പഥികന്റെ കാൽപാട്Sunday, April 1, 2012

വിസ്മയനഗരം - റിയോ ഡി ജനൈറോ (ബ്രസീൽ - മൂന്നാം ഭാഗം)

ബ്രസീൽ യാത്ര - ഒന്നാം ഭാഗം
ബ്രസീൽ യാത്ര - രണ്ടാം ഭാഗം

കാംപിനാസിൽ നിന്നുള്ള ബസ് 6 മണിക്ക് റിയോ ഡി ജനൈറോയിലെത്തും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ നാലേമുക്കാലായപ്പോഴേ ബസ് സ്റ്റേഷൻ പിടിച്ചു. നേരം വെളുക്കുന്നതിനു മുൻപേ നഗരത്തിലേക്കിറങ്ങിയാൽ ‘പണി കിട്ടും’  എന്ന് ഏതാണ്ട് ഉറപ്പായതിനാൽ  അവിടെയിരുന്ന് റിയോയെക്കുറിച്ചു കുണ്ടുവന്നിരുന്ന പ്രിന്റ് ഔട്ടുകളെടുത്തു വായന തുടങ്ങി. കൂട്ടത്തിൽ സ്റ്റേഷനിൽ വന്നിറങ്ങുന്ന നാനാവർഗ്ഗക്കാരായ ആളുകളെ നിരീക്ഷിക്കാനും (വായ്നോക്കാനും എന്നു മലയാളത്തിൽ).
റോഡോ വിയാ റിയ - ബസ് സ്റ്റേഷൻ 
ഇനി അല്പം റിയോയുടെ ചരിത്രം. ജനുവരിയുടെ നദി എന്നാണത്രേ റിയോ ഡി ജനൈറോ (River of January) എന്ന വാക്കിനർത്ഥം. ബ്രസീലിലേക്കു വന്ന പോർച്ചുഗീസ് നാവികർ ആദ്യം എത്തിച്ചേർന്നത് റിയോയിലാണ്. ദ്വീപുകൾ നിറഞ്ഞ റിയോയിലെ കടലിടുക്കു കണ്ടിട്ട് ഒരു വലിയ നദിയായാണ് അവർക്കു തോന്നിയത്. വന്നെത്തിയ ജനുവരി മാസത്തിന്റെ ഓർമ്മക്ക് ആ ‘നദി’ യെ റിയോ ഡി ജനൈറോ എന്നു വിളിക്കുകയും ചെയ്തു. ഒരു നഗരം എന്ന നിലയിൽ റിയോ വികസിക്കുന്നത് 1815 ൽ  പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായതോടെയാണ്. നെപ്പോളിയൻ പോർച്ചുഗൽ കീഴടക്കുമെന്നായപ്പോൾ പോർച്ചുഗീസ് രാജാവ് തലസ്ഥാനം ലിസ്ബണിൽ നിന്ന് റിയോയിലേക്കു മാറ്റി. 1822ൽ ബ്രസീൽ സ്വതന്ത്രമാകുന്നതു വരെ,  യൂറോപ്പിനു വെളിയിലുള്ള ഏക യൂറോപ്യൻ തലസ്ഥാനം എന്ന പ്രത്യേക ബഹുമതിയോടെ, ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും യൂറോപ്പിലും ഓഷ്യാനിയയിലുമൊക്കെയായി വ്യാപിച്ചു കിടക്കുന്ന വിശാല പോർച്ചുഗീസ് രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രമായി റിയോ തുടർന്നു.സ്വാതന്ത്ര്യാനന്തരവും ബ്രസീലിന്റെ തലസ്ഥാനം റിയോ തന്നെ ആയിരുന്നു. 1960 ലാണ് തലസ്ഥാനം റിയോയിൽ നിന്ന് ബ്രസീലിയ എന്ന മദ്ധ്യബ്രസീലിയൻ നഗരത്തിലേക്ക് മാറ്റിയത്.
വിശാല പോർച്ചുഗീസ് സാമ്രാജ്യം

8 മണി കഴിഞ്ഞതോടെ ടൂറിസ്റ്റ് ഇൻഫൊർമേഷൻ സെന്റർ തുറന്നു. അവിടെപ്പോയി ഒരു വലിയ മാപ്പും ചില ബ്രോഷറുകളും സംഘടിപ്പിച്ചു. വിൻസർ ഗുബരായന എന്ന  സപ്തനക്ഷത്രഹോട്ടലിന്റെ മുന്നിലാണ് ഗൈഡഡ് ടൂർ ടീം പിക്കപ്പ് പറഞ്ഞിരിക്കുന്നത് . കൊണ്ടുവന്ന പ്രിന്റൌട്ട് കാണിച്ച് പ്രീപെയ്ഡ് കൗണ്ടറിൽ നിന്ന് ടാക്സി പിടിച്ചതിനാൽ പോർച്ചുഗീസ് ഭാഷയുടെ പ്രശ്നം വന്നില്ല.

പറഞ്ഞ സമയം കഴിഞ്ഞ് ഏതാണ്ട് മുക്കാൽമണിക്കൂറോളം അവിടെ നിന്നു. ഗൈഡഡ് ടൂർ ടീമിന്റെ പൊടി പോലുമില്ല. നിന്ന് സഹികെട്ട് ഹോട്ടലിന്റെ റിസപ്ഷനിൽ പോയി ആ ടൂർ ടിമിനെ പറ്റി വല്ല വിവരവുമുണ്ടോ എന്നു തിരക്കി. അവർക്കറിയില്ലെന്നും ഫോൺ നമ്പർ വല്ലതുമുണ്ടെങ്കിൽ വിളിച്ചു ചോദിക്കാമെന്നും റിസ്പ്ഷനിസ്റ്റ് പറഞ്ഞു. പക്ഷേ കിട്ടിയ മെയിലിൽ അവരുടെ ഫോൺ നമ്പരൊന്നും തന്നിട്ടില്ലായിരുന്നു. പുറത്തു നിന്ന് വെയിൽ കൊള്ളാതെ ഹോട്ടൽ ലോബിയിലിരുന്നോളാൻ റിസ്പ്ഷനിസ്റ്റ് നിർദ്ദേശിച്ചു. ആ സൌമനസ്യത്തിന് ഒരു ‘ഒബ്രിഗാഡോ’ പറഞ്ഞ് മാപ്പു നിവർത്തി അടുത്ത പരിപാടികളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോൾ അന്വേഷിച്ച് ടൂർ ഗൈഡ് എത്തി.

