പഥികന്റെ കാൽപാട്Monday, August 29, 2011

പ്രാഗിലേക്ക് (ചെക്ക് യാത്ര - ഒന്നാം ഭാഗം)

പഴയ ചെക്കോസ്ലോവാക്യയുടെയും, ഇപ്പോൾ ചെക്ക് റിപ്പബ്ളിക്കിന്റെയും തലസ്ഥാനമായ പ്രാഗിനെക്കുറിച്ച് ആദ്യം വായിക്കുന്നത് ജൂലിയസ് ഫ്യൂചിക്കിന്റെ (Julius Fučík) പ്രസിദ്ധമായ “കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ” (Notes from the Gallows) എന്ന പുസ്തകത്തിൽ നിന്നാണ്‌.തീക്ഷ്ണമായ കൗമാരകാലത്തെ എന്റെ ചിന്തകളെയും വീക്ഷണത്തെയും ഏറെ സ്വധീനിച്ച ഒന്നായിരുന്നു നാസിത്തടവറയിൽ വധശിക്ഷക്കു വിധിക്കപ്പെട്ട് കൊലമരം കാത്തുകിടക്കവേ ചെക്ക് വിപ്ലവകാരിയായ ജൂലിയസ് ഫ്യൂചിക് എഴുതിയ കുറിപ്പുകൾ. ലോകം മുഴുവനുമുള്ള വിപ്ളവകാരികളുടെ സമരവീര്യത്തെ ആളിക്കത്തിക്കുന്നതിൽ ഈ ഡയറിക്കുറിപ്പുകൾ വഹിച്ച പങ്ക് ചില്ലറയല്ല.തന്റെ കുറിപ്പുകളിലുടനീളം ഗൃഹാതുരത്തത്ത്വത്തോടെ പരാമർശിക്കുന്ന പ്രാഗ് സന്ദർശിക്കണമെന്നത് വളരെക്കാലത്തെ ഒരാഗ്രഹമായിരുന്നു.
കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ ആദ്യ പ്രിന്റ്
ജൂലിയസ് ഫ്യൂചിക്

 പക്ഷേ പ്രാഗ് എന്തുകൊണ്ടും സൂക്ഷിക്കേണ്ട സ്ഥലമാണെന്നായിരുന്നു പല ജർമ്മൻ സുഹൃത്തുക്കളുടെയും അഭിപ്രായം. യൂറോപ്യൻ യൂണിയനിൽ ചേർന്നതോടെ അതിർത്തികൾ തുറന്നെങ്കിലും പുരോഗതിയുടെയും സാമ്പത്തിക അഭിവൃദ്ധിയുടെയും കാര്യത്തിൽ ചെക്ക് റിപ്പബ്ളിക്കും മറ്റ് പശ്ചിമ യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ വലിയ അന്തരം നിലനിന്നിരുന്നു.ഈ സാമ്പത്തിക അസമത്വം കൊണ്ട് തന്നെ കുറ്റകൃത്യങ്ങളും ചെക്ക് റിപ്പബ്ളികിൽ കുറവായിരുന്നില്ല. കാർ മോഷണവും പോക്കറ്റടിയും ഹൈവേയിലെ കൊള്ളയുമുൾപ്പടെ പലതരം അക്രമസംഭവങ്ങൾ പ്രാഗിൽ പതിവാണ്‌.

ജർമ്മനിയുടെ കിഴക്കു ഭാഗത്താണ്‌ പുരാതനകാലത്ത് ബൊഹീമിയൻ സാമ്രാജ്യം എന്നറിയപ്പെട്ടിരുന്ന ചെക്ക് റിപബ്ളിക്.ചെക്ക് ഭാഷയിൽ സെസ്കാ റിപ്പബ്ളികാ എന്നാണ്‌ രാജ്യം അറിയപ്പെടുന്നത്.മ്യൂണിക്കിൽ നിന്നും ഏതാണ്ട്‌ 500KM അകലെയായി വരും തലസ്ഥാനമായ പ്രാഗ് (ചെക്ക് ഭാഷയിൽ പ്രാഹ).ജർമ്മൻ നിർമ്മിത കാറുമായി പ്രാഗിലോട്ടു പോകുന്നതു ബുദ്ധിയല്ലാത്തതിനാൽ ഒരു ഫോർഡ് ഫോകസ്സ് ആയിരുന്നു യാത്രക്കായി തിരഞ്ഞെടുത്തത്.ചെക്ക് ലോക്കൽ ബ്രാൻഡായ സ്കോഡയാണ്‌ യാത്രക്കായി പൊതുവേ നിർദ്ദേശിക്കാറുള്ളത്.

