പഥികന്റെ കാൽപാട്



Friday, August 5, 2011

നിശാചാരികളുടെ നഗരം - ആംസ്റ്റർഡാം

ഹോളണ്ട് യാത്രയുടെ ആദ്യഭാഗം "ഡച്ച് ഗ്രാമങ്ങളിലൂടെ" ഇവിടെയുണ്ട് 
ഹോളണ്ട് യാത്രയുടെ രണ്ടാം ഭാഗം “ആരാമത്തിന്റെ രോമാഞ്ചങ്ങൾ - അന്നെയും ട്യുലിപുംഇവിടെയുണ്ട്
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 
അന്നെ ഫ്രാങ്ക് ഹൗസിൽ നിന്നിറങ്ങിയ മരവിപ്പു മാറ്റാൻ ഡാംസ്ക്വയറിലെത്തി അവിടത്തെ നാഷണൽ മൊണിമെന്റിനു് മുന്നിൽ കുറെ നേരം ഇരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ സ്മാരകമായാണ്‌ 1956 ഇൽ നാഷണൽ മൊണിമെന്റ് പണിഞ്ഞത്. 1960 കളുടെ അവസാനവും 1970കളുടെ ആദ്യവും ഹിപ്പികളുടെ പ്രധാന കേന്ദ്രമായിരുന്നു ഇവിടം.

നാഷണൽ മൊണിമന്റ് - ഡാം സ്ക്വയർ

ഡാംസ്ക്വയറിനോട് ചേർന്നുള്ള ഡാംറാക്കിലെ മിക്ക റസ്റ്റോറന്റുകളിലും ലാറ്റിൻ അമേരിക്കൻ , പ്രധാനമായും അർജന്റീനിയൻ മെനു ആണ്‌.ആംസ്റ്റർഡാമിൽ അർജന്റീനിയൻ ഭക്ഷണത്തോട് എന്താണ്‌ ഇത്ര പ്രിയം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഇപ്പോഴും കരീബിയയിലെ ചില ദ്വീപുകൾ നെതെർലാൻഡിന്റെ ഭാഗമാണ്‌. ഒരു പക്ഷേ അതാവാം കാരണം. ആദ്യം കണ്ട ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറി.
സ്റ്റീക്..അർജന്റീനിയൻ സ്റ്റൈൽ


ഭക്ഷണം കഴിഞ്ഞിറങ്ങിയപ്പോൾ സമയം രാത്രി 10 മണി കഴിഞ്ഞു. എന്നാൽ നിശാചരന്മാരുടെ നഗരം എന്നു പ്രസിദ്ധമായ ആംസ്റ്റർഡാമിനിതു സായം സന്ധ്യ മാത്രം. റോഡുകളിൽ തിരക്കു കൂടി വരുന്നതേ ഉള്ളൂ. ലോകത്തിന്റെ നാനഭാഗത്തുനിന്നുമുള്ള ടൂറിസ്റ്റുകളെ, മിക്കവാറും യുവജനങ്ങൾ, അവിടെ കാണാം.

ഡാംറാകിൽ നിന്നും കിഴക്കോട്ട് നടന്നാൽ പ്രസിദ്ധമായ “ദി വാലെൻ” (De Wallen) എന്ന തെരുവിലെത്തും .ഒരു കനാലിനോട് ചേർന്ന് കിടക്കുന്ന ദി വാലെന്റെ ഒരു ഭാഗത്ത് പുരാതനമായ ഒരു പള്ളി ഉണ്ട് - ഔഡെ കെർക്ക് (Oude Kerk) - പഴയ പള്ളി എന്നാണ്‌ ഈ വാക്കിനർത്ഥം. ആംസ്റ്റർഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ട് - ചുവന്ന തെരുവുകൾ ഇതിനു ചുറ്റിപ്പറ്റി ആണ്‌.



ഔഡേ കെർക് - പഴയ പള്ളി, ഇരുവശത്തും ചുവന്ന തെരുവുകൾ - ഒരു പകൽ ദൃശ്യം
വ്യഭിചാരവും മയക്കുമരുന്നും സ്വവർഗരതിയുമുൾപ്പടെ ഉൾപ്പടെ എല്ലാം നിയമാനുസൃതമാണ്‌ നെതെർലാൻഡ്സിൽ. നെതെർലാൻഡ്സിന്റെ പാത പിന്തുടർന്ന് സ്വവർഗവിവാഹം ഉൾപ്പെടെ ലൈംഗികസ്വാതന്ത്ര്യം അനുവദിക്കുന്ന പല നടപടികളും മറ്റ് യൂറോപ്യൻ രാജ്യങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. എന്നാൽ മയക്കുമരുന്നിന്റെ സ്വതന്ത്രമായ ഉപയോഗം മിക്ക യൂറോപ്യൻ രാജ്യങ്ങളിലും നിഷിദ്ധമാണ്‌..