വിൻസർ ഗുബരായന (ചിത്രം ഗൂഗിളിൽ നിന്നും)

നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന അലക്സാണ്ടറാണ്‌ ടൂർ ഗൈഡ്.കൂടെ യാത്രക്കുള്ള മിനിബസിന്റെ ഡ്രൈവറുമുണ്ട്. ന്യൂയോർക്കു കാരനാണ്‌ അലെക്സാണ്ടർ. ചെറുപ്പത്തിൽ കുറേക്കാലം ബ്രസീലിലായിരുന്നതു കൊണ്ട് പോർച്ചുഗീസും അലക്സാണ്ടർക്കു നന്നായി  അറിയാം. അരമുക്കാൽ മണിക്കൂർ വൈകുന്നത്  ബ്രസീലിൽ സർവ്വസാധാരണമാണെന്നും ഇനി അടുത്ത തവണ വരുമ്പോൾ അതു കൂടി കരുതിക്കോളാനും അലക്സാണ്ടർ ഉപദേശിച്ചു. എന്നെ കൂടാതെ വേറെ ഒൻപത് പേർ കൂടിയുണ്ട് ബസിൽ.നാലു കപിൾസ്, പിന്നെ കണ്ടാൽ മലയാളി ലുക്കുള്ള ഒരു പെൺകുട്ടിയും.എല്ലാവരും പോർച്ചുഗീസ് സംസാരിക്കുന്നവർ. അവർക്കു വേണ്ടി വിവരണം ആദ്യം പോർച്ചുഗീസിലാണ്‌. പിന്നെ എനിക്കു വേണ്ടി ഇംഗ്ളീഷിൽ ഒരു എക്സ്ക്ലൂസീവ് വിവരണം. വിൻസർ ഹോട്ടലിന്റെ ലോബിയിൽ നിന്ന് ഇറങ്ങിവരുന്നതു കണ്ടിട്ട്, ഞാൻ അവിടെയാണ് താമസിക്കുന്നത് എന്നായിരുന്നത്രേ ബാക്കിയുള്ളവർ വിചാരിച്ചത്. അന്യനാട്ടുകാരായതു കൊണ്ട്  ഞാൻ വെറുതേ തിരുത്താനൊന്നും പോയില്ല :)

ഞങ്ങൾ ആദ്യം പോയത് ബ്രസീലിലെ ഏറ്റവും പ്രശസ്തമായ മരക്കാന സ്റ്റേഡിയത്തിലേക്കാണ്‌. 1950 ലെ ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്റെ മുന്നോടിയായാണ് സ്റ്റേഡിയം പണികഴിപ്പിച്ചത്. 1958 ൽ ലോകകപ്പു നേടിയ  ബ്രസീൽ ടീം ക്യാപ്റ്റനായിരുന്ന ബലീനി പഴയ ഉൾറിമേ കപ്പും കൊണ്ടു നില്ക്കുന്ന ഒരു വലിയ ശില്പം സ്റ്റേഡിയത്തിനു മുന്നിലായുണ്ട്. ആ ഉൾ‌റിമേ കപ്പ് മോഷണം പോയ ശേഷമാണ് ഇപ്പോഴുള്ള ഫിഫാ കപ്പ് നിലവിൽ വന്നത്. എന്നാ‍ൽ മോഷണം പോയ ഉൾറിമേ കപ്പ് ഉരുക്കി വിറ്റ കഥയൊന്നും ടൂർ ഗൈഡ് അലക്സാണ്ടർ വിശ്വസിച്ചിട്ടില്ല. അതേതെങ്കിലും കോടീശ്വരന്റെ സ്വീകരണമുറിയിൽ വിശ്രമിക്കുന്നുണ്ടാവും എന്നാണ്‌ അയാളുടെ അഭിപ്രായം.

മരക്കാന സ്റ്റേഡിയം

2014 ലോകകപ്പിനു വേണ്ടി പുതുക്കിപ്പണിയുന്നതിനാൽ മരക്കാന സ്റ്റേഡിയത്തിനകത്തേക്ക് കയറാൻ പറ്റിയില്ല. സ്റ്റേഡിയത്തിനു പുറത്ത് ചിലർ ബ്രസീലിന്റെ ഫുട്ബോൾ ജേർസിയും മറ്റു ചില സുവനീറുകളും വില്ക്കുന്നുണ്ടായിരുന്നു. അലൈൻസ് അറീനയും ഡയ്മ്‌ലർ സ്റ്റേഡിയവും  പോലെയുള്ള ജർമ്മനിയിലെ വമ്പൻ സ്റ്റേഡിയങ്ങളുടെ ലുക്കൊന്നും മരക്കാന സ്റ്റേഡിയത്തിനില്ല. ഫുട്ബോൾ ദൈവങ്ങളുടെ സ്വന്തം സ്റ്റേഡിയം എന്ന  മാസ്മരികമായ വശ്യത മാത്രം.
മരക്കാന സ്റ്റേഡിയം - ആകാശദൃശ്യം (ചിത്രം ഗൂഗിളിൽ നിന്നും )

അവിടെനിന്ന് അധികദൂരമില്ല സിറ്റി കത്തീഡ്രലിലേക്ക്. സാധാരണ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നും വിഭിന്നമായ ഒരാകൃതിയാണ്‌ ഈ പടുകൂറ്റൻ കത്തീഡ്രലിനുള്ളത്. എതാണ്ട് ഒരു പിരമിഡ് പോലെ അടിവശം വീതികൂടിയതും മുകളിലേക്കു വരുമ്പോൾ വീതി കുറഞ്ഞും.മനസ്സിൽ നന്മയുള്ള അപൂർവ്വം പേർക്കേ ദൈവത്തിന്റെ അടുത്തെത്താനാവുകയുള്ളൂ എന്നാണത്രേ ഈ രൂപത്തിന്റെ അർത്ഥം.
സിറ്റി കത്തീഡ്രൽ

റിയോ കാർണിവൽ നടക്കുന്ന സാംബാഡ്രോം (Sambadrome Marquês de Sapucaí) എന്ന പരേഡ് ഗ്രൌണ്ടിലേക്കായിരുന്നു അടുത്തയാത്ര. ലോകത്തിലെ ഏറ്റവും വലിയ കാർണിവലായ റിയോ കാർണിവൽ 1723 മുതൽ മുടങ്ങാതെ നടന്നു വരുന്നു. സാംബാഡ്രോമിൽ വന്നു സാംബാ പരേഡ് നടത്താൻ അനുവാദമുള്ളത് തിരഞ്ഞെടുത്ത നർത്തകർക്കു മാത്രം. ആകർഷകമായ വേഷവിധാനങ്ങളുടെയും ഫ്ലോട്ടുകളുടെയും അകമ്പടിയോടെയുള്ള പരേഡ് കാണാൻ ഓരോ വർഷവും ഇരുപതു ലക്ഷം ജനങ്ങളാണ് റിയോയിലെത്തുന്നത്.
ആളും ആരവവുമൊഴിഞ്ഞ് - സാംബാഡ്രോം
ഇനി രണ്ടാഴ്ചയേയുള്ളൂ റിയോ കാർണിവൽ തുടങ്ങാൻ. കാർണിവൽ കാണാതെ മടങ്ങുന്നതിന്റെ നിരാശയിലായിരുന്നു ഞാനുൾപ്പെടെ യാത്രാസംഘത്തിലെല്ലാവരും. കാമ്പിനാസിൽ വച്ചു പരിചയപ്പെട്ട ഡ്യൂഗു ഉൾപടെ നിരവധി പേർ കാർണിവൽ കാണുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് റിയോയിലെത്തുന്നത് . സാംബാഡ്രോമിൽ നിന്ന് സാംബാ കോസ്റ്റ്യൂമുകൾ വാങ്ങാനും അതിട്ടു നോക്കി ചിത്രങ്ങളെടുക്കാനും സൌകര്യമുണ്ട്. 
സർപ്പസുന്ദരികൾ സാംബാഡ്രോമിൽ (ചിത്രം ഗൂഗിളിൽ നിന്നും)

