പഥികന്റെ കാൽപാട്



Monday, May 2, 2011

അഭ്രപാളികൾക്കരികെ . .(സ്വിസ് യാത്ര - ഒന്നാം ദിവസം)

ഏറെക്കാലത്തെ പ്ലാനിങ്ങിനു ശേഷമാണു് സ്വിറ്റ്സർലാൻഡിലൊട്ടുള്ള യാത്ര ഈസ്റ്റർ അവധിക്കാലത്താകാം എന്നു തീരുമാനിച്ചതു്. നേരത്തേ വന്നെത്തിയ വസന്തകാലം ഇത്തവണത്തെ വേനൽ കടുത്തതാകും എന്നു സൂചന തരുന്നുണ്ടായിരുന്നു.അങ്ങനെ ആണെങ്കിൽ യാത്ര കാറിലാക്കാമെന്നു നിർദ്ദേശിച്ചതു് സുഹൃത്തായ ജെറിൽ ആണു.

പ്രതീക്ഷിച്ചതിലും അൽപം വൈകി രാവിലെ 6.30 യൊടെ ഞങ്ങൾ സ്റ്റുട്ട്ഗാർട്ടിലെ ഗീബെലിൽ നിന്നും യാത്ര തുടങ്ങി. മൂന്നുവയസ്സുകാരി തുമ്പിക്കുട്ടി പിൻസീറ്റിലിരുന്നു സുഖനിദ്രയിലാണു്. അമ്പിളി പുതുതായി പരിചയപ്പെട്ട ജെറിൽ ന്റെ ഭാര്യ റിനുവിനോടു കുശലപ്രശ്നം നടത്തുന്നു.

വീട്ടിൽ നിന്നും ഏതാണ്ടു 10 km ദൂരമുണ്ടു സ്വിറ്റ്സർലാൻഡിലൊട്ടുള്ള A81 ഓട്ടോബാനിലോട്ടു്.ലോകത്തിലെ ഏ
റ്റവും മികച്ച എക്സ്പ്രസ്സ് ഹൈവേ ആയ ഓട്ടോബാനിൽ മിക്കയിടത്തും വേഗതാ പരിധി ഇല്ല.അതു കൊണ്ടു ലോകത്തിലെ പല വമ്പൻ കാറുടമകളും സ്വന്തം കാറുകൾ കപ്പലിലും വിമാനത്തിലും കയറ്റി ജർമ്മനിയിൽ കൊണ്ടു വരുമത്രേ. സ്വപ്നവേഗത്തിൽ സഞ്ചരിക്കാൻ.


ഏതാണ്ട്‌ മൂന്നു മണിക്കൂറിനുള്ളിൽ ഞങ്ങൾ ജർമ്മനി കടന്നു സ്വിസ്സ് അതിർത്തിയിലുള്ള ബേസെലിൽ (Basel) എത്തി.സ്വിറ്റ്സർലാൻഡിലെ ഹൈവേ കളിൽ സഞ്ചരിക്കാൻ ‘vignatte’ എന്നു പേരുള്ള സ്വിസ്സ് പാസ്സ് അവശ്യമാണു്. അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ നിന്നും അതു വാങ്ങി കാറിലൊട്ടിച്ചു ഞങ്ങൾ യാത്ര തുടർന്നു.വളവും തിരിവും തിരിഞ്ഞതാണെങ്കിലും സ്വിസ് റോഡുകളും നിലവാരത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല ഒട്ടോബാനു്.അതിർത്തിയിൽ നിന്നും ഏതാനം ദൂരം കഴിയുമ്പോൾ തന്നെ ടണലുകൾ കണ്ടു തുടങ്ങും. കുന്നും മലയും നിറഞ്ഞ സ്വിറ്റ്സർലാൻഡിൽ സർവ്വസാധാരണമാണു് മലനിരകൾ തുരന്നുണ്ടക്കിയ കൂറ്റൻ ടണലുകൾ.സ്വിറ്റ്സർലാൻഡിലെ എറ്റവും നീളമുള്ള ടണലായ ല്യോട്ഷ്ബെർഗ് ടണലിനു് 35 km നീളമുണ്ടു. മിക്ക ടണലുകളിലും വായുസഞ്ചാരത്തിനായുള്ള കൂറ്റൻ പ്രൊപ്പല്ലർ ഫാനുകൾ കാണാം.Oneway ടണലുകളിൽ 100km ആണു വേഗതാപരിധി. ഇരു ദിശയിലും ട്രാഫിക് ഉണ്ടെങ്കിൽ 80 km ഉം.


