പഥികന്റെ കാൽപാട്



Showing posts with label പഥികൻ. Show all posts
Showing posts with label പഥികൻ. Show all posts

Wednesday, January 7, 2015

ഗാമയുടെ നാട്ടിൽ - മൂന്നാം ഭാഗം


ഒന്നും രണ്ടും ഭാഗങ്ങൾ ഇവിടെ

ഗാമയുടെ നാട്ടിൽ (ഒന്നാം ഭാഗം)

ഗാമയുടെ നാട്ടിൽ (രണ്ടാം ഭാഗം)



നഗരമദ്ധ്യത്തിൽ തന്നെയുള്ള കാസ്റ്റെലൊ ഡെ സാവോ ജോർജിലേക്ക് അഥവാ സെന്റ് ജോർജ് കാസിലിലേക്ക് ഹോട്ടലിൽ നിന്ന് അധികദൂരമില്ല. ഒരു കുന്നു കയറി മുകളിലെത്തണം കാസിലിലേക്ക്. കാസിലിലേക്കുള്ള ഇടുങ്ങിയ വഴി കരിങ്കല്ലു പാകിയിരിക്കുന്നു. 
സെന്റ് ജോർജ് കാസിൽ

2ആം നൂറ്റാണ്ടിലാണ് കുന്നിന്റെ മുകളിലായി ഈ കോട്ട പണിഞ്ഞത്. ആഫ്രിക്കയിൽ നിന്നും മദ്ധേഷ്യയിൽ നിന്നും മുസ്ലീം വിശ്വാസികളായ മൂറുകൾ ഇബീരിയ (സ്പെയിനും പോർച്ചുഗലും ഉൾപെട്ട പ്രദേശം) പിടിച്ചെടുത്തപ്പോൾ സെന്റ് ജോർജ് കോട്ടയും അവരുടെ ഭരണത്തിലായി. ഇസ്ലാമിക വാസ്തുവിദ്യപ്രകാരം മൂറുകൾ പണികഴിപ്പിച്ച ഭാഗങ്ങൾ ഇപ്പോഴും  സെന്റ് ജോർജ് കോട്ടയിലുണ്ട്.
തീ തുപ്പിയിരുന്ന കാലം

കോട്ടയും ലിസ്ബൺ നഗരവും മൂറുകളുടെ ഭരണത്തിൽ മുക്തമായത് 11ആം നൂറ്റാണ്ടിലെ കുരിശുയുദ്ധത്തെ തുടർന്നാണ്.ജറുസലേം പിടിച്ചെടുക്കാൻ പുറപ്പെട്ട വടക്കൻ യുറോപ്പിലെ പോരാളികളാണ് (Knights of templar) ചേർന്നാണ് മൂറുകളെ തുരത്തി ലിസ്ബൺ പിടിച്ചെടുത്തത്.

യൂറോപ്പ് മൂറുകളുടെ കീഴിൽ
കുരിശു യുദ്ധം




കുന്നു കയറി പകുതി ദൂരമെത്തുമ്പോൾ ലിസ്ബൺ കത്തീഡ്രൽ കാണാം.  കുരിശുയുദ്ധത്തിൽ പിടിച്ചെടുത്ത ഒരു മുസ്ലിം പള്ളിയാണത്രേ ഈ കത്തീഡ്രലായി മാറിയത്.കത്തീഡ്രലിനു മുകളിൽ കാസിലിലേക്ക് വാഹനസൌകര്യമില്ല.
കാറുകൾക്ക് പ്രവേശനമില്ലെങ്കിലും കാസിലിനടുത്തേക്ക് ട്രാം സർവീസുണ്ട്. പോർച്ചുഗൽ ടൂറിസ്റ്റുകൾക്കിടയിൽ പ്രശസ്തമായ ട്രാം 25. നഗരമദ്ധ്യത്തിലെ മിക്ക പ്രധാന കൌതുകങ്ങളുടെയും മുന്നിലൂടെ കടന്നു പോകുന്ന ഈ ട്രാം, ഗതാഗതക്കുരുക്കൊഴിവാക്കി നഗരം ചുറ്റാനെത്തുന്നവർക്കൊരനുഗ്രഹമാണ്.
പഴഞ്ചൻ ട്രാം

