പഥികന്റെ കാൽപാട്



Monday, November 14, 2011

അവൾ..!

ഓർമ്മയുടെ ചിതറിത്തെറിച്ച കണ്ണാടിത്തുണ്ടുകളിലിന്നും ഒളിമങ്ങാതെ തിളങ്ങുന്ന ആ മുഖം...അവൾ !!

എങ്ങനെയാണവളെ വിശേഷിപ്പിക്കേണ്ടതെന്നെനിക്കറിയില്ല. മന്ദമാരുതനിൽ പാറിപ്പറക്കുന്ന അവളുടെ അലസമായ മുടിയിഴകൾ കാറ്റിനോട് കൊഞ്ചുകയാണോ എന്ന് തോന്നും. ആഴിയെയും ഊഴിയെയും ഒരുമിച്ചാവാഹിച്ചൊളിപ്പിച്ചു വച്ചിരിക്കുന്ന ആഴമേറിയ ആ കരിനീലക്കണ്ണുകളെക്കുറിച്ച് എത്ര പറഞ്ഞാലാണ്‌ മതിയാവുക? അസ്തമയസൂര്യനഭിമുഖമായി അവൾ നിൽക്കുമ്പോൾ ആ കവിളിണകളിൽ തട്ടിത്തെറിക്കുന്ന സൂര്യരശ്മികൾക്ക് എന്തൊരു ശോഭയാണ്‌ ?

കവിത പോലെ, കുളിർകാറ്റു പോലെ.....അവൾ !!


അവളെ ആദ്യം കാണുന്നത് എഞ്ചിനീയറിങ്ങ് കോളേജിലെ ആദ്യദിവസമാണ്‌,എന്റെ, ഞങ്ങളുടെ ക്ലാസ്സ് മുറിയിൽ വച്ച്. പഠനകാലം മുഴുവൻ ആൺകുട്ടികൾ മാത്രമുള്ള സ്കൂളിൽ ചിലവഴിച്ച വെറുമൊരു സങ്കോചക്കാരനായിരുന്നു ഞാനന്ന്. അവളുടെ സാമീപ്യം ആഹ്ലാദത്തെക്കാളുപരി അകാരണമായ ഒരു ഭയമായിരുന്നു എനിക്കു നൽകിയത് .മിഴികളുടക്കാതെ വഴിമുടക്കാതെ അകലെ നിന്ന് മാത്രം അവളെ നോക്കിക്കാണാൻ ഞാൻ ഇഷ്ടപ്പെട്ടു.അവളുടെ ലാസ്യമായ ചലനങ്ങളും സ്ത്രൈണമായ മുഖവിക്ഷേപങ്ങളും മനസ്സിന്റെ ക്യാൻവാസിൽ കടുംനിറങ്ങൾ ചേർക്കാതെ ഞാൻ കോറിയിട്ടു.

ചക്രവാളസീമയിലേക്ക് അവളുടെ കൈകോർത്തു പിടിച്ചു നടക്കുന്നതും അവൾക്കു വേണ്ടി ആകാശത്തു മഴവില്ലു വരക്കുന്നതും ആലിപ്പഴം പൊഴിക്കുന്നതും ഞാൻ കിനാവു കണ്ടു.. അവളുടെ സാങ്കൽപ്പികമായ സൗഹൃദത്തിനു വേണ്ടി മാത്രം ഞാനെനിക്കു ചുറ്റും ഏകാന്തതയുടെ ഒരു വലയം തീർത്തു.

യാഥാർത്ഥ്യത്തിലെ അവളുടെ ലോകം എങ്കിലും എനിക്കന്യമായി തന്നെ തുടർന്നു.പ്രവേശനമില്ലെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ആ ലോകത്തിൽ നിന്ന് താല്പര്യമില്ലാത്തവനെ പോലെ ഞാൻ അകന്നു നില്കാൻ ശ്രമിച്ചു. അവളുൾപടെയുള്ള സഹപാഠികൾ എന്നെ അഹങ്കാരി എന്നും സ്വപ്നജീവി എന്നും വിശേഷിപ്പിച്ചു.

ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നു പോയി.രാഷ്ട്രീയവും ഹോസ്റ്റൽ ജീവിതവും പുതിയ സുഹൃത്തുക്കളും എന്നിലെ ലജ്ജാലുവിനെ കുറേയൊക്കെ മാറ്റിയെടുത്തു.അവളൊഴികെയുള്ള മറ്റു പെൺകുട്ടികളുമായി അടുത്തിടപഴകാനും കൂട്ടുകൂടാനും ഞാൻ ശീലിച്ചു.കാന്റീനിന്റെ കോലാഹലത്തിലും ലൈബ്രറിയുടെ സ്വകാര്യതയിലും വാരാന്ത്യത്തിൽ വീട്ടിലേക്ക് പോകുന്ന തീവണ്ടിയുടെ പടവുകളിലും പുതിയ കൂട്ടുകാരികളുമായി അർത്ഥശൂന്യമായ കിന്നാരങ്ങൾ പറഞ്ഞിരിക്കുമ്പോഴും മനസ്സിൽ അവൾ മാത്രമായിരുന്നു..കയ്യെത്തും ദൂരെ..എന്നാൽ കാതങ്ങൾക്കകലെ.


ഞങ്ങളുടെ പേരുകൾ ആദ്യമായി ചേർത്തെഴുതിയത് കോളേജിൽ കാമ്പസ് ഇന്റർവ്യൂവിനു വന്ന ഒരു സ്ഥാപനമാണ്‌.വിദൂരനഗരത്തിലെ അവരുടെ ശാഖയിലേക്ക് ജോലിക്കായി തിരഞ്ഞെടുത്തവരിൽ ഞാനും അവളും മാത്രം - ഞങ്ങളുടെ ക്ലാസ്സിൽ നിന്ന്. അടുത്തടുത്ത വരികളിൽ ഞങ്ങളുടെ പേരുകൾ എഴുതിയിരുന്ന ആ പത്രിക എത്രയാവർത്തി വായിച്ചിട്ടുണ്ടാവും എന്നെനിക്കോർമ്മയില്ല.

