നവംബർ ഒന്ന് കർണ്ണാടകത്തിലെന്ന പോലെ ജർമ്മനിയിലും അവധിയാണ്. തിങ്കളാഴ്ച കൂടെ അവധിയെടുത്താൽ കിട്ടുന്ന നാലുദിവസം വീണ്ടുമൊരു കിഴക്കൻ യൂറോപ് പര്യടനം പ്ലാൻ ചെയ്തിരുന്നതാണ്. എന്നാൽ ഓഫീസിലെ ദീപാവലി ആഘോഷവും ഡ്രൈവിങ്ങ് ലൈസൻസിന്റെ ചില പ്രശ്നങ്ങളും കാരണം ആ പരിപാടി ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെയാണ് മരങ്ങൾ മഞ്ഞയും ചുവപ്പും കുപ്പായമിട്ടു നില്ക്കുന്ന മനോഹരമായ ശിശിരകാലത്തെ തെളിഞ്ഞ ദിവസം യാത്ര പോകാൻ ഇന്ന്സ്ബ്രുക്ക് (Innsbruck) തിരഞ്ഞെടുത്തത്.
ആസ്ട്രിയയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള ടൈറോൾ (Tyrol) പ്രവിശ്യയുടെ തലസ്ഥാനമാണ് ആൽപ്സിന്റെ അടിവാരത്തിലുള്ള ഈ പട്ടണം.ടൈറോൾ ഇറ്റലിയിലും ആസ്ട്രിയയിലുമായി വ്യാപിച്ചു കിടക്കുന്ന മനോഹരമായ ഭൂവിഭാഗമാണ്.പണ്ട് വിശാല ആസ്ട്രിയയുടെ ഭാഗമായിരുന്ന ടൈറോളിന്റെ തെക്കു ഭാഗം ഇറ്റലിയുമായി കൂട്ടിച്ചേർത്തത് ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമാണ്.
![]() |
| ഇന്ന്സ്ബ്രുക്കിലേക്ക് |
ഇന്ന്സ്ബ്രുക്കിലോട്ട് പോകാൻ അമ്പിളിക്കുണ്ടായിരുന്ന പ്രധാന ആവേശം അവിടത്തെ സ്വരോവ്സ്കി (Swarovski) ക്രിസ്റ്റൽ വേൾഡും അതിനോട് ചേർന്നുള്ള വലിയ ഷോറൂമുമായിരുന്നു. ആസ്ട്രിയൻ ക്രിസ്റ്റൽ നിർമ്മാതാക്കളായ സ്വരോവ്സ്കിയുടെ ഇന്ന്സ്ബ്രുക്കിലെ ആസ്ഥാനത്തിലുള്ള മ്യൂസിയമാണ് സ്വരോവ്സ്കി ക്രിസ്റ്റൽ വേൾഡ്. അവിടെയുള്ള യന്ത്രനിർമ്മിതമായ ക്രിസ്റ്റൽ രൂപങ്ങൾക്ക് കലാപരമായ യാതൊരു മൂല്യവുമില്ലെന്നും അതിനു വേണ്ടി സമയവും പണവും പാഴാക്കുന്നത് മണ്ടത്തരമാണെന്നും വാദിച്ചു നോക്കിയെങ്കിലും ഫലം കണ്ടില്ല.ക്രിസ്റ്റൽ വേൾഡ് കണ്ടിട്ട് സമയമുണ്ടെങ്കിൽ ബാക്കി ഇന്ന്സ്ബ്രുക്ക് കണ്ടാൽ മതി എന്നായി അമ്പിളി.രണ്ടു മഹിളാമണികളെയും കൊണ്ട് (ഒന്ന് കുഞ്ഞതാണെങ്കിലും) ഒരു വലിയ ആഭരണശാലയിലേക്ക് പോകുന്നതിന്റെ അത്യാഹിതം എനിക്ക് നന്നായറിയാമായിരുന്നെങ്കിലും ഗത്യന്തരമില്ലാതെ ഞാൻ സമ്മതിച്ചു.