കാസിലിന്റെ കവാടത്തിലായി ഒരു സുവനീർ ഷോപ്പുണ്ട്. പോർച്ചുഗലിന്റെ പ്രതീകമായി നഗരത്തിലെവിടെയും കാണുന്ന വർണ്ണശബളമായ ഒരു കോഴിയെയാണ് സന്ദർശനത്തിന്റെ ഓർമ്മക്കായി സഞ്ചാരികൾ വാങ്ങിക്കൊണ്ടു പോകുന്നത്.. 
 തൂക്കുമരത്തിൽ നിന്ന് ഒരു നിരപരാധിയെ രക്ഷിച്ച വിദ്വാനാണ് റുസ്റ്റെർ ഓഫ് ബാർസെലോസ് എന്ന ഈ കോഴി. 
റുസ്റ്റെർ ഓഫ് ബാർസെലോസ്

ഒരിക്കൽ മോഷണക്കുറ്റം ആരോപിച്ച് നിരപരാധിയായ ഒരു നഗരവാസിയെ കോടതിയിൽ ഹാജരാക്കി. തനിക്ക് തൂക്കുമരം വിധിച്ച ജഡ്ജിയോട്.  മുന്നിലിരിക്കുന്ന പൊരിച്ച കോഴിയെക്കാട്ടി കുറ്റാരോപിതൻ പറഞ്ഞത്രേ….ഞാൻ നിരപരാധിയാണെങ്കിൽ എന്നെ തൂക്കിലേറ്റുമ്പോൾ ഈ പൊരിച്ച കോഴി കൂകും എന്ന്. ശിക്ഷ ഇളവുചെയ്തില്ലെങ്കിലും ജഡ്ജി ചിക്കൻ ഫ്രൈ തിന്നാതെ മാറ്റി വച്ചു. അടുത്ത ദിവസം വധശിക്ഷ നടപ്പാക്കുന്നതിനിടയിൽ കോഴി എണീറ്റ് പാടി എന്നും ജഡ്ജി ഓടിപ്പാഞ്ഞെത്തി കുരുക്കു മുറുകുന്നതിനു മുൻപ് നായകനെ രക്ഷിച്ചു എന്നുമാണ് കഥ.
കടയിലെ ഒരു ദൃശ്യം

പൊരിച്ച കോഴിയെ പറപ്പിക്കുന്ന വിദ്വാന്മാരുള്ള നാട്ടിൽ നിന്നും വരുന്ന നമ്മൾക്ക് കൂകിയ പൊരിച്ച കോഴി വലിയ കാര്യമൊന്നുമല്ലെങ്കിലും ഒരു സാമ്പിൾ വാങ്ങി വച്ചിട്ടുണ്ട്…എന്നെങ്കിലും പ്രയോജനപ്പെട്ടാലോ..
പ്രൌഢമായ ഗതകാലം

നഗരവീക്ഷണമാണ് സെന്റ് ജോർജ് കാസിലിന്റെ ഏറ്റവും വലിയ ആകർഷണം. അറ്റ്ലാന്റിക്കിലേക്ക് ചേരുന്ന ടാഗസ് നദിയും നദിക്കു കുറുകേ ഉള്ള പാലങ്ങളും ബലേം ഗോപുരവും ജനനിബിഢമായ നഗരവീഥികളും കാസിലിൽ നിന്ന് നോക്കിക്കാണുന്നത് കൌതുകമാണ്.
അൽഫാമയിലെ കെട്ടിടങ്ങളുടെ മേൽക്കൂരകൾ താഴെ  ചുവന്ന കാർപറ്റ് വിരിച്ച പോലെ  താഴെയായി കാണാം. ലിസ്ബൺ റൂഫ്സ് എന്ന പേരിൽ ടൂറിസ്റ്റുകൾക്കിടയിൽ പ്രശസ്തമാണ് ഈ മേൽക്കൂരകൾ.
ലിസ്ബൺ റൂഫ്സ്

ആധുനിക ലിസ്ബണിന്റെ മുഖമായ പാർക്വെ ദസ് നകോസ്  (Parque das Nações Park of nations )  ആണ് അടുത്ത ലക്ഷ്യം..1998 ലിസ്ബണിൽ നടന്ന Expo98 നോടനുബന്ധിച്ച് നഗരം നവീകരിച്ചപ്പോഴാണ് പാർക്വെ ദസ് നകോസിന് ഈ പുതിയ മുഖം കൈവന്നത് .
Add caption