രാവിലെ ഏഴുമണിക്കു തിരിച്ച ഞങ്ങൾ ഏതാണ്ട് 9.30 ആയപ്പോൾ അതിർത്തി കടന്നു. ചെക്ക് ഹൈവേ കളിൽ സഞ്ചരിക്കാൻ പ്രത്യേക പാസ്സ് (Vignette) ആവശ്യമാണ്‌ .അതിർത്തിലെ ഒരു പെട്രോൾ സ്റ്റേഷനിൽ നിന്നും Vignette വാങ്ങി. ക്രോണ ആണ്‌ ചെക്ക് റിപ്പബ്ളിക്കിലെ നാണയം. 1 ക്രോണ ഏതാണ്ട് 3 രൂപയോളം വരും (1 Euro = 24 Crona). ആ പെട്രോൾ സ്റ്റേഷനിൽ തന്നെ കറൻസി എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവുമുണ്ട്.സ്വാഭാവികമായും സാധാരണ എക്സ്ചേഞ്ച് റേറ്റിൽ നിന്നും വളരെ കുറവാണ്‌ അവരുടെ വിനിമയ നിരക്ക്. 


ജർമ്മനി ചെക് റിപബ്ലിക് അതിർത്തി
മോശമല്ലെങ്കിലും ജർമ്മനിയിലെ റോഡുകളുടെ നിലവാരം ചെക്കിലെ റോഡുകൾക്കില്ല.പല സ്ഥലങ്ങളിലും റോഡിൽ പാച്ച് വർക്ക് കാണാം. ഹൈവേയിൽ 130KM വേഗതാ നിയന്ത്രണവുമുണ്ട്.ഇരുവശത്തെയും കാഴ്ചകളിൽ ജർമ്മനിയെക്കാൾ പച്ചപ്പ് അനുഭവപ്പെട്ടു ഒരു പക്ഷേ തോന്നലാവാം.

ഏതാണ്ട്‌ 12 മണിയോടെ വ്ല്റ്റാവ (Vltava) നദി കടന്ന് പ്രാഗ് നഗരത്തിൽ പ്രവേശിച്ചു.നദി കടന്ന് നഗരത്തിലേക്കെത്തുമ്പോൾ വലതു വശത്തായി വിചിത്രരൂപത്തിലുള്ള ഒരു കെട്ടിടം കാണാം. പ്രാഗിലെ പ്രധാന ആകർഷണങ്ങളിലൊന്നായി അറിയപ്പെടുന്ന ഡാൻസിങ്ങ് ഹൗസ് ആണത്. കെട്ടിടമിരിക്കുന്ന സ്ഥലത്ത് പണ്ടുണ്ടായിരുന്ന കെട്ടിടം 1945 ഇൽ രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബക്രമണത്തിൽ തകർന്ന ശേഷം നദീമുഖമായിക്കിടക്കുന്ന നഗരത്തിന്റെ കണ്ണായ സ്ഥലത്ത് പുതിയ നീർമ്മാണം തുടങ്ങിയത് 1990 കളിലാണ്‌.നഗരത്തിലേക്ക് കടക്കുന്ന സന്ദർശകരെ ആകർഷിക്കാൻ പ്രത്യേകതയുള്ള എന്തെങ്കിലും വേണമെന്നാതായിരുന്നു ഇതിന്റെ രൂപകർത്താക്കളുടെ ഉദ്ദേശം .വികൃതമായ കെട്ടിടം എന്നതിലുപരി യാതൊരാകർഷണവും അതിനോട് തോന്നിയില്ല. പ്രാഗ് നിവാസികൾ അല്പം പരിഹാസപൂർവം ഡാൻസിങ്ങ് ഹൗസിനെ Drunken Hause എന്നാണ്‌ വിളിക്കുന്നത്.

വികൃതമായ ഡാൻസിങ്ങ് ഹൗസ്
ഡാൻസിങ്ങ് ഹൗസിൽ നിന്നും ഇടുങ്ങിയ നഗരവീഥികളിലൂടെ അല്പദൂരം സഞ്ചരിച്ച് ഹോട്ടലിലെത്തി.നഗരമധ്യത്തിൽതന്നെയുള്ള ഒരു പെൻഷൻ ഹൗസിലാണ്‌ താമസം ശരിയാക്കിയിരിക്കുന്ന്ത്. വാടകയും മറ്റും ജർമ്മനിയെ അപേക്ഷിച്ച് വളരെ കുറവാണ്‌.നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ചെറുപ്പക്കാരനാണ്‌ റിസപ്ഷനിൽ. നഗരത്തിന്റെ ഒരു മാപ്പും ഒന്നു രണ്ട് ടൂറിസ്റ്റ് ഇൻഫൊർമേഷൻ ബ്രോഷറും റിസപ്ഷനിൽ നിന്നും വാങ്ങി.

