പഥികന്റെ കാൽപാട്Sunday, August 5, 2012

ഒളിമ്പിക്സിൽ സംഭവിക്കുന്നത്..


ഒളിമ്പിക് ഷൂട്ടിങ്ങിൽ തുടരെതുടരെ മെഡൽ കിട്ടുന്ന സാഹചര്യം കണക്കിലെടുത്ത് ഹോക്കിക്ക് പകരം വെടിവെയ്പ്പിനെ ദേശീയവിനോദമായി പ്രഖ്യാപിക്കണമെന്ന് വെടിവച്ചാങ്കോവിലിൽ വെടിവഴിപാട് നടത്തുന്ന ശ്രീ.പുഷ്പൻ ചേട്ടൻ അറിയിച്ചു. വെടിപറച്ചിലും ബഡായിയും ഇന്ത്യക്കാരന്റെ രക്തത്തിലലിഞ്ഞു ചേർന്നതാണെന്നും ഈ ഇനങ്ങളിൽ നമ്മൾ എന്നും അജയ്യരായിരിക്കുമെന്നുമാണ് ഒളിമ്പിക്സിന്റെ ഫലം വ്യക്തമാക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം യാദവനായ വിജയകുമാർ ഷൂട്ടിംഗ് ഇനത്തിൽ മത്സരിക്കാനിറങ്ങിയതിനെ ശ്രീ.പി.സി.ജോർജ്ജ് ശക്തമായ ഭാഷയിൽ അപലപിച്ചു. യാദവന്റെ മകനായ വിജയകുമാർ കുലത്തൊഴിലുകളനുസരിച്ച് ജെല്ലിക്കെട്ട് കാളപൂട്ട് തുടങ്ങിയ മത്സരയിനങ്ങളിലാണ് ഇറങ്ങേണ്ടതെന്നും ഷൂട്ടിങ്ങിനിറങ്ങാനും കാട്ടിൽ കയറി കൊമ്പനാനയുടെ കണ്ണ് വെടിവച്ച് പൊട്ടിക്കാനുമൊക്കെ കർഷകപുത്രനായ ഞാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. സാമൂഹിക നീതി ഉറപ്പുവരുത്താൻ അടുത്ത ഒളിമ്പിക്സിലെ ഇന്ത്യൻ താരങ്ങളെ സമുദായഅടിസ്ഥാനത്തിൽ സംവരണം ചെയ്തയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കായികകലകൾക്കൊപ്പം കള്ളുകൂടി മുച്ചീട്ടുകളി തുടങ്ങിയ സുകുമാരകലകളെയും ഒളിമ്പിക്സിൽ ഉൾപ്പെടുത്തണമെന്ന് കേരള ബാർ ഓണേർസ് അസ്സോസിയേഷൻ അഭിപ്രായപ്പെട്ടു. ഒരു വ്യത്യസ്തതക്കു വേണ്ടി ഐസ്ക്രീം കഴിക്കലും ഒളിമ്പിക്സിനം ആക്കാവുന്നതാണെന്ന് എന്ന് സുകുമാരകലകളിൽ പ്രഗൽഭനായ ശ്രീ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ അറിയിച്ചു. യുവാക്കൾ‌ക്ക് ഒളിമ്പിക്സിനോട് കൂടുതൽ ആഭിമുഖ്യം വളർത്താൻ ഇത്തരം നടപടികൾ സഹായിക്കുമത്രേ.

ചൈനീസ് താരങ്ങളെ തോല്പിച്ച് വെങ്കലമണിഞ്ഞ സൈന നെഹ്‌വാളിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയൻ അറിയിച്ചു.ഈ മാസത്തെ ഹർത്താലിന്റെ ക്വാട്ട കഴിഞ്ഞതിനാൽ ഹർത്താൽ നടത്തുന്ന കാര്യം അടുത്തമാസം പരിഗണിക്കുമെന്നും ഒരു പത്രക്കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി .കമ്മ്യൂണിസത്തിന്റെ ഈറ്റില്ലമായ തെലുങ്കാനയിൽ നിന്ന് ഇത്തരം കുലംകുത്തികളുണ്ടാകുന്നത് ഫാസിസ്റ്റ്-കൊളോണിയലിസ്റ്റ് ശക്തികൾക്കിടയിലുള്ള അന്തർധാര എത്രമാത്രം ശക്തമാണെന്നതിന്റ്റെ തെളിവാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഈ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ചൈനീസ് താരം സ്വർണ്ണം നേടിയതിനെ മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹം ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിനാകും എന്നതിന്റെ ശക്തമായ സൂചനയാണിതെന്നും കൂട്ടിച്ചേത്തു .
 