വാസ്കോ ഡ ഗാമയുടെ ഇന്ത്യൻ പര്യവേഷണത്തിന്റെ 500 വാർഷിക അനുസ്മരണാർത്ഥമാണ് 1998 ഇൽ ഒരു മെഗാ ലോകപ്രദർശനം ഒരുക്കിയത് . 155 രാജ്യങ്ങളിൽ നിന്നായി 1.10 കോടി ആളുകൾ എത്തിച്ചേർന്ന വമ്പൻ മേളയായിരുന്നത്രേ Expo98. ഒരു നഗരം തന്നെ പുതുക്കിപ്പണിഞ്ഞു നടത്തിയ വമ്പൻ മേള.,ഏതായാലും Expo98 കഴിഞ്ഞു 10-12 കൊല്ലമായപ്പോളേക്കും പോർച്ചുഗൽ പാപ്പരായി യൂറോപ്യൻ യൂണിയനു മുന്നിൽ കൈ നീട്ടി തുടങ്ങി എന്നതു വേറേ കഥ. 
മെട്രോ സ്റ്റേഷനു വെളിയിൽ
ഗരെ ഡൊ ഓറിയെന്റെ എന്ന മെട്രോ സ്റ്റേഷനു ചുറ്റുമായാണ് നഗരം വികസിപ്പിച്ചിരിക്കുന്നത്.  നഗരത്തിലെ ട്രാം സർവീസിനെക്കാൾ വൃത്തിയും വെടിപ്പുമുള്ളവയാണ് മെട്രൊ ട്രെയിനുകൾ. 

സ്റ്റേഷനു പുറത്തേക്കിറങ്ങുന്നത് ലിസ്ബണിലെ ഏറ്റവും വലിയ ഷോപ്പിങ് കോമ്പ്ലെക്സ് ആയ വാസ്കോ ഡ ഗാമ മാളിലേക്കാണ്. വിസ്താരത്തിലും ആധുനികതയിലും ജർമ്മനിയിലെ ഏതു മാളിനെയും കവച്ചു വയ്ക്കും വാസ്കൊ ഡ ഗാമ മാൾ. മിക്ക സാധനങ്ങൾക്കും ജർമ്മനിയെക്കാൾ വില കുറവുമാണ്. മാളിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തേക്ക് നടന്നു.
വാസ്കോ ഡ ഗാമ മാൾ

വാസ്കോ ഡ ഗാമ  മാളിൽ നിന്ന് വാസ്കോ ഡ ഗാമ ടവർ വരെ ടാഗസ് നദിക്കഭിമുഖമായുള്ള പാർക്കാണ് Parque das Nações. ഏല്ലാ ലോകരാജ്യങ്ങളുടെയും പതാകകളുള്ള കൊടിമരങ്ങൾ ഈ പാർക്കിലുണ്ട്. നടുക്ക് കീറി ചുറ്റിപ്പിണഞ്ഞ് പറക്കാനാകാതെ ഇന്ത്യയുടെ പതാകയും അവിടെ കണ്ടു.
Parque das Nações.

Expo98  ലെ യൂറോപ്യൻ പവലിയനായി ഒരു പായ്ക്കപ്പലിന്റെ മാതൃകയിലാണ് വാസ്കോ ഡ ഗാമ ടവർ രൂപകല്പന ചെയ്തിരിക്കുന്നത്. 120മീ ഉയരമുള്ള ഈ ഗോപുരമായിരുന്നു അടുത്തകാലം വരെ പോർച്ചുഗലിലെ ഏറ്റവും ഉയരമുള്ള കെട്ടിടം. 2009 മുതൽ ഈ ടവറിൽ ഒരു പഞ്ചനക്ഷത്രഹോട്ടൽ പ്രവർത്തിക്കുന്നു.
വാസ്കോ ഡ ഗാമ ടവർ,
വാസ്കോ ഡ ഗാമപാലം പുറകിലായി കാണാം

പാർക്വെ ദസ് നകോസ്  അവസാനിക്കുന്നത് യൂറൊപ്പിലെ ഏറ്റവും നീളം കൂടിയ പാലമായ വാസ്കോ ഡ ഗാമ ബ്രിഡ്ജിനു മുന്നിലാണ്. ടാഗസ് നദിയുടെ വീതികൂടിയ ഭാഗത്ത്ഇരുകരകളേയും ബന്ധിപ്പിക്കുന്നതാണ് 18 കിമീ നീളമുള്ള വാസ്കോ ഡ ഗാമ ബ്രിഡ്ജ്.