ട്രാം സർവീസ്

നഗരപ്രദക്ഷിണം തുടങ്ങാൻ ആദ്യം തിരഞ്ഞെടുത്തത് പ്രാഗ് കാസിലാണ്‌.നഗരത്തിലെ കറക്കത്തിന്‌ പബ്ളിക് ട്രാൻസ്പോർട്ട് തന്നെ സൗകര്യം. ഹോട്ടലിനു തൊട്ടടുത്തു നിന്നു തന്നെ ട്രാം സർവീസ് ഉണ്ട്. 100 ക്രോണ വിലയുള്ള 24 മണിക്കൂർ ടിക്കറ്റ് എടുക്കാനായിരുന്നു പ്ലാൻ. പക്ഷേ അതു മെയിൻ സ്റ്റേഷനിൽ നിന്നു മാത്രമെ കിട്ടുകയുള്ളത്രേ. സിംഗിൾ ടിക്കറ്റ് എല്ലാ ചെറിയ കടകളിലും കിട്ടും.ട്രാം തിങ്ങിനിറഞ്ഞിരുന്നു.കാസിലിലേക്കിറങ്ങാനുള്ള സ്റ്റോപ്പിന്റെ കാര്യത്തിൽ ഒരു കൺഫ്യൂഷൻ. ഒന്നു രണ്ടുപേരോട് ചോദിച്ചെങ്കിലും ഭാഷ ഒരു പ്രശ്നമായി. എല്ലാവർക്കും ചെക്ക് ഭാഷ മാത്രമേ അറിയൂ.അവസാനം ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ കണ്ടെത്തി. പ്രാഗിൽ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യുന്ന ഒരു യുവതി. കാസിലിന്റെ സ്റ്റോപ്പും അവിടെനിന്നും നടക്കാനുള്ള വഴിയും കൃത്യമായി പറഞ്ഞു തന്നു.
പ്രാഗ് കാസിൽ - ദൂരദൃശ്യം

കാസിലിലേക്ക് നടക്കുമ്പോൾ ആദ്യം കാണുന്നത് ഗോത്തിക് രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ഒരു ഗോപുരമാണ്‌.കാസിലിനകത്തു തന്നെയുള്ള സെന്റ് വിറ്റസ് ബസലിക്കയുടെ ഗോപുരമാണത്. 9ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ കാസിൽ ലോകത്തിലെ ഏറ്റവും വലിയ പുരാതന കാസിൽ എന്ന് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയിട്ടുള്ളതാണ്‌. ഇന്നത്തെ രീതിയിൽ ഇതിനെ പുനർനിർമ്മിച്ചത് ബൊഹീമ്യൻ ചക്രവർത്തിയായ ചാൾസ് നാലാമനാണ്‌. Holy Roman Emperor ആയ ആദ്യത്തെ ബൊഹീമ്യൻ ചക്രവർത്തി ആയിരുന്നു ചാൾസ് IV. മദ്ധ്യകാല യൂറോപ്യൻ രാജാക്കന്മാർക്കിടയിലെ പരമോന്നത ബഹുമതി ആയിരുന്നു മാർപാപ്പ കല്പ്പിച്ചു നല്കിയിരുന്ന ഈ ചക്രവർത്തി സ്ഥാനം.

രാജകീയ മുദ്രകൾ - കാസിലിനുൾവശം

ചാൾസ് IV ന്‌ ചക്രവർത്തി സ്ഥാനം ലഭിച്ചതോടെ Holy Roman Empire ന്റെ തലസ്ഥാനമായിത്തീർന്ന പ്രാഗിന്റെ സുവർണ്ണകാലം ആരംഭിച്ചു. പ്രാഗ് കാസിൽ (Pražský hrad
), പ്രസിദ്ധമായ ചാൾസ് ബ്രിഡ്ജ്,യൂറോപ്പിലെ പുരാതന സർവ്വകലാശാലയായ ചാൾസ് യൂണിവേർസിറ്റി തുടങ്ങിയവ നിർമ്മിച്ചത് ഈ കാലയളവിലാണ്‌.പിന്നീട് ഓസ്ട്രിയൻ ചക്രവർത്തിമാരായ ഹാബ്സ്ബുർഗ് രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ കൊട്ടാരം .ഒന്നാം ലോകമഹായുദ്ധത്തൊടെ ഓസ്ട്രിയ-ഹംഗറി സമ്രാജ്യത്തിൽ നിന്നും ചെക്കോസ്ലോവാക്യൻ റിപ്പബ്ളിക് രൂപം കൊണ്ടതോടെ Pražský hrad റിപ്പബ്ളികിന്റെ ഭരണസിരാകേന്ദ്രമായി. അതിനു ശേഷം വന്ന നാസി ഭരണകൂടവും യുദ്ധാനന്തരം വന്ന കമ്മ്യൂണിസ്റ്റ് ഗവണ്മെന്റും ഇവിടെയിരുന്നാണ്‌ ഭരണം നടത്തിയത്.വെൽവെറ്റ് വിപ്ളവത്തെ തുടർന്ന് ചെക്കോസ്ലോവാക്യ ചെക്ക് റിപ്പബ്ളിക്കും സ്ലോവാക്യയുമായി വിഭജിച്ചതോടെ ചെക്ക് പ്രസിഡന്റിന്റെ ആസ്ഥാനമായി Pražský hrad.