ശീതകാലത്തെ സമയക്രമത്തിലോട്ട് പാശ്ചാത്യരാജ്യങ്ങൾ മാറുന്നത് ഒക്ടോബർ അവസാനമാണ്. അങ്ങനെ ക്ലോക്കുകൾ 1 മണിക്കൂർ പിന്നോട്ട് കറങ്ങിയതു കൊണ്ട് രാവിലെ എണീറ്റ് തയ്യാറാവാൻ ബുദ്ധിമുട്ടുണ്ടായില്ല.ബവേരിയൻ ടിക്കറ്റിൽ ആസ്ട്രിയൻ അതിർത്തിയായ കുഫ് സ്റ്റൈൻ വരെ സഞ്ചരിക്കാം. അവിടെ നിന്ന് ഒരു മണിക്കൂർ യാത്രയേ ഉള്ളൂ ഇന്ന്സ്ബ്രുക്കിലേക്ക്. ഇന്ന്സ്ബ്രുക്കിലേക്ക് പോകുന്ന വഴിയാണ് ക്രിസ്റ്റൽവേൾഡിനടുത്ത സ്റ്റേഷനായ ഫ്രിറ്റെൻസ് വാറ്റെൻസ്.
| ആസ്ട്രിയൻ ഓട്ടോബാൻ - വാറ്റൻസിലേക്ക് |
ഏതാണ്ട് 10.30 ഓടെ ഞങ്ങൾ ഫ്രിറ്റെൻസ് വാറ്റെൻസിലെത്തി. നിർഭാഗ്യവശാൽ അവിടെ നിന്ന് ക്രിസ്റ്റൽവേൾഡിലേക്ക് ബസ് സർവ്വീസ് ഒന്നും ഉണ്ടായിരുന്നില്ല. 20 മിനിറ്റോളമുണ്ട് നടക്കാൻ. നടക്കുന്ന വഴി സിൽ നദിയുടെയും ആൽപ്സ് പർവ്വതത്തിന്റെയും കാഴ്ചകൾ കാണാം.
![]() |
| ആല്‌പ്സും സിൽ നദിയും |
ഫ്രിറ്റെൻസ് വാറ്റെൻസ് സ്റ്റേഷന്റെ തൊട്ടുമുന്നിലായാണ് സിൽ നദി ഒഴുകുന്നത്. നദി മുറിച്ചു കടന്നു വേണം ക്രിസ്റ്റൽവേൾഡിലേക്ക് പോകാൻ. വഴിയരികിലെ സൈൻ ബോർഡുകൾക്കും മറ്റ് എഴുത്തുകൾക്കും ജർമ്മനിയുമായി നല്ല സാദൃശ്യം.
| ഫ്രിറ്റെൻസ് വാറ്റെൻസ് സ്റ്റേഷൻ |
ശിശിരകാലത്തെ പ്രകൃതി അണയാൻ പോകുന്ന ദീപത്തിന്റെ ആളിക്കത്തൽ പോലെയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കഠിനമേറിയ ശൈത്യകാലത്തെ വരവേല്ക്കുന്നതിനു മുന്നോടിയായി സർവ്വാഭരണവിഭൂഷിതയായി അണിഞ്ഞൊരുങ്ങി നില്ക്കുന്ന പ്രകൃതി. നാനാ വർണ്ണങ്ങളുടെ ഘോഷയാത്ര നാലുചുറ്റിനും.
| പ്രകൃതിയുടെ വർണ്ണോത്സവം |
| ജയന്റ് ഹായ്മൻ |
ജയന്റ് ഹായ്മന്റെ പ്രതിമക്കടുത്തായി ഒരു ചെറിയ ഉദ്യാനമുണ്ട്.അവിടെ മനോഹരമായ ഒരു ജലധാരയും.