തിരികെ മടങ്ങാൻ സമയമായി. അലയാഴിക്കകലെയുള്ള  നാടുകൾ ചെന്നു കണ്ട് കീഴടക്കിയ യോദ്ധാക്കളുടെ ഗതകാലപ്രതാപം വിളിച്ചോതുന്ന കഥകളുമായി ടാഗസ് നദി ശാന്തമായി ഒഴുകുന്നു, പണവും ശക്തിയും വിജയങ്ങളും ഒന്നും സനാതനമല്ലെന്ന സത്യം ഓർമ്മിപ്പിച്ചു കൊണ്ട്.


പോർച്ചുഗലിനോട് വിട !
 
വിട, പോർച്ചുഗൽ !

Saturday, May 26, 2012

നിഴൽ





എന്റെ നിഴൽ എന്തു കൊണ്ടാണ് എന്നെ അനുസരിക്കാത്തത് ?
ഇരുട്ടിൽ ഞാൻ ഒറ്റയ്ക്കാകുമ്പോൾ മറഞ്ഞു കളയുന്നത് ?
ഞാൻ വെളിച്ചത്തോടടുക്കുമ്പോൾ വളർന്നു വലുതായി
എന്നിൽ നിന്ന് അകന്നകന്നു പോകുന്നത് ?
എന്തു കൊണ്ടാണ് ഞാൻ മണ്ണോടടിയുമ്പോൾ മാത്രം
നിഴൽ എന്നിലലിയുന്നത് ?

...

Tuesday, November 29, 2011

സ്ലൊവാക്യയിലെ ഒരു ദിവസം


ചെക്കോസ്ലോവാക്യ വിഭജിക്കുന്നതിനു മുൻപ് ഭൂമിശാസ്ത്രം പഠിച്ച എനിക്ക് സ്ലൊവാക്യയുടെ തലസ്ഥാനമായ ബ്രാട്ടിസ്ലാവ എന്ന നഗരം തികച്ചും അപരിചിതമായിരുന്നു.ആകെ യൂറോട്രിപ് എന്ന ഇംഗ്ലീഷ് സിനിമയിൽ ഹാസ്യരൂപേണേ കാണിക്കുന്ന ദൃശ്യങ്ങൾ മാത്രമാണ്‌ മനസ്സിലുണ്ടായിരുന്നത്. ബെർലിനിലേക്ക് യാത്ര തിരിച്ച ഒരു കൂട്ടം അമേരിക്കൻ ചെറുപ്പക്കാർ വഴിതെറ്റി ബ്രാട്ടിസ്ലാവയിലെത്തുന്നതും ആ നഗരത്തിൽ വച്ചുണ്ടാകുന്ന രസകരമായ സംഭവങ്ങളുമൊക്കെയാണ്‌ ആ സിനിമയിൽ.സ്ലൊവാക്യയുടെ തലസ്ഥാനമായ ബ്രാട്ടിസ്ലാവയെക്കുറിച്ച് കൂടുതൽ അറിഞ്ഞത് ജർമ്മനിയിലെത്തി ചുറ്റുമുള്ള രാജ്യങ്ങളുടെ ഭൂമിശാസ്ത്രം മനസ്സിലാക്കിത്തുടങ്ങിയതിനു ശേഷം മാത്രമാണ്‌. 

സ്ലൊവാക്യയിലേക്ക്
സ്ലൊവാക്യയുടെ പടിഞ്ഞാറുഭാഗത്ത്  ആസ്ട്രിയൻ അതിർത്തിയിലാണ് ബ്രാട്ടിസ്ലാവയുടെ സ്ഥാനം. മറ്റൊരു രാജ്യവുമായി അതിരുകൾ പങ്കുവക്കുന്ന ഒരേയൊരു തലസ്ഥാന നഗരം എന്ന പ്രത്യേകതയുമുണ്ട് ബ്രാട്ടിസ്ലാവയ്ക്ക്.ബുഡാപെസ്റ്റിൽ നിന്ന് പ്രാഗിലേക്കു പോകുന്ന ചെക് റിപ്പബ്ളികിന്റെ യൂറോ സിറ്റി ട്രെയിനിലാണ് ഞങ്ങൾ യാത്രതിരിച്ചത്.  5 മണിക്കൂർ യാത്രയുണ്ട് ബുഡാപെസ്റ്റിൽ നിന്ന് ബ്രാട്ടിസ്ലാവയിലേക്ക്. ഏതാണ്ട് ശൂന്യമായിരുന്നു ട്രെയിനിലെ കൂപ്പെ. വഴിയിലൊരിടത്തുനിന്ന് ട്രെയിനിൽ കയറിയ വൃദ്ധദമ്പതികളായിരുന്നു ആകെ ഉണ്ടായിരുന്ന കമ്പനി. ഞങ്ങളോട് സംസാരിക്കാൻ അവർ ആവതു ശ്രമിച്ചെങ്കിലും ഭാഷ തടസ്സമായി.കേരളം പോലെ പ്രകൃതിരമണീയമായ സ്ലോവാക്യയുടെ ഗ്രാമപ്രദേശങ്ങൾ കടന്ന് ട്രെയിൻ ബ്രാട്ടിസ്ലാവ സ്റ്റേഷനിലെത്തി.