സാംബാഡ്രോമിൽ നിന്നു തിരിച്ചത് സപ്താല്ഭുതങ്ങളിലൊന്നായ  രക്ഷകനായ ക്രിസ്തുവിനടുത്തേക്കാണ്  (Christ the redeemer). റിയോയിലേക്ക് ഓടിയെത്തിയതിന്റെ പ്രധാന ലക്ഷ്യവും ഇതായിരുന്നു. 1931 ലാണ്‌ ഈ പടുകൂറ്റൻ പ്രതിമ റിയോയിലെ ഏറ്റവും വലിയ മലയായ കൊർകൊവാഡോയിൽ സ്ഥാപിക്കുന്നത്. ഒരു വലിയ കുരിശു പണിയാനായിരുന്നത്രേ ആദ്യ പ്ലാൻ. പിന്നെയാണ്‌ കൈകൾ വിടർത്തിനില്ക്കുന്ന കൃസ്തുവാകാം എന്നു വച്ചത്. റിയോയിലെവിടെ നിന്നും ഈ പ്രതിമ കാണാം. രാത്രിവെളിച്ചതിൽ ഒരു കിരിശു പോലെയാണ് ഈ പ്രതിമ കാണപ്പെടുന്നത്.

രക്ഷകാ !! (ചിത്രം ഗൂഗിളിൽ നിന്നും)
നീണ്ട ക്യൂ ആയിരുന്നു ടിക്കറ്റ്കൌണ്ടറിൽ.കൊർക്കവാഡോ മലയടിവാരത്തിൽ നിന്ന് ടിക്കറ്റെടുത്തിട്ട് ടൂറിസം വകുപ്പിന്റെ വാഹനത്തിൽ വേണം മുകളിലേക്കു പോകാൻ. നിറയെ കുത്തുവളവുകളുള്ള വഴിയിലൂടെയാണ് യാത്ര. വഴിയരികിലെ ചെടികളും മരങ്ങളും കേരളത്തിന്റെ ഭൂപ്രകൃതിയ അനുസ്മരിപ്പിക്കുന്നു. പകുതിദൂരമെത്തുമ്പോഴേ കടലും കടലിടുക്കുകളും പാറക്കെട്ടുകളും ചെറിയ ദ്വീപുകളും നിറഞ്ഞ റിയോയുടെ ഭൂപ്രകൃതിയുടെ ഒരു വിഹഗവീക്ഷണം ദൃശ്യമാകും.
കടൽക്കരയും ദ്വീപുകളും


കടലിനഭിമുഖമായാണ്‌ ക്രിസ്തുദേവൻ നില്ക്കുന്നത്. റിയോയിലേക്കു കടൽമാർഗ്ഗം വരുന്നവരെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന പോലെ.ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഇതാണെന്നായിരുന്നു അടുത്തകാലം വരെ ഞാൻ കരുതിയിരുന്നത്. എന്നാൽ ചൈനയിലെ ഹ്യുനാൻ പ്രവിശ്യയിലെ ബുദ്ധപ്രതിമയാ‍ണ് ആണ് ലോകത്തിലെ ഏറ്റവും വലിയ പ്രതിമ.കാലപ്പഴക്കവും സ്ഥാപിച്ചിരിക്കുന്ന ദുർഘടമായ സ്ഥാനവുമാണ് ക്രിസ്തുദേവന്റെ ശില്പം  ലോകാൽഭുതങ്ങളിലൊന്നായി മാറ്റാൻ കാരണം. 
സൂര്യതേജസ്സോടെ

അന്തം വിട്ട് ക്രിസ്തുവിനെ നോക്കുന്ന ആളുകളുടെ ഭാവചേഷ്ടകൾ വളരെ രസകരമാണ്‌. 
ഹെന്റെ കർത്താവീശോ മിശിഹായേ !!!


കൂടെയുണ്ടായിരുന്ന മലയാളി ലുക്കുള്ള ബ്രസീലുകാരിയെക്കൊണ്ട് എന്റെ ചില ചിത്രങ്ങൾ എടുപ്പിച്ചു. അവളുടെ ഫോട്ടോഗ്രഫിയുടെ മിടുക്കു കൊണ്ട് എടുത്ത പടങ്ങളൊന്നും നേരെ പതിഞ്ഞില്ല. ഫെലീസ എന്നാണ് അവളുടെ പേര്. അമെരിന്ത്യൻ വർഗ്ഗക്കാരിയായതു കൊണ്ടാവാം അവളെക്കണ്ടാൽ ഒറ്റനോട്ടത്തിൽ മലയാളിയാണെന്നേ പറയൂ. അറിയാവുന്ന പോർച്ചുഗീസിലും ആംഗ്യഭാഷയിലും “വീടും കുടിയും” എവിടെയാണെന്നു ചോദിച്ചു .“മനൌസ് ഇൻ ആമസോണ !” ആമസോണിന്റെ ആഴവും വന്യതയുമുള്ള കണ്ണുകൾ വിടർത്തി അവൾ പറഞ്ഞു. .
സാഗരസൌന്ദര്യം

ഉച്ചഭക്ഷണവും ടൂർടീം തന്നെയാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. ഒരു സ്റ്റീക് ഹൌസിൽ ബഫേ . ബ്രസീലിന്റെ തനതായ ഫെസോഡ ഉൾപ്പെടെ വിവിധതരം വിഭവങ്ങളുണ്ട് ബഫേക്ക്. കാമ്പിനാസിൽ വച്ച് ഫെസോഡ കഴിപ്പിക്കാനായി അന്റോണിയോ പലതവണ എന്നെ  കൊണ്ടു നടന്നതാണ്‌. ആക്രാന്തത്തോടെ അല്പം കഴിച്ചു നോക്കിയെങ്കിലും രുചി അല്പം പോലും പിടിച്ചില്ല തികട്ടിവന്നെങ്കിലും ഒന്നും മിണ്ടാതെ ചവച്ചിറക്കി.