![]() |
| സൂര്യനെ തണുപ്പിക്കാൻ |
പ്രവൃത്തിദിനമായതിനാലാവാം തിരക്കു വളരെ കുറവായി തോന്നി ക്രിസ്റ്റൽ മ്യൂസിയത്തിൽ.ശിശിരകാലത്തിന്റെ മനോഹാരിത ചുറ്റുമുള്ള മരങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.
|
ആൽപ്സിന്റെ അടിവാരത്തിലുള്ള പ്രകൃതിരമണീയമായ ഒരു താഴ്വരയിലാണ് സ്വരോവ്സ്കിയുടെ ആസ്ഥാനം. ഇതിനോട് ചേർന്നാണ് ക്രിസ്റ്റൽ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. നിറങ്ങളുടെയും വെളിച്ചത്തിന്റെയും ഒരു മായികലോകം എന്നു വേണമെങ്കിൽ ക്രിസ്റ്റൽ വേൾഡിനെ വിശേഷിപ്പിക്കാം. സ്ഥലകാല യാഥാർത്ഥ്യങ്ങൾക്ക് പ്രസക്തിയില്ലാത്ത ഈ അൽഭുതക്കാഴ്ചകളാണ് ക്രിസ്റ്റൽവേൾഡിനെ ലോകത്തിലെ ഇതര മ്യൂസിയങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
![]() |
| രത്നങ്ങൾ കൊണ്ടൊരുക്കിയ സുസ്വാഗതം |
പച്ചിലപ്പടർപ്പുകൊണ്ടു നിർമ്മിച്ച കണ്ണിലും മൂക്കിലും രത്നങ്ങൾ പതിപ്പിച്ച ഒരു രൂപമാണ് ക്രിസ്റ്റൽവേൾഡിന്റെ മുഖമുദ്ര. ഈ രൂപമാണ് ക്രിസ്റ്റൽ വേൾഡിന്റെ എല്ലാ പരസ്യങ്ങളിലും കാണുന്നത്. ഇതിന്റെ വായിലൂടെ ഒരു കുഞ്ഞു വെള്ളച്ചാട്ടം ഒഴുകുന്നതു കാണാം. ഈ രൂപത്തിന്റെ ചെവിയിലൂടെ വേണം അകത്തു കയറാൻ.
![]() |
| ഈ ഗുഹക്കകത്താണ് മ്യൂസിയം |
ടിക്കറ്റെടുത്ത് ഞങ്ങൾ അകത്തു കയറി. മ്യൂസിയത്തിലേക്ക് കടക്കുന്ന സന്ദർശകരെ എതിരേല്ക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ആഭരണക്കല്ലാണ്. 310000 കാരറ്റാണ് ഇതിന്റെ തൂക്കം. സെന്റിനർ എന്നു പേരിട്ടിരിക്കുന്ന ഈ കല്ല് സ്വരോസ്കിയുടെ സ്ഥാപകനായ ഡാനിയേൽ സ്വരോവ്സ്കിക്ക് സമർപ്പിച്ചിരിക്കുന്നു പലതരം കല്ലുകൾ കൊണ്ട് ജീനിയും അലങ്കാരങ്ങളും ചെയ്തിട്ടുള്ള ഒരു കുതിരയുടെ ശില്പവും അതിനടുത്തായുണ്ട്. മ്യൂസിയത്തിലെ സവിശേഷമായ പ്രകാശസംവിധാനം കണ്ണിനു കുളിരായിരുന്നെങ്കിലും ക്യാമറക്കത്ര പിടിച്ചില്ല.
| സെന്റിനർ - ക്യാമറയിൽ ഇങ്ങനെയൊക്കെയേ പതിഞ്ഞുള്ളൂ ;( |
സ്വരോവ്സ്കിയിലെ പ്രിസിഷൻ എഞ്ചിനീയർമാരുടെ കരവിരുത് തെളിയിക്കുന്ന മെക്കനിക്കൽ തീയേറ്ററാണ് അടുത്ത സ്റ്റാളിൽ. വേഗത്തിൽ കറങ്ങുന്നതിനിടെ തുണ്ടുകളായി മുറിച്ച ഒരു മനുഷ്യരൂപം കൂടിച്ചേരുന്നതും നൃത്തം വയ്ക്കുന്നതുമൊക്കെയാണ് അവിടത്തെ പ്രദർശനം.