പച്ചപ്പും പുഴയും ചീനവലയും....കേരളം പോലെ..
തീരെ ചെറിയ റയിൽവേ സ്റ്റേഷനാണ് ബ്രാട്ടിസ്ലാവയിലേത്. തിരുവനന്തപുരം സെന്റ്രൽ ഇതിന്റെ ഇരട്ടി വരും. ചെറിയ സ്റ്റേഷനായതു കൊണ്ട് സ്ഥലം കണ്ടുപിടിക്കാനും ലോക്കൽ ടിക്കറ്റ് എടുക്കാനും ബുദ്ധിമുട്ടുണ്ടായില്ല.നഗരത്തിൽ മെട്രോ സംവിധാനമില്ല. ട്രാമുകളാണ്‌ പൊതു ഗതാഗതത്തിന്‌ പ്രധാനമായും ഉപയോഗിക്കുന്നത്.സ്റ്റേഷനു വെളിയിലുള്ള പ്ലാറ്റ്ഫോമിൽ നിന്ന് ട്രാം പിടിച്ച് ഹോട്ടലിലേക്ക് തിരിച്ചു
ട്രാം സ്റ്റേഷൻ



സ്ലൊവാക്യയുടെ ചരിത്രം ഹംഗറിയുടെയും ചെക് റിപ്പബ്ളികിന്റെയും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആദ്യകാല ഹംഗറിയുടെ ഭാഗമായിരുന്നു സ്ലൊവാക്യ. തുർക്കികൾ ബുഡാപെസ്റ്റ് കീഴടക്കിയപ്പോൾ ഹംഗറിയുടെ തലസ്ഥാനം പ്രെസ്സ്ബുർഗ് എന്നു പേരുള്ള ബ്രാട്ടിസ്ലാവയിലേക്കു മാറ്റി. ഒരു നഗരമെന്നനിലയിൽ ബ്രാട്ടിസ്ലാവ വളരുന്നതും വികസിക്കുന്നതും അക്കാലത്താണ്‌. ആസ്ട്രിയൻ സൈന്യം തുർക്കികളെ തുരത്തി ഹംഗറിയെ തങ്ങളുടെ രാജ്യവുമായി കൂട്ടിച്ചേർത്തതോടെ ബ്രാട്ടിസ്ലാവയുടെ പ്രസക്തി നഷ്ടപ്പെട്ടു. ഒന്നാം  ലോക മഹായുദ്ധത്തോടെ ആസ്ട്രിയൻ സാമ്രാജ്യത്തിൽ നിന്ന് വേർപെട്ട ചെക് റിപ്പബ്ളിക്കും സ്ലൊവാക്യയും ചെക്കോസ്ലോവാക്യ എന്ന പേരിൽ പുതിയ രാഷ്ട്രം സ്ഥാപിച്ചു.  രണ്ടാം ലോകമഹായുദ്ധത്തോടെ ചെക്കോസ്ലോവാക്യ  സോവിയറ്റ് അനുകൂല കമ്മ്യൂണിസ്റ്റ് ഭരണത്തിലേക്കു വഴി മാറി.

സോവിയറ്റ് യൂണിയൻ തകരുകയും കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുകയും ചെയ്തതോടെ ചെക്കുകളും സ്ലൊവാക്കുകളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നു വരാൻ തുടങ്ങി. തുടർന്നാണ്‌ ചെക്കോസ്ലോവാക്യ ചെക് റിപ്പബ്ലിക്കും സ്ലൊവാക്യയുമായി വിഭജിക്കപ്പെടുന്നത്. രക്തച്ചൊരിച്ചിലില്ലാതെ പരസ്പര സഹകരണം വാഗ്ദാനം ചെയ്ത വേർപിരിയൽ വെൽവെറ്റ് വിപ്ളവം എന്നാണ്‌ അറിയപ്പെടുന്നത്.