ജീവിതം പറിച്ചു നട്ട അപരിചിതമായ പുതിയ നഗരത്തിൽ എനിക്കവളെയും അവൾക്കെന്നെയും അത്യാവശ്യമായിരുന്നു. മലരും മഞ്ഞച്ചോറും പ്രസാദം തരുന്ന അമ്പലങ്ങളിലും കുപ്പിവളകളും ചായക്കൂട്ടുകളും വില്ക്കുന്ന കടകളുള്ള ഗലികളിലും ഞങ്ങൾ അലഞ്ഞു തിരിഞ്ഞു നടന്നു.അസ്തമയ സൂര്യൻ വിണ്ണിൽ ചെഞ്ചായം പൂശുന്ന വൈകുന്നേരങ്ങളിൽ, കായൽപ്പരപ്പിലെ ബുദ്ധപ്രതിമയിൽ കണ്ണുനട്ടിരുന്ന് കഥകൾ പറഞ്ഞു. നഗരജീവിതത്തിന്റെ ഭ്രമിപ്പിക്കുന്ന വേഗതയെയും തിളങ്ങുന്ന വർണ്ണപ്പകിട്ടിനെയും നോക്കിനിന്ന് വിസ്മയപ്പെട്ടു, ചിലപ്പോളതിനെ പരിഹസിച്ചു, ചിലപ്പോൾ അതിലേക്ക് അലിഞ്ഞു ചേരാൻ ശ്രമിച്ചു.ഓരോ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും ദുഖങ്ങളും പ്രശ്നങ്ങളുമായി എന്നിലേക്ക് അവളോടി വരുമ്പോഴും നിഷ്കളങ്കമായ സൗഹൃദത്തിന്റെ അതിർവരമ്പുകളിൽ കൊട്ടിയടച്ച മനസ്സിന്റെ വാതിൽ ഞാൻ തുറന്നില്ല . ചപലമായ എന്റെ മനസ്സ് ഒരിക്കലും അവൾ കാണരുതെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. എനിക്കു നേരേ അവൾ മുഖം തിരിക്കുന്നതും വിഡ്ഢിയെന്നു പരിഹസിക്കുന്നതും എനിക്കു താങ്ങാനാവുമായിയിരുന്നില്ല. അവളുടെ സൗഹൃദവും സാമീപ്യവും എനിക്കത്രക്കു പ്രിയപ്പെട്ടതായിരുന്നു. എങ്കിലും അനിവാര്യമായ ആ വേർപിരിയൽ ഏതു നിമിഷവും ഞാൻ പ്രതീക്ഷിച്ചിരുന്നു.വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്നത് തുറന്നു പറയണമെന്നും അതിനു ശേഷം അവളിൽ നിന്ന് ഓടിയകലണമെന്നും ഞാനാശിച്ചു. അതിനായി ഹൃദയത്തിന്റെ ആലയിൽ വാക്കുകൾ കാച്ചിക്കുറുക്കി സ്വരൂക്കൂട്ടി വച്ചു.


രണ്ടുമാസത്തെ പരിശീലനത്തിനു ശേഷം ഞാൻ ജോലിക്ക് നിയുക്തനായത് മറ്റൊരു നഗരത്തിൽ.ജീവിതനദിയുടെ സമയാനുസൃതമായ വഴിതിരിച്ചുവിടൽ.ഹൃദയഭാരത്തോടെ അവളോട് യാത്ര പറയുമ്പോഴും മനസ്സിന്റെ തിരശ്ശീല താണു തന്നെ കിടന്നു.പറയാൻ കൊതിച്ച വാക്കുകൾ മനസ്സിന്റെ തീനാളങ്ങളിൽ ശലഭങ്ങളെപ്പോലെ എരിഞ്ഞടങ്ങി.

അവളുടെ നിഴൽക്കൂട്ടിൽ നിന്നകന്നത് ജീവിതത്തെ ഒരു പുതിയ കാഴ്ചപ്പാടോടെ നോക്കിക്കാണാൻ എന്നെ പഠിപ്പിച്ചിരിക്കാം.പ്രായോഗികജീവിതത്തിന്റെ പുതിയ പരീക്ഷണശാലയിൽ പൊള്ളുന്ന അനുഭവങ്ങളായിരുന്നു പാഠപുസ്തകങ്ങൾ.ഭാവിയെക്കുറിച്ചും ജീവിതത്തിലെ ലക്ഷ്യങ്ങളെക്കുറിച്ചും ആദ്യമായി ആലോചിച്ചു തുടങ്ങിയതവിടെ വച്ചാണ്‌. പുതിയ ലോകവും കൂട്ടുകാരും ജീവിതരീതികളും എന്റെ ചിന്തകൾക്ക് വെള്ളവും വെളിച്ചവുമേകി. അവളുമായുള്ള സംഭാഷണങ്ങൾ ശുഭദിനാശംസകളിലും ചുരുക്കം ഫോൺ വിളികളിലും മാത്രമായി ഒതുങ്ങി.
 

അവളെ വീണ്ടും കണ്ടുമുട്ടിയത് ഏറേക്കാലത്തിനു ശേഷം ഔദ്യോഗികാവശ്യത്തിനായി അവളുടെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു. 

ജീവിതത്തിലാദ്യമായി കണ്ഠമിടറാതെ വാക്കുകൾക്കു പരതാതെ അവളോട് സംസാരിച്ചു. വാതോരാതെ പറയാൻ വിശേഷങ്ങളേറെ ഉണ്ടായിരുന്നു.

