പഥികന്റെ കാൽപാട്Wednesday, September 10, 2014

ഗാമയുടെ നാട്ടിൽഒരു നഗരത്തിന് അവശ്യം വേണ്ടത് അടുത്തായി ഒരു കടലാണ് എന്നാണ് എന്റെ പക്ഷം. വീശിയടിക്കുന്ന തിരമാലകൾ തീരത്തെ പാറക്കൂട്ടങ്ങളിൽ തട്ടിത്തെറിപ്പിക്കുന്ന വെള്ളത്തുള്ളികൾക്ക് എപ്പോഴും  നമ്മുടെ മനസ്സിന്റെ ഭാവമായിരിക്കും. ഒരു വിങ്ങലുമായി കടൽത്തീരത്തു വന്നാൽ കടൽ കൂടെ കരയുകയാണെന്നു തോന്നും.  ചിരിയടക്കിയാണ് വരുന്നതെങ്കിൽ കടൽ മറയില്ലാതെ പൊട്ടിച്ചിരിക്കും. പ്രണയത്തിലും വിരഹത്തിലും കണ്ണീരിലും പുഞ്ചിരിയിലും നിറവിലും ഒഴിവിലും കടലിന്റെ കൂട്ടുകിട്ടുക ജീവിതത്തിലെ മഹാഭാഗ്യമാണ്.

തിരുവനന്തപുരം വിട്ടു കൂടുമാറിയപ്പോൾ നഷ്ടപ്പെട്ടതും കടലിന്റെ സാമീപ്യം തന്നെ. ചേക്കേറിയ നഗരങ്ങളെല്ലാം തീരത്തു നിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ അകെലെയായിരുന്നു. ബാംഗ്ളൂരിലെ ആദ്യദിനങ്ങളിൽ, വൈകുന്നേരങ്ങളിൽ പോയിരിക്കാൻ ഒരു തