഗത യൂറോപ്യൻ വാസ്തുകലയിൽ വേറിട്ട് ഒരു നിയോ ഗോത്തിക് ശൈലിയിലാണ് ഇതിന്റെ നിർമ്മാണം.
![]() |
ഇതിലും മനോഹരമായ ഒരു സൌധം ഞാൻ കണ്ടിട്ടുണ്ടോ ? |
നദീതീരത്തു നിന്നും പാർലമെന്റ് മന്ദിരത്തിലേക്കു കയറിയ ഞങ്ങളെ സൗമ്യമായ ഭാഷയിൽ സെക്യൂരിറ്റി ഗാർഡ് തടഞ്ഞു.എന്നിട്ട് ടൂറിസ്റ്റുകൾക്കായുള്ള ഒരു പ്രത്യേക പാത കാണിച്ചു തന്നു. അതു വഴി നടന്ന് മുൻവശത്തെത്തി ചിത്രങ്ങളെടുത്തു തുടങ്ങി. ഞങ്ങളുടെ ചെയ്തികളെ സാകൂതം വീക്ഷിച്ച് നിറതോക്കോടെ ഒരു സെക്യൂരിറ്റി ഗാർഡ് തൊട്ടടുത്തു തന്നെ നില്പുണ്ടായിരുന്നു. എങ്കിലും സുരക്ഷാസന്നാഹങ്ങൾ ഇന്ത്യയെ അപേക്ഷിച്ച് വളരെ വളരെ കുറവായാണ് അനുഭവപ്പെട്ടത്.
![]() |
വീണ്ടും പാർലമെന്റ് |
പാർലമെന്റിനകത്ത് ഗൈഡഡ് ടൂറിനു സൗകര്യമുണ്ട്. സമയപരിമിതി മൂലം അതിനു നില്‍ക്കാതെ ചുറ്റുമുള്ള പൂന്തോട്ടങ്ങളെ ലക്ഷ്യം വച്ചു. ഉദ്യാനത്തിലൊരിടത്ത് കമ്യൂണിസത്തിന്റെ കല്ലറ പോലെ കണ്ട ഒരു ഫലകം കൗതുകമുണർത്തി. പല മുൻകാല കമ്യൂണിസ്റ്റ് രാജ്യങ്ങളിലും പോകാൻ അവസരം കിട്ടിയിട്ടുണ്ടെങ്കിലും ഒരിക്കൽ തച്ചുതകർത്ത ആ വ്യവസ്ഥിതിയോട് ഇത്രയും കഠിനമായ വെറുപ്പ് ഹംഗറിയിൽ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.
![]() |
1956 ലെ സോവിയറ്റ് അധിനിവേശത്തെ തുടർന്നുള്ളത് |
പാർലമെന്റിന്റെ അടുത്തായാണ് ഹോപ് ഓൺ ഹോപ് ഓഫ് ടൂറിസ്റ്റ് സർവീസുകാരുടെ ഒരു ബസ് സ്റ്റോപ്. അവിടെയെത്തി മറ്റു ചില യാത്രകാരോടൊപ്പം കുറച്ചു നേരം കാത്തിരുന്നപ്പോൾ ബസ് വന്നു. തുറന്ന ജനാലകളുള്ള ഒരു ഡബിൾ ഡക്കറാണ് വാഹനം.2 ലൈനുകളായാണ് സർവീസ്.പ്രധാനമായും നഗരഹൃദയഭാഗങ്ങളിലൂടെ കടന്നു പോകുന്ന റെഡ് ലൈൻ എല്ലാ സ്റ്റോപ്പിലും അര മണിക്കൂർ ഇടവിട്ട് വരും.യെല്ലോ ലൈൻ എല്ലാ 1 മണിക്കൂർ ഇടവിട്ടാണുള്ളത്. 3 സ്റ്റോപ്പുകളിൽ 2 ലൈനും വരും. അവിടെ ബസ് മാറിക്കയറാം.
![]() |
ഇരുനിലബസ് - ഹോപ് ഓൺ ഹോപ് ഓഫ് |
ഭാഗ്യത്തിനു മുകളിലെ ഡെക്കിലെ മുൻസീറ്റ് കിട്ടി. കാഴ്ചകൾ വ്യക്തമായി കാണാം. സീറ്റിനു മുന്നിൽ ഓഡിയോ ഗൈഡിന്റെ ഹെഡ് ഫോൺ കുത്താനുള്ള സൗകര്യമുണ്ട്. ഇംഗ്ളീഷും ജർമ്മനുമുൾപ്പടെ 16 ഭാഷകളിലാണ് ഓഡിയോ ഗൈഡ്.