തലസ്ഥാനമായ ബേൺ പിന്നിട്ടപ്പോൾ സ്വിറ്റ്സർലാൻഡിന്റെ മനം മയക്കുന്ന പ്രകൃതി ഭംഗി കണ്ടു തുടങ്ങി.പച്ചപരവതാനി വിരിച്ച പുൽമേടുകൾ, വെള്ളപ്പട്ടണിഞ്ഞു പ്രൗഢിയൊടെ നില്ക്കുന്ന ആൽപ്സ് പർവ്വതം. അനുപമമായ നീലിമയുള്ള തടാകങ്ങൾ. പുൽമേടുകളിൽ മേഞ്ഞു നടക്കുന്ന ഘടാഘടിയന്മാരായ കന്നുകാലികൾ. വർണ്ണാഭമായ ചുവർചിത്രങ്ങളുടെ പ്രതീതി നാലു ചുറ്റിനും . പ്രകൃതി ഭംഗിയിലൊന്നും വലിയ താല്പര്യം ഇല്ലാതെ പിൻസീറ്റിലിരുന്നു പുസ്തകം വായനയിൽ മുഴുകിയിരുന്ന തുമ്പിക്കുട്ടി പശുക്കളെ കണ്ടതോടെ തുള്ളിച്ചാടിത്തുടങ്ങി. അവയുടെ അടുത്തു കൊണ്ടുപോകാം എന്നു അവൾക്കു ഉറപ്പു കൊടുത്തിട്ടു ഇന്റർലാകെനിലൊട്ടു യാത്ര തുടർന്നു
.

മദ്ധ്യസ്വിറ്റ്സർലാൻഡിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണു് ഇന്റർലാകെൻ. തടാകങ്ങളായ തുൺസീ യുടെയും ബ്രീൻസ് സീയുടെയും ഇടയിൽ കിടക്കുന്നതിനാലാണു ഇന്റർലാകെൻ എന്ന പേരു് വന്നതു. പെൻഷൻ ഹൗസുകളാണു് ഇന്റർലാകെനിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന അഭയസ്ഥാനം. അത്തരം ഒന്നിലാണു് ഞങ്ങളുടെ താമസവും ശരിയാക്കിയിരുന്നതു്.ഏതാണ്ടു് 12 മണിയൊടെ ഇന്റർലാകെൻ മെയിൻ സ്റ്റേഷനിൽ നിന്നും അധികം ദൂരെയല്ലാത്ത ഓറിയോൺ അപ്പർട്ട്മെന്റ് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. 
 
തുലിപ് പൂക്കൾ
10 മുറികളോടു കൂടിയ ഒരു പെൻഷൻ ഹൗസാണു് ഓറിയോൺ.മുന്നിൽ തുലിപ് പൂക്കൾ നിറഞ്ഞ ഒരു പൂന്തോട്ടം. പിന്നിൽ ആൽപ്സ് പർവ്വതം. തിരക്കും ബഹളവുമൊന്നുമില്ലാത്ത ശാന്തമായ ഒരു സ്ഥലം. റൂമിൽ കയറിയപ്പോൾ കട്ടിൽ കാണാനില്ല. ഇനി സ്വിറ്റ്സർലാൻഡിൽ വന്നിട്ടു തറയിൽ കിടക്കേണ്ടി വരുമോ എന്നു ശങ്കിച്ചപ്പോൾ ഹോട്ടൽ ഓണർ വന്നു ഒരു ഷെൽഫ് താഴോട്ടു നിവർത്തി കാണിച്ചു തന്നു.ഞൊടിയിടെയിൽ ഒരു ഡബിൾ ബെഡ്‌ റെഡി. കട്ടിൽ നിവർത്തിയിട്ടു കഴിഞ്ഞാൽ റൂമിൽ കാര്യമായ സ്ഥലമൊന്നും ഇല്ലെങ്കിലും അവിടെ ഒരു ചെറിയ അടുക്കള സെറ്റ്‌ അപ്‌ ചെയ്തിട്ടുണ്ടു.ഫ്രിഡ്ജും സ്റ്റൗവും അത്യാവശ്യ സൗകര്യങ്ങൾ എല്ലാമുണ്ടു്.