ക്ലാസ്സ്മേറ്റുകളുടെ കഥകൾ, പുതിയ നഗരത്തിലെ വിശേഷങ്ങൾ,ദീപ്തമായ കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ

ജോലിയുടെ തിരക്കുകളും സുഹൃത്തുക്കളുടെ വിശേഷങ്ങളും അങ്ങനെ പലപല കാര്യങ്ങൾ അവളും.

ഉച്ചഭക്ഷണത്തിനു ശേഷം ഓഫീസ് വളപ്പിലുള്ള പൂന്തോട്ടത്തിലൂടെ അലസമായി നടക്കവേ അവളോട് ഞാൻ പറഞ്ഞു..

“നിനക്കറിയാമോ...ഒരിക്കൽ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു...”

മിഴിയിണയിൽ പൊട്ടി വിരിഞ്ഞ ഒരു കുസൃതിച്ചിരിയോടെയായിരുന്നു അവളുടെ മറുപടി.


ഒരിക്കൽ സ്നേഹിച്ചിരുന്നെന്നോ ? നീ എന്നെ ഇപ്പോഴും സ്നേഹിക്കുന്നെന്നാണ്‌ ഞാൻ വിചാരിച്ചത്”

“എനിക്കറിയില്ല..ഒരുപക്ഷേ എനിക്കിപ്പോൾ വളരെ പ്രാക്ടിക്കലായി നിന്നെ സ്നേഹിക്കാം...ആർജ്ജിച്ച പക്വതയുടെയും ആത്മവിശ്വാസത്തിന്റെയും ബലത്തിൽ നിന്നോട് പ്രണയാഭ്യർത്ഥന നടത്താം..അക്കൌണ്ടിൽ വന്നു വീഴുന്ന അക്കങ്ങളുടെ ഉറപ്പിൽ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യാം .പക്ഷേ..പക്ഷേ...വേറൊന്നുമാലോചിക്കാതെ ഭ്രാന്തമായ ആവേശത്തോടെ, സ്നേഹിക്കാൻ വേണ്ടി മാത്രം നിന്നെ സ്നേഹിച്ചിരുന്ന എന്റെ ആ ഹൃദയം , അതെനിക്കെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.”

അവളുടെ കണ്ണുകളിലെ തിളക്കം പോയ്മറഞ്ഞുവോ ? അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം.ഒരൊളി കണ്ണുകൊണ്ടുപോലും അതൊന്ന് നോക്കി ഉറപ്പു വരുത്താനുള്ള ധൈര്യം എന്തുകൊണ്ടോ എനിക്കന്ന് വന്നില്ല.




സമർപ്പണം : കാല്പനികമായ വിഭ്രാന്തിയുടെ മധുചഷകത്തിലല്ല ജീവിതയാഥാർത്ഥ്യത്തിന്റെ കയ്പ്പുനീരിലാണ്‌ പ്രണയത്തിന്റെ മാറ്റുരച്ചു നോക്കേണ്ടതെന്നു പഠിപ്പിച്ചു തന്ന എന്റെ കൂട്ടുകാരിയ്ക്ക്.

56 comments:

  1. Time does not wait for you or me
    Days pass and years pass
    You loose your loved ones
    And you move away from your loved ones
    You move to different places
    Your life changes, your friends change and your attitude changes, society changes
    But your heart has those precious moments etched in it
    Whether you want it or not, it is there
    Making you happy at times
    Sad at times and making even more painful at times
    Your heart has those moments in that corner where no one can see
    "What is it ?" They ask seeing your blank face
    And you just smile, Saying, ……………………………………"Nothing !"

    മനസ്സിൽ നിന്നൊരേട്...ഒരു കുഞ്ഞിക്കഥ...

    ReplyDelete
  2. "വേറൊന്നുമാലോചിക്കാതെ ഭ്രാന്തമായ ആവേശത്തോടെ, സ്നേഹിക്കാൻ വേണ്ടി മാത്രം നിന്നെ സ്നേഹിച്ചിരുന്ന എന്റെ ആ ഹൃദയം , അതെനിക്കെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു." - എന്തൊരലക്കാണ് മാഷേ...

    ReplyDelete
  3. പറഞ്ഞ ശൈലി ഇഷ്ടപെട്ടു മാഷേ... മുകളിലെ കമന്റില്‍ സൂചിപ്പിച്ച വരികളും സൂപ്പര്‍...

    ReplyDelete
  4. വേറൊന്നുമാലോചിക്കാതെ ഭ്രാന്തമായ ആവേശത്തോടെ, സ്നേഹിക്കാൻ വേണ്ടി മാത്രം നിന്നെ സ്നേഹിച്ചിരുന്ന എന്റെ ആ ഹൃദയം , അതെനിക്കെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.”


    സുഹൃത്തെ നന്നായിട്ടുണ്ട്.... എഴുതിയ വിഷയതെക്കാള്‍ ഇഷ്ടമായത് എഴുത്തിന്റെ ശൈലിയാണ്...

    ഇനിയും എഴുതുക , ആശംസകള്‍...

    ReplyDelete
  5. ഹൃദയ സ്പര്‍ശിയായ കഥ...

    ReplyDelete
  6. കൂട്ടുകാരി കൊള്ളാം..

    ReplyDelete
  7. നന്നായി പറഞ്ഞൊരു കുഞ്ഞിക്കഥ, അല്ലാ...മനസ്സില്‍ നിന്നും ചീന്തിയെടുത്തൊരേട്..അക്ഷരങ്ങളില്‍ പൊടിഞ്ഞിരിക്കുന്ന ചോര അത് വെളിവാക്കുന്നു...യാത്രാ വിവരണങ്ങള്‍ മനോഹരമായി ആവിഷ്ക്കരിക്കുന്ന നാട്ടാരനു കഥ അനായാസേനെ വഴങ്ങും എന്നു പറഞ്ഞാല്‍ അത് അതിശയോക്തി ആകും...വാക്കുകള്‍ക്കുള്ളിലെ നോവ്, മനസ്സ് ഒക്കെ നന്നായി വരച്ചു കാട്ടി...ആശംസകള്‍..