തിരക്കേറിയ വീഥികളിലൂടെ ബസ് യാത്ര തുടങ്ങി. പോകുന്ന വഴിയിലുള്ള പ്രസിദ്ധമായ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലും ഓപെറാ ഹൗസുമൊക്കെ തിരിച്ചറിയാൻ ബസിലെ ഓഡിയോ ഗൈഡ് സഹായകമായി.ചെറിയ റോഡുകൾ കടന്ന് ബസ് ബുഡാപെസ്റ്റിലെ ബ്രിഗേഡ് റോഡായ ആന്ദ്രാസ്സേ അവെന്യൂവിൽ പ്രവേശിച്ചു.ഇരു വശത്തും നിറയെ റെസ്റ്റോറന്റുകളും കടകളുമുള്ള അതിവിശാലമായ റോഡാണ് ആന്ദ്രാസ്സെ അവെന്യൂ (Andrássy_út). നഗരത്തിലെ മെട്രോ ട്രെയിനിന്റെ ഒരു ലൈൻ ഇതിനടിയിലൂടെ ആണ് പോകുന്നത്. 1896 ഇൽ പ്രവർത്തനമാരംഭിച്ച ബുഡാപെസ്റ്റ് മെട്രോ ലോകത്തിലെ രണ്ടാമത്തെ പഴക്കം ചെന്ന ഭൂഗർഭ റെയിൽ ആണ്.1863 ഇൽ നിലവിൽ വന്ന ലണ്ടൻ ട്യൂബാണത്രേ ലോകത്തിലെ ആദ്യത്തേത്.
![]() |
ഹീറോസ് സ്ക്വയറും ആദ്യ മെട്രോയും - 1895ഇൽ (ചിത്രം വിക്കിയിൽ നിന്ന്) |
![]() |
ഹീറോസ് സ്ക്വയർ ഇന്ന് |
ആന്ദ്രാസ്സെ അവെന്യൂ അവസാനിക്കുന്നത് മാഗ്യാർ യുദ്ധവീരന്മാരുടെ സ്മാരകമായ ഹീറോസ് സ്ക്വയറിനു (Hősök tere) മുന്നിലാണ്. ഞങ്ങൾ അവിടെ ഇറങ്ങി. AD 895 ഇൽ കാർപാത്യൻ താഴ്വരയിലെത്തി ആവാസമുറപ്പിച്ച ഇന്നത്തെ ഹംഗേറിയൻ ജനതയുടെ പൂർവ്വികരാണ് മാഗ്യാറുകൾ. ഇന്നും ഹംഗേറിയൻ ജനതയും ഭാഷയും മാഗ്യാർ എന്നു തന്നെയാണ് അറിയപ്പെടുന്നത്. കുട്ടിക്കാലത്ത്, സ്റ്റാമ്പ് ശേഖരണം ഹരമായിരുന്ന സമയത്ത് “മാഗ്യാർ പോസ്റ്റ” എന്നെഴുതിയ ഹംഗറിയുടെ സ്റ്റാമ്പ് ഉണ്ടായിരുന്നത് ഓർത്തു പോയി.
![]() |
ആന്ദ്രെസ്സെ അവെന്യൂ |
മാഗ്യാറുകൾ ഹംഗേറിയൻ രാജ്യം പടുത്തുയർത്തിയതിന്റെ സഹസ്രാബ്ദസ്മരണക്കാണ് 1895 ഇൽ ഹീറോസ് സ്ക്വയറിലെ മില്ലെനിയം മൊണുമെന്റ് പണികഴിപ്പിച്ചത്. അക്കാലത്ത് ഹംഗറി, ആസ്ട്രിയൻ രാജവംശമായ ഹാബ്സ്ബുർഗുകളുടെ ഭരണത്തിൻ കീഴിലായിരുന്നതിനാൽ മാഗ്യാറുകൾക്കൊപ്പം ഹാബ്സ്ബുർഗ് രാജാക്കന്മാരുടെ ശില്പങ്ങളും മില്ലെനിയം മൊണുമെന്റിൽ സ്ഥാനം പിടിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് കനത്ത ബോംബിങ്ങിനു വിധേയമായ ഹീറൊസ് സ്ക്വയർ പുനർനിർമ്മിച്ചത് യുദ്ധാനന്തരം വന്ന സോവിയറ്റ് അനുകൂല കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ്. സ്വാഭാവികമായും ഹാബ്സ്ബുർഗ് രാജാക്കന്മാർ അപ്രത്യക്ഷരാകുകയും പകരം തൊഴിലാളി മുന്നേറ്റങ്ങളുടെയും ഇടതുപക്ഷനേതാക്കന്മാരുടെയും പ്രതിമകൾ മാഗ്യാറുകൾക്കൊപ്പം ഇടം പിടിക്കുകയും ചെയ്തു.1989ഇൽ കമ്മ്യുണിസ്റ്റ് ഭരണം താഴെ വീണപ്പോൾ ഈ ശില്പങ്ങൾ നീക്കം ചെയ്ത് ഹീറോസ് സ്ക്വയർ ഇന്നത്തെ രൂപത്തിലാക്കി. ഹീറോസ് സ്ക്വയറിൽ നിന്നും അതു പോലെ ഹംഗറിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പിഴുതെടുത്ത കൂറ്റൻ കമ്മ്യൂണിസ്റ്റ് ശില്പങ്ങൾ ഇന്ന് മൊമെന്റൊ പാർക്ക് എന്ന ഒരു തുറന്ന ഉദ്യാനത്തിൽ വിശ്രമം കൊള്ളുന്നു.