മലയടിവാരത്തിലെ വീടുകൾ
ഉച്ചഭക്ഷണം കഴിഞ്ഞു 1 മണിയൊടെ ബ്രീൻസ് സീ യൊലൊട്ടു യത്ര തുടങ്ങി. (തുൺ സീ യുടെ തീരത്തു കൂടെ ആയിരുന്നു ഇന്റെർലാകെനിലേക്കുള്ള യാത്ര).ബ്രീൻസ് സീയുടെ ഒരു വശത്തുള്ള ഇസാൽറ്റ് വാൽഡ് എന്ന സ്ഥലമാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും വെള്ളക്കടലാസിൽ നീലമഷി വാരിത്തൂവിയതു പോലെ സുന്ദരമായ ബ്രൈൻസ് സീ കണ്ടു തുടങ്ങിയതോടെ എത്രയും പെട്ടെന്നു ആദ്യം കാണുന്ന ഹൈവേ എക്സിറ്റ് വഴി തീരത്തെത്താനായി ഞങ്ങളുടെ ശ്രമം.കായല്ക്കരയിൽ കണ്ട ഒരു പാർക്കിങ്ങ്‌ സ്ലോട്ടിൽ വണ്ടി ഒതുക്കി ഇട്ടു ഫോട്ടോ സെഷൻ തുടങ്ങി. കഷ്ടിച്ചു ഒരു കാറിനു പോകാനുള്ള വീതിയേ ഉള്ളൂ കായല്ക്കരയിലെ റോഡിനു്.ഫോട്ടോ എടുക്കുമ്പോൾ ഫ്രൈമിൽ വരാതിരിക്കാൻ അതു വഴി കടന്നു പോകുന്ന കാർ, സൈക്കിൾ- യാത്രക്കാർ അതീവശ്രദ്ധ കാണിക്കുന്നുണ്ടയിരുന്നു. സ്വിറ്റ്സർലാൻഡിന്റെ പ്രധാനവരുമാന മാർഗ്ഗ്മാണു് ടൂറിസം . അതു നന്നായി മനസ്സിലാക്കിയാണു് നാട്ടുകാർ ടൂറിസ്റ്റുകളോട്‌ ഇടപെടുന്നതു്.ഒരു വഴി ചോദിച്ചാൽ പറഞ്ഞു തരാൻ എത്ര സമയം ചിലവഴിക്കാനും ഇവിടത്തെ നാട്ടുകാർക്കു മടിയില്ല. ചൈത്രം ചായം ചലിച്ചു വരച്ചെടുത്ത ആ ചിത്രങ്ങൾ പകർത്താൻ ചില വൃഥശ്രമങ്ങൾ നടത്തിയ ശേഷം ബ്രീൻസ് സീ ചുറ്റിക്കറങ്ങി അടുത്ത ലൊക്കേഷനായ ലോട്ടെർബ്രുണ്ണൻ വാലി യിലൊട്ടു തിരിച്ചു.
                                                                ബ്രീൻസ് സീ
ഇരു വശത്തുമായി ഉയർന്നു നില്ക്കുന്ന മലനിരകൾക്കിടയിലെ താഴ്വരയാണു് ലോട്ടർബ്രുണ്ണൻ.യൂറോപ്പിലെ എറ്റവും മനോഹരമായ താഴ്വര എന്നാണു ലോട്ടർബ്രുണ്ണനെ വിശേഷിപ്പിക്കുന്നതു്.മലയടിവാരത്തിലെ സമതലങ്ങളാണ്‌ സാധാരണ താഴ്വരകളെങ്കിൽ ചെങ്കുത്തായ രണ്ടു മലനിരകൾക്കിടയിൽ ഒരു നദി ഒഴുകുന്നതു പോലെ നീളത്തിൽ പരന്നാണു ലോട്ടർബ്രുണ്ണന്റെ കിടപ്പു.ഇന്റെർലാക്കെൻ ഓസ്റ്റ്‌ സ്റ്റേഷനിൽ നിന്നും മൌണ്ടൻ ട്രയിൻ സർവ്വീസ്‌ ഉണ്ട്‌ ലോട്ടർബ്രുണ്ണനിലേക്കു്. കാറിൽ സഞ്ചരിക്കുമ്പൊൾ ഒരു വശത്തുള്ള മല കയറി ഇറങ്ങി വേണം ലോട്ടർബ്രുണ്ണനിലെത്താൻ.മല കയറി മുകളിലെത്തുമ്പോൾ തന്നെ സ്റ്റൗബാഹ്(Staubbach) വെള്ളച്ചാട്ടം കാണാം. അവിടെ നിന്നും 2 KM ദൂരമുണ്ടു് താഴ്വരയിലേക്കു്.താഴ്വരയിലെ ഒറ്റപ്പെട്ട ഒരു തടിവീടിനടുത്തു വണ്ടി നിർത്തി ചിത്രങ്ങൽ എടുത്തു തുടങ്ങി. വീടിനു മുന്നിലൂടെ ഒരു ചെറിയ അരുവി ഒഴുകുന്നു. ആൽപ്സിലെ മഞ്ഞുരുകി വരുന്ന ഒരു തെളിനീർചോല. അവിടെ നിന്നും അധികം ദൂരെയല്ലതെ ഒരു ഹെലിപാഡ് ഉണ്ട്. സ്വിസ് ലെത്തുന്ന യാത്രികരുടെ ഒരു പ്രധാന ആകർഷണമാണു് ഹെലിസ്കീയിങ്ങ്. ഹെലിസ്കീയിങ്ങ് എന്ന പേരു എനിക്കു വളരെ രസകരമായി തോന്നി. മഞ്ഞിൽ സ്കീ ചെയ്യുന്ന പോലെ ആകാശത്തു തെന്നി തെന്നി പറക്കുക.  