    (അല്ലാ ഒരു സംശയം അമ്പിളിചേച്ചിക്ക് ഇതറിയാവോ...ങ്ങേയ്...അപ്പോ ഞാന്‍ നില്‍ക്കണോ പോണോ....?? )

    ReplyDelete
  8. പഴയ സ്വപ്നലോകത്തു നിന്നും ജീവിക്കാൻ തുടങ്ങിയപ്പോൾ, പഴയതു പലതും കൊണ്ടുനടക്കാൻ പറ്റാതെ വരുന്നത് സ്വാഭാവികം മാത്രം.
    ആശംസകൾ...

    ReplyDelete
  9. ഇങ്ങനെയൊരു അവള്‍ അവനും, അവന്‍ അവള്‍ക്കും എല്ലായിടത്തും കാണാനാകും.
    എന്നാല്‍,വേര്‍പിരിയലിന്റെ നിമിഷം വരെ അതിന്റെ ആഴം തിരിച്ചറിയുകയില്ല തന്നെ.!
    ഇവിടെ രണ്ട് പേരും പ്രണയംസൂക്ഷിക്കുന്നു. ഈ പരിപക്വമായ സമയത്ത് അത് ശക്തവുമാകുന്നു.
    ആദ്യമായാണിവിടം... സന്ദര്‍ശനം അടയാളപ്പെടുത്താതെ പോകാനായില്ല. അത്രയും മനോഹരമായി പറഞ്ഞൊരു വായാനാനുഭവം. ഈ പ്രണയാക്ഷരങ്ങള്‍ക്ക് അഭിനന്ദനം.
    ഇടക്ക് വീണ്ടും വരാം.

    ReplyDelete
  10. നല്ല പ്രണയം ........നല്ല രീതിയില്‍ പറഞ്ഞു ......എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  11. കൊള്ളാം,നന്നായി ഈ കഥ..

    ReplyDelete
  12. ജീവിതയാത്രയില്‍ പറയേണ്ടത് പറയേണ്ട സമയത്ത് പറയണം എന്ന് എത്ര നന്നായി വരച്ച് കാട്ടിയിരിക്കുന്നു പഥികന്‍..വളരെ വളരെ ഇഷ്ട്ടമായി ഈ കഥ.ഹൃദയത്തില്‍ തൊടുന്ന തീവ്രത അവസാനവരികള്‍ക്ക്..
    കുഞ്ഞ് കഥയുടെ വല്യ എഴുത്തുകാരന് അഭിനന്ദനങ്ങള്‍...

    ReplyDelete
  13. അല്ലെങ്കിലും അന്നത്തെ ആ മനസ്സൊക്കെ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്നേ..
    നല്ല കഥ .ആശംസകളോടെ

    ReplyDelete
  14. കഥയിലെ ചില വഴികളില്‍ ഞാനും നടന്നിടുണ്ട് പതിക....
    കലാലയത്തിന്റെ പടികള്‍ ഇറങ്ങുന്ന അവസാന ദിവസം, എല്ലാവരും വിടപറഞ്ഞു പോയിട്ടും ആ മുറ്റത് ഞങ്ങള്‍ രണ്ട്പേര്‍മാത്രം, അവസാനം എന്തു പറയണമെന്നറിയാതെ ആ പടികള്‍ ഇറങ്ങിപോകുന്ന അവളേയും നേക്കി ഞാന്‍ ആ സന്ദ്യസമയത്ത് ആ നടുമുറ്റത് തല്‍താഴ്ത്തി യിരുന്ന ഓര്‍ംകള്‍
    നല്ല കഥ പ്രിയാ

    ReplyDelete
  15. എത്ര മനോഹരമായ ശൈലി. കുഞ്ഞി കഥയില്‍ പ്രണയഭാവത്തിന്റെ മനോഹാരിത അതി ഗംഭീരം..

    ReplyDelete
  16. ജീവിതയാഥാർത്ഥ്യങ്ങൾ നോക്കികാണാൻ കഴിവുള്ള പെൺകുട്ടി, അവസാന സമർപ്പണം എനിക്കിഷ്ടമായി,
    ‘കാല്പനികമായ വിഭ്രാന്തിയുടെ മധുചഷകത്തിലല്ല ജീവിതയാഥാർത്ഥ്യത്തിന്റെ കയ്പ്പുനീരിലാണ്‌ പ്രണയത്തിന്റെ മാറ്റുരച്ചു നോക്കേണ്ടതെന്നു പഠിപ്പിച്ചു തന്ന എന്റെ കൂട്ടുകാരിയ്ക്ക്‘

    ReplyDelete
  17. കഥ ഇഷ്ടമായി.
    സമർപ്പണം കൂടുതൽ ഇഷ്ടമായി....
    അതുപോലെ ആദ്യ കമന്റും...അഭിനന്ദനങ്ങൾ.

    ReplyDelete
  18. ഹാവൂ..പഥികന്റെ വഴിയില്‍ ഇങ്ങനെ ഒരു
    മാണിക്യ കല്ലോ?

    വശ്യമായ വരികള്‍..മനോഹരം ആയ അവതരണം..
    സൂപ്പര്‍ എന്ന് അല്ലാതെ നല്ല മലയാളം വാക്കൊന്നും
    കിട്ടുന്നില്ല മാഷെ..