![]() |
മൊമെന്റോ പാർക്ക് (ഗൂഗിൾ ചിത്രം) |
മദ്ധ്യഭാഗത്തായി ഒരു പടുകൂറ്റൻ സ്തൂപവും ഇരു വശത്തുമുള്ള രണ്ട് ആർകുകളും ചേർന്നതാണ് മില്ലെനിയം മൊണുമെന്റ്. സ്തൂപത്തിന്റെ മുകളിലായി സ്ഥാപിച്ചിരിക്കുന്ന ഗബ്രിയേൽ മാലാഖയുടെ പ്രതിമയുടെ കൈകളിൽ ഒരു സുവർണ്ണ കിരീടവും ഇരട്ടക്കുരിശും കാണാം. ഹംഗറിയെ ക്രിസ്തുമതത്തിലേക്ക് നയിച്ച സ്റ്റീഫൻ രാജാവിന് മാർപ്പാപ്പ നല്കിയ ഉപഹാരമാണത്. സ്തൂപത്തിന്റെ ബേസ്മെന്റിലാണ് മാഗ്യാർ യുദ്ധവീരന്മാരുടെ കുതിരപ്പുറത്തിരിക്കുന്ന പ്രതിമകൾ നിർമ്മിച്ചിട്ടുള്ളത്.ഇരു വശത്തുമുള്ള ആർകുകളിൽ പ്രശസ്തരായ മറ്റ് ഹംഗറിക്കാരുടെ ശില്പങ്ങളാണ്.
![]() |
ഗബ്രിയേൽ മാലാഖ - കുരിശും കിരീടവുമായി |
സ്തൂപത്തിന്റെ മുകളിൽ വലിഞ്ഞു കയറിയും ചില ചിത്രങ്ങളെടുത്തും അല്പസമയം അവിടെ കഴിച്ചു കൂട്ടി. പ്രതീക്ഷിച്ചതിലും കുറവായിരുന്നു അവിടത്തെ തിരക്ക്. എന്നാലും മില്ലെനിയം മൊണുമെന്റ് ക്യാമറയിൽ പതിപ്പിക്കാൻ തറയിൽ ഇരുന്നും കിടന്നും ജിംനാസ്റ്റിക്സ് നടത്തുന്ന ജാപ്പനീസ് ടൂറിസ്റ്റുകളെ അവിടെ ധാരാളം കണ്ടു.
![]() |
ഹീറോസ് സ്ക്വയർ - ഒരു വശത്തെ ആർക് |
ഏഴെട്ടുപേർ ചേർന്ന് ചവിട്ടിക്കൊണ്ടുപോകുന്ന കുതിരവണ്ടിയുടെ രൂപത്തിലെ സൈക്കിളാണ് ഹീറോസ് സ്ക്വയറിനു മുന്നിൽ കണ്ട മറ്റൊരാകർഷണം.
![]() |
ഭീമൻ സൈക്കിൾ |
ഹീറോസ് സ്ക്വയറിൽ നിന്നും തിരിച്ചത് പുരാതനമായ ഗ്രേറ്റ് മാർക്കറ്റിലേക്കായിരുന്നു. നദിയുടെ ഇരുകരയിലുമായിക്കിടന്ന ബുഡയെയും പെസ്റ്റിനെയും ഒരു പാലം വഴി ഒന്നിപ്പിച്ച് ഒറ്റ നഗരമാക്കിയ ശേഷം 19 ആം നൂറ്റാണ്ടിന്റെ അവസാനമാണ് ഗ്രേറ്റ് മാർക്കറ്റ് ഹാൾ പണികഴിപ്പിച്ചത്.നദിയോടു ചേർന്നാണ് മാർകറ്റിന്റെ ഒരുവശം.മാർക്കറ്റിലേക്ക് നദിയിലൂടെ എളുപ്പം ചരക്കെത്തിക്കുന്നതിനാണ് നദീതീരത്തുതന്നെ മാർക്കറ്റ് സ്ഥാപിച്ചത്.