ഭക്ഷണം കഴിഞ്ഞ് തിരികെ മടങ്ങുന്ന വഴി ലോകപ്രസിദ്ധമായ കോപ്പാകബാന(Copacabana) ബീച്ചിൽ “ഒന്നെത്തി നോക്കാൻ“ അവസരം കിട്ടി.
കോപ്പാകബാന ബീച്ച് - (ഗൂഗിൾ ചിത്രം)

 നാലര കിലോമീറ്റർ നീളമുള്ള വളരെ  ആഴം കുറഞ്ഞ ബീച്ചാണ് കോപ്പാകബാന.ആഴക്കടലിലുള്ള പാറക്കെട്ടുകളുടെ പ്രതിരോധം വൻ തിരമാലകളിൽ നിന്നും ബീച്ചിനെ സംരക്ഷിക്കുന്നു. വഴിക്കച്ചവടക്കാരും ടൂറിസ്റ്റുകളും ധാരാളമുണ്ട് ബീച്ചിൽ. ബീച്ചിന്റെ ഭംഗിയെക്കാൾ കണ്ണു പതിയുന്നത് ബിക്കിനികളിലാണെന്നു മാത്രം !  

ബീച്ചും ബിക്കിനിയും - കോപ്പാ കബാന

രക്ഷകനായ യേശുവിനെ പോലെ തന്നെ റിയോയുടെ ഒരു ലാൻഡ്മാർക്കാണ്‌ ഷുഗർലോഫ് പാറക്കെട്ടുകൾ. ഒരു പഞ്ചാരക്കൂനയുടെ രൂപത്തിലായതുകൊണ്ടാണ്‌ ഷുഗർലോഫിന്‌ ഈ പേരു വന്നത്. (പോർച്ചുഗീസുകാർ ബ്രസീലിൽ നടത്തിയിരുന്ന പ്രധാന കൃഷി പഞ്ചസാരയായിരുന്നു). കടലിൽ അടുപ്പിച്ചടുപ്പിച്ചുള്ള ഈ രണ്ടു പാറക്കെട്ടുകളെയും ബന്ധിപ്പിച്ചുകൊണ്ട് കേബിൾകാർ സർവീസുണ്ട്. ലോകത്തിലെ മൂന്നാമത്തെ കേബിൾ കാറാണത്രെ 1912 ഇൽ പണികഴിപ്പിച്ച ഷുഗർ ലോഫ് കേബിൾകാർ. കടലിലുള്ള പാറക്കൂട്ടങ്ങൾക്കും ചെറുദ്വീപുകൾക്കും ഇടയിലൂടെയുള്ള കേബിൾകാർ യാത്ര ആകർഷകമാണ്. കൂട്ടത്തിൽ ഏറ്റവും രസകരമായിത്തോന്നിയത്  കോപ്പാകബാനയുടെ (Capacabana) വിഹഗവീക്ഷണമാണ്. ഉറുമ്പിൻ പറ്റങ്ങളെപോലെ ബീച്ചിൽ സൂര്യസ്നാനം ചെയ്യുന്ന മനുഷ്യർ !
ഉറുമ്പിൻ പറ്റം - പഞ്ചാരക്കൂനയിൽ നിന്നുള്ള ദൃശ്യം.

ഷുഗർലോഫിൽ നിന്ന് കാണുന്ന വേറൊരു രസകരമായ കാഴ്ച റിയോയിലെ ഗലീലിയോ ഇന്റർനാഷണൽ എയർപോർട്ടാണ്. റൺവേയുടെ രണ്ടു വശവും കടലാണ്. ഗലീലിയോയിലേക്കുള്ള ലാൻഡിങ്ങ് ഒരു രസകരമായ അനുഭവമായിരിക്കും എന്നു തീർച്ച.
കടലിലേക്ക് പറന്നിറങ്ങുന്ന സ്വപ്നസഞ്ചാരം

റിയോയുടെ മനം മയക്കുന്ന പ്രകൃതിഭംഗി കാണണമെങ്കിൽ പാറക്കെട്ടിനു ചുറ്റും ഒന്നു നടന്നു നോക്കണം. നീണ്ട പാലങ്ങളും തുറമുഖവും ഒരു വശത്തായി കാണാം. തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഉല്ലാസനൌകകൾ, മെയിൻലാൻഡിലും പിന്നെ ചിതറിക്കിടക്കുന്ന ദ്വീപുകളിലുമായി അസംഖ്യം ബീച്ചുകൾ.വിസ്മയനഗരം (Cidade Maravilhosa) എന്ന വിശേഷണത്തെ അന്വർത്ഥമാക്കുന്ന, കണ്ണിനെയും മനസ്സിനെയും കുളിർപ്പിക്കുന്ന കാഴ്ചകൾ നാലുപാടും.
റിയോ - പഞ്ചാരക്കൂന ദൂരെയായി കാണാം (ഗൂഗിൾ ചിത്രം)
പോക്കുവെയിൽ മാനത്ത് വർണ്ണവിസ്മയം ചമച്ചു തുടങ്ങി. അസ്തമയസൂര്യൻ എയ്തുവിടുന്ന ചെങ്കതിരുകൾ ആവാഹിച്ചെടുക്കുന്ന റിയോയിലെ കടൽത്തിരകളിൽ മിന്നിത്തിളങ്ങുന്നത് ഒരായിരം കുഞ്ഞുകുഞ്ഞുസൂര്യൻ‌മാർ. !.പരിചിതമായ ലോകത്തിൽ നിന്നകന്ന് ഭൂമിയുടെ വിദൂരമായ ഒരു കോണിൽ, ആൾക്കൂട്ടത്തിൽ തനിയേ ഈ ഞാനും.ഏകാന്തതയുടെ വശ്യമായ മനോഹാരിത ആസ്വദിക്കുന്നതിനൊപ്പം ഇത്ര മനോഹരമായ സ്ഥലത്ത് സഹയാത്രികരില്ലാതെ വന്നതിന്റെ വേദനയും മനസ്സിനെ അലട്ടിത്തുടങ്ങി. ദേവന്മാർക്കു പകലും അസുരന്മാർക്കു രാത്രിയും മനുഷ്യർക്കു പ്രഭാതവും ഋഷികൾക്കു സന്ധ്യയുമാണ് സമയക്രമം കൽ‌പ്പിച്ചു തന്നിരിക്കുന്നതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. മുനിവര്യന്മാരെപ്പോലെ സന്ധ്യാസമയത്ത് ചിന്തകൾ കാടുകയറുന്നത് അതു കൊണ്ടായിരിക്കും.
പകലിറങ്ങുമ്പോൾ


ഏഴുമണിയോടെ ടൂർ അവസാനിപ്പിച്ച് എന്നെ ഹോട്ടലിന്റെ മുന്നിൽ കൊണ്ടിറക്കി. പത്തു മണിക്കാണ് കാമ്പിനാസിലേക്ക് തിരിച്ചു പോകാനുള്ള ബസ്. ബസ്‌സ്റ്റേഷനിലേക്കു പോകാനുള്ള ടാക്സി നോക്കി നടന്നപ്പോഴാണ്  മാരകമായ മറ്റൊരു ഐഡിയ എനിക്കു തോന്നിയത്. ‘റോഡോവിയാറിയ’ (പ്രധാനബസ് സ്റ്റേഷൻ) എന്നെഴുതി പല ബസുകൾ പോകുന്നുണ്ട്.ഒന്നിൽ കയറിനോക്കിയാലോ ? ബ്രസീലിലെ പബ്ലിക് ട്രാൻസ്പോർട്ട് കാണൂകയും ചെയ്യാം ടാക്സിക്കൂലി ലാഭിക്കുകയും ചെയ്യാം.അങ്ങനെ ആദ്യം കണ്ട ബസിൽ ചാടിക്കയറി ചോദിച്ചു ..‘റോഡോവിയാറിയ ?‘ അതെ എന്ന ഭാവത്തിൽ ഡ്രൈവർ തലയാട്ടി. ഞാൻ കയറി ഇരിപ്പുറപ്പിക്കുകയും ചെയ്തു.
സുന്ദരിയായി റിയോ ..(ഗൂഗിൾ ചിത്രം)

