പഥികന്റെ കാൽപാട്



Monday, May 23, 2011

പിക്രിക് ആസിഡ് | Picric Acid


മാരകായുധങ്ങളോട് തീരെ ചെറുപ്പം മുതലേ എനിക്കു കമ്പമുണ്ടയിരുന്നു. മഹാഭാരതകഥയിൽ നിന്നും ആവേശം കൊണ്ടു ഒരമ്പും വില്ലും ഉണ്ടാക്കി നഴ്സറി ക്ലാസ്സിൽ കർണ്ണവധം അവതരിപ്പിച്ചപ്പോൾ സ്കൂളിലെ കന്യാസ്ത്രീ ടീച്ചർ ഭയന്നു പോകുകയും ഇത്തരം ഫാസിസ്റ്റുകൾ അഭിനവഭാരതത്തിനു പൊതുവേയും LKG ക്ലാസ്സിൽ പ്രത്യേകിച്ചും ഉണ്ടാക്കാവുന്ന സാംസ്കാരിക അപചയത്തെ പറ്റി അപ്പയെ വിളിച്ചു ഉപദേശിക്കുകയും ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ടു.അക്കാലത്തു് ആയുധങ്ങളുടെ നിർമ്മാണവും വ്യാപാരവും കുത്തക ആക്കി വച്ചിരുന്ന LTTE, താലിബാൻ, ലഷ്കർ തുടങ്ങിയ സംഘങ്ങളുമായി നേരിട്ടു പരിചയമില്ലായിരുന്നതിനാൽ മൊട്ടുസൂചിവച്ച അമ്പ്, ബ്ലേഡ് ഒട്ടിച്ച മരവാൾ , ഇഷ്ടികപ്പൊടി നിറച്ച സ്മോക് ബോംബ് തുടങ്ങിയ ലൊട്ടുലൊടുക്കു ആയുധങ്ങളുടെ പരിമിതമായ ഉപയോഗം എന്റെ ആയുധതൃഷ്ണയെ സമാശ്വസിപ്പിച്ചു പോന്നു.

ആയോധനകലയിൽ കാര്യമായ സംഭവ വികാസങ്ങളൊന്നുമില്ലാതെ വർഷങ്ങൾ കടന്നു പോയി.

അങ്ങനെ ഇരിക്കെ ആണു 1 year പ്രീഡിഗ്രീ കെമിസ്റ്റ്റി ബുക്കിലെ ഒരു വരി കണ്ണിൽ തടഞ്ഞതു്.

Picric Acid : A high-powered explosive when allowed to dehydrate.

ആനന്ദലബ്ധിക്കിനി എന്തു വേണം.ഓരു ബോംബുണ്ടാക്കാൻ അല്പം പിക്രിക് ആസിഡ് എടുത്തു ഉണക്കിയാൽ മതിയല്ലോ. ഡയ്നാമിറ്റ് കണ്ടു പിടിച്ച ആൽഫ്രഡ് നോബെൽ ന്റെ സന്തോഷമായിരുന്നു മുഖത്തു്.

കെമിസ്റ്റ്റി ലാബിൽ നിരന്നിരിക്കുന്ന കുപ്പികൾ ഓർമ്മ വന്നു. മനസ്സിൽ ഒരു മാസ്റ്റർ പ്ളാൻ തയ്യാറായി.

ലാബ് കഴിഞ്ഞു എല്ലാവരും പോയ തക്കം നോക്കി റെക്കോഡെടുക്കാനാണെന്ന ഭാവത്തിൽ ലാബിലോട്ടു കയറി.പിക്രിക് ആസിഡ് വച്ചിരിക്കുന്ന ഷെല്ഫിനടുത്തെത്തി ഇരു വശത്തൊട്ടും നോക്കി ആരും കാണുന്നില്ല എന്നു ഉറപ്പു വരുത്തി ഒരു പൊന്മാൻ മീൻ കൊത്തിയെടുക്കുന്ന കൗശലത്തോടെ ഞൊടിയിടയിൽ ഞാനാ കുപ്പി പോക്കറ്റിലോട്ടിട്ടു.

എന്നിട്ടു ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവത്തിൽ കോളേജിന്റെ പടികടന്നു പതുക്കെ വീട്ടിലോട്ടു നടന്നു..

അല്പം നടന്നപ്പോളാണ്‌ ഞാനാ യാഥാർത്ഥ്യം മനസ്സിലാക്കിയതു്.കുപ്പി തലകീഴായാണു പോക്കറ്റിലിട്ടതു്. അല്പം തുറന്നു പോയ അടപ്പിലൂടെ പിക്രിക് ആസിഡ് കാലിലോട്ടൊലിച്ചിറങ്ങുന്നു.

ഭഗവാനേ...ഞാനൊരു മനുഷ്യബോംബായി മാറിയിരിക്കുന്നു !!

കുറ്റിയും പറിച്ചോടി ശാസ്താംകോവിലിന്റെ പടി ചാടിക്കടന്നു വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് മുൻവശത്തെ വാതിൽ ചവിട്ടിത്തുറന്ന് ബാത്റൂമിൽ കയറി ഒരു ബക്കറ്റ് വെള്ളം അരക്കു താഴേക്കൊഴിച്ചു കഴിഞ്ഞപ്പോളാണു ശ്വാസം നേരെ വീണതു്.

അനന്തപുരിയുടെ സംസ്കാരികാസ്ഥാനമായ തൈക്കാടും പരിസരപ്രദേശങ്ങളും ഒരു ചാവേറാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടല്ലോ.