ലോട്ടർബ്രുണ്ണൻ താഴ്വര
ലോട്ടെർബ്രുണ്ണനിലെത്തുന്ന സന്ദർശകർ ഉറപ്പായും പോകുന്ന ഒരു സ്ഥലമാണു ട്ര്യുമ്മെൽബാഹ് (Trummelbach) വെള്ളച്ചാട്ടം. പാറക്കെട്ടുകൾക്കകത്തുകൂടെ ലിഫ്റ്റിൽ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിന്റെ മുഖം കാണാം. ഞങ്ങൾ ട്ര്യുമ്മെൽബാഹിലെത്തിയപ്പൊൾ വൈകിട്ടു 5 മണി കഴിഞ്ഞിരുന്നു. 5.15നു് പാറക്കെട്ടിലെ ലൈറ്റ് ഓഫ് ആകുമെന്നു കൗണ്ടറിലെ സ്ത്രീ പറഞ്ഞതു കാരണം വെള്ളച്ചാട്ടത്തിനടുത്തേക്കു പോകുന്ന പരിപാടി ഒഴിവാക്കി അതിനു ചുറ്റും നടന്നു കണ്ടു.ഏപ്രിൽ-മെയ് മാസങ്ങളിൽ സ്വിറ്റ്സർലാൻഡിലെത്തുന്ന സന്ദർശകരിൽ നല്ലൊരു ശതമാനം ഇന്ത്യകാരാണു്.ട്ര്യുമ്മെൽബാഹിലും ഇന്ത്യൻ സന്ദർശകർ കുറവായിരുന്നില്ല. ജർമ്മനിയിൽ വച്ചു പരിചയമുള്ള ഒന്നു രണ്ടു സുഹൃത്തുക്കളെയും അവിടെ വച്ചു കാണാനൻ കഴിഞ്ഞു.
കായൽക്കരയിലെ ഒരു ഹോട്ടൽ