കാസിലിന്റെ അങ്കണം


കൊട്ടാരത്തിനകത്തുള്ള കൗണ്ടറിൽ നിന്നും റ്റിക്കറ്റെടുത്ത് അകത്തു കയറി. സെന്റ് വിറ്റസ് കത്തീഡ്രലിലോട്ടാണ്‌ ആദ്യ പ്രവേശനം. കത്തീഡ്രലിനുള്ളിൽ നിറയെ കമനീയമായ ശില്പങ്ങളും പെയിന്റിങ്ങുകളും.അവ ക്യാമറയിൽ പകർത്താൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവു തടസ്സമായി.
ശില്പങ്ങളും കൊത്തുപണികളും


കത്തീഡ്രലിൽ നിന്നും ഇറങ്ങുന്നത് വിശാലമായ ഒരു മുറ്റത്തേക്കാണ്‌. ഇവിടെനിന്നും കാസിലിന്റെയും കത്തീഡ്രലിന്റെയും പൂർണ്ണമായ ദൃശ്യം കാണാം.ഒപ്പം അതു ക്യാമറയിൽ പകർത്തിയെടുക്കാൻ ഇരുന്നും കിടന്നും പരിശ്രമിക്കുന്ന നിരവധി ടൂറിസ്റ്റുകളെയും.

ആകാശം മുട്ടെ...
കൊട്ടാരത്തിന്റെ വടക്കു ഭാഗത്തായാണ്‌ ഗോൾഡൻ ലെയ്ൻ (Golden Lane).കൊട്ടാരജീവനക്കാർ താമസിച്ചിരുന്ന ചെറിയ ചെറിയ വീടുകളായിരുന്നു ഇവ. ഇതിൽ പല വീടുകളും പുരാതന കാലത്തിന്റെ പുനഃസൃഷ്ടി എന്നോണം മാറ്റങ്ങളില്ല്ലാതെ കാത്തു സൂക്ഷിച്ചിരിക്കുന്നു. പ്രശസ്ത ജർമ്മൻ സാഹിത്യകാരനായ ഫ്രാൻസ് കാഫ്ക (Franz Kafka) തന്റെ സാഹിത്യ ജീവിതത്തിലെ നല്ലയൊരു കാലയളവ് കഴിച്ചു കൂട്ടിയത് ഇവിടത്തെ ഒരു ചെറിയ വീട്ടിലാണ്‌.കൊട്ടാരത്തോട് ചേർന്നുകിടക്കുന്ന ആ ചെറിയ വീടുകൾക്ക് തിരുവനന്തപുരത്തെ കോട്ടക്കകത്തുള്ള അഗ്രഹാരങ്ങളോട് എന്തോ ഒരു സാദൃശ്യം.
ഫ്രാൻസ് കാഫ്കയുടെ വീട്
ഫ്രാൻസ് കാഫ്ക

ആ ചെറിയ വീടുകൾക്കിടയിൽകൂടെ നടന്നിറങ്ങുന്നത് നദീമുഖമായികിടക്കുന്ന കൊട്ടാരത്തിന്റെ പിൻഭാഗത്തേക്കാണ്‌. അവിടെ നിന്നും താഴെ പ്രാഗ് നഗരത്തിന്റെ പ്രൗഢമായ ദൃശ്യം കാണാം.വ്ല്റ്റാവ നദിയും ചാൾസ് ബ്രിഡ്ജും പഴയ ടൗൺ സ്ക്വയറുമൊക്കെ. അല്പനേരം അവിടെ ചില ചിത്രങ്ങളേടുത്ത് കഴിച്ചുകൂട്ടി.
കാസിലിൽ നിന്നുള്ള നഗരദൃശ്യം
ഛണ്ഡാ ഊംചാ രഹേ തുമാരാ...ചെക് പതാക


അടുത്തായി തന്നെ ഒരു ചെറിയ സ്റ്റാൾ ഉണ്ട്. അതിനു മുന്നിൽ ഒരാൾക്കൂട്ടം. ചെക്കിലെ ഒരു പ്രധാന മധുരപലഹാരമായ Trdlo ഉണ്ടാക്കി വില്ക്കുകയാണവിടെ. മാവു പരത്തി പഞ്ചസാരപാനിയിൽ മുക്കി വളയുടെ രൂപത്തിൽ ഗ്രിൽ ചെയ്താണ്‌ ട്രോഡ്ല ഉണ്ടാക്കുന്നത്.Crazy എന്നാണത്രേ ഈ വാക്കിന്റെ അർത്ഥം.10-15 മിനിട്ട് ക്യൂ നില്ക്കേണ്ടി വന്നു Trdlo വാങ്ങാൻ.മിതമായ മധുരമുള്ള Trdloക്ക് നല്ല സ്വാദുണ്ട്.
കരവിരുത്  Trdlo
Trdlo

പ്രാഗ് കൊട്ടാരത്തിൽ നിന്നും ഇറങ്ങി അല്പ ദൂരം നടന്നാൽ നദീതീരത്തെത്തും.വ്ല്റ്റാവ നദിയിലൂടെയുള്ള ക്രൂയിസുകൾ പലതും ഇവിടെ നിന്നാണ്‌ തുടങ്ങുന്നത്. സമയപരിമിതി മൂലം അതിനു നില്ക്കാതെ ചാൾസ് ബ്രിഡ്ജിനു നേരെ നടന്നു.