ആംസ്റ്റർഡാമിലെ മയക്കുമരുന്നു വില്പന പ്രധാനമായും രണ്ടു തരത്തിലാണ്‌. ഒരുതരം വിഭ്രാന്തി (Hallucination) ഉണ്ടാക്കുന്ന കൂണുകളാണ്‌ ഒരുതരം. പ്രധാനമായും കേക്കുകളിലും പേസ്ട്രികളിലും ചേർത്താണ്‌ ഇതു വില്ക്കുക. അതു കഴിച്ചു കഴിഞ്ഞാൽ ചിരി നിർത്താൻ പറ്റില്ലെന്നണ്‌ അനുഭവസ്ഥരുടെ അഭിപ്രായം. പിന്നൊന്ന് സിഗരറ്റുകളാണ്‌. ഹാഷിഷ്, മരിയുവാന (Marijuvana) എന്നിവ അടങ്ങിയ സിഗരറ്റുകൾ.

എല്ലാ “കോഫീ ഷോപ്പു”കളിലും മയക്കുമരുന്നുകൾ, ഏറ്റവും കുറഞ്ഞത് കൂൺ ചേർത്ത കേക്കുകളെങ്കിലും കിട്ടുമെങ്കിലും മരുന്നു വിൽപനയിൽ എറ്റവും മുന്നിൽ നില്ക്കുന്നത് “Bull Dog” എന്ന ബ്രാൻഡാണ്‌.ആംസ്റ്റർഡാമിൽ എല്ലയിടത്തുമുണ്ട് ബുൾ ഡോഗിന്റെ ബ്രാഞ്ചുകൾ. റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിലേക്ക് തിരിയുമ്പോൾ തന്നെ ഒരു Bull Dog കോഫീ ഷോപ്പ് കാണാം.പുത്തൻ മരുന്നടിക്കാരുടെ സൗകര്യത്തിനായി ഒരോതരം മയക്കുമരുന്നും വീര്യമനുസരിച്ചാണ്‌ മെനുകാർഡിൽ തരം തിരിച്ചിരിക്കുന്നത്.എന്നിട്ടും മനസിലാകത്തവർക്ക് വിശദീകരണം കൊടുക്കാൻ അനുഭവസ്ഥരായ ജീവനക്കാർ റെഡി.മെനു കാർഡിന്റെ ഫോട്ടോ എടുക്കൻ നോക്കിയെങ്കിലും കടയുടമ വിലക്കി.കുറഞ്ഞ അളവിൽ മരിയുവാന അടങ്ങിയ ഒരു സിഗരറ്റ് ഞാൻ വാങ്ങി. ഇതുപോലൊരു ചാൻസ് ഇനി കിട്ടിയെന്നു വരില്ലല്ലോ ? 

ബുൾ ഡോഗ് - കോഫീ ഷോപ്

സ്വന്തമായി മയക്കു മരുന്നു ചേർത്ത സാധനങ്ങൾ ഉണ്ടാക്കണമെന്നുവർക്ക് അതിനുള്ള സൗകര്യവുമുണ്ട്. “Poppy Seeds” എന്ന കടയിൽ നിന്നും ആവശ്യത്തിനു വാങ്ങി ഇഷ്ടാനുസരണം അരച്ചു ചേർത്ത് ഉപയോഗിക്കാം. ഇൻഡ്യയിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള കഞ്ചാവുകളും ഈ ലിസ്റ്റിൽ ഉണ്ട്. എന്നാൽ ഇങ്ങനെ ലഭ്യമായ മയക്കുമരുന്നുകളിൽ അതിവീര്യമുള്ള LSD, കൊക്കെയിൻ എന്നിവയൊന്നും പെടില്ല. അതു ഉപയോഗിക്കുന്നതും വില്ക്കുന്നതും കുറ്റകരമാണ്‌.

നെതെർലാൻഡിന്റെ സംസ്കാരത്തിനനുസരിച്ചു മയക്കുമരുന്നു നിയന്ത്രിച്ചുപയോഗിക്കാൻ ഇവിടെ എത്തുന്ന ടൂറിസ്റ്റുകൾക്കാവുന്നില്ല എന്നാണ്‌ ഇവിടത്തെ സാധാരണജനങ്ങളുടെ അഭിപ്രായം. അതുകൊണ്ടു തന്നെ ആംസ്റ്റർഡാമിലെ മയക്കു മരുന്നു വിൽപന ഡച്ചുകാർക്കു മാത്രമായി പരിമിതപ്പെടുത്താൻ ഒരു നിയമം കൊണ്ടു വരുന്നുണ്ട്. അപ്പൊ നിയമാനുസൃതമായി കഞ്ചാവടിക്കണമെങ്കിൽ ഇനി സമയം കളയരുതെന്നു ചുരുക്കം.