    ReplyDelete
  19. Dear Friend,
    Under the clear sky,on a moonlit night,
    When her silken hair flows in the wind,
    Touching his face with a fragrance,
    And a gentle brush of her fingers,
    Sending shivers down his spine,
    They were engrossed in deep love,
    Forgetting the world watching them.
    Their eyes reflected pure love,
    Longing for one word,one look n one smile,
    And her heartbeats go faster.
    Hey,they are simply amazing.
    And whispered the magic words of love.
    That was the most memorable gift she had received.
    It was like the raindrops in summer,
    Moonlight for the ocean,
    Nectar for the bees.
    The fireflies floated in the air,
    And that was an unforgettable night,
    To cherish forever!

    My poem from my English post.:)
    I enjoyed reading your post...so touching...so realistic...!Life has its twists and turns!

    Hearty Congrats,my friend!
    There is one correction in that poem ...
    Lose...not loose...

    Keep writing!
    Sasneham,
    Anu

    ReplyDelete
  20. "വേറൊന്നുമാലോചിക്കാതെ ഭ്രാന്തമായ ആവേശത്തോടെ, സ്നേഹിക്കാൻ വേണ്ടി മാത്രം നിന്നെ സ്നേഹിച്ചിരുന്ന എന്റെ ആ ഹൃദയം , അതെനിക്കെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.” ഒരുപാടിഷ്ടായി... (ഇതാണോ കഥയില്ലാത്തവന്‍റെ കഥന്നൊക്കെ പറഞ്ഞത് !!)

    ReplyDelete
  21. കഥയും എഴുതിയ രീതിയും ഒരുപോലെ ഇഷ്ടപ്പെട്ടു.

    ReplyDelete
  22. കഥ പല ആവര്‍ത്തി വായിച്ചിട്ടും പഥികനും കമന്റ് എഴുതിയ കൂട്ടുകാരും എത്തിച്ചേര്‍ന്ന coclusion ല്‍ എനിക്കെത്താനാവുന്നില്ല.

    മനസ്സില്‍ സൂക്ഷിച്ച പ്രണയം പറയാതെ ജോലിയുടെയും അനുഭവത്തിന്റെയും ബാങ്ക് ബാലന്സിന്റെയും ഉറപ്പില്‍ കൂട്ടുകാരിയോട് പറയുന്നു, ഭ്രാന്തമായ പ്രേമം ഇല്ലാതായി എന്ന്,അല്ലെ? അപ്പോള്‍ അവളുടെ കണ്ണുകളിലെ വെളിച്ചം മങ്ങിയെന്കില്‍ അതിനു മുന്‍പത്തെ പ്രസ്താവന കൂട്ടി വായിച്ചാല്‍ അവളും അതേ പോലെ സ്നേഹിച്ചിരുന്നു എന്നും ജീവിത യാഥാര്‍ഥ്യയങ്ങളെക്കാള്‍ ആ പ്രണയത്തിനു വില കല്‍പ്പിച്ചിരുന്നു എന്നുമല്ലേ അര്‍ഥം..?അപ്പോള്‍ ജീവിത യാഥാര്‍ഥ്യത്തിന്റെ 'മധുചഷക'ത്തില്‍ കാല്‍പ്പനിക പ്രേമത്തിന്റെ കയ്പ്പുനീര്‍ ഉരച്ചു നോക്കാന്‍ തയാറാവാതിരുന്നത് പഥികന്‍ തന്നെയല്ലേ..?മറച്ചുവച്ച പ്രേമം പറയപ്പെടാതിരുന്നെന്കില്‍ അവള്‍ അത് സഹിച്ചേനെ. വേണ്ട എന്ന് വയ്ക്കാനായി എന്തിനത് അവളോടു പറഞ്ഞു...??

    ReplyDelete
  23. പോയിപ്പണിനോക്ക് എന്ന് തെല്ലു അഹങ്കാരത്തോടെ മനസ്സില്‍ പറഞ്ഞു ഇങ്ങോട്ട് നീട്ടിയ മധു ചഷകങ്ങള്‍ തട്ടി തെറിപ്പിച്ച ഒരു കാലം... പിന്നീട് എന്നോ ഒരുത്തിക്ക് മുന്‍പില്‍ ഞാനും വീണു പോയി അവളെന്നോടും പറഞ്ഞു പോയിപ്പണിനോക്കാന്‍... അന്നാദ്യാമായ് അറിഞ്ഞു തകര്‍ന്ന ഹ്രദയത്തിന്റെ വേദന...

    ReplyDelete
  24. കഥ നന്നായി ഇഷ്ടപ്പെട്ടു.
    തിരിച്ചുവരവിന് ശേഷം തുടങ്ങുന്ന സംസാരത്തിന് , പ്രത്യേകിച്ച് "“നിനക്കറിയാമോ...ഒരിക്കൽ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു...”

    മിഴിയിണയിൽ പൊട്ടി വിരിഞ്ഞ ഒരു കുസൃതിച്ചിരിയോടെയായിരുന്നു അവളുടെ മറുപടി.

    “ഒരിക്കൽ സ്നേഹിച്ചിരുന്നെന്നോ ? നീ എന്നെ ഇപ്പോഴും സ്നേഹിക്കുന്നെന്നാണ്‌ ഞാൻ വിചാരിച്ചത്”

    ഈ വരികള്‍ മുതല്‍ നല്ല താലത്തിലായി കഥ.

    ആശംസകള്‍

    ReplyDelete
  25. അവസാനം അസ്സലായി.

    ReplyDelete
  26. വളരെ ഇഷ്ടപ്പെട്ടു ഈ കഥ..വേണ്ടത് വേണ്ട സമയത്ത് പറഞ്ഞില്ലെങ്കില്‍ വരുന്ന ഓരോ കേണികളെ...സുന്ദരമായ അവതരണം..ആശംസകള്‍..

