പഥികന്റെ കാൽപാട്



Friday, May 20, 2011

ഒരു ഫയൽവാന്റെ ഗദ്ഗദങ്ങൾ

എട്ടാം സെമസ്റ്റർ എക്സാം കഴിഞ്ഞു ജോലിക്കു കേറും മുമ്പ്‌ തിരുവനന്തപുരത്തു കൂടെ തേരാ പാരാ നടന്ന കാലം എന്റെ ജീവിതത്തിലെ സുവർണ്ണ കാലഘട്ടമായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.പഠിത്തം എന്ന മഹാവ്യാധി ഒഴിഞ്ഞതിലുള്ള ആശ്വസം ഒരു വശത്ത്.കാമ്പസ്‌ ഇന്റെർവ്യൂ വിലൂടെ (എങ്ങനെയോ) തരപ്പെട്ട ജോലി തന്ന അത്മവിശ്വാസവും സുരക്ഷിതത്വബോധവും മറുവശത്ത്.ഇങ്ങനെ സർവ്വസ്വതന്ത്രനാവുന്ന ഒരു കാലം ഇനി ഉണ്ടാവില്ലെന്നും ആവുന്നത്ര അർമ്മാദിക്കണം എന്ന ചിന്ത കൂടി ആയപ്പോൾ കുതിരക്കു കൊമ്പു മുളച്ച പോലെ.

അക്കാലത്തു ഒരു ദിവസം ആരംഭിക്കുന്നത് മ്യൂസിയം കോംപ്ലെക്സിനു ചുറ്റുമുള്ള ഓട്ടത്തോടെ ആണ്‌.5 റൗണ്ടാണ്‌ ലക്ഷ്യം. ഓടിത്തള്ളാൻ പണ്ടേ വിരുതനായ രാം ഒരു വിധത്തിൽ ഓടി ക്വാട്ട തികയ്ക്കും. ഞാനും ഡോണിയും ഒരു മൂന്നു മൂന്നര റൗണ്ടാകുമ്പോൾ പതം വന്ന് ഇനി മ്യൂസിയത്തിനു കുറുകെ ഓടി ദൂരം കുറക്കണോ അതോ തിരിഞ്ഞോടി രാമിന്റെ മുന്നിൽ കേറണോ എന്നു​‍്‌ കൂലംകഷമായി ചിന്തിച്ചു സമയം തള്ളി നീക്കും.

അജൻഡയിലെ അടുത്ത ഐറ്റം നീന്തലാണ്‌.രാവിലെ 10 മണിക്കു വെള്ളയമ്പലം വാട്ടർ വർക്സ്‌ സ്വിമ്മിങ്ങ്‌ പൂളിൽ. അതിനു മുമ്പത്തെ ബാച്ച്‌ സ്തീകളുടെയും കുട്ടികളുടെയുമാകുന്നു. അവിടെ ഞങ്ങളെപ്പോലെയുള്ള പൂവാല അവലാലാതികൾക്കൊന്നും പ്രവേശനമില്ല. സമ്മർ വെക്കേഷനായതിനാൽ പുത്തരിക്കണ്ടം മൈതാനത്തെ ഓണച്ചന്ത വെള്ളത്തിലോട്ടു മാറ്റിയ പോലത്തെ ആളുണ്ടാകും സ്വിമ്മിങ്ങ്‌ പൂളിൽ. ഒരോ ഹാൻഡ്‌ സ്ട്രോക്കിലും മുമ്പിൽ നീന്തുന്നവന്റെ തല പിടിച്ചു മുക്കാനും ഒരോ കിക്കിലും പുറകിലത്തവന്റെ മോന്തക്കിട്ടു തൊഴിക്കാനും അവസരമുണ്ടു. അതു പോലെ തിരിച്ചും കിട്ടും.

വൈകുന്നേരങ്ങളിൽ മോഡൽ സ്കൂൾ ഗ്രൗണ്ടിലെ ബാറ്റ്മിന്റൺ കളിയും നാഷണൽ ജിംനേഷ്യത്തിലെ കസർത്തും.

അതും കഴിഞ്ഞു YMCA കെട്ടിടത്തിന്റെ സ്റ്റെപ്പിൽ വട്ടം കൂടിയിരുന്ന് തൊട്ടപ്പുറത്തെ ബ്രിട്ടീഷ് ലൈബ്രറിയിൽ വരുന്ന പെമ്പിള്ളേരെ വായിനോട്ടം,കമന്റടി, ശംഖുമുഖം ബീച്ചിൽ യക്ഷിക്കൊപ്പം മലർന്നു കിടന്നു തിരയെണ്ണൽ തുടങ്ങിയ കലാ സംസ്കാരിക വിനോദ പരിപാടികൾ.

ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ സുവർണ്ണകാലം !
................................................