വെൽവെറ്റ് വിപ്ളവത്തിനു ശേഷം സ്ലൊവാക്യയുടെ വളർച്ച മറ്റ് കിഴക്കൻ യുറോപ്യൻ രാജ്യങ്ങളെക്കാൾ വേഗത്തിലായിരുന്നു. യൂറോ പൊതു നാണയമായി ഉപയോഗിക്കുന്ന യൂറോസോണിലേക്ക് ആദ്യം കടന്ന കിഴക്കൻ യൂറോപ്യൻ രാജ്യമാണ്‌ സ്ലൊവാക്യ.എങ്കിലും യൂറോട്രിപിൽ അല്പം കളിയാക്കി പറയുന്ന പോലെ മറ്റു യൂറോപ്യൻ രാജ്യങ്ങളെക്കാൾ ചിലവു കുറവാണിവിടെ . ഉദാഹരണത്തിന്‌ ഒരു സോൺ യാത്ര ചെയ്യാനുള്ള ടിക്കറ്റിന്‌ 50 യൂറോ സെന്റേ ഉള്ളൂ ബ്രാട്ടിസ്ലാവയിൽ. മ്യൂണിക്കിൽ ഇതിന്റെ അഞ്ചിരട്ടി കൊടുക്കണം.


ഹോട്ടലിൽ പോയി ചെക്ക് ഇൻ ചെയ്ത് ബാഗൊക്കെ വച്ച് ഞങ്ങൾ നഗരമധ്യത്തിലേക്ക് നടന്നു. തെക്കനേഷ്യക്കാർ തീരെ ഇല്ലാത്ത രാജ്യമാണെന്നു തോന്നുന്നു സ്ലൊവാക്യ. ആൾക്കാരെല്ലാം വളരെ കൗതുകത്തോടെയാണ്‌ ഞങ്ങളെ നോക്കുന്നത്. പ്രത്യേകിച്ച് യൂണിക്കോൺ സ്റ്റൈലിൽ (അവളുടെ തന്നെ ഭാഷയിൽ) തലമുടി പൊക്കിക്കെട്ടി ചാടിത്തുള്ളി നടക്കുന്ന തുമ്പിക്കുട്ടിയെ.എതിരേ വരുന്നവർ ഒരു നിമിഷം നിന്ന് ഒരു കോമ്പ്ലിമെന്റ് പറയാനും മടിക്കുന്നില്ല.
ബ്രാട്ടിസ്ലാവ നഗരം - ഒരു ദൂരവീക്ഷണം
മാപ്പ് നിവർത്തിയും തലതിരിച്ചുമൊക്കെ നോക്കിയിട്ടും യാതൊരെത്തും പിടിയും കിട്ടാതെ വഴിയരുകിൽ വണ്ടറടിച്ചു നിക്കുന്നത് യാത്രകളിലെ പതിവു സംഭവമാണ്‌.എന്നാൽ ഇവിടെ അതിന്റെ ആവശ്യമേ വന്നില്ല. ഒരു നിമിഷം പരുങ്ങിനിന്നാൽ സഹായവാഗ്ദാനവുമായി ആരെങ്കിലും എത്തിയിരിക്കും.തിരിച്ച് ഹോട്ടലിലെത്തി കിട്ടിയ ബ്രോഷറുകൾ വായിച്ചു നോക്കിയപ്പൊഴാണ്‌ സ്ലൊവാക്യൻ ടൂറിസത്തിന്റെ ഒരു USP (Unique selling point) തന്നെ ഈ സൗഹൃദമനസ്കരായ ജനങ്ങളണെന്ന് മനസ്സിലാക്കുന്നത്.
ഡാന്യൂബിനക്കരെ നിന്ന് കാസിലും നഗരവും (ഗൂഗിൾ ചിത്രം)
ബ്രാട്ടിസ്ലാവ വളരെ ചെറിയ ഒരു നഗരമാണ്‌ . നാലഞ്ച് മണിക്കൂർ കൊണ്ട് മുഴുവൻ നടന്ന് കണ്ടു തീർക്കാം.ഹോട്ടലിൽ നിന്ന് പത്തു മിനിറ്റിൽ താഴെയേ എടുത്തുള്ളൂ നഗരമധ്യത്തിലെത്താൻ.മറ്റു യൂറോപ്യൻ നഗരങ്ങളിൽ നിന്ന് ബ്രാട്ടിസ്ലാവക്കുള്ള ഒരു പ്രത്യേകത ഇംഗ്ലീഷ് ഭാഷയുടെ ശക്തമായ സ്വാധീനമാണ്‌. ഇംഗ്ലീഷിലുള്ള ഫ്ലെക്സ് ബോർഡുകളും പരസ്യങ്ങളും ധാരാളം കാണാം. തങ്ങളുടെ രാജ്യത്തിന്റെ ചെറിയ അതിരുകളിൽ നിന്ന് വിശാലമായ ലോകത്തേക്ക് കടക്കാനുള്ള വാതായനം ഇംഗ്ലീഷ് ആണെന്ന് സ്ലൊവാക്യക്കാർ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
കാപ്പി വിഴുങ്ങുന്ന ആന - ഒരു ഫ്ലെക്സ് ബോർഡ്
നഗരമദ്ധ്യത്തിൽ ധാരാളം കഫെകളും പബുകളുമുണ്ട്.യുവാക്കളുടെ നഗരമായി ബ്രാട്ടിസ്ലാവയെ ബ്രാൻഡ് ചെയ്യാനുള്ള ഒരു ശ്രമം.യുവതീയുവാക്കളുടെ ഒരു വൻ ബറ്റാലിയൻ തന്നെ എല്ലായിടത്തും കാണാം.പശ്ചിമയൂറോപ്യൻ നഗരങ്ങളിൽ നിന്ന് ബ്രാട്ടിസ്ലാവയിലേക്ക് ചിലവുകുറഞ്ഞ ബസ് സർവീസുകൾ ധാരാളമുണ്ടെന്ന് എവിടെയോ വായിച്ചു.എല്ലാം വീക്കെന്റ് അടിച്ചുപൊളിക്കാനെത്തുന്ന യുവാക്കളെ ഉദ്ദേശിച്ചു തന്നെ.സ്ലൊവാക്യയിലെ 'Stag Weekend' കളെ പറ്റി എല്ലായിടത്തും ആകർഷകമായ പരസ്യങ്ങൾ കാണാം. :)