| ചിതറിത്തെറിച്ച്.. |
| വീണ്ടുമൊന്നായി.. |
മ്യൂസിയത്തിലെ ഏറ്റവും ആകർഷകമായി തോന്നിയ ക്രിസ്റ്റൽ ഡോമാണ് അടുത്ത സ്റ്റാളിൽ. 595 കണ്ണാടികൾ കൊണ്ടുതീർത്ത ഒരു കാലിഡസ്കോപ്പാണ് ക്രിസ്റ്റൽ ഡോം. ഈ കാലിഡസ്കോപ്പിനുള്ളിലാണ് സന്ദർശകർ.ഉള്ളിൽ നിന്നുള്ള പ്രകാശശ്രോതസ്സിന്റെ വ്യതിയാനത്തിനനുസരിച്ച് താരാപഥങ്ങൾ നിറഞ്ഞ നീലാകാശവും ആഴിയുടെ അഗാധതയും മനസ്സിന്റെ വിഹ്വലതകളുമെല്ലാം അതിനു ചേർന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടും. മനോഹരമായ ഒരനുഭൂതിയാണ് ക്രിസ്റ്റൽഡോം എന്നു പറയാതെ വയ്യ. പ്രശസ്ത ഓപെറാ ഗായികയായ ജെസ്സി നോർമൻ ക്രിസ്റ്റൽ ഡോമിൽ നടത്തിയ ഒരു സംഗീതപരിപാടിയുടെ വീഡിയോ അടുത്ത സ്റ്റാളിലുണ്ട്. മഡഗാസ്കറിൽ നിന്ന് കൊണ്ടുവന്ന സുതാര്യമായ ഒരു സ്വാഭാവിക ക്രിസ്റ്റലിൽ ആ ശബ്ദവും പ്രകാശവും പ്രതിഫലിക്കുന്നു.
| സ്വാഭാവിക രത്നം - ഒരു പാറക്കല്ലിന്റെ വലിപ്പമുള്ളത് |
ഐസ് പാസേജ് മൈക്കിൾ ജാക്സന്റെ പ്രശസ്തമായ ബില്ലീജീനിന്റെ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്നുതാണ് .മുകളിലൂടെ നടക്കുമ്പോൾ ചിത്രങ്ങൾ തെളിഞ്ഞു വരുന്ന LCD സ്ക്രീനാണിത്.
പ്രകാശവും ശബ്ദവും ചേർത്തിണക്കിയ സവിശേഷമായ ഒരു വിസ്മയം എന്ന് വിശേഷണമാണ് 55 മില്ല്യൺ ക്രിസ്റ്റൽസ് കൊണ്ടൊരുക്കിയ “അനന്തതയുടെ വിസ്മയം (Wonder of infinity)” എന്ന പ്രദർശനം. LCD സ്ക്രീനിലെ മോഡേൺ ആർട്ടുകൾ തലക്കു മുകളിലൂടെ ബൗൺസർ ആയി കടന്നു പോയി.എനിക്കു മനസ്സിലാകാൻ പറ്റാത്ത എന്തോ ഭയങ്കരസംഭവം ആയിരിക്കും എന്ന സമാശ്വസിച്ച് അടുത്ത സ്റ്റാളിലേക്കു നടന്നു.
| വല്ലതും മനസ്സിലായോ ? ഇല്ലെങ്കിൽ നമ്മൾ ഒരേ തൂവൽ പക്ഷികൾ :)) |
ഒരു പോസ്റ്റ് സ്റ്റാർ വാർ ലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന രംഗസംവിധാനമാണ് പ്രതിഫലനം എന്ന പ്രദർശനത്തിൽ. പല ആകൃതിയിലുള്ള 48 ബഹുഭുജങ്ങളാണ് വിവിധ വർണ്ണങ്ങളുള്ള പ്രകാശത്തിന്റെ അകമ്പടിയോടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വശങ്ങളിൽ മതത്തിന്റെയും ശാസ്ത്രത്തിന്റെയും മനുഷ്യപരിണാമത്തിലുള്ള സ്വാധീനം വിവരിക്കുന്ന ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുണ്ട്. .