    ReplyDelete
  27. വളരെ നല്ല കഥ ...ആ അവസാന വരികള്‍ ഗംഭീരം ...

    ReplyDelete
  28. സാഹചര്യങ്ങൾക്കനുസരിച്ച് ജീവിതം മാറും, അഭിരുചികളും….ജീവിതത്തിൽ ഏറ്റവും വലുതെന്ന് ഒരിക്കൽ തോന്നിയവയൊക്കെ വളരെ വളരെ നിസ്സാരമായി പിന്നീട് അനുഭവപ്പെടാം.. ..അതിനു വേണ്ടി ഭ്രാന്തമായി അലഞ്ഞ മനസ്സിന്റെ ചപലത ഓർത്ത് വിഡ്ഢിച്ചിരി ചിരിച്ചേക്കാം... എന്നിരുന്നാലും തിരിഞ്ഞു നോക്കുമ്പോൾ സുഖകരമായ ഓർമ്മകളായിരിക്കും അവ...


    ഒരു ദിവ്യപ്രണയത്തെക്കാൾ Move on എന്ന അവസ്ഥയാണ്‌ ഞാൻ പറയാൻ ശ്രമിച്ചത്...
    പക്ഷേ കാടു കയറി എഴുതി ദയനീയമായി പരാജയപ്പെട്ടെന്ന് അഭിപ്രായങ്ങൾ കണ്ടപ്പോൾ മനസ്സിലായി…കഥയും സമർപ്പണവും കമന്റും കൂടിച്ചേർത്ത് ആകെ കുളമാക്കുകയും ചെയ്തു... Moral of the story -> കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ… .. ഇനി എന്നെങ്കിലും കഥ എഴുതാറായി എന്നു തോന്നിയാൽ ഞാൻ ഈ കഥ തിരുത്തി എഴുതും…


    ശ്രീജിത്, ഷബീർ, ഖാദു, സംഗീത, മുകിൽ, സീത, വികെ, നമൂസ്, കുഞ്ഞുമയിൽ പീലി, ജാസ്മിക്കുട്ടി, കൃഷ്ണകുമാർ, മേരിക്കുട്ടി, മുല്ല, ഷാജു, ജെഫു, മിനി, എച്മു, എന്റെ ലോകം , അനുപമ, ലിപി, കേരളദാസനുണ്ണി, സേതുലക്ഷ്മി, ലുട്ടുമോൻ,ചെറുവാടി, മിനി, ഷാനവാസിക്ക, ഫൈസു
    …..വന്നു വിലപ്പെട്ട അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി…..

    എന്റെ അടുത്ത കഥ -> ഒരു കഥാകാരന്റെ അന്ത്യം :))))

    ReplyDelete
  29. നല്ല കഥ
    അതിലേറെ സൂപ്പെര്‍ സമര്‍പ്പണം

    ReplyDelete
  30. ഇഷ്ടായി മാഷേ....
    ആശംസകള്‍..!!

    ReplyDelete
  31. പക്വമാകാത്ത മനസ്സും പക്വമായ മനസ്സും തമ്മിലുള്ള ഒരു വിലയിരുത്തല്‍ എന്നോ അവസാനം ചിന്തിക്കുമ്പോള്‍ ശരി എന്നും തോന്നാവുന്നത്.
    നല്ല അവതരണത്തോടെ പ്രണയം ഉജ്വലമാക്കി.

    ReplyDelete
  32. നല്ല പ്രയോഗങ്ങള്‍ ഇതിലുണ്ട് ..ശൈലിയും കൊള്ളാം എന്നാല്‍ കഥ മഹാ ബോര് ..
    എഴുതാനുള്ള കഴിവ് ഉണ്ടല്ലോ ?പിന്നെ ..എന്തിനീ ..അക്ഷരപറ്റിപ്പ്‌ ..
    പഥികന്‍ എന്ന പേര് നല്ലത് ..കേട്ടോ

    ReplyDelete
  33. പഥികന്‍, പെട്ടെന്ന് കൊണ്ടുനിര്‍ത്തിയപ്പോലെ തോന്നി. പക്ഷെ, എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. "പക്ഷേ..പക്ഷേ...വേറൊന്നുമാലോചിക്കാതെ ഭ്രാന്തമായ ആവേശത്തോടെ, സ്നേഹിക്കാൻ വേണ്ടി മാത്രം നിന്നെ സ്നേഹിച്ചിരുന്ന എന്റെ ആ ഹൃദയം , അതെനിക്കെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.” മനോഹരം!!! അതിമനോഹരം!!!

    ReplyDelete
  34. കാല്പനികമായ വിഭ്രാന്തിയുടെ മധുചഷകത്തിലല്ല ജീവിതയാഥാർത്ഥ്യത്തിന്റെ കയ്പ്പുനീരിലാണ്‌ പ്രണയത്തിന്റെ മാറ്റുരച്ചു നോക്കേണ്ടതെന്നു പഠിപ്പിച്ചു തന്ന എന്റെ കൂട്ടുകാരിയ്ക്ക്.

    ആ പ്രിയകൂട്ടുകാരിക്ക്
    എന്റെ വക ഒരു നമോവാകം സമർപ്പിക്കുന്നൂ‍....

    ReplyDelete
  35. എത്ര ഭംഗിയുള്ള മലയാളം ! എനിക്ക് അസൂയ തോന്നുന്നു

    ReplyDelete
  36. കൊമ്പാ..പ്രഭൻ....വന്നതിനും അഭിപ്രായം പറഞ്ഞതിനും ഏറെ നന്ദി...

    പട്ടേപ്പാടം റാംജി..ബൂലോകത്ത് ഏറെ കേട്ടിട്ടുള്ള ഒരു പേരാണ്‌ താങ്കളുടേത്..ഇവിടെ വച്ച് കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം..