നഗരമധ്യത്തിൽ
നഗരഹൃദയത്തിലെ കഫേകളുടെയും റസ്റ്റോറന്റുകളുടെയും ഇടയിൽ കൂടി നടന്നെത്തിയത് പുരാതനമായ സെന്റ് മാർട്ടിൻസ് കത്തീഡ്രലിലാണ്‌. 13 ആം നൂറ്റാണ്ടിലാണ്‌ ഈ പുരാതനദേവാലയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ പലതവണ മുടങ്ങിയ നിർമ്മാണം പൂർത്തിയാക്കാനായത് 15ആം നൂറ്റാണ്ടിൽ മാത്രം. ഇരു രാജ്യങ്ങളും ഒന്നായിരുന്ന സമയത്ത് ഹംഗറിയിലെ രാജാക്കന്മാരുടെ കിരീടാവരോഹണം നടത്തിയിരുന്ന സ്ഥലം എന്നൊരു പ്രാധാന്യവും സെന്റ് മാർട്ടിൻ കത്തീഡ്രലിനുണ്ട്. സ്ലോവാക്യയിലെ ഏറ്റവും വലിയ പള്ളി എന്ന ബഹുമതി ഉണ്ടെങ്കിലും യൂറോപ്പിലെ മറ്റു പല ദേവാലയങ്ങളെ അപേക്ഷിച്ച് ഇതൊരു “അശു” തന്നെയാണെന്ന് സമ്മതിക്കേണ്ടി വരും.
സെന്റ് മാർട്ടിൻസ് കത്തീഡ്രൽ (ചിത്രം വികിയിൽ നിന്ന്)


കത്തീഡ്രലിനു മുന്നിലൂടെയാണ്‌ ഡാന്യൂബിനു കുറുകെയുള്ള പ്രസിദ്ധമായ UFO (Unidentified flying object) പാലം കടന്നു പോകുന്നത്. പാലത്തിന്റെ ഒരു വശത്ത് പറക്കും തളിക വന്നിറങ്ങിയതു പോലെ നിർമ്മിച്ചിരിക്കുന്ന ഒരു റസ്റ്റോറന്റ് ആണ്‌ പാലത്തിനു ഈ പേരു വരാൻ കാരണം. റസ്റ്റോറന്റിനോട് ചേർന്ന് തന്നെ ഒരു ഒബ്സെർവേറ്ററിയും ഉണ്ട്. 