ഇരുട്ടു വീണുത്തുടങ്ങി.റിയോ കൂടുതൽ സുന്ദരിയാകുന്നത് രാത്രിയിലാണ്. ഏതൊക്കെയോ കുഞ്ഞു ദ്വീപുകളിലും പാലങ്ങളിലും കൂടി ബസ് കടന്നു പോയി.ടാക്സിയിൽ ഇരുപതു മിനിറ്റിൽ കൂടുതൽ ഇല്ല റോഡോവിയാറിയയിലേക്ക്. എന്നാൽ മുക്കാൽ മണിക്കൂറായിട്ടും സ്ഥലമെത്തിയില്ല.നഗരം വിട്ട് തികച്ചും വിജനമായ പ്രാന്തപ്രദേശങ്ങളിലൂടെയാണ് ഇപ്പോൾ ബസ് കടന്നുപോകുന്നത്. സംശയം കൂടിക്കൂടി അവസാനം അടുത്തിരിക്കുന്ന ഒരാളോട് കാമ്പിനാസിലേക്കുള്ള ബസ് ടിക്കറ്റുകാണിച്ച് വിവരം തിരക്കി.ആർക്കും ഭാഷ അറിയാത്തതു കാരണം തമ്മിൽ തമ്മിൽ ചർച്ച തുടങ്ങി.അങ്ങനെ അല്പസമയത്തിനകം ആ ബസിലെ പ്രധാനചർച്ചാവിഷയമായി മാ‍റി ഞാൻ. അവസാനം ഒരമ്മച്ചി വന്ന് എന്നോട് എന്തൊക്കെയോ പറഞ്ഞു. കം‌പ്ലീറ്റ് സ്റ്റോറിയും എനിക്കു മനസ്സിലായില്ലെങ്കിലും ഞാൻ ഊഹിച്ചെടുത്തതിങ്ങനെയാണ്. “റോഡൊവിയാറിയ എന്നാൽ ബസ് സ്റ്റേഷൻ എന്നാണ്. അല്ലാതെ റിയോ ഡി ജനൈറോയിലെ ബസ് സ്റ്റേഷൻ എന്നല്ല. വേറെ എങ്ങോട്ടോ പോകുന്ന ബസ്സാണിത്“. അതായത് “തിരുവനന്തപുരം“ ബസ് സ്റ്റാന്റിൽ പോകാനുള്ള ഞാൻ എത്താൻ പോകുന്നത് നെയ്യാറ്റിൻ‌കര ബസ് സ്റ്റാന്റിലാണ്. എന്നാലും പേടിക്കെണ്ട എന്നും “മേം ഹൂ നാ” എന്നും അവർ പോർച്ചുഗീസ് ഭാഷയിൽ പറഞ്ഞത് എനിക്കു വ്യക്തമായി മനസ്സിലായി.അതല്ലെങ്കിലും ചില അവസരങ്ങളിൽ നമുക്കേതു ഭാഷയും മനസ്സിലാകും .അവർ ഇറങ്ങുമ്പോൾ കൂടെ ഇറങ്ങിക്കോളാൻ ആംഗ്യം കാണിക്കുകയും ചെയ്തു.

ഗുണ്ടൽ പേട്ട പോലത്തെ ഒരു സ്ഥലത്ത് അമ്മച്ചി ഇറങ്ങി. പുറകേ ഞാനും.ബസിറങ്ങി റോഡു മുറിച്ചു കടന്ന് അമ്മച്ചി ആദ്യം കണ്ട ഒരു മിനിബസ് കൈകാണിച്ചു നിർത്തി . “പോർച്ചുഗീസ് അറിയില്ല. ബസ് സ്റ്റേഷനിൽ കൊണ്ടു വിടണം”. എന്ന് ബസിലെ കിളിയോട് പറഞ്ഞേൽ‌പ്പിച്ചു കോമ്പ്ലിമന്റ്സാക്കുകയും ചെയ്തു.

നമ്മുടെ ഗ്രാമങ്ങളിലെ ടെമ്പോ ട്രാക്സിന്റെ അതേ സെറ്റപ്പാണ് ഈ മിനിബസും.നിറയെ യാത്രക്കാർ. .ബസിലെ സീറ്റു പോരാഞ്ഞിട്ട് ഒന്നു രണ്ട് തടി സ്റ്റൂളുകളും വാതിലിനു സൈഡിലായിട്ടിട്ടിട്ടുണ്ട്. . മിക്ക യാത്രക്കാരും നമ്മുടെ ഗോവൻ സ്റ്റൈൽ വട്ടത്തൊപ്പി വച്ചവരാണ് . സീറ്റിന്റെ നാലിലൊന്നിലിരുന്ന് ആക്സിലറേറ്ററിലും സ്റ്റിയറിങ്ങിലും ബാലൻസ് ചെയ്താണ് ഡ്രൈവർ വണ്ടി ഓടിക്കുന്നത്. രംഗത്തിനു മാറ്റു കൂട്ടാൻ റേഡിയോയിൽ നിന്ന് ഒരു പോർച്ചുഗീസുപാട്ടും കേൾക്കുന്നുണ്ട്. പട്ടാപ്പകൽ പോലും ആൾക്കാർ ഇറങ്ങി നടക്കാൻ പോലും പേടിക്കുന്ന റിയോയിൽ ഭാഷയുമറിയാതെ ഇങ്ങനത്തെ ഒരു സെറ്റപ്പിൽ വന്നുപെട്ടതിന്റെ എല്ലാ ഭയവും മനസ്സിലുണ്ടായിരുന്നെങ്കിലും യാത്ര ഞാൻ നന്നായി ആസ്വദിച്ചു. എല്ലാ അർത്ഥത്തിലും ‘യഥാർത്ഥ ബ്രസീലിൽ’ വന്നു പെട്ട ഒരു പ്രതീതി.

ഏതായാലും ഒൻപതരയോടെ ബസ് റോഡോവിയാ റിയ പിടിച്ചു. അസ്ത ലവിസ്താ എന്നു സ്പാനിഷിൽ വിട വാങ്ങി, കിളി റ്റാറ്റ പറഞ്ഞു പോയി. സമയത്ത് കാമ്പിനാസിലേക്കുള്ള ബസ് പിടിക്കാൻ പറ്റിയപ്പോൾ മനസ്സിൽ ഒരു കുളിർ മഴ പെയ്തു തോർന്നപോലെ..