1418 ലാണ്‌ അരകിലോമീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള ചാൾസ് ബ്രിഡ്ജ് (Czech name : Karlův most) പണികഴിപ്പിക്കുന്നത്. 1841 വരെ വ്ല്റ്റാവ നദിക്കു കുറുകെ ഉണ്ടായിരുന്ന ഏക പാലമായിരുന്നതിനാൽ പ്രാഗ് നഗരത്ത്ഇന്റെ ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്നതിൽ വളരെ വലിയ സ്ഥാനമാണ്‌ ചാൾസ് ബ്രിഡ്ജ് വഹിച്ചിരുന്നത്. പ്രാഗിലെത്തുന്ന
സഞ്ചാരികൾ ഇവിടം സന്ദർശിക്കാതെ പോകാറില്ല.റോമിന്‌ കൊളോസിയം പോലെ പ്രാഗിന്റെ മുഖമുദ്രയാണ്‌ ചാൾസ് ബ്രിഡ്ജ്. യൂറോപ്പിലെ മറ്റ് പ്രധാന പാലങ്ങളെപ്പോലെ ലോകമഹായുദ്ധകാലത്ത് നശിപ്പിക്കപ്പെട്ടില്ല എന്നതും ചാൾസ് ബ്രിഡ്ജിന്റെ മറ്റൊരു പ്രത്യേകതയാണ്‌.


ചാൾസ് ബ്രിഡ്ജ്..തുടക്കം...

പാലത്തിൽ വാഹനഗതാഗതമില്ല. കാൽനടക്കാർ മാത്രം. മനോഹരമായ ശില്പങ്ങൾ പാലത്തിനിരുവശത്തും സ്ഥാപിച്ചിട്ടുണ്ട്. 17 ആം നൂറ്റാണ്ടിലാണ്‌ ഈ ശില്പങ്ങൾ പണികഴിപ്പിച്ചത്. എന്നാൽ ഇപ്പോൾ കാണുന്നത് റിപ്ലിക്കകൾ മാത്രം.യഥാർത്ഥശില്പങ്ങൾ 1965 ഇൽ നാഷണൽ മ്യൂസിയത്തിലേക്ക് മാറ്റിയത്രെ.


നിറയെ കാൽനടയാത്രക്കരും വഴിവാണിഭക്കാരും ചിത്രകാരന്മാരുമൊക്കെയായി ഒരു ചെറിയ ഉൽസവപ്രതീതി തന്നെയുണ്ട് ചാൾസ് ബ്രിഡ്ജിൽ.മാറ്റു കൂട്ടാൻ പശ്ചാത്തലത്തിൽ പരന്നൊഴുകുന്ന വ്ല്റ്റാവ നദിയൂം പുറകിലായി കാസിലും . പാലത്തിൽ ഒരു ചെറിയ പാട്ടുകച്ചേരി. ഡ്രമും പലതരം കുഴൽവാദ്യങ്ങളുമായി ഒരു ഗായകൻ. കാണാൻ മോശമില്ലാത്ത ഒരാൾക്കൂട്ടവും. തുമ്പി പാട്ടു നന്നായി ആസ്വദിച്ചതിനാൽ അല്പ സമയം അവിടെ കഴിച്ചു കൂട്ടി.

ചെണ്ട ചേങ്ങില കൊമ്പ് കുഴൽവിളി
ചാൾസ് ബ്രിഡ്ജിൽ നിന്നും നടന്നിറങ്ങി പഴയ ടൗണിലെ പ്രസിദ്ധമായ അസ്ട്രോണമിക്കൽ ക്ലോക്കിനടുത്തേക്ക് പോകാനാണുദ്ദേശിച്ചത്. എന്നാൽ നന്നെ ഇടുങ്ങിയ വഴികളിലൂടെ നടന്നപ്പോൾ വഴി തെറ്റി. വഴിയരികിൽ സുവനീറുകൾ വില്ക്കുന്ന ധാരാളം കടകൾ കാണാം. പ്രസിദ്ധമായ ബൊഹീമിയൻ ക്രിസ്റ്റലുകൾ കൊണ്ടുണ്ടാക്കിയ ഗ്ലാസ്സുകളും രൂപങ്ങളുമാണ്‌ സുവനീറുകളിൽ മുഖ്യം. 13 ആം നൂറ്റാണ്ട് മുതൽ നിർമ്മിച്ചു വരുന്ന  വർണ്ണശബളമായ സ്ഫടികപ്പാത്രങ്ങൾ ലോകം മുഴുവൻ പ്രസിദ്ധമാണ്‌. ഇന്നും ചെക് റിപബ്ളികിന്റെ വരുമാനത്തിൽ നല്ല ഒരു പങ്ക് ഈ ബൊഹീമ്യൻ ക്രിസ്റ്റലുകളുടെ കയറ്റുമതിയിൽ നിന്നാണ്‌.സുവനീർ ഷോപ്പിൽ നിന്നും ഒരു ചെറിയ ക്രിസ്റ്റൽ ഗ്ലാസ് ഞങ്ങൾ വാങ്ങി.
ബൊഹീമിയൻ ക്രിസ്റ്റൽ - സുവനീർ

തെരുവുകൾ  നാനാദേശക്കാരായ ടൂറിസ്റ്റുകളെക്കൊണ്ട്  നിറഞ്ഞിരുന്നു. അവസാനം ഒരു കടക്കാരനോട് ചോദിച്ച് വഴി കണ്ടുപിടിച്ചു.