ഒളിമ്പിക്സിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം വിലയിരുത്താൻ ഒത്തുകൂടിയ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം അലസിപ്പിരിഞ്ഞു. ഇന്ത്യൻ ഹോക്കി ടീമിനെക്കുറിച്ചുള്ള ചർച്ചക്കിടെ പോളിഷ് താരം സ്വർണ്ണം നേടിയതിനെക്കുറിച്ചുള്ള പരാമർ‌ശമാണ് വിവാദമുണ്ടാക്കിയത്. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന പാർട്ടി അടിസ്ഥാനതത്വമാണ് ലംഘിക്കപ്പെട്ടതെന്ന് പ്രകാശ് കാരട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു.

ജിംനാസ്റ്റിക്സ് മത്സരത്തിന് ശ്രീ.കെ.മുരളീധരനെ അയക്കാത്തത് നിർഭാഗ്യമായിപ്പോയി എന്ന് ഇന്ത്യൻ ഒളിമ്പിക് അസ്സോസിയേഷൻ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. അടിസ്ഥാനപരമായി മെഴുമെഴുക്കും വഴുവഴുക്കും ഊരിപ്പോരാ
സാമർത്ഥ്യവുമുള്ള ഇത്തരം ‘താര‘ങ്ങളെ തിരഞ്ഞുപിടിച്ച് ഒളിമ്പിക്സിനയക്കുന്നതിനെപ്പറ്റി ഒരു സിമ്പോസിയം നടത്തുമെന്നും ഇന്ത്യൻ ഒളിമ്പിക് അസ്സോസിയേഷൻ അറിയിച്ചു.

അതിനിടെ സ്വർണ്ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി കുറക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഒളിമ്പിക് അസ്സോസിയേഷൻ പാർലമന്റിനു മുന്നിൽ ധർണ്ണ നടത്തി. എയർപോർട്ടുകളിൽ ഈടാക്കുന്ന ഉയർന്ന കസ്റ്റംസ് ഡ്യൂട്ടി ഭയന്നാണ് ഇന്ത്യൻ താരങ്ങൾ സ്വർണ്ണമെഡലുകൾ ഒന്നും നേടാത്തത് എന്നാണ് ഒളിമ്പിക് അസ്സോസിയേഷന്റെ വിശദീകരണം.കസ്റ്റംസ് ഡ്യൂട്ടി നീക്കിക്കഴിഞ്ഞാൽ എയർപോർട്ടിൽ വന്നിറങ്ങുന്ന താരങ്ങളുടെ സ്വർണ്ണമെഡലുകൾ കൊണ്ടുപോകാൻ കണ്ടൈനറുകൾ വേണ്ടി വന്നേക്കുമെന്നും അവർ സൂചന നൽകിയിട്ടുണ്ട്.

23 comments:

 1. ദൈവേ...എന്നാപ്പിന്നെ മെഡലുകളുടെ പൊടിപൂരം

  ReplyDelete
 2. പഥികൻ... നമ്മൂടെ നേതാക്കളുടെ സ്വഭാവം വച്ചുനോക്കിയാൽ ഒരു മാതിരിപ്പെട്ട ഒളിമ്പിക്സ് സ്വർണമൊക്കെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ അവർ മതി... പക്ഷേ തമ്മിൽത്തല്ലും, കാലുമാറ്റവും, വെട്ടിക്കൊലയുമൊക്കെ മത്സരത്തിൽ ഉൾപ്പെടുത്തണമെന്ന് മാത്രം... :)

  ReplyDelete
 3. ഈ കണക്കിനു പോയാല്‍ എല്ലാം ജാതി അടിസ്ഥാനത്തില്‍ തന്നെ വേണ്ടിവരും എന്ന് തോന്നുന്നു, അല്ല ഇപ്പോഴും അങ്ങിനെ ആണല്ലോ അല്ലെ.
  രസാക്കി.