നീരാട്ടും തേവാരവും കഴിഞ്ഞു സർവ്വസന്നാഹങ്ങളുമായി ഞാൻ എന്റെ ആദ്യത്തെ “അണുപരീക്ഷണ”ത്തിനിറങ്ങി.

ടെറസ്സിന്റെ മുകളിൽ നിലത്തു വിരിച്ചിട്ട ഒരു മാതൃഭൂമി ന്യൂസ് പേപ്പറായിർന്നു എന്റെ പൊക്രാൻ മരുഭൂമി.വളരെ സൂക്ഷ്മതയോടെ അല്പം പിക്രിക് ആസിഡ് പേപ്പറിന്റെ നടുവിലായി ഒഴിച്ചു.

കൊടും വെയിലിൽ ന്യൂസ് പേപ്പറിന്റെ നടുവിലെ നനവിന്റെ വട്ടം ചെറുതായി വരുന്നതും അവസാനം നേർത്തു നേർത്തു അപ്രത്യക്ഷമാകുന്നതും അല്പം മാറി നിന്നു ഒരു സ്ഫോടനശബ്ദം കാതോർത്തു കൊണ്ടു ഞാൻ നോക്കി നിന്നു.

ഒന്നും സംഭവിച്ചില്ല.

കണ്ണിൽ കണ്ട ഒരു ചുള്ളിക്കമ്പെടുത്തു ഒന്നു തോണ്ടി നോക്കി.ഒരു കല്ലെടുത്തെറിഞ്ഞു നോക്കി. ധൈര്യം സംഭരിച്ചു പേപ്പറിന്റെ അടുത്തു ചെന്ന് അതെടുത്തൊന്നു കുടഞ്ഞു നോക്കി.

ഫലം തഥൈവ

അവസാനം അടുക്കളയിൽ നിന്നും തീപ്പെട്ടി എടുത്തു കൊണ്ടുവന്നു ആ പേപ്പറിനു തീ കൊടുത്തു നോക്കി. ആ നനഞ്ഞ പേപ്പർ എറി കൊണ്ട പട്ടിയെപ്പോലെ മോങ്ങി മോങ്ങി നിന്നു പുകഞ്ഞു.ഇനി ഇതു കത്തണമെങ്കിൽ മണ്ണെൺനയൊ പെട്രോളോ ഒഴിക്കണം.

പിക്രിക് ആസിഡിന്റെ കുപ്പി എടുത്തൊന്നു നോക്കി.അതിനൊരിരുപതിനായിരം വർഷത്തെ പഴക്കമെങ്കിലും കാണും.മാർത്താണ്ഡവർമ്മ ഡച്ചു കാരെ തോല്പ്പിച്ചപ്പോൾ പിടിച്ചെടുത്തതാണെന്നു തോന്നിപ്പിക്കുന്ന ഒരു കുപ്പി. കുപ്പിയിലൊട്ടിച്ചിരിക്കുന്ന ലേബൽ ബൈബിളിന്റെ ഒന്നാം മാനുസ്ക്രിപ്റ്റിന്റെ പേജുകളെ ഓർമ്മിപ്പിക്കുന്നു.

തിരുവനന്തപുരം കോർപറേഷന്റെ പൈപ്പു വെള്ളത്തിനു ആർട്സ് കോളേജ് ലാബിലെ സൾഫ്യൂരിക് ആസിഡിനെക്കാൾ അസിഡിറ്റി കാണും.

ആദ്യ പരീക്ഷണം പരാജയപ്പെട്ടെങ്കിലും ഞാൻ പിൻമാറാൻ തയ്യാറായിരുന്നില്ല. എന്റെ കയ്യിൽ കിട്ടിയ അടുത്ത ആയുധം ഒരു എയർ പിസ്റ്റളായിരുന്നു.അതൊരു വലിയ കഥയാണ്‌. 

"വേറെ ഒരു ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നത്.. അൽപം rearrangement ന്റെ ഭാഗമായി ഇവിടെ ഒന്നുകൂടെ ചേർക്കുന്നു."
 

3 comments:

  1. ആനന്ദലബ്ധിക്കിനി എന്തു വേണം.ഓരു ബോംബുണ്ടാക്കാൻ അല്പം പിക്രിക് ആസിഡ് എടുത്തു ഉണക്കിയാൽ മതിയല്ലോ. ഡയ്നാമിറ്റ് കണ്ടു പിടിച്ച ആൽഫ്രഡ് നോബെൽ ന്റെ സന്തോഷമായിരുന്നു മുഖത്തു്.
    ചീറ്റിയ ബോംബു പുരാണം അസ്സലായി,
    please avoid word verification..

    ReplyDelete
  2. പഥികന്‍ , സുക്ഷിച്ചു നടന്നോളു..ബിന്‍ ലാദന്റെ മരണ ശേഷം അല്‍ ഖൈദ ക്കാര്‍ ഒരു നേതാവിനെ നോക്കി നടക്കുകയാ..ഇതെങ്ങാനും അവര്‍ വായിച്ചാലോ എന്നാ എന്റെ പേടി..കൊള്ളാം നല്ല അവതരണം. ആശംസകള്‍

    ReplyDelete
  3. പോയില്ലേ! ഈ ലോകം മുഴുവൻ ചുറ്റിക്കറങ്ങുന്ന ഒരു വൻ കക്ഷിയുടെ ബ്ലോഗാണു വായിയ്ക്കുന്നതെന്ന് കരുതിയിരുന്ന ഞാൻ... ഈ പോസ്റ്റ് വായിച്ച്...... ആങ് പോട്ടെ. ഒരബദ്ധമൊക്കെ ആർക്കും പറ്റും..

    അഭിനന്ദനങ്ങൾ.

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...