ഇന്നും പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും പുരാതനമായ അസ്ട്രോണമിക്കൽ ക്ലോക്കാണ്‌ ഒർലൊയ് (Orloj). 1410 ഇൽ ചാൾസ് യൂണിവേർസിറ്റിയിലെ ഒരു ജ്യോതിശാസ്ത്ര-ഗണിതശാസ്ത്ര പ്രൊഫെസ്സർ അണ്‌ ഈ ക്ലോക്ക് ഡിസൈൻ ചെയ്തത്.

ക്ലോക്ക് ടവറും ഓർലോയും
നൂറ്റാണ്ടുകളുടെ സംഭവബഹുലമായ ചരിത്രം പ്രാസ്കി ഒർലോയ്ക്കു പറയാനുണ്ട്. ഇത് നിർമ്മിച്ച ശില്പിയായ ഹാനസിനെ പ്രാഗിലെ കൗൺസിലർമാർ അന്ധനാക്കി എന്നൊരു കഥയുണ്ട്.ലോകത്തൊരിടത്തും ഇതുപോലെ വേറൊന്നുണ്ടാക്കാതിരിക്കാൻ. പ്രതികാരമായി ഹാനസ് ക്ലോക്കിന്റെ സങ്കീർണ്ണമായ യന്ത്രഭാഗങ്ങൾ നശിപ്പിച്ചു.അതു നന്നാക്കാൻ അടുത്ത നൂറു വർഷം ആർക്കും കഴിഞ്ഞില്ലത്രേ.അതുപോലെ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത് പ്രാഗ് നഗരം പ്രതിരോധിച്ച നാസി സൈന്യം ഗ്രനേഡുകളും മോർട്ടാറുകളും ഉപയോഗിച്ച് ഒർലോയ് തകർത്തു. 1948ലാണ്‌ ഇത് ഇന്നു കാണുന്ന വിധത്തിൽ പുനർനിർമ്മിച്ചത്.

സമയവും തീയതിയും മാത്രമല്ല സൂര്യന്റെയും ചന്ദ്രന്റെയും ഉദയാസ്തമയ സമയങ്ങളും നക്ഷത്രരാശികളും ഉൾപ്പടെ പല പല വിവരങ്ങളാണ്‌ ഓർലോയ് നല്കുന്നത്. ഒരു ക്ലോക്ക് എന്നതിനെക്കാൾ പ്രപഞ്ചത്തിന്റെ ഒരു ഗണിതശാസ്ത്ര മോഡൽ എന്ന വിശേഷണമാണ്‌ ഓർലോയ്ക്ക് ചേരുക.

ഒർലോയ് - പ്രപഞ്ചത്തിന്റെ സ്നാപ്ഷോട്

ഓർലോയുടെ ഒരു കമ്പ്യൂട്ടർ Simulation ഇവിടെ.
http://www.orloj.eu/en/orloj_simulator1.phpഓർലോയ്ക്കു മുന്നിലുള്ള ചെറിയ വഴിയിലൂടെ അല്പം നടന്നാൽ പഴയ ടൗൺ സ്ക്വയറിനു മുന്നിലെത്തും. പുരാതന ദേവാലയമായ church of old lady യുടെ ചുറ്റുമായാണ്‌ ടൗൺ സ്ക്വയർ.കൂർത്ത ഗോപുരങ്ങളുള്ള ഈ പള്ളി യക്ഷിക്കഥകളിലെ കോട്ടകളെ
  അനുസ്മരിപ്പിക്കുന്നു.ടൗൺ ഹാളിനടുത്തു തന്നെ ഒരു ഓപെറാ ഹൗസുമുണ്ട്.സന്ധ്യ മയങ്ങിത്തുടങ്ങിയതിനാൽ ടൗൺ സ്ക്വയറിലെ റസ്റ്റോറന്റുകളിൽ തിരക്കു തുടങ്ങിയിരുന്നു. കുറച്ചു ചിത്രങ്ങൾ എടുത്ത ശേഷം അവിടെ നിന്നും പൗഡർ ടവറിലോട്ട് നടന്നു.
ടൗൺ സ്ക്വയറും ചർച്ച് ഓഫ് ഓൾഡ് ലേഡിയും
15 ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പൗഡർ ടവറും ഗോത്തിക് രീതിയിൽ നിർമ്മിച്ച മനോഹരമായ ഒരു കെട്ടിടമാണ്‌. പുരാതനകാലത്ത് ബൊഹീമ്യൻ രാജാക്കന്മാരുടെ സിംഹാസനാരോഹണ ഘോഷയാത്ര തുടങ്ങുന്നത് ഇവിടെ നിന്നായിരുന്നു. പർവ്വതത്തോടുള്ള രൂപസാദൃശ്യം കൊണ്ട് ഇതിനെ അക്കാലത്ത് മൗണ്ടൻ ടവർ എന്നാണ്‌ വിളിച്ചിരുന്നത്. 18 ആം നൂറ്റാണ്ടിൽ ഇവിടെ വെടിമരുന്ന് സൂക്ഷിച്ചിരുന്നതിനാൽ പിന്നീട് (ഗൺ) പൗഡർ ടവർ എന്ന പേരു വീണു.പൗഡർ ടവർ (Photo courtesy http://www.all-free-photos.com/ )