വേനൽക്കാലത്തു് ജർമ്മനിയിലെ പോലെ സ്വിസ്സിലും അസ്തമയം എതാണ്ടു 8.30 നാണു്.അതിനിടെ എവിടെ പോകാം എന്നു കൂലംകുഷമായി ആലോചിക്കവേ ആണു് അമ്പിളി ഹാർഡർ കുല്മ് (Harder Kulm) നിർദ്ദേശിച്ചത്‌. ഇന്റെർ ലാകെനടുത്തുള്ള ഒരു കുന്നാണു് ഹാർഡർ കുല്മ്. അവിടെ നിന്നും നോക്കിയാൽ രണ്ടു തടാകങ്ങളെയും ഒന്നിച്ചു കാണാമത്രെ.വൈകാതെ അങ്ങൊട്ടു വച്ചു പിടിച്ചു.പോകുന്ന വഴി കണ്ട ഒരു പെട്രോൾ സ്റ്റേഷനിൽ നിർത്തി. ദുഖവെള്ളിയാഴ്ച്ച ആയിരുന്നതിനാൽ എല്ലാ കടകളും അടവാണു്.എന്തു സാധനം വാങ്ങണമെങ്കിലും പെട്രോൾ സ്റ്റേഷനിലെ ചെറിയ കടകൾ തന്നെ ആശ്രയം. പെട്രോൾ വില ജർമ്മനിയെക്കാൾ 10Rsകുറവാണു് സ്വിറ്റ്സർലാൻഡിൽ.ഏകദേശം 92Rs. യൂറോ കാർഡുകളുപയോഗിച്ചു നേരിട്ടു കമ്മീഷനില്ലാതെ സ്വിസ്സ് ഫ്രാങ്കിൽ പേ ചെയ്യാം. എന്നാൽ ATM-ൽ നിന്നും പണമെടുക്കണമെങ്കിൽ 2.5% സർവ്വീസ് ടാക്സ് കൊടുക്കണം. എല്ലാ കടകളിലും യൂറോ സ്വീകരിക്കുമെങ്കിലും സ്വിസ്സ് ഫ്രാങ്കിൽ സാധനം വാങ്ങുകയാണു ലാഭം. 
ട്രി​‍ൂമൽബാഹ് വെള്ളച്ചാട്ടം (ഇന്റെർനെറ്റ് ചിത്രം)
വൈസ് ലുട്ഷൈൻ നദി

ഹാർഡർ കുൽം ലോട്ടു പുറപ്പെട്ട ഞങ്ങൾ എത്തിച്ചേർന്നതു ഇന്റെർലാക്കനിലെ “എം ജി റോഡ്” ആയ ഹൊഹേവെഗിലാണു.ഹാർഡർ കുൽമിലോട്ടു കാറിൽ പോകാൻ പറ്റില്ലെന്നും ഇന്റെർലാക്കെൻ സ്റ്റേഷനിൽ നിന്നും മൌണ്ടൻറെയിൽ വഴി പോകണമെന്നും പിന്നീടാണു അറിഞ്ഞതു.ഹൊഹേവെഗും ഇന്ത്യൻ ടൂറിസ്റ്റുകളെ കൊണ്ടു നിറഞ്ഞിരുന്നു.സ്വിറ്റ്സർലാൻഡിൽ എവിടെയും ഹോഹെവെഗിൽ പ്രത്യേകിച്ചും ഏറ്റവും കൂടുതൽ കാണുന്നതു വാച്ചു കടകളാണു.ടിസ്സോട്ട്, കാർട്ടിയെർ, ബ്രയ്റ്റ്ലിങ്ങ്, പറ്റെക് ഫിലിപ് തുടങ്ങിയ വമ്പൻ ബ്രാൻഡുകൾ നിരത്തി വച്ചിരിക്കുന്ന കടകൾ.എതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന മൾട്ടിഡയൽ ക്രോണൊ വാച്ചുകൾ ആരും ഒന്നു നോക്കി നിന്നു പോകും. എന്നാൽ വിലയിലും വലിപ്പത്തിലും തടിച്ച ആ ആഢംബരവസ്തുക്കൾ എന്റെ മെലിഞ്ഞ കൈകൾക്കും പോക്കറ്റിനും ഒട്ടും അനുയോജ്യമല്ല എന്നു മനസിലാക്കി ആഗ്രഹം മനസിലൊതുക്കി. 
 