![]() |
മാർക്കറ്റ് ഹാൾ |
![]() |
മാർക്കറ്റ് ഹാൾ |
ചാല മാർക്കറ്റുപോലെയുള്ള ഒരു ചന്ത പ്രതീക്ഷിച്ചു പോയ ഞാൻ കണ്ടത് വൃത്തിയും വെടിപ്പുമുള്ള ചെറിയ ചെറിയ കടകൾ നിറഞ്ഞ വിശാലമായ ഒരു ഹാൾ ആണ്. പച്ചക്കറികളും പഴങ്ങളും മറ്റ് പലവ്യഞ്ജനങ്ങളുമാണ് താഴത്തെ നിലയിൽ.വസ്ത്രങ്ങളും മറ്റും മുകളിലത്തെ നിലകളിലാണ്. വറ്റൽ മുളക് പുളി തുടങ്ങിയവയൊക്കെ ആകർഷകമായ ഡിസൈനിൽ ഒരുക്കി വച്ചിരിക്കുന്നു. തുടുതുടുത്ത പഴങ്ങളും പച്ചക്കറികളും നിരത്തി വച്ചിരിക്കുന്ന ഒരു ഷോപ്പിൽ കയറി ഒരു തണ്ണിമത്തൻ ഞങ്ങൾ മുറിച്ചു വാങ്ങി. യൂറോപ്യൻ നിലവാരമനുസരിച്ച് വില നന്നെ കുറവാണ് എന്നു വേണം പറയാൻ.
![]() |
മാർക്കറ്റിനകം |
മാർക്കറ്റിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ വെയിൽ താണുതുടങ്ങിയിരുന്നു. അധികം വൈകാതെ നദിയിലെ ബോട്ട് സവാരി ലക്ഷ്യമാക്കി നടന്നു. നദിക്കരയിലൂടെ 10 മിനിറ്റ് നടക്കണം ബോട്ട് ജട്ടിയിലെത്താൻ.പലരാജ്യങ്ങളിൽ നിന്നും ടൂറിസ്റ്റുകളുമായി എത്തിയ പടുകൂറ്റൻ ക്രൂയിസുകൾ നദിയിൽ നങ്കൂരമടിച്ചിരിക്കുന്നു. ഡാന്യൂബിലെ ജലപ്പരപ്പും അല്പം അകലെയായി പാർലമെന്റ് മന്ദിരവും അന്തിവെയിലിൽ വെട്ടിത്തിളങ്ങുന്നു.
![]() |
ബുഡാ ഹില്ലിൽ നിന്നുള്ള ദൃശ്യം - ബുഡായും പെസ്റ്റും ഡാന്യൂബും പാർലമെന്റും |
ബോട്ടു വരുന്നതും കാത്ത് നിർന്നിമേഷനായി മഹാനദിക്കരയിലങ്ങനെ നില്ക്കവേ മനസ്സിലെന്തായിരുന്നു ? ആദിമശിലായുഗം മുതൽ ആധുനികയുഗം വരെ പരസഹസ്രാബ്ദങ്ങളായി മനുഷ്യരാശിക്കു ജീവരക്തമേകിയുള്ള മഹാപ്രയാണത്തിലുടെ ഒഴികിപ്പോയതെത്രയെത്ര ഇതിഹാസങ്ങൾ ?മനുഷ്യൻ വളരുന്നതും വലിയവനാകുന്നതും ദൈവത്തെ സൃഷ്ടിക്കുന്നതും താൻ സൃഷ്ടിച്ച ദൈവത്തിനു വേണ്ടി പോരടിച്ചു വീഴുന്നതുമെല്ലാം കണ്ട നദി.നദീതീരത്ത് തളിരിട്ടതും തളർന്നുവീണതമായ വിശ്വാസങ്ങളും സാമ്രാജ്യങ്ങളും പ്രത്യയശാസ്ത്രങ്ങളും.മാഗ്യാറുകളും തുർക്കികളും ജൂതന്മാരും നാസികളും ചെമ്പടയുമുൾപ്പെടെ ഇവിടെ വന്നു കണ്ടുകീഴടക്കി മൺമറഞ്ഞുപോയവരെത്രപേർ.ഇനി നമ്മളൊന്നുമില്ലാത്ത സങ്കല്പാതീതമായ നാളെയുടെ ലോകത്തെ എന്തെന്തല്ഭുതങ്ങൾക്കാണീ നദി സാക്ഷ്യം വഹിക്കുക. അനാദിയായ ഈ മഹാപ്രയാണത്തിൽ നൈമിഷികമായ ഇന്നിനെന്താണ് പ്രസക്തി ?
ഇരു കരകളിലെയും കരിപുരണ്ട ജീവിതങ്ങൾക്കിടയിലൂടെ സ്വച്ഛന്ദമായി ഒഴുകുന്ന ഗംഗയെ നോക്കി ഭൂപേൻ ഹസാരിക പാടിയ മനോഹര ഗാനം മനസ്സിലേക്ക് വന്നു..
വിസ്താർ ഹെ അപാർ, പ്രജാ ദൊണോ പാർ,
കരേ ഹഹകർ ,നിശബ്ദ് സദാ,
ഓ ഗംഗാ തും, ഓ ഗംഗാ ബെഹ്തി ഹൊ ക്യോം?.................
നദികൾ ഒഴുകുകയാണ്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക്. പഴിയും പരിഭവവുമില്ലാതെ.