അങ്ങനെ ബ്രസീലിനും വിസ്മയ നഗരം റിയോക്കും വിട. സോക്കറിന്റെ ആരവവും സാംബയുടെ താളവും തുടികൊട്ടുന്ന ഈ മണ്ണ് ഇനി ഓർമ്മയുടെ പുസ്തകത്താളിലെ ഒരേടു മാത്രം. കണ്ണേ മനസ്സേ മടങ്ങുക. യാഥാർത്ഥ്യത്തിലേക്ക് , നിത്യജീവിതത്തിന്റെ തിരക്കുകളിലേക്ക്.
വിട !

Ate logo ...Eu amo o Brasil !
 


47 comments:

 1. ജീവിതത്തിലെ ചില turbulence പോസ്റ്റുകൾ വൈകിക്കുന്നു. വായനയും കുറയുന്നു.എന്നാലും വന്നു വായിക്കുമല്ലോ ?

  സസ്നേഹം
  പഥികൻ

  ReplyDelete
  Replies
  1. അറിയാൻ പാടിലാത്ത, കണ്ടിട്ടില്ലാത്ത, ഈ ജീവിതത്തിൽ കാണുവാൻ സാധിക്കാൻ യാതൊരു സാദ്ധ്യതയും ഇല്ലാത്ത അനേകം പ്രദേശങ്ങളിൽ കൊണ്ടുപോയതിനു ഒരുപാട് ഒരുപാട് നന്ദി

   പക്ഷെ ആ മരക്കാന എന്ന പേരു കേട്ടപ്പോൾ എന്തൊ ഒരിത് :)

   Delete
  2. മരക്കാന ! ചിലപ്പൊ മറക്കാന ആയിരിക്കും...കേട്ടിട്ടില്ലേ മറക്കാനാ പാടെന്ന് :)) ? നന്ദി പണിക്കർ ചേട്ടാ ....

   Delete
 2. പഥികൻ...എത്ര താമസിച്ചാലും, ഞങ്ങൾക്ക് താങ്കളുടെ മനോഹരമായ വിവരണക്കുറിപ്പുകൾ വായിക്കാതിരിയ്ക്കുവാനാകില്ലല്ലോ :) (എങ്കിലും താമസിയ്ക്കുന്നതിലുള്ള പരിഭവം മറച്ചു വയ്ക്കുന്നുമില്ല)
  ഇത്തവണ ചിത്രങ്ങൾ അധികവും ഗൂഗിളിൽ നിന്നായിപ്പോയല്ലോ. എന്തു പറ്റി...?

  Christ the redeemer-ഉം, പഞ്ചാരക്കൂനയും എല്ലാം ആകർഷകമായ കാഴ്ചകൾതന്നെ..

  റിയോ കാർണിവൽ കാണുവാൻ സാധിയ്ക്കാതെ പോയത് വൻ നഷ്ടം തന്നെ :))
  പഥികന്റെ മനോഹരമായ വിവരണത്തിനും, ചിത്രങ്ങൾക്കും ഏറെ നന്ദി... ഒപ്പം ആശംസകളും നേരുന്നു...
  സ്നേഹപൂർവ്വം ഷിബു തോവാള.

  ReplyDelete
  Replies
  1. നേരത്തെ വന്നതിനു നന്ദി ഷിബൂ....റിയോയുടെ ഭംഗി നന്നായി പകർത്തിയെടുക്കാൻ എനിക്കായില്ല...അതാണ് ഗൂഗിളിനെ ആശ്രയിച്ചത്...
   ടൂറിസ്റ്റുകൾ വ്യാപകമായി അക്രമങ്ങൾക്കിരയാകുന്ന റിയോയിൽ ക്യാമറയും തൂക്കി നടക്കരുതെന്നും ഉപദേശം കിട്ടിയിരുന്നു...

   Delete
 3. യാത്രാവിവരണം മനോഹരമായി,ചിത്രങ്ങളും.നന്ദി.
  ആശംസകളോടെ

  ReplyDelete
 4. ഒരു നല്ല യാത്രാ വിവരണം തപ്പിയുള്ള യാത്ര ഇവിടെ തന്നെ എത്തിച്ചു.. ഈ യാത്രകള്‍ എനിക്കും സ്വന്തമായിരുന്നെന്കില്‍ എന്ന് തോന്നി.

  ReplyDelete
  Replies
  1. നല്ല യാത്രാ വിവരണം തപ്പിയുള്ള യാത്രകൾ തുടരട്ടെ....മികച്ച യാത്രാവിവരണക്കാരെക്കൊണ്ട് സമ്പന്നമാണ് നമ്മുടെ ബൂലോകം...നല്ല വാക്കുകൾക്കു നന്ദി ...

   Delete
 5. Hi, Athul! How are you doing?
  Nice post! I'm glad you liked Brazil. Come back to Brazil in the future. The 2014 World Cup and the 2016 Olympic Games are a good reason to visit Brazil.

  See you,
  Antônio (അന്റോണിയോ)

  ReplyDelete
  Replies
  1. Thanks Antônio..At least I could teach you one Malayalam word :))...Worldcup in Brazil is the best anyone could ever imagine..im just crossing my fingers :))

   Delete
 6. സോക്കറിന്റെ ആരവവും സാംബയുടെ താളവും തുടികൊട്ടുന്ന
  ഈ ബ്രസീലിന്റെ മണ്ണും,മനവും മലയാളിക്ക് ഇത്ര ഗഹനമായി
  പരിചയപ്പെടുത്തിയതിന് ഇനി അതുലിന് അഭിമാനിക്കാ‍ാം കേട്ടൊ ഭായ് ..

  ഇനി ഓർമ്മയുടെ പുസ്തകത്താളിലെ ഈ
  ഏടുകളിൽ നിന്നും കഥകൾ മെനയൂ...
  ഞങ്ങൾക്ക് പങ്കുവെക്കൂ

  ReplyDelete
 7. അസൂയ തോന്നുന്നു. എന്റെ അഭിപ്രായത്തില്‍ ഇത്തരം യാത്രാ വിവരണങ്ങൾ ഫോട്ടോസു കൂടി ചേര്‍ത്ത് പുസ്തകരൂപത്തില്‍ ഇറക്കണം....

  നല്ല വിവരണവും, നല്ല ചിത്രങ്ങളും....

  ReplyDelete
 8. ഇനിയെന്നും ഇവിടെ വരും, ബ്ലോഗിൽ,,,

  ReplyDelete
 9. മനോഹരമായ യാത്രാ വിവരണം,,, ശരിക്കും അവിടെ പോയൊരു ഫീല്‍ ഉണ്ടായി,,, ചിത്രങ്ങളും സൂപ്പറാണുട്ടോ,,,, ഇനിയും തുടരുക,,, ഭാവുകങ്ങള്‍,,,,

  ReplyDelete
  Replies
  1. ആദ്യവരവിനു നന്ദി :)

   Delete
 10. വിവരണം ഇഷ്ടപ്പെട്ടു. പോകാനും കാണാനും പറ്റുന്നതു തന്നെ ഭാഗ്യം.