ഇന്റർലാകെൻ ഓസ്റ്റ് സ്റ്റേഷനിലെ സ്വിസ്സ് കഫേ യിൽ നിന്നുമുള്ള കാപ്പികുടി കഴിഞ്ഞപ്പോൾ സമയം 8.00 മണി കഴിഞ്ഞിരുന്നു. Top of europe എന്നറിയപ്പെടുന്ന യുങ്ങ്ഫ്രൗയോഹ് (Jungfraujoch) ലെക്കുള്ള മൌണ്ടൻ ട്രെയിൻ യാത്ര ആണു് അടുത്ത ദിവസത്തെ പ്രോഗ്രാം.യൂറൊപ്പിലെ എറ്റവും പൊക്കമുള്ള കൊടുമുടികളിലൊന്നായ യുങ്ങ്ഫ്രൗ വിന്റെ ബേസ് ക്യാമ്പാണു് യുങ്ങ്ഫ്രൗയോഹ്. മൗണ്ടൻ റെയിൽ ടിക്കറ്റ് വിവരങ്ങൾ അന്വേഷിക്കാനാണു് സ്റ്റേഷനിലെത്തിയതു്.പക്ഷേ 7 മണി ആയപ്പോളേ സ്റ്റേഷൻ അടച്ചിരുന്നു. അതിരാവിലെ ഉള്ള ടിക്കറ്റ് നു 50% കുറവുണ്ടെന്നാണു ഇന്റെർനെറ്റിൽ നിന്നും കിട്ടിയ വിവരം.ഈ ഓഫറും ഉച്ചക്കു ശേഷം മഴ പെയ്യാൻ സാധ്യത ഉണ്ടെന്നുള്ള കാലാവസ്ഥാ പ്രവചനവും കാരണം യാത്ര രാവിലെ തന്നെ അക്കാം എന്നു തീരുമാനിച്ചു.ആൽപ്സിന്റെ മുകളിൽ എത്താനുള്ള ആവേശത്തിൽ വീണ്ടും ഒരു ദിവസം കൂടെ അതിരാവിലെ തുടങ്ങാനുള്ള ബുദ്ധിമുട്ട് പാടെ മറന്നു പോയി.

തിരിച്ചു ഹോട്ടലിലേക്കു ഡ്രൈവ് ചെയ്യുമ്പൊൾ കീറ്റ്സ്ന്റെ രണ്ടു വരി കവിത മനസ്സിൽ വന്നു

“Heard Melodies Are Sweet, but Those Unheard Are Sweeter”

അല്ലെങ്കിൽ
കണ്ട കാഴ്ചകൾ മനോഹരമെങ്കിൽ, കാണാൻ പോകുന്നവ അതിലെത്ര മനോഹരമായിരിക്കും ?


(തുടരും..)
..

14 comments:

  1. ഫോട്ടൊകൾ കൂടുതൽ ഉൾപ്പെടുത്തുക

    ReplyDelete
  2. നന്ദി സുഹൃത്തെ..കൂടുതൽ ഫോട്ടൊകൾ ഉൾപെടുത്തിയിട്ടുണ്ടു്

    ReplyDelete
  3. പല സ്ഥലപ്പേരുകളും വീണ്ടും വായിച്ചപ്പോൾ വല്ലാത്ത സന്തോഷം തോന്നി. സ്വിസ്സിൽ ഞാൻ കറങ്ങിയത് തീവണ്ടിയിലാണ്. വാഹനം ഓടിച്ച് പോകുക എന്നത് ഒരു സ്വപ്നമാണ്. അതിനായല്ലോ പഥികന്. ഭാഗ്യവാൻ :)

    ReplyDelete
  4. ആ തുലിപ് പൂക്കള്‍ അവ അതിമനോഹരം തന്നെ അല്ലേ...? ചിത്രം കണ്ടു വല്ലാതെ കൊതിയാവുന്നു....വേഗം അടുത്ത ഭാഗം വരട്ടെ.