പൗഡർ ടവറിൽ നിന്നിറങ്ങിയപ്പോൾ നന്നേ ഇരുട്ടിയിരുന്നു. ടൗൺ ഹാളിലെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറി. ഉരുളക്കിഴങ്ങ് ചേർത്തുണ്ടാക്കുന്ന ചെക് ഗൗലാഷ് (Goulash) വളരെ പ്രസിദ്ധമാണ്‌.അടിസ്ഥാനപരമായി ഹംഗേറിയൻ വിഭവമായ ഗൗലാഷ് ജർമ്മനിയുൾപ്പടെയുള്ള മിക്ക മദ്ധ്യപൂർവ്വ രാജ്യങ്ങളിലെയും പ്രധാനവിഭവമാണ്‌.

ചെക് ഡിന്നർ
തിരിച്ച് ഹോട്ടലിലേക്കുള്ള യാത്രയിലാണ്‌ പ്രാഗിലെ മെട്രൊ ട്രെയിനിൽ കയറാൻ അവസരമുണ്ടായത്. ട്രാം സർവീസിനെക്കാൾ വൃത്തിയും വെടിപ്പുമുള്ള പ്രാഗിലെ ഈ ഭൂഗർഭ ട്രെയിൻ സർവീസ് മറ്റ് യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ച് താരതമ്യേന പുതിയതാണ്‌. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് റഷ്യൻ സഹായത്തോടെയ്ആണ്‌ മെട്രൊ സംവിധാനം വികസിപ്പിച്ചെടുത്തത്. ആദ്യകാലത്ത് സ്റ്റേഷന്റെ പേരുകളും റഷ്യൻ സ്വാധീനമുള്ളവ ആയിരുന്നത്ര.ലെനിനോവ എന്നും മറ്റും. 1990 കളിലെ വെൽവെറ്റ് വിപ്ലവത്തിനു ശേഷമാണ്‌ സ്റ്റേഷനുകളും റഷ്യൻ നിർമ്മിത ട്രെയിനുകളുമൊക്കെ പരിഷ്കരിച്ച് ഇന്നു കാണുന്ന രീതിയിലാക്കിയത്.

മെട്രോ ട്രെയിൻ
പ്രാഗിൽ എല്ലായിടത്തും കാണുന്ന ഒരു സ്ഥലപ്പേരാണ്‌ നമേസ്തി എന്നത്. ഇതിന്‌ അർത്ഥം സ്ക്വയർ എന്നാണ്‌. നമ്മുടെ നമസ്തെയുമായി സാമ്യമുണ്ടാകും എന്നൗ വിചാരിച്ച എനിക്കു തെറ്റി.
മെട്രോ സ്റ്റേഷൻ - നമേസ്റ്റി റിപ്പബ്ളികി

അങ്ങനെ പ്രാഗിലെ ഒരു ദിവസം അവസാനിപ്പിച്ച് രാത്രി 12 മണിയോടെ ഹോട്ടലിൽ വന്നു ചേക്കേറി.

15 comments:

 1. അങ്ങനെ ചെക്ക് റിപ്പബ്ലിക്കിലും ഒരു ഓട്ട പ്രദക്ഷിണം നടത്താൻ പറ്റി... നന്ദി അതുൽ ഈ യാത്രാവിവരണത്തിന്‌... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

  ReplyDelete
 2. നഗരപ്രദക്ഷിണം തുടങ്ങാൻ ആദ്യം തിരഞ്ഞെടുത്തത് പ്രാഗ് കാസിലാണ്..... എല്ലാം വളരെ വിശദമായി എഴുതിയിരിക്കുന്നു !!,നന്ദി.പല പ്രാവശ്യം അവിടെപോകാന്‍ വേണ്ടി ,പ്ലാന്‍ ചെയ്തിരുന്നത് ആയിരുന്നു .എന്തോ ആ യാത്ര ഒരിക്കലും നടന്നില്ല ....എന്തായാലും ആ യാത്ര സന്തോഷപൂര്‍വ്വം വായിക്കാന് എങ്കിലും കഴിഞ്ഞു‍

  ബാക്കിവിശേഷം കൂടി വേഗംഎഴുതൂ .