  ReplyDelete
 11. അതുല്‍... വളരെ വളരെ നന്നായിരിക്കുന്നു.......... രാത്രി യാത്ര ഒരുപാട് ഇഷ്ടായി... പേടി തോന്നിക്കാണും അല്ലെ???

  ReplyDelete
 12. അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയ ഒരു യാത്രാ വിവരണം .
  ബ്രസീലിനെ പൊതുവെയും രിയോയെ പ്രത്യേകിച്ചും അടുത്തറിഞ്ഞു വിശദീകരണങ്ങളിലൂടെ...
  നല്ല ചിത്രങ്ങളും ഉള്‍പെടുത്തിയാതിനാല്‍ വിസ്മയാവഹം തന്നെ ഈ യാത്ര എന്ന് പറയാതെ വയ്യ ...

  ReplyDelete
 13. യാത്രക്ക വിവരണത്തിനു ഭാവുകങ്ങൾ ഞാൻ വീണ്ടും വരാം.........

  ReplyDelete
 14. Excellent! സംഗതി ഇന്നലെ രാത്രി കണ്ടു.. പക്ഷെ നേരം വൈകിയത് കാരണം വായിക്കാന്‍ കഴിഞ്ഞില്ല. മുന്പ് സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങര ഈ വഴി പോയതിനു ശേഷം താങ്കളാണ് നമ്മുടെ നാട്ടില്‍ നിന്ന് ആ വഴി വന്നത്. അതിന്റെ തുടര്‍ച്ചയായി തോന്നി. ചിത്രങ്ങള്‍ ഇത്രേള്ളൂ?

  ReplyDelete
  Replies
  1. ചിത്രങ്ങൾ ഇനിയുമുണ്ട്..പ്രസക്തം എന്നു തോന്നിയതു മാത്രമേ കൊടുത്തിട്ടുള്ളൂ..

   Delete
 15. റിയോ വിശേഷങ്ങള്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു,അതുല്‍. “മിനി ബസ് “ പോലെയുള്ള സംഭവങ്ങളാണു ഏതൊരു യാത്രയേയും സമ്പന്നമാക്കുന്നത്. ആശംസകള്‍

  ReplyDelete
 16. അറിയാത്ത വഴികളില്‍ കൈപിടിച്ചുള്ള ഒരു നടത്തം പോലെ ആസ്വദിച്ചു എഴുത്ത് .........ആശംസകള്‍ ............

  ReplyDelete
 17. വിവരണം ഇഷ്ടപ്പെട്ടു. ആസ്വദിച്ചു വായിച്ചു .
  ആശംസകള്‍ ...

  ReplyDelete
 18. മനോഹരമായ വിവരണം. ചെറിയ യാത്രകള്‍ നടത്തിയ അനുഭവങ്ങള്‍ പകര്‍ത്തണമെന്നുണ്ട്. ഞാന്‍, ഗുരോ എന്ന് വിളിച്ചോട്ടെ?

  ReplyDelete
  Replies
  1. നമുക്കു കം‌പെയ്ൻ സ്റ്റഡി നടത്താം..അതല്ലേ നല്ലത് സതീർത്ഥ്യാ ? :)

   Delete
 19. ഇങ്ങനെ ഒരു പോസ്റ്റ് വയിച്ചത് ഒരു ഭാഗ്യം

  ഇനിയും വരട്ടെ

  ആശംസകൾ

  ReplyDelete
 20. ചിത്രങ്ങള്‍ ഗൂകിളില്‍ നിന്ന് എഴുതാതിരുന്നാല്‍ മതിയായിരുന്നു. അങ്ങിനെ എഴുതിയപ്പോള്‍ ഒരു കുറവ്‌ പോലെ അനുഭവപ്പെട്ടു. വിവരണങ്ങള്‍ നന്നായിട്ടുണ്ട്. ഒരിക്കലും കാണാന്‍ കഴിയാത്ത കാഴ്ചകള്‍ വായിച്ചറിയാന്‍ കഴിഞ്ഞതിന് നന്ദിയുണ്ട്. ആ കൃസ്തുവിന്റെ രൂപം നോക്കിനില്‍ക്കുന്നവരുടെ പ്ഗോട്ടോ നോക്കിയാല്‍ തന്നെ ആ പ്രതിമയെക്കുറിച്ച് ഒരു രൂപം കിട്ടുന്നുണ്ട്‌.ചൈനയിലെ ബുദ്ധപ്രതിമ ആണ് ഇതിലും വലുത് എന്ന് മനസ്സിലാക്കാനും കഴിഞ്ഞു.

  ReplyDelete
  Replies
  1. ഒരു വൈഡ് ആംഗിൾ ലെൻസ് ഇല്ലാത്തതു കൊണ്ട് നല്ല ചിത്രങ്ങൾ എടുക്കാൻ പറ്റിയില്ല.. അതാണ് ഗൂഗിളിനെ ആശ്രയിച്ചത്....അടിച്ചുമാറ്റിയ ചിത്രങ്ങൾ സ്വന്തം എന്ന ഏരിൽ കൊടുക്കുന്നത് ശരിയല്ലല്ലോ :‌)

   Delete
 21. പ്രിയപ്പെട്ട അതുല്‍,
  ഒരു താങ്ങായി, തണലായി, കയ്യ്‌ നീട്ടിപ്പിടിച്ചിരിക്കുന്ന യേശുദേവന്‍ ഹൃദയത്തിന് സ്വാന്തനം...!
  You taught Antônio just one word in Malayalam;but he could read the whole post! :)
  യാത്രകള്‍ പുതിയ രാജ്യം, ജനങ്ങള്‍, അവരുടെ സംസക്കാരം, ആചാരങ്ങള്‍ എല്ലാം തന്നെ അറിയിക്കാന്‍ സഹായിക്കുന്നു.
  ആശംസകള്‍ !
  സസ്നേഹം,
  അനു

  ReplyDelete
  Replies
  1. അന്റോണിയോക്കു ഞാൻ വായിച്ചു വിവർത്തനം ചെയ്തു കൊടുക്കുകയായിരുന്നു :)

   Delete
  2. പ്രിയപ്പെട്ട അതുല്‍,
   യാത്രകള്‍,പുതിയ രാജ്യം,അവരുടെ സംസ്കാരം,ആചാരങ്ങള്‍, എല്ലാം തന്നെ അറിയാന്‍ സഹായിക്കുന്നു.[രാവിലെ തിരക്ക് പിടിച്ചു എഴുതിയപ്പോള്‍ അക്ഷരത്തെറ്റ് വന്നു].
   അപ്പോള്‍ അന്റോണിയയെ രണ്ടാമത്തെ വാക്ക് പഠിപ്പിക്കാം. 'അതുല്‍' ! :)
   നാളെ ശ്രീ അയ്യപ്പന്‍റെ പിറന്നാള്‍ !
   ശുഭരാത്രി!
   സസ്നേഹം,
   അനു

   Delete
 22. ആദ്യം നോക്കിയത് ഫോട്ടോകളാണ്. കൂടുതലും ഗൂഗിളിലെയാണല്ലോ. അതുല്‍ നല്ല ഫോട്ടോകള്‍ ചേര്‍ക്കാറുണ്ട് അത് വിവരണത്തിന്റെ മനോഹാരിത കൂട്ടുകയും ചെയ്യുന്നുണ്ട്. റയോ നല്ലൊരനുഭവമായിരുന്നു അല്ലേ? വായിക്കുമ്പോള്‍ ഇത്ര രസം തോന്നുന്നുവെങ്കില്‍ കാണുവാനെത്ര രസമായിരിക്കും.!!