    ReplyDelete
  5. അതിമനോഹരമായ ചിത്രങ്ങള്‍. മനോഹരമായ വിവരണം . അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  6. പഥികാ ഏറെ ഹൃദ്യമായ വിവരണം. പത്തുവര്‍ഷം മുന്‍പ് ഒരിക്കല്‍ പോയിട്ടുണ്ട് സ്വിസ്സിലെ ബ്യൂള്‍ എന്ന സ്ഥലത്ത്. ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു ആ പ്രകൃതി ഭംഗി.ബാക്കിയും പോരട്ടെ .ആശംസകള്‍. ജര്‍മ്മനിയില്‍ എവിടെയാ ? ഇനി വരുമ്പോള്‍ കാണാന്‍ പറ്റിയാലോ ! ....സസ്നേഹം

    ReplyDelete
  7. ellavarum kathirikkunnu..baakki porette.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. നിരക്ഷരാ...പ്രോത്സാഹനത്തിനും അഭിപ്രായങ്ങൾക്കും നന്ദി..ദയവായി വീണ്ടും വരിക.

    ജാസ്മിക്കുട്ടീ - നന്ദി എറെ വിലപ്പെട്ട അഭിപ്രായങ്ങൾക്ക്...വീണ്ടും വരിക.

    ജയരാജ് - വായനക്കും അഭിപ്രായത്തിനും നന്ദി..വീണ്ടും വരിക

    യാത്രികാ...വായനക്കും അഭിപ്രായത്തിനും ഏറെ നന്ദി. ജർമ്മനിയിൽ സ്റ്റുട്ഗാർട്ടിലാണിപ്പോൾ..ഇനി വരുമ്പോൾ അറിയിക്കുമല്ലോ ? കാണണം.

    ജെറിൽ ...എഴുതിതുടങ്ങി..മടി കാരണം തീരുന്നില്ല.

    ReplyDelete
  10. good narration and photos.keep posting!!

    ReplyDelete
  11. നമ്മള്‍ കണ്ട സ്ഥലം ആയാലും ..അത് വേറെ ഒരു ആളുടെ ഭാഷയില്‍ എഴുതുമ്പോള്‍ ..അതിന്റെ ഭംഗി ഒന്ന് കൂടി ഇരട്ടി ആവും ട്ടോ ...നല്ല വിവരണം ,ഇനിയും ഒരുപാടു യാത്രകള്‍ ചെയ്യാനും ,ഇതുപോലെ വിവരണം എഴുതി അത് വായിക്കുന്നവര്‍ക്ക് സന്തോഷവും ഉണ്ടാവും ..എല്ലാ വിധ ആശംസകളും ...

    ReplyDelete
  12. എസ് കെ പൊറ്റേക്കാടിന്റെ യാത്രാ വിവരണത്തിൽ ഈ പേരുകൾ ഉണ്ട്. ഇന്റർലേക്കൻ, യുങ്ഫ്രാ എന്നൊക്കെ . ഒരു ദേശത്തിന്റെ കഥയിൽ ഒരു പ്രണയ കഥയുടെ പശ്ചാത്തലമായി ഈ സ്വിസ് സ്കെച്ചുകൾ കാണാം. എന്തായാലും ചെറുപ്പത്തിലേ മനസ്സിലുറച്ചു പോയ ഈ ചിത്രങ്ങൾ ഇങ്ങനെ മിഴിവാക്കി കാണിച്ചതിനു നന്ദി, സുഹൃത്തേ.

    ReplyDelete
  13. wow.....വീണ്ടും കൊതിയാവുന്നു... നല്ല വിവരണം...ഫോട്ടോ കാണാന്‍ എന്താ രസം....:)))))))))))

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...