  ReplyDelete
 4. "പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന പാർട്ടി അടിസ്ഥാനതത്വമാണ് ലംഘിക്കപ്പെട്ടതെന്ന് പ്രകാശ് കാരട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു."

  സത്യത്തില്‍ പോളണ്ട് പ്രശ്നമാണല്ലേ... ശ്രീനിവാസന്‍ സിനിമയില്‍ പറഞ്ഞതു പോലെ.. "പോളണ്ടിനെ പറ്റി മാത്രം പറയകരുത്.."

  ReplyDelete
 5. അടിസ്ഥാനപരമായി മെഴുമെഴുക്കും വഴുവഴുക്കും ഊരിപ്പോരാനുമുള്ള സാമർത്ഥ്യവുമുള്ള ഇത്തരം ‘താര‘ങ്ങളെ തിരഞ്ഞുപിടിച്ച് ഒളിമ്പിക്സിനയക്കുന്നതിനെപ്പറ്റി


  hahaha wonderful line :)

  ReplyDelete
 6. നര്‍മ്മ ബോധം നിറഞ്ഞ നല്ലൊരു അവലോകനം . കലക്കി മാഷേ.. :) അഭിനന്ദനങ്ങള്‍..

  ReplyDelete
 7. ഇനിയും ഐറ്റങ്ങള്‍ വേണ്ടോളമുണ്ടല്ലോ!രസായി.
  ആശംസകള്‍

  ReplyDelete
 8. ഇതസ്സലായിട്ടുണ്ട് കേട്ടൊ ഭായ്

  ഇപ്പോൾ ചാരപ്പണിയിലെ പരിശീലനം കൂടി
  കഴിഞ്ഞപ്പോൾ ഉന്നം തെറ്റാതെ വെടിവെക്കാനറിയാവുന്ന
  എന്നെയൊക്കെ അയച്ചിരുന്നുവെങ്കിൽ ഷൂട്ടിങ്ങിന്റെ എല്ലായിനത്തിലും
  ഇന്ത്യക്ക് മെഡലുറപ്പാക്കാമായിരുന്നൂ...!!

  ReplyDelete
 9. ooooom.....appol yathravivaranam maathramalla kaikaryam cheyyunne... Good One!

  ReplyDelete
 10. സ്വർണ്ണത്തിന്റെ ഡ്യൂട്ടിയുടെ കാര്യം ഓർത്താവും നമ്മുടെ താരങ്ങൾ അതുവരെ എത്താതിരിക്കാൻ പരമാവധി ശ്രമിക്കുന്നത്...!
  പ്രവാസിനികൾ വിമാനത്താവളങ്ങളിൽ കിടന്ന് കെട്ടുതാലിക്കു വേണ്ടി കണ്ണീരൊഴുക്കുന്നത് ദിവസവും ചാനലുകളിൽകാണുന്നവരല്ലെ ഈ താരങ്ങളും..?!

  ReplyDelete
 11. നന്നായിട്ടുണ്ട് വളരെ നല്ല നര്‍മ്മ പ്രധാനമായ എഴുത്ത്. ഇപ്പോഴും ഈ രാഷ്ട്രീക്കാര്‍ നല്ല ബോധാമുള്ളവരുടെ മനസ്സില്‍ കോമാളികകളാണ് പിന്നെയും ഈ കോമാളികളെ കയറ്റി കസേരയിലിരുത്താന്‍ കുറെ പ്രവര്‍ത്തകരും. കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 12. നര്‍മ്മത്തില്‍ പൊതിഞ്ഞ കുത്ത് എല്ലാവര്‍ക്കും കിട്ടി...രസകരമായി.

  ReplyDelete
 13. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 14. വളരെ ഇഷ്ടമായി........അഭിനന്ദനങ്ങള്‍

  ReplyDelete
 15. കസ്റ്റംസ് ഡ്യൂട്ടി കൊള്ളാം...

  ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...