(തുടരും..)
ഭൂപേൻ ഹസാരികയുടെ ഹൃദയഹാരിയായ ഗാനത്തിന്റെ youtube link
http://www.youtube.com/watch?v=9cHoKpM_WcA
ഡാന്യൂബ് ഒഴുകുന്ന പത്ത് രാജ്യങ്ങൾ : Germany, Austria, Slovakia, Hungary, Croatia, Serbia and Montenegro, Bulgaria, Romania, Moldova, and Ukraine .
എഴുതിവന്നപ്പോൾ കാടുകയറി. പക്ഷേ യൂറോപ്പിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ നഗരത്തെപ്പറ്റി മനസ്സിൽ തോന്നിയതൊക്കെ പറയാതിരിക്കുന്നതെങ്ങനെ ? കണ്ണടച്ചു പോസ്റ്റ് ചെയ്യുന്നു. ശേഷം സ്ക്രീനിൽ. അല്ലേ :)
ReplyDeleteപറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല...കൂടെ യാത്ര ചെയ്തത് പോലെ തോന്നി...നന്നായി പറഞ്ഞു നാട്ടാരാ....പോസ്റ്റ് വലുതായി എന്നൊന്നും തോന്നിയില്ല...ഒട്ടും ബോറടിച്ചില്ലാ... നദികള്‍ ഒഴുകട്ടെ...തലമുറകളില്‍ നിന്നും തലമുറകളിലേക്ക് ...
ReplyDeleteഇനിയും വരട്ടെ ഇത്തരം യാത്രാ വിവരണങ്ങള്‍
വളരെ രസകരമായ വിവരണം..ബാക്കി വായിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു...ആശംസകള്‍.
ReplyDeleteനല്ല വിവരണം മാഷെ, ഒരു യാത്ര അനുഭവമായി വായിച്ചപോള്‍
ReplyDeleteചിത്രങ്ങളും മനോഹരമായി
ആശംസകള്‍
വിസ്താരമായി എല്ലാം എഴുതിയിട്ടുണ്ടല്ലോ ,,:) ചിത്രങ്ങളും കുറിപ്പുകള്‍ക്ക് ജീവന് പകര്‍ന്നു ..എഴുതി ഒറ്റ എപ്പിസോഡ് ആക്കിയാല്‍ മാതൃഭൂമി ബ്ലോഗന ചിലപ്പോള്‍ പരിഗണിച്ചേക്കും ..:)
ReplyDeleteമനുഷ്യൻ വളരുന്നതും വലിയവനാകുന്നതും ദൈവത്തെ സൃഷ്ടിക്കുന്നതും താൻ സൃഷ്ടിച്ച ദൈവത്തിനു വേണ്ടി പോരടിച്ചു വീഴുന്നതുമെല്ലാം കണ്ട നദി. ഈ പോസ്റ്റിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികൾ...
ReplyDeleteബുഡാപെസ്റ്റ് യാത്ര മനോഹരമായി... ഒരു സംശയം... ക്രോയിസന്റ് എന്നതിന്റെ ഉച്ചാരണം ക്രോസ്വോങ്ങ് എന്നല്ലേ?
എഴുതി കാടുകയറിന്നൊന്നും തോന്നിയില്ലാട്ടോ... ഇഷ്ടായി.
ReplyDelete(ആ വാട്ടർബസ് സർവീസ് നേരിട്ട് കാണാന്‍ കഴിഞ്ഞല്ലോ ! ഒരു സിനിമയില്‍ അത്തരം ഒരു സീന്‍ കണ്ടപ്പോ ഞാന്‍ കരുതിയത് അത് സിനിമയ്ക്ക് വേണ്ടി മാത്രം പ്രത്യേകം ചെയ്ത വണ്ടിയാവും എന്നാ !! ഇപ്പൊ ആ തെറ്റിദ്ധാരണ മാറികിട്ടി :))
മനോഹരമായ ഒരു സഞാരാനുഭവം ലളിതമായ വരികളിലും വിവരണങ്ങളിലും !! ലിപി പറഞ്ഞപോലെ എങ്ങിനെ കാട് കയറും ?
ReplyDelete"ബുഡാപെസ്റ്റ്" Expendables എന്ന ഇംഗ്ലീഷ് സിനിമയില്‍ കേട്ടിട്ടുണ്ട്... ഇപ്പൊ കണ്ടു... :)
ReplyDelete@സീതായനത്തിലെ സീതേ...ആദ്യവായനക്കും കമന്റിനും നന്ദി..
ReplyDelete@ഷാനവാസിക്കാ..അഭി...വളരെ നന്ദി വരവിനും വായനക്കും...