    @Pradeep paima പറഞ്ഞതിൽ കഥ മഹാ ബോറ് ആണെന്നതിനോട് മാത്രം യോജിക്കുന്നു :) ...അതിനു ‘പല‘ കാരണങ്ങൾ ഉണ്ടെങ്കിലും എഴുതാനറിയില്ല എന്നതു തന്നെ പ്രധാന ഹേതു...വന്ന് ആത്മാർത്ഥമായ അഭിപ്രായം പറഞ്ഞതിനു നന്ദി....സത്യസന്ധമായ അഭിപ്രായമാണ് ബൂലോകത്ത് കിട്ടാൻ ഏറ്റവും വിഷമമുള്ളത്...

    മുരളിയേട്ടാ..ഷാബൂ..നിങ്ങളില്ലാതെ ബൂലോകത്ത് എന്തു പ്രണയകഥ..വന്നില്ലല്ലോ എന്ന് വിഷമമുണ്ടായിരുന്നു...ള്ളോളം വൈകിയാണെങ്കിലും വന്നല്ലോ..അതു മതി....:)

    ഒരു വിളിപ്പാടകലെ - അഭിപ്രായത്തിനു നന്ദി...

    ReplyDelete
  37. ഒരു കഥാകാരന്റെ അന്ത്യം എന്ന കഥ എഴുതാന്‍ വരട്ടെ . ഇനിയും മരിക്കാത്ത (മറക്കാത്തതും) പ്രണയകഥകള്‍ ധാരാളം കാണുമല്ലോ ? :-)

    ReplyDelete
  38. അതുൽ... കഥ നന്നായി വഴങ്ങുന്നുണ്ടല്ലോ... ജീവിതാനുഭവം ആകുമ്പോൾ അതിന് തീക്ഷ്ണതയേറുന്നു...

    പക്ഷേ..പക്ഷേ...വേറൊന്നുമാലോചിക്കാതെ ഭ്രാന്തമായ ആവേശത്തോടെ, സ്നേഹിക്കാൻ വേണ്ടി മാത്രം നിന്നെ സ്നേഹിച്ചിരുന്ന എന്റെ ആ ഹൃദയം , അതെനിക്കെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.

    മനോഹരമായ വരികൾ...

    ReplyDelete
  39. പ്രണയ മർമ്മരങ്ങൾ............അവതരണം നന്നായി...എല്ലാ ഭാവുകങ്ങളും.....

    ReplyDelete
  40. ജീവിതത്തിലെ മുള്ളും പൂവും തിരിച്ചരിയുമ്പോഴാണ് നാം ജീവിക്കാന്‍ തുടങ്ങുന്നത് .നല്ല അവതരണം.
    ആദ്യമാണിവിടെ .ഇനിയും വരാം.
    ആശംസകളോടെ ...

    ReplyDelete
  41. കാലം...പക്വത....മനസ്സ് ശുദ്ധമാക്കാന്‍ സഹായിയ്ക്കും..
    അവിടെ വിജയിച്ചാല്‍ നല്ല ബന്ധങ്ങളും സ്നേഹങ്ങളും അളവില്ലാതെ ആസ്വാദിയ്ക്കാം..സന്തോഷിയ്ക്കാം..!
    വളരെ ഇഷ്ടായി ട്ടൊ...ആശംസകള്‍.

    ReplyDelete
  42. പഥികന്‍,

    ഇതു സാങ്കല്‍പ്പിക കഥയാണെങ്കില്‍, ഒരു പ്രണയ സിനിമകാണുന്നതു പോലെ അനുഭവിച്ചു. അത്‌ കഥാകൃത്തിണ്റ്റെ വിജയം.

    ഇത്‌ അനുഭവമാണെങ്കില്‍ ഒരു കഥപോലെ വായിക്കാന്‍ കഴിഞ്ഞു.

    ഒരുപാടു ഭംഗിയുള്ള വരികള്‍....ഒരു പക്ഷേ, അവളെപ്പോലെ....

    സ്വന്തം കാലില്‍ നിന്ന ശേഷം പ്രയോഗികതയ്ക്കപ്പുറം അല്‍പ്പം കാല്‍പ്പനികതയാകാമായിരുന്നില്ലേ ?

    ReplyDelete
  43. വെറുതേ സ്ഥലോം കണ്ട് നടക്കുന്ന പഥികനാണെന്നാ കരുതിയത്.. ഇതിപ്പോ പെട്ടെന്ന് ബയങ്കര റൊമാന്റിക്‍ പഥികനായല്ലോ..
    ഉള്ളീന്ന് വന്നത് കൊണ്ടാവും നന്നായി ആസ്വദിച്ചു.... :-)

    ReplyDelete
  44. യാത്രാ വിവരണത്തേക്കാള്‍ എനിക്ക് താല്‍‌പര്യം ഈ വക വായിക്കാനാണ്‌. ഇത് പോലെ വല്ലപ്പോഴും ചീന്തിയെടുക്കണേ..:)
    <3 kiran

    ReplyDelete
  45. നല്ല മനസ്സും നല്ല കഥയും. നടന്നോളൂ, മുന്നോട്ടു തന്നെ.

    ReplyDelete
  46. നല്ലൊരു പ്രണയക്കുറിപ്പ്,നല്ല കഥ നഷ്ട്ടപ്പെടലിന്റെ വേതനകാണുന്നുണ്ട്

    ReplyDelete
  47. വായിച്ചു തുടങ്ങിയപ്പോഴെ ഞാന്‍ ആഗ്രഹിച്ചു അവന്‍ അവളെ വിവാഹം കഴിക്കരുതെയെന്ന്... കാരണം വിവാഹം കഴിച്ചാല്‍ ആ പ്രണയം നശിക്കും. പിന്നെ പ്രതീക്ഷകള്‍ ഇല്ലാതെ. ലക്ഷ്യം ഇല്ലാതെ ഒരു ജന്മം..... അവതരണശൈലി നന്നായി....എല്ലാവിധ ആശംസകളും...