അങ്ങനെയുള്ള മനോഹരമായൊരു സായംകാലത്താണ്‌ ബാറ്റ്മിന്റൺ ഡബിൾസ് കളിക്കാൻ ക്വാറം തികയ്ക്കാൻ കോളേജിലെ സഹപാഠിയായ അരുണിന്റെ വീട്ടിലെത്തുന്നത്.

ഗൾഫിൽ നിന്നും അവധിക്കു വന്ന അരുണിന്റെ പിതാശ്രീ മുൻവശത്തു പത്രം വായിച്ചു ചാരി ഇരിപ്പുണ്ട്.ഞങ്ങളെകണ്ടപാടെ വർഷങ്ങളുടെ കുടിശ്ശിക ഉള്ള വാടകക്കാരനെ കണ്ട വീട്ടുടമസ്ഥന്റെ സന്തോഷത്തോടെ പുള്ളിക്കാരൻ ഓടി വന്നു ഞങ്ങൾ മൂന്നു പേർക്കും ഷേക്ൿഹാൻഡ് തന്നു. തൊട്ടു പുറകേ എത്തിയ അരുൺ ഞങ്ങളെ ഒരൊരുത്തരെ ആയി പിതാശ്രീക്കു പരിചയപ്പെടുത്തി കൊടുത്തു. 

ഹിതു രാം, ഇതു ഡോണി, പിന്നിതു അതുൽ ...

അവസാന വാചകം കേട്ടപ്പോൾ മൂപ്പിൽസിന്റെ ഭാവം മാറി. കണ്ണുകൾ തുറിച്ചു എന്നെ ഒന്നു നോക്കി ഫൈവ്‌ സ്റ്റാർ ഹോട്ടലിലെ സെവൻ കോഴ്സ്‌ ഡിന്നറിൽ പാറ്റയെ കണ്ട കസ്റ്റമറുടെ മുഖഭാവതോടെ പുഛസ്വരത്തിൽ പുത്രനോടൊരു ചോദ്യം..

പ്ഫ്ഫ.....ഇവനണോടാ അതുല്ല്..ൽ !

എന്നിട്ടു ജോസ്‌ പ്രകാശ്‌ സ്റ്റൈലിൽ ഒരു അലറിച്ചിരിയും...

എന്റെ സപ്തനാഡികളും തളർന്നു പോയി.അങ്ങനെ ഒരപമാനം എന്റെ ജീവിതത്തിൽ അതിനു മുൻപോ പിൻപോ ഉണ്ടായിട്ടില്ല. ഒരു വശത്തേക്കു തളർന്നു വീഴാതിരിക്കാൻ രാമിന്റെ തോളിൽ കൈകുത്തി ഇതികർതവ്യതാമൂഢനായി ഞാനവിടെ നിന്നു.

രംഗം അത്ര പന്തിയല്ല എന്നു മനസിലാക്കിയ അരുൺ പിതാശ്രീയെ എന്തൊക്കെയോ പറഞ്ഞു കോംപ്ലിമന്റ്സ്‌ ആക്കി മുകളിലെ നിലയിലേക്കാനയിച്ചു. പോകുന്ന വഴി കുനിച്ചു നിർത്തി കൂമ്പിടിച്ചു കലക്കിയിട്ടു കവിളത്തു തടവുന്ന പോലെ “അമ്മേ ഇവർക്കു ചായ” എന്നു അടുക്കളയിലേക്കു വിളിച്ചു പറയാനും മറന്നില്ല.

ഞാനപ്പോഴും ബാലരമയിലെ “വ്യത്യാസമുള്ളവ കണ്ടു പിടിക്കുക” കോളം പൂരിപ്പിക്കുന്ന കുട്ടിയെപ്പോലെ "Why me" എന്ന ചോദ്യത്തിനുത്തരം കിട്ടാതെ എല്ലാവരുടെയും മുഖത്തു മാറി മാറി നോക്കി നില്ക്കുകയായിരുന്നു.