UFO പാലം
രണ്ട് തട്ടുകളായാണ്‌ UFO പാലം നിർമ്മിച്ചിരിക്കുന്നത്. മുകളിലെത്തട്ട് വാഹനങ്ങൾക്ക് കടന്നു പോകാനാണ്‌. കാൽ നടക്കാർക്കുള്ള നടപ്പാതയാണ്‌ താഴെ.രണ്ടും ഒരേ തൂക്കുപാലത്തിന്റെ ഭാഗം തന്നെ.പാലത്തിലേക്കു കടക്കുമ്പോൾ തന്നെ വലതു വശത്തായി ഡന്യൂബിനഭിമുഖമായി ബ്രാട്ടിസ്ലാവാ കാസിൽ കാണാം. വെള്ളച്ചുവരുകളും തവിട്ടുമേല്ക്കൂരയുമുള്ള ഈ കാസിൽ കേരളത്തിലെ പഴയ നാലുകെട്ടുകളെ അനുസമരിപ്പിക്കുന്നു.കാസിലിന്റെ ചില ചിത്രങ്ങളേടുത്ത ശേഷം ഞങ്ങൾ പാലത്തിലേക്കു നടന്നു.


ബ്രാട്ടിസ്ലാവ കാസിൽ


UFO പാലത്തിൽ നിന്ന് നോക്കിയാൽ മഴവില്ലുപോലെ മനോഹരമായി ദീപാലങ്കാരം നടത്തിയുട്ടുള്ള അപ്പോളോ പാലവും അതിന്റെ ഡാന്യൂബിലെ (സ്ലൊവാക്യനിൽ ഡൂണ) പ്രതിബിംബവും കാണാം. ക്യാമറ പാലത്തിന്റെ കൈവരിയിലുറപ്പിച്ചു വച്ചിട്ടു പോലും അപ്പോളോ ബ്രിഡ്ജിന്റെ നല്ലൊരു ചിത്രമെടുക്കാൻ കഴിഞ്ഞില്ല.UFO പാലത്തിലൂടെ അതിവേഗം പാഞ്ഞു പോകുന്ന വാഹനങ്ങൾ തൂക്കുപാലത്തെ ശക്തമായി കുലുക്കുന്നുണ്ടായിരുന്നു.


അപ്പോളോ ബ്രിഡ്ജ്
നടന്ന് നടന്ന് ഞങ്ങൾ മറുവശത്തെത്തി. വൈദ്യുതവെളിച്ചത്തിൽ പ്രഭചൊരിഞ്ഞു നില്ക്കുന്ന ബ്രാട്ടിസ്ലാവാ കാസിൽ അത്യാകർഷകമായി കാണപ്പെട്ടു. അവിടെ കണ്ടു മുട്ടിയ ചില ലോക്കൽ ടൂറിസ്റ്റുകളോട് കുശലപ്രശനം നടത്തി ചില ചിത്രങ്ങളെടുത്ത് നഗരത്തിലേക്ക് തിരിച്ച് നടന്നു.
കാസിൽ - വൈദ്യുതപ്രഭയിൽ
നേരം നന്നേ ഇരുട്ടിയിരിക്കുന്നു. എങ്കിലും പബുകളിലെയും ഡാൻസ്ബാറിലെയും ആരവങ്ങൾ ഒഴിയുന്നില്ല. കയറണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉച്ചത്തിലുള്ള ശബ്ദം തുമ്പിക്ക് അരോചകമായേക്കും എന്നോർത്ത് ആ ആഗ്രഹം മനസ്സിൽ വച്ചു. തിരികെ നടക്കുന്ന വഴി ബ്രാട്ടിസ്ലാവയിലെ പേരുകേട്ട റോഡ് വർക്കറിന്റെ ശില്പം കണാൻ കഴിഞ്ഞു. കുറേ ചെറുപ്പക്കാർ അതിനു ചുറ്റും ഇരുന്നും കിടന്നും ചിത്രങ്ങളെടുക്കുന്നു.
റോഡ് വർക്കർ - വഴിയരികിലെ ശില്പങ്ങളിലൊന്ന്


തിരികെ റൂമിലെത്തിയപ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞു. വിയന്നയിലാണ്‌ അടുത്ത രണ്ടു ദിവസം ചിലവഴിക്കാൻ പ്ലാൻ ചെയ്തിരിക്കുന്നത്. അതിനുള്ള ഊർജ്ജം കരുതി വക്കണമെന്ന വിചാരത്തോടെ കിടക്കയിലേക്ക് മറിഞ്ഞു.