ഔഡെ കെർകിലും അതിനു ചുറ്റുമായി അല്പസമയം നടന്നു. Red light disctrict walking tours ആംസ്റ്റർഡാമിലെത്തുന്ന ടൂറിസ്റ്റുകളുടെ ഒരു പ്രധാന ആകർഷണമാണ്‌. മിക്ക ടൂറുകളിലും ടൂറിസ്റ്റ് ഗൈഡ് ഒരു പഴയ സെക്സ് വർക്കർ തന്നെ ആയിരിക്കും. ഈ ടൂറൂകൾ തുടങ്ങുന്നത് ഔഡേ കെർകിന്റെ പരിസരത്തു നിന്നാണ്‌.


ചർച്ചിൽ നിന്നും റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിലെ ഇടുങ്ങിയ തെരുവിലേക്കിറങ്ങുമ്പോൾ ആദ്യം കാണുന്നത് ഒരു ശില്പമാണ്‌. ലോകം മുഴുവൻ ഉള്ള സെക്സ് വർക്കെഴ്സിനെ ബഹുമാനിക്കുക എന്നാണ്‌ അതിനു ചുവട്ടിലെ അടിക്കുറിപ്പ്.
ലോകത്തിലെ ഒരേ ഒരു സെക്സ് വർക്കർ ശില്പം

തെരുവുകളിലിരുവശവും ചുവന്ന നിറത്തിലുള്ള കർട്ടനിട്ട ചെറിയ മുറികളാണ്‌.അതിനകത്തു അല്പവസ്ത്രധാരികളായ സുന്ദരികൾ. ഇഷ്ടപ്പെട്ടാൽ മുട്ടിവിളിച്ച് കച്ചവടം ഉറപ്പിക്കാം. വിലപേശൽ “സർവീസിനെ”ക്കുറിച്ചു മാത്രം. റേറ്റ് എല്ലാം fixed ആണത്രേ.20 മിനിറ്റിനു 50 യൂറോ. മെല്ലെപ്പോക്കാണ്‌ നയമെങ്കിൽ അടുത്ത ടൈം സ്ലോട്ട് ബുക്ക് ചെയ്യണം.

നെതെർലാൻഡുകാർ ഒട്ടും ഒളിച്ചു വയ്ക്കാതെയും ഒരു പക്ഷേ അല്പം അഭിമാനത്തോടെയും കൊണ്ടുനടക്കുന്ന ഒന്നാണീ തുറന്ന വ്യഭിചാരം.എല്ലാം നിയമാനുസൃതമായതിനാൽ കുറ്റകൃത്യങ്ങൾ ഒന്നും സാധാരണ ഉണ്ടാവാറില്ല.പ്രത്യേക ലൈസൻസുള്ളവരാണ്‌ അവിടെ ജോലി ചെയ്യുന്ന എല്ലാവരും.ലൈസൻസ് തുടരാൻ നിശ്ചിത ഇടവേളകളിൽ ചെക്ക് അപ് നിർബന്ധമായതിനാൽ ആരോഗ്യപ്രശ്നങ്ങളും കുറവാണ്‌.യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്കു മാത്രമേ അവിടെ “പണിയെടുക്കാൻ” അനുവാദമുള്ളൂ.

ചുവന്ന തെരുവിൽ എത്തുന്നവരിൽ ഭൂരിഭാഗം വലിയ ഷോപിംഗ് മാളിലെന്ന പോലെ window shopping നു വരുന്നവരാണ്‌. അക്കൂട്ടത്തിൽ സ്ത്രീകളും കുറവല്ല.

സെക്സ് ഷോ കളാണ്‌ ചുവന്ന തെരുവുകളിലെ വേറൊരു പ്രധാന ആകർഷണം. നീലച്ചിത്രം കാണുന്ന പോലെ ഒരു ലൈവ് ഷോ. ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് ചിലപ്പോൾ കാഴ്ചക്കാരെയും “ഗസ്റ്റ് ആർടിസ്റ്റു” കളായി സ്റ്റേജിലേക്ക് ക്ഷണിക്കറുണ്ടെന്നാണ്‌.അവന്റെ “അഭിനയം” എങ്ങനെ ഉണ്ടായിരുന്നെന്നു ചോദിച്ചിട്ട് കൃത്യമായ ഉത്തരം തന്നില്ല.