| ബഹുഭുജങ്ങളിലൂടെ നടക്കുമ്പോൾ - മനസ്സിന്റെ പ്രതിഫലനം |
![]() |
| ക്രിസ്റ്റൽ ഫോറസ്റ്റ്..തീം അഗ്നി |
| ജ്വലറി..ഇവിടെയാണ് ഞാൻ കാത്തിരുന്നത് :)) |
ഡിസൈനർ ക്രിസ്റ്റലുകളിൽ ധാരാളം കാർട്ടൂൺ കഥാപാത്രങ്ങളുണ്ടായിരുന്നത് തുമ്പിക്കുട്ടിക്ക് കൗതുകമായി.
| ഹലോ കിറ്റി |
സ്വരോവ്സ്കി മ്യൂസിയം കുട്ടികൾക്കിഷ്ടപ്പെടും എന്ന് പല യാത്രാവെബ്സൈറ്റുകളിലും വായിച്ചിരുന്നത് ശരിയാണെന്ന് അവിടെച്ചെന്നപ്പോൾ മനസ്സിലായി. സാധാരണ മ്യൂസിയങ്ങളിൽ പോകുമ്പോൾ അവൾക്ക് ഭയങ്കരമായി ബോറടിക്കാറാണുള്ളത്.
![]() |
| മൂസ്....റെയിൻ ഡിയർ |
ഹലോ കിറ്റി, സിംബ, പീറ്റർ പാൻ, വിന്നി ദി പൂ, ബാംബി തുടങ്ങി തുമ്പിമോളുടെ മിക്ക കൂട്ടുകാരുമുണ്ടായിരുന്നു അവിടെ. ആവരോടൊക്കെ കിന്നാരം പറഞ്ഞു അല്പനേരം കഴിഞ്ഞപ്പോൾ അമ്പിളി തിരിച്ചെത്തി. “സെലെക്ഷൻ” കൂടുതലായതിനാൽ തീരുമാനമെടുക്കൻ പറ്റിയില്ലെന്നും ഒന്നുകൂടെ ഗവേഷണം നടത്തിയിട്ടു വേണം വന്നു വാങ്ങാൻ എന്നും പറഞ്ഞ്. മനസ്സിനും പോക്കറ്റിനും ആശ്വാസം.
![]() |
| വിന്നീ ദ പൂ |
അവിടെ നിന്ന് ഇന്ന്സ്ബ്രുക്കിലോട്ട് 15 മിനുട്ട് ട്രെയിൻ യാത്രയുണ്ട്. ട്രെയിനിൽ കയറി ഇരുപ്പുറപ്പിച്ച ഉടനെ നന്നായി വസ്ത്രധാരണം ചെയ്ത ഒരു കാപ്പിരിപെൺകുട്ടി ഓടി അടുത്തുവന്ന് ഹിന്ദിയിൽ വർത്തമാനം തുടങ്ങി. “ഗഫൂർ ക ദോസ്ത്” സ്റ്റൈലിൽ മറുപടി പറഞ്ഞപ്പോഴേ അവൾക്കു മനസ്സിലായി കാര്യം പോക്കാണെന്ന്. പിന്നെ ഇംഗ്ലീഷിലായി ബാക്കി. എതോ ചർച്ച് മിഷന്റെ ഭാഗമായി മിഷണറി പ്രവർത്തനം നടത്താൻ ഹിന്ദി ഒക്കെ പഠിച്ചിട്ടുണ്ടത്രേ. ഇറങ്ങാൻ നേരം കുട്ടികളെ എങ്ങനെ ആത്മവിശ്വാസത്തോടെ വളർത്താം എന്നു പഠിപ്പിക്കുന്ന ഒരു പുസ്തകം അവൾ സമ്മാനമായി തന്നു. തുറന്നു നോക്കിയപ്പോൾ അതിനകത്ത് ഒരു സുവിശേഷപുസ്തകം ഒളിപ്പിച്ചു വച്ചിരിക്കുന്നു.