    ReplyDelete
  48. കിടിലന്‍ സമര്‍പ്പണം!
    ഭ്രാന്തമായ ആവേശങ്ങള്‍ക്കപ്പുറത്ത്, പാമ്പ്‌ മാണിക്ക്യം സൂക്ഷിക്കുന്നത് പോലെ, ഹൃദയത്തില്‍ സൂക്ഷിക്കുന്ന പ്രണയം, ആയുസ് ഒടുങ്ങുന്നതു വരെ അത് നമ്മുടെ കൂടെ ഉണ്ടാവും..
    അഭിനന്ദനങ്ങള്‍.. സുഭാശംസകള്‍.

    ReplyDelete
  49. നല്ല കഥ. നല്ല അവതരണം . അഭിനന്ദനങ്ങള്‍..

    ബ്ലോഗ്ഗര്‍ മാരുടെ സൌഹൃദവും ലോകവും അതി വിശാലമാണെന്ന് ഈ രംഗത്ത്‌ പുതു മുഖമായ ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു.. വീണ്ടും വരാം..

    ReplyDelete
  50. "വേര്‍പിരിയലിന്റെ നിമിഷം വരെ അതിന്റെ ആഴം തിരിച്ചറിയുകയില്ല തന്നെ.!"
    ഈ കഥ ഒരുപാടിഷ്ടമായി.. അതിനൊരു കാരണവുമുണ്ട്. ആര് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനും എഴുതിയിരുന്നു ഇതുപോലൊരു കഥ. പറയാന്‍ മറന്നുപോയ വളപ്പോട്ടുകളുടെ കഥ. അന്ന് എഴുതിയിട്ട കഥ പിന്നെ എന്റെ സ്വന്തം ജീവിതത്തില്‍ അറംപറ്റിപ്പോവുകയും ചെയ്തു. മനസ്സില്‍ ഇന്നും നീറുന്ന ഒരെടായി, സ്വകാര്യ ദുഖമായി സൂക്ഷിക്കുന്ന ഒരു കഥ. സമയം പോലെ വായിക്കുമെന്ന് കരുതുന്നു. ഇതാ ആ കഥയുടെ ലിങ്ക്:
    http://blogofmons.weebly.com/1/post/2010/09/1.html

    ReplyDelete
  51. "പക്ഷേ..പക്ഷേ...വേറൊന്നുമാലോചിക്കാതെ ഭ്രാന്തമായ ആവേശത്തോടെ, സ്നേഹിക്കാൻ വേണ്ടി മാത്രം നിന്നെ സ്നേഹിച്ചിരുന്ന എന്റെ ആ ഹൃദയം , അതെനിക്കെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.”

    സമർപ്പണം : കാല്പനികമായ വിഭ്രാന്തിയുടെ മധുചഷകത്തിലല്ല ജീവിതയാഥാർത്ഥ്യത്തിന്റെ കയ്പ്പുനീരിലാണ്‌ പ്രണയത്തിന്റെ മാറ്റുരച്ചു നോക്കേണ്ടതെന്നു പഠിപ്പിച്ചു തന്ന"


    അതോടു കൂടി പോയി എന്റെ എല്ലാ അഭിപ്രായവും പോയി. പ്രണയിക്കുകയാണെങ്കിൽ ഭ്രാന്തമായി തന്നെ പ്രണയിക്കണം. അല്ലെങ്കിൽ പിന്നെ എന്തൊന്നു പ്രണയം? എന്തോന്നു പരീക്ഷ?

    അതിലും നല്ലത് ഇന്നത്തെ പൊട്ടന്മാരെ പോലെ ജാതകവും പൊരുത്തവും ഒക്കെ നോക്കി സ്ത്രീധനവും ഒക്കെ വാങ്ങി ആ വഴിക്കു പോകുന്നതാ

    ReplyDelete
  52. "പക്ഷേ..പക്ഷേ...വേറൊന്നുമാലോചിക്കാതെ ഭ്രാന്തമായ ആവേശത്തോടെ, സ്നേഹിക്കാൻ വേണ്ടി മാത്രം നിന്നെ സ്നേഹിച്ചിരുന്ന എന്റെ ആ ഹൃദയം , അതെനിക്കെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.”

    സമർപ്പണം : കാല്പനികമായ വിഭ്രാന്തിയുടെ മധുചഷകത്തിലല്ല ജീവിതയാഥാർത്ഥ്യത്തിന്റെ കയ്പ്പുനീരിലാണ്‌ പ്രണയത്തിന്റെ മാറ്റുരച്ചു നോക്കേണ്ടതെന്നു പഠിപ്പിച്ചു തന്ന"


    അതോടു കൂടി പോയി എന്റെ എല്ലാ അഭിപ്രായവും പോയി. പ്രണയിക്കുകയാണെങ്കിൽ ഭ്രാന്തമായി തന്നെ പ്രണയിക്കണം. അല്ലെങ്കിൽ പിന്നെ എന്തൊന്നു പ്രണയം? എന്തോന്നു പരീക്ഷ?

    അതിലും നല്ലത് ഇന്നത്തെ പൊട്ടന്മാരെ പോലെ ജാതകവും പൊരുത്തവും ഒക്കെ നോക്കി സ്ത്രീധനവും ഒക്കെ വാങ്ങി ആ വഴിക്കു പോകുന്നതാ

    ReplyDelete
  53. പ്രാക്ടിക്കലായി പ്രണയമോ അതെങ്ങനെയാ ?

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...