രാത്രി ഏറെ വൈകി ഡാംമാർക്കിൽ നിന്നും തിരിച്ചപ്പോഴും നഗരം ഉറങ്ങിയിട്ടില്ല. ഏതോ ക്ലബ് ഫുട്ബാൾ മൽസരത്തിൽ ആംസ്റ്റര്ർഡാമിന്റെ ടീം ജയിച്ച സന്തോഷം ആഘോഷിക്കുകയാണ്‌ ഒരു കൂട്ടം ചെറുപ്പക്കാർ. ട്രെയിനുകളും ട്രാമുകളുമെല്ലാം പകലെന്ന പോലെ കൃത്യമായി ഓടുന്നുണ്ട്.

നിശയുടെ നഗരം
തിരിച്ചു ഹോട്ടൽ റൂമിലെത്തിയപ്പോൾ സമയം രാത്രി മൂന്നു മണി. ബുൾ ഡോഗിൽ നിന്നും വാങ്ങിയ മരിയുവാന പോക്കറ്റിൽ തന്നെയുണ്ട്. ഇനി ഇതെടുത്തുപയോഗിച്ചാൽ അടുത്ത ദിവസത്തെ പ്ലാനുകൾ കുളമാകും.സ്റ്റുട്ട്ഗാർട്ടിലോട്ട് കൊണ്ടു പോകാമെന്നുവച്ചാൽ,എങ്ങാനം പോലീസ് പിടിച്ചാൽ ശിഷ്ടകാലം ജർമ്മൻ ജയിലിലെ ഗോതമ്പുണ്ട തിന്നാം.ആകെയൊരു കൺഫ്യൂഷൻ.

10 comments:

  1. നന്നായിരിക്കുന്നു യാത്ര. എന്നാലും അര്‍ജന്റീനന്‍ ഭക്ഷണത്തെക്കുറിച്ച് സമൃദ്ധമായ ഒരു വിവരണം ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനേ . തുടര്‍ന്നുള്ള വിവരണങ്ങളില്‍ അതും കൂടി ചേര്‍ക്കുമോ ?

    ReplyDelete
  2. മനോഹരമായി എഴുതിയിരിക്കുന്നു. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  3. അരുൺ..വായനക്കും അഭിപ്രായത്തിനും നന്ദി...
    ആവനാഴീ വായനക്കും അഭിപ്രായത്തിനും നന്ദി....

    ReplyDelete
  4. നന്നായിരിക്കുന്നു. ഒരുപാട് വിവരങ്ങള്‍.... നല്ല എഴുത്തു.

    ആശംസകള്‍.

    ഓഫ്: എന്റെ പേര് ആരാ അടിച്ചുമാറ്റിയതു എന്നു തിരഞ്ഞിറങ്ങിയതാണ് ഞാന്‍.

    ReplyDelete
  5. ആശംസകൾക്ക് നന്ദി സുഹൃത്തേ..ഒരു പേരും കണ്ടുപിടിച്ച് അഞ്ചാറു ലേഖനങ്ങൾ എഴുതിക്കഴിഞ്ഞപ്പോഴാണ്‌ ഒരു സുഹൃത്ത് പറയുന്നത്..ഈ പേരിൽ എഴുതാനറിയാവുന്ന വേറേ ആളുണ്ടെന്ന്.ഗൂഗിളിൽ തിരഞ്ഞു നോക്കിയപ്പോൾ പല പല പഥികർ..എന്നാൽ അവരിലൊരാളായി ഞാനുമിരിക്കട്ടെ എന്നോർത്തു..അല്ലേലും ഒരു പേരിലെന്തിരിക്കുന്നു അല്ലേ ?

    ReplyDelete
  6. ഹൃദ്യമായ വിവരണം.തുടര്‍ന്നും എഴുതൂ...

    ReplyDelete
  7. വിവരണം നന്നായി.

    ReplyDelete
  8. ചുവന്ന തെരുവിലേക്കിറങ്ങിയിട്ടു പിന്നെ തിരിച്ചു പോരാൻ വെളുപ്പിന് മൂന്നു മണി ആയതെന്താ...?!! (തമാശയാണേ..!)

    ആശംസകൾ...

    ReplyDelete
  9. പണ്ടാറം, പേടിച്ചിട്ട് ഈ വഴിക്കൊന്നും പോകാനേ പറ്റിയില്ല. അടുത്ത പ്രാവശ്യമാകട്ടെ. ഗൈഡഡ് ടൂർ തീർച്ചയായും നടത്തിയിരിക്കും.

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...