@രമേഷ്ജീ...ബ്ലോഗനക്ക് ഞാൻ 1-2 ലേഖനങ്ങൾ അയച്ചു കൊടുത്തിട്ടുണ്ട്..അതിൽ ഒരെണ്ണം വന്നു എന്ന് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു..ഇതും ബാക്കി എഴുതട്ടെ അയച്ചു കൊടുക്കുന്നുണ്ട്..നിർദ്ദേശത്തിനു വളരെ വളരെ നന്ദി..
സ്ഥിരവായനക്ക് നന്ദി വിനുവെട്ടാ...ശരിയാണ് എന്ന ഫ്രഞ്ച് വാക്കിന്റെ ഉച്ചാരണം ക്രോസാങ്ങ് എന്നു തന്നെയാണ്. പക്ഷേ ജർമ്മനിയിൽ എല്ലാരും ക്രോയിസന്റ് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്..നിർദ്ദേശത്തിനു നന്ദി..
@ലിപീ...വന്നു വായിച്ചതിലും അഭിപ്രായം പറഞതിലും വളരെ സന്തോഷം...
@ഫൈസൽ ബാബൂ...വളരെ വളരെ സന്തോഷം ഇവിടെ കണ്ടതിൽ..ഊർക്കടവ് ഞാൻ സ്ഥിരം അടുക്കുന്ന ഒരു കടവാണ്. കമന്റ് ഇടാറില്ല എന്നു മാത്രം..:)
@അരുൺ ലാൽ - വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
'നദികൾ ഒഴുകുകയാണ്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക്. പഴിയും പരിഭവവുമില്ലാതെ.'
ReplyDeleteഎത്ര ശരി അല്ലേ?
വിവരണവും പടങ്ങളുമെല്ലാം ഇഷ്ടപ്പെട്ടു. എന്നാലും ഈ വരികളാണ് കൂടുതലിഷ്ടമായതു്.
നല്ല വിവരണവും ഫോട്ടോകളും
ReplyDeletevalare nannaayittund.thudaroo..
ReplyDeleteനല്ല വിവരണവും ഫോട്ടോകളും,എല്ലാ ഭാവുകങ്ങളും.... ഒരു തെക്കൻ തിരുവിതാംകൂറുകാരൻ.
ReplyDeleteആദ്യമായാണ് ഇവിടെ. വന്നത് ഒട്ടും വെറുതെയായില്ല. വളരെ മനോഹരമായ യാത്രാവിവരണം. നല്ലൊരു വായനാനുഭവം തന്നതിന് നന്ദി...
ReplyDeleteമൂന്നു വയസ്സുകാരി തുമ്പിമോൾ ചിരിച്ചു കാണിച്ചപ്പോൾ റിസപ്ഷനിലിരുന്ന മദാമ്മ മെരുങ്ങി.അതു നന്നായി കുടുംബകലഹം ഒഴിവാക്കാന്‍ പറ്റി അല്ലെ.... പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല...കൂടെ യാത്ര ചെയ്തത് പോലെ തോന്നി..........വാട്ടര്‍ ബസ് സിനിമയില്‍ കണ്ടിട്ടുണ്ട് അപ്പോള്‍ തൊട്ടുള്ള സംശയവും മാറിക്കിട്ടി..ബുഡാപെസ്റ്റ് വരെ പോയി വന്ന അനുഭവം ..... ഫോട്ടോകളും ഇഷ്ടായി........
ReplyDeleteഅപൂർവ്വ ചിത്രങ്ങൾ, നല്ല വിവരണം.
ReplyDeleteനല്ല ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ വിവരണം .
ReplyDeleteസുന്ദരമായ അവതരണം...പഥികന്റെ കൂടെ
ReplyDeleteവായനക്കാരും....ഒരു യാത്ര ഒഴിവായിക്കിട്ടി കേട്ടോ..നന്ദി...
വിനുവേട്ട:-ക്രോസോന്ഗ് ..ശരിയാണ് ..ഫ്രഞ്ച് വാക്ക് ആയതു കൊണ്ടു ഉച്ചാരണം അല്പം വിഷമം ആണ്...ക്രോസോന്ഗ്
എന്ന് തീര്‍ത്തു പറയില്ല...അവസാനം 'ഓം' എന്നാണ് ചേര്‍ത്തു വായികേണ്ടത്.. ക്രോസോം.എന്ന് പറയാം..പറയാന്‍ എളുപ്പം
ക്രോയിസന്റ്റ് തന്നെ....
ലിപി:-water ബസ് ദുബായില്‍ ഉണ്ട് കേട്ടോ..എന്റെ ഓഫീസ് ക്രീക്ക് തീരത്ത് ആണ്..മിക്ക ദിവസവും വെളിയില്‍ നോക്കുമ്പോള്‍ പോകുന്ന കാണാം..പോകു കണ്ടാല്‍ കണ്ടാല്‍ ബസ് ഇപ്പൊ വെള്ളത്തില്‍ മറിയും എന്ന് തോന്നും....