പിന്നെയാണു സംഭവത്തിന്റെ കിടപ്പു വശം എനിക്കു മനസിലാകുന്നത്. മൂപ്പിൽസ്‌ ഗൾഫിൽനിന്നെത്തിയതു മുതൽ പുത്രൻ എല്ലാദിവസവും സ്വന്തം ഐറ്റിനറി അപ്ഡേറ്റ്‌ കൊടുക്കുന്നുണ്ടായിരുന്നത്രേ.അഛാ ഞാൻ ജിമ്മിൽ പോകുന്നു അതുലിന്റെ കൂടെ, ജോഗിങ്ങിനു പോകുന്നു അതുലിന്റെ കൂടെ, സ്വിമ്മിങ്ങിനു പോകുന്നു അതുലിന്റെ കൂടെ എന്നിങ്ങനെ. അങ്ങനെ മൂപ്പിൽസിന്റെ മനസ്സിൽ കടന്നു കൂടിയ അതുലിന്റെ ചിത്രം ആർനോൾഡ്‌ ഷ്വാർസനഗെറെപ്പോലെ മസിൽ ഒക്കെ പെടപ്പിച്ചു നിൽക്കുന്ന ഘടാഘടിയനായ ഒരു വെട്ടുപോത്തിന്റേതാണ്‌. മൂപ്പരുടെ മനസ്സിന്റെ ആ 70mm ഫ്രെയിമിലോട്ടാണ്‌, പഴശ്ശിരാജയിൽ മമ്മൂട്ടിക്കു പകരം സുരാജ്‌ വെഞ്ഞാറമൂടിനെ കാസ്റ്റ്‌ ചെയ്തതു പോലെ, ആർനോൾഡിനു പകരം മെലിഞ്ഞു കോലം തിരിഞ്ഞ് , വളഞ്ഞൊടിഞ്ഞ് , കമ്പീൽ കോർത്തു തണ്ടൂരി അടുപ്പിലോട്ടറിയാൻ പാകത്തിലുള്ള എന്നെ കൊണ്ടു പ്രതിഷ്ഠിച്ചു വച്ചിരിക്കുന്നത്. പിന്നെ മൂപ്പരുടെ പ്രതികണം Just Natural എന്നലാതെ എന്തു പറയാൻ.

അനുബന്ധം : അനുഭവം ഗുരു എന്നു പറയുന്നത്‌ എത്ര ശരിയാണ്‌. ആ സംഭവത്തോടെ ഞാൻ ഒരു പാഠം പഠിച്ചു. വളരെ താഴ്ന്ന പ്രൊഫൈൽ ഇമേജ് ഉണ്ടാക്കിയിട്ടേ എന്തു കാര്യവും തുടങ്ങാവുള്ളൂ. ഉയരം കുറയുമ്പോൾ വീഴ്ച്ചയുടെ ആഘാതവും കുറയുമല്ലോ. അതു കൊണ്ടിന്നും “അണ്ണാ .. ഞാൻ ഒരുഗതിയും പരഗതിയുമില്ലാത്ത അപ്പാവിയാണേ, എന്നെയും കൂടെ ഒന്നു ഗൗനിച്ചേക്കണേ” എന്ന ഒരു മുഖവുരയോടെയല്ലാതെ ഒരു ഇ-മെയിലോ ഫോൺകാളോ  തുടങ്ങാൻ എനിക്കു പേടിയാണ്‌.

മുടിപ്പുര അമ്മച്ചിയാണേ സത്യം !




5 comments:

  1. why me why me lord.... (shaggy) hahahhaha...

    നല്ല രസായി എഴുതി..പറഞ്ഞത് വളരെ ശെരിയാട്ടോ..അനുഭവം ഗുരു...
    എന്‍റെ ഒരു സ്നേഹിതയെ പറ്റി ഞാന്‍ വീട്ടില്‍ ഘോര ഘോരം പ്രസംഗിക്കുമായിരുന്നു.ഒരിക്കല്‍ അവള്‍ (ആദ്യമായി) വീട്ടില്‍ വന്നപ്പോള്‍ എന്‍റെ എട്ട് വയസ്സുള്ള അനിയന്‍ ഒരു ചോദ്യം..അവളുടെ മുഖത്തേക്ക് കൈ ചൂണ്ടികൊണ്ട്..'' അയ്യേ ഇതാ ....
    ഇത്ര കറത്തിട്ടാ ഇവര്‍ എന്ന്..'' എനിക്കത് ഇന്നും ഓര്‍ക്കാന്‍ വയ്യ..ഞാന്‍ അനുഭവിച്ച വിഷമം..(അവളുടെ അന്നേരത്തെ അവസ്ഥയെ കരുതി..)

    ReplyDelete
  2. really good post.. waiting for more :)

    ReplyDelete
  3. അനുബന്ധം കറക്ടാ കേട്ടൊ.

    ReplyDelete
  4. പണ്ടു ഞാന്‍ ഒരാളെ ദഹിപ്പിക്കാന്‍ പാകത്തില്‍ ഒരു നോട്ടം നോക്കി

    ദേഷ്യം കൊണ്ടു വിറച്ചു നിന്നിരുന്ന എന്നോട്‌ അയാള്‍ ചോദിച്ചു

    "എന്തിനാ ഇങ്ങനെ ദയനീയമായിട്ടു നോക്കുന്നത്‌ ? "
    എന്ന്

    അതോടു കൂടി ഞാനും അത്തരം നോട്ടം നിര്‍ത്തി.
    ങാ ലോകം അങ്ങനൊക്കെയാ
    നമ്മള്‍ വിചാരിക്കുന്നതു പോലല്ല ലോകം വിചാരിക്കുന്നത്‌ എന്തു ചെയ്യും :)

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...