  ReplyDelete
 23. ഫുട്ബാൾ മാന്ത്രികരുടെ നാട്ടിലൂടെയുള്ള ഈ യാത്ര വളരെ ഹൃദ്യമായി..
  മുൻ‌കാല ചരിത്രവും കൂടി തിരഞ്ഞെടുത്തുള്ള യാത്രാവിവരണത്തിന് അഭിനന്ദനങ്ങൾ...

  ReplyDelete
 24. കൈപിടിച്ചു അവിടമൊക്കെ കൂട്ടിക്കൊണ്ടുപോയത് പോലെ.....


  (ഇനിയും വരും)

  ReplyDelete
 25. അങ്ങനെ, ബ്രസിലും ഞാന്‍ കണ്ടു കഴിഞ്ഞു ..ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു ട്ടോ ..ഇനി ബ്രസീല്‍ കാണാന്‍ പോയാല്‍ ഇതൊക്കെ ഓര്‍ത്തു വച്ച് പോകണം അത്രക്കും വിശദമായി എല്ലാം ഇതില്‍ എഴുതിയിരിക്കുന്നു അതിനു ഒരു സ്പെഷ്യല്‍ നന്ദി കൂടി പറയുന്നു .

  ReplyDelete
 26. പതികന്റെ കാല്പാടുകളും, കയ്യൊപ്പും പതിഞ്ഞ പോസ്റ്റ്‌. അതി മനോഹരമായിരിക്കുന്നു. വായന ഒരിടത്തും മുഷിപ്പിച്ചില്ല.. അഭിനന്ദനങ്ങള്‍..

  ReplyDelete
 27. മനോഹരം.. വിവരണവും... ചിത്രങ്ങളും...
  എന്തായാലും ഞങ്ങള്‍ക്ക് ഇങ്ങനെയൊക്കെ കാണാനേ കഴിയുകയുള്ളൂ.. പോയി കാണുവാന്‍ കഴിയുമോ..ആവോ...
  നിങ്ങള്ക്ക് എന്തായാലും അതിനു കഴിഞ്ഞല്ലോ.... ഭാഗ്യവാന്‍...
  (കണ്ണ് തട്ടാതിരിക്കാന്‍ വല്ലതും ചെയ്തോ... ട്ടാ.. :) ...)

  ReplyDelete
 28. അതുല്‍ , അഞ്ചു പൈസ ചിലവില്ലാതെ ഞാനും ബ്രസീല്‍ കണ്ടു :-) നന്ദി സുഹൃത്തേ. പിന്നെ നമ്മള്‍ മലയാളികളുടെ വായ്നോട്ടം ബ്രസീലിലും തുടര്‍ന്നു അല്ലെ :-)

  ReplyDelete
 29. അതുലേ സത്യത്തില്‍ അസൂയ തോന്നിക്കുന്ന തന്റെ ബ്രസീല്‍ വിവരണം വായിച്ചു കഴിഞ്ഞപ്പോള്‍ ...:)
  സ്വപ്നത്തില്‍ എങ്കിലും ഒന്ന് കാണാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു ....:)

  ReplyDelete
 30. നന്നായി വിവരിച്ചു. മനോഹരം

  ReplyDelete
 31. turbulence എല്ലാം ശാന്ത്മായിരിയ്ക്കും എന്ന് കരുതുന്നു.

  ആരോടും ഞാനാ ഹോട്ടലിലല്ല പാർക്കുന്നത് എന്ന് പറയാതെ ഗൈഡഡ് ടൂറിനു പോണ പോക്കു കണ്ട് ചിരിച്ചു പോയി...
  വളരെ ഇഷ്ടമായി വിവരണം കേട്ടൊ. അഭിനന്ദനങ്ങൾ.
  അന്ത അമ്മച്ചിയേം രൊമ്പ പിടിച്ചാച്ച്.......

  ReplyDelete
 32. യാത്രകള്‍ എനിക്കിഷ്ടമാണ്,യാത്ര വിവരണങ്ങളും.മടുപ്പിക്കാതെ,നീട്ടി വലിച്ചെഴുതാതെ,നന്നായിപ്പറഞ്ഞു.

  ReplyDelete
 33. തിരക്കുകൾ കാരണം ഇവിടെ വരാൻ ഇത്തിരി വൈകി അതുൽ...

  ബ്രസീലിയൻ യാത്ര ചാരുതായാൽ സമൃദ്ധം... അന്റോണിയോ എന്നൊരു നല്ല സുഹൃത്തിനെയും ലഭിച്ചുവല്ലെ? പിന്നെ, ആ അമ്മച്ചി ഇല്ലായിരുന്നുവെങ്കിൽ വിവരം അറിയുമായിരുന്നു...

  യാത്ര തുടരട്ടെ ഇനിയും...

  ReplyDelete
 34. നല്ല വിവരണം.. ടാക്സി കൂലി ലാഭിക്കാന്‍ ചെയ്തിട്ട് പണി കിട്ടിയല്ലേ..

  ReplyDelete
 35. സഞ്ചാര സാഹിത്യത്തില്‍ എസ് കെ പോറ്റക്കാടുണ്ടായിരുന്നു നമുക്ക് പണ്ട്
  ഇപ്പോള്‍ ഇതാ ഒരു പുതു എഴുത്തുകാരന്‍ ശക്തി പ്രാപിക്കുന്നു സന്തോഷം
  നല്ല പോസ്റ്റ്‌ ,ഇനിയും യാത്രകള്‍ പോകട്ടെ പോസ്റ്റുകള്‍ ഏറട്ടെ എല്ലാവിധ ആശംസകള്‍

  ReplyDelete
 36. കൊള്ളാം നാട്ടാരാ...അതിമനോഹരമായ ഇവരണം...ചരിത്രം അറിവുകൾ പകർന്നെങ്കിൽ യാത്രാ വിവരണം എന്നിലെ സഞ്ചാരിയെ തൃപ്തിപ്പെടുത്തി...ഷുഗർലോഫും രക്ഷകന്റെ പ്രതിമയും വായിച്ചു തീർന്നിട്ടും അത്ഭുതമായി മനസ്സിൽ അവശേഷിക്കുന്നു...
  ആശംസകൾ...

  ((( വായ്നോട്ടം ഒന്നു കുറയ്ക്കെന്റെ നാട്ടാരാ...ഹിഹി...)))

  ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...