ഇന്ന്സ്ബ്രുക്കിലെത്തി ടൂറിസ്റ്റ് ഇൻഫൊർമേഷൻ സെന്റർ കണ്ടുപിടിക്കാനകാതെ കുഴങ്ങി. അവസാനം സുവനീറുകൾ വില്ക്കുന്ന ഒരു കടയിൽ പോയി ഒരു സിറ്റിമാപ്പ് വാങ്ങി. അവിടത്തെ കടക്കാരനോട് സിറ്റിയിലെ പ്രധാന ആകർഷണങ്ങളെപ്പറ്റി അന്വേഷിച്ചപ്പോൾ ആ മാപ്പിൽ തന്നെ കൃത്യാമായി എല്ലാം വരച്ച് അടയാളിപ്പെടുത്തിതന്നു.അവസാനം മാപ്പിന്റെ വില കൊടുത്തപ്പോൾ വാങ്ങാനും അയാൾ തയ്യാറായില്ല. ഒരു സ്പെഷ്യൽ താങ്ക്സ് മാത്രം തിരികെ നല്കി നഗരമദ്ധ്യത്തിലേക്കു നടന്നു.
| വഴിയിൽ കണ്ട ഒരു കാഴ്ച...നമ്മുടെ സ്വന്തം ആപെ... |
![]() |
| ഗോൾഡൻ റൂഫ് |
ഗോൾഡൻ റൂഫിനടുത്തു തന്നെയാണ് നഗരത്തിലെ ഏറ്റവും പൊക്കമുള്ള ഗോപുരമായ സിറ്റി ഹാൾ. നഗരത്തിന്റെ മനോഹരമായൊരു പനോരമിക് കാഴ്ച ഇവിടെ നിന്നു കിട്ടും.ഒന്നാം നിലയിലെ കൗണ്ടറിൽ ചെന്ന് ടിക്കറ്റ് വാങ്ങി. ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ടിക്കറ്റ് കൗണ്ടറിലിരുന്ന ചേട്ടന് വളരെ സന്തോഷം. പുള്ളിക്കാരൻ ഒരിക്കൽ കോവളത്ത് വന്നിട്ടുണ്ടത്രേ.
![]() |
| സിറ്റി ഹാൾ |
ഗോപുരത്തിനു മുകളിൽ നിന്ന് ആസ്ട്രിയൻ ആൽപ്സിലൂടെയുള്ള കേബിൾകാറുകളും മൗണ്ടൻട്രെയിനുകളും കാണാം. 1925 ഇൽ നിർമ്മിച്ച സ്കീ ജമ്പ് സ്റ്റേഡിയവും അവിടെ നിന്ന് കാണാം. 1964 ലും 1976 ലും ശൈത്യകാല ഒളിമ്പിക്സ് നടന്നത് ഇവിടെ വച്ചാണ്.
![]() |
| ഒളിമ്പിക് സ്കീ സ്റ്റേഡിയം |
അധികം താമസിയാതെ അവിടെ നിന്നിറങ്ങി ഓൾഡ് ടൗണിലെ ഇടുങ്ങിയ വഴികളിലൂടെ അലഞ്ഞു നടന്ന് ചില സുവനീറുകൾ വാങ്ങി. ആ ചെറുവീഥികളിലൂടെ നടന്നെത്തുന്നത് ഇംപീരിയൽ പാലസിലോട്ടാണ്.
കൊട്ടാരത്തിനു എതിർ വശത്തായാണ് ഓപറാ ഹൗസ്.17 ആം നൂറ്റാണ്ടിൽ പണിതീർത്ത ഈ കെട്ടിടത്തിൽ ഇന്നും ബാലെയും ഓപെറായും നാടകവുമെല്ലാം പതിവായി അരങ്ങേറുന്നു.
| ഓപെറാ തിയേറ്റർ |
![]() |
| ജെസ്യൂട്ട് ദേവാലയത്തിലെ താഴികക്കുടം |
| പോക്കുവെയിൽ പൊന്നുരുകി... |