നീന്തുന്ന ബസ്സ് രസകരമായി തോന്നി. ഹംഗേറിയൻ പാർലെമെന്റ് കണ്ട് ഒരാൾക്ക് സ്വന്തം രാജ്യത്തെ പാർലെമെന്റ് വേണ്ടെന്നു തോന്നും. ഇഷ്ടപ്പെട്ടു. നല്ല വിവരണം, ചിത്രങ്ങൾ, ഹസാരിക.
ReplyDeleteഈ യാത്രയിലും കൂടെ കൂടി ട്ടോ ...അവസാനംഭൂപേൻ ഹസാരിക പാട്ട് കൂടി കേട്ടപ്പോള്‍ ഞാന്‍ ഈ ലോകത്തില്‍ ഒന്നും അല്ല..
ReplyDeleteപഥികന്റെ കാല്പ്പാടുകള്പതിഞ്ഞ ഓരോ യാത്രയും നല്ലപോലെ പകര്‍ത്തി എഴുതി ,സുന്ദരമായ ഒരു ചിത്രം തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് .അതിനു അഭിനന്ദനം കേട്ടോ .
ഒരു ഓഫ് -രണ്ടുപേര്‍ക്കും യാത്ര പോകാന്‍ ഇഷ്ട്ടം ഉള്ളവര്‍ ആയതു വളരെ വളരെ നന്നായി !!ആദ്യം വായന തുടങ്ങിയപ്പോള്‍ അത് വായിച്ചു സന്തോഷവും .അപ്പോള്‍ എല്ലാരും കൂടി ഇനിയും കുറെ യാത്രകള്‍ ചെയൂ ..
ആഹാ! എന്തൊരു രസികൻ എഴുത്ത്.....ഞാനും ഉണ്ടായിരുന്നു യാത്രേല് കൂടെ..... ആ വെള്ളത്തീച്ചാടണ ബസ്സിലിരിയ്ക്കുന്നവരുടെ മനസ്സിലെന്താവും?
ReplyDeleteഭൂപേൻ ഹസാരികേടെ പാട്ട് കേൾപ്പിച്ചതിന് ഒരു സ്പെഷ്യൽ നന്ദി.
അഭിനന്ദനങ്ങൾ. അടുത്ത ഭാഗം വായിയ്ക്കാനിപ്പോഴേ റെഡി.
ഓ! മാജി രേ.....
എഴുത്തുകാരിച്ചേച്ചീ..ആദ്യമായി ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം.
ReplyDeleteഅജിത്തേട്ടാ..ജാസ്മിക്കുട്ടീ....വരവിനും അഭിപ്രായത്തിനും നന്ദി...
ചന്തുച്ചേട്ടാ....ഒരു തെക്കൻ തിരുവിതാംകൂർ ബ്ലോഗറെക്കൂടെ പരിചയപ്പേട്ടതിൽ വളരെ വളരെ സന്തോഷം...വരവിനു വളരെ നന്ദി...
ബിന്ദൂ..കുങ്കുമം........വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി..
കുമാരൻ....വളരെ നന്ദി വരവിന്...കുറേ കാലമായല്ലോ കുമാരസംഭവങ്ങളിൽ പോസ്റ്റ് വല്ലതും കണ്ടിട്ട്..
ഹാഷിക്..വളരെ നന്ദി വരവിന്..
എന്റെ ലോകം..വളരെ നന്ദി വായനക്കും അഭിപ്രായത്തിനും വിശദീകരണാത്തിനും..
ശ്രീനാഥൻ ...വളരെ നന്ദി...പാർലമെന്റ് മന്ദിരം എനിക്കും വലിയ ഇഷ്ടമായി..
സിയാ...വായനക്കും അഭിപ്രായത്തിനും ആശംസകൾക്കും നൂറു നന്ദി...
എച്മൂ....വരവിനും അഭിപ്രായത്തിനും ഒരു സ്പെഷ്യൽ താങ്ക്സ്....
നല്ല വിവരണം.ഇനിയും യാത്രകള്‍ ചെയ്യൂ...
ReplyDeleteഎന്റീശ്വരാ... എന്റെ യുറോപ്യന്‍ സ്വപ്നങ്ങള്‍ കൂടി കൂടി വരുന്നു ഇതൊക്കെ വായിക്കുമ്പോള്‍.... ഏറ്റവുമധികം പോകാന്‍ ആഗ്രഹമുള്ള സ്ഥലങ്ങള്‍ ആണ് യുറോപ്..... എന്തൊരു രസമുള്ള സ്ഥലം അല്ലെ.... വിവരണം വളരെ നന്നായി... വായിക്കുമ്പോള്‍ വിഷ്വല്‍സ് മനസ്സില്‍ വരുന്നു..ഒപ്പം യാത്ര ചെയ്ത പോലെ..
ReplyDeleteഇവിടെ പോകാന്‍ ഞാനും ഒരു തവണാ മൂണിച്ചില്‍ നിന്ന് പുറപ്പെട്ടു. ഓസ്ട്രിയന്‍ ബോര്ഡറില് പോലീസ് പിടിച്ച് തിരിച്ച് വിട്ടു.... അന്നെനിക്ക് ഇന്ത്യന്‍ വിസയുണ്ടായിരുന്നുള്ളൂ.. പിന്നെ ഷെങ്കന്‍ വിസയും... ഹംഗറി അന്ന് യൂറോപ്യന്‍ യൂണിയനിലുണ്ടായിരുന്നില്ലാന്ന് പോലീസ് പിടിച്ചപ്പളാ പിടികിട്ടിയത്.... ഇപ്പോള്‍ അവിടെ പോയ ഒരു പ്രതീതി.. നന്നായിരിക്കുന്നു വിവരണങ്ങള്‍!
ReplyDeleteപഥികന്റെ ഉല്‍കൃഷ്ടമായ സഞ്ചാരകഥകള്ക്ക് സഞ്ചാരസാഹിത്യത്തിലെ ഏടുകള്‍ കൂട്ടാനുദകത്തക്ക മേന്മയുണ്ട്. അതിരുകളില്ലാത്ത പ്രപഞ്ചത്തിലെ വഴിയോരങ്ങളില്‍ പതിയാറുള്ള എണ്ണമറ്റ കാലടയാളങ്ങളിലേക്ക് നീട്ടിപ്പിടിക്കുന്ന താങ്കളുടെ ച്ഛായാഗ്രാഹിയും തൂവലും ചാരുത പകരുന്നു.
ReplyDeleteവ്യഥയോടെ ഗംഗയോട് കേണരുളുന്ന ഒരു ഗായകന്റെ ശോകഗാനമല്ല, മറിച്ച്, ചെയ്ത പാപങ്ങള്‍ക്ക് മാപ്പിരക്കുകയും ഗംഗയുടെ പുണ്യതീരങ്ങളില്‍ മുങ്ങിനിവര്‍ന്ന് കിട്ടാവുന്ന മോക്ഷം തേടുകയും ചെയ്യുന്ന ജനകോടികള്‍ക്ക് ജപമായി നാവില്‍ തങ്ങിനില്‍ക്കേണ്ട ഭക്തിഗാനമാണ് ഞാന്‍ youtubeല്‍ കേള്‍ക്കുകയുണ്ടായത്. വിഭ്രാമകമായ തന്‍പെരുമ പാടി ലോകസമക്ഷം പെരുമ്പറ കൊട്ടിക്കൊണ്ടിരിക്കുന്ന ഭാരതമക്കള്‍ക്ക്, ധരണിയുടെ ധമനിപൊട്ടിയൊലിക്കുന്ന നിണച്ചുമപ്പ് കാണാനുള്ള തെളിമ കണ്ണുകള്‍ക്ക് ഒട്ടുമില്ല. ഈ ശോകഗാനത്തിന്റെ അന്തരാര്‍ത്ഥം ഗ്രഹിക്കാനുള്ള കെല്പ്പുമില്ല. പക്ഷെ, തന്നെ വിളിച്ചുകൊണ്ടുള്ള നിസ്സഹായതയുടെ ഈ ക്രന്ദം കേള്ക്കവയ്യാതെ ഗംഗാമാതാവ് എന്നോ ചെവി കൊട്ടിയടച്ചുകഴിഞ്ഞിരുന്നു...
എങ്കിലും, ഉയരുന്ന ഈ ഉള്വിളിയില് ഒരു ചുണ്ടു നല്‍കാതെ മാറിനില്ക്കാന്, സുഹൃത്തേ, എനിക്കാവുകയില്ല- ഈ നിണത്തില്‍ എനിക്കും പങ്കുണ്ട്.
ശരിക്കും വിസ്മയിപ്പിച്ചു!
ReplyDeleteആ 'തവള'ബസ്സ് ആണ് കൂടുതല്‍ ഇഷ്ടമായത്.ഇത്രേം നദികളുള്ള നമ്മുടെ നാട്ടിലൊക്കെ ഇത് വ്യാപകമാക്കിയാല്‍ എത്ര ദൂരം, കാശ്, സമയം ലാഭിക്കാം....
yathravivaranam priyappetta vishayamaanallo pante.ezhutthil aadmaartthatha thudicchu nilkkunnu.kaatthirunnuvaayikkaan thonnunna vivaranankal.
ReplyDeleteവന്നഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി..രണ്ടാം ഭാഗം ഇവിടെ വന്നു വായിക്കുമല്ലോ
ReplyDeletehttp://kaalpad.blogspot.com/2011/10/blog-post_15.html
മാതൃഭൂമി ദിനപ്പത്രത്തിന്റെയും മാതൃഭൂമി യാത്രയുടെയും ഹോം പേജിൽ ഈ ലേഖനമുണ്ട്....ഇതു വരെ കിട്ടിയ വലിയൊരംഗീകാരം..