  ReplyDelete
 3. പഥികൻ....യാത്രകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു അല്ലേ...വളരെ നന്നായിരിക്കുന്നു...കൂടുതൽ യാത്രകൾക്കുള്ള അവസരങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

  ReplyDelete
 4. കൂടുതൽ യാത്രകൾക്കുള്ള അവസരങ്ങൾ ഇനിയും ഉണ്ടാകട്ടെ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  ReplyDelete
 5. നല്ല വിശദമായ വിവരണം.നന്ദി.കഴിഞ്ഞ വര്‍ഷം എനിക്കൊരു ചെക് യാത്ര തരമായതാണു.പക്ഷെ വിസ കിട്ടിയില്ല.ഏതായാലും ആ വിഷമം ഇപ്പോള്‍ കുറച്ചു മാറി...

  ReplyDelete
 6. @വിനുവേട്ടാ....വായനക്കും അഭിപ്രായത്തിനും നന്ദി....
  @സിയാ....തിരിച്ചു വരവിനും അഭിപ്രായത്തിനും നന്ദി.....
  @ഷിബൂ..പതിവു സന്ദർശത്തിനു വളരെ നന്ദി..
  @സജീവ്.. നന്ദി
  @കൃഷ്ണകുമാർ.. അടുത്ത ചാൻസ് ഉടനെ വരും...വരവിനും അഭിപ്രായത്തിനും നന്ദി...

  ReplyDelete
 7. നല്ല ചിത്രങ്ങള്‍... അതിലും നല്ല വിവരണം..ഈ ലിങ്ക് ഫേസ്ബുക്കിലെ എന്റെ ഗ്രൂപ്പിലേക്ക് പോസ്റ്റുന്നു.. എനിക്കും വളരെ ഇഷ്ട്ടമുള്ള സ്ഥലങ്ങളാണ് ജര്‍മ്മനി, ചെക്ക്‌, നെതെര്‍ലാന്‍ഡ്‌ എന്നിവ..വരാന്‍ ദൈവം അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു.

  ReplyDelete
 8. എന്റമ്മോ :) ആദ്യമായിട്ടാണ്‌ വെടിപ്പായി ഇരുന്ന്‌ ഒരു യാത്രാ വിവരണം വായിക്കുന്നത്. നല്ല വിവരണം, വിവരണത്തിന്റെ കൂടെ ചേര്‍ന്ന് പോകുന്ന ചിത്രങ്ങളും.

  ReplyDelete
 9. ഫ്യൂചിക്കിനേയും കാഫ്കയേയും ഓർമ്മിപ്പിയ്ക്കുന്ന പ്രാഗ്... വളരെ നല്ല വിവരണവും ഫോട്ടൊകളും.
  യാത്രകളും യാത്രാ വിവരണങ്ങളും വലിയ ഇഷ്ടമാണ്. ഇനിയും വായിയ്ക്കാം. അഭിനന്ദനങ്ങൾ.

  ReplyDelete
 10. മനോഹരമായ വിവരണങ്ങൾ. അഭിനന്ദനങ്ങൾ.
  പ്രാഗ്‌ നഗരം ശിൽപ്പികൾ കൊണ്ട്‌ അനുഗ്രഹീതമാണല്ലേ ?

  ReplyDelete
 11. അർജുൻ....ഫേസ്ബൂക്കിൽ ചേർത്തതിനു നന്ദി... യാത്ര ചെയ്യണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള അവസരം ദൈവം തരും എന്നാണ്‌ എന്റെ അനുഭവം..

  കിരൺ..വരവിനും വായനക്കും വളരെ പ്രോൽസാഹനത്തിനും നന്ദി...

  എച്മുക്കുട്ടീ...വരവിനും അഭിപ്രായത്തിനും നന്ദി..

  സാബൂ..അതെ മനോഹരശില്പങ്ങൾ നിറഞ്ഞതാണ്‌ പ്രാഗ്...വരവിനു നന്ദി കേട്ടോ..

  ReplyDelete
 12. ഇതിന്റെ ലിങ്ക് ഞങ്ങൾ ഈ ആഴ്ച്ചയിലെ ബിലാത്തിമലയാളി’യുടെ വരാന്ത്യത്തിൽ കൊടുത്തിട്ടുണ്ട് കേട്ടൊ ഭായ്
  ദേ..ഇവിടെ
  https://sites.google.com/site/bilathi/vaarandhyam

  നന്ദി.

  ReplyDelete
 13. എങ്ങിനെയാണിവിടെയെത്തിപ്പെട്ടതെന്നറിയില്ല. പക്ഷേ വരവ് വെറുതെയായില്ല.’ക്ഷ’ പിടിച്ചു. ആശംസകൾ!
  www.jyothirmayam.com

  ReplyDelete
 14. മനോഹരമായ വിവരണം
  ആശംസകള്‍

  ReplyDelete
 15. പ്രാഗ് കൊതിപ്പിച്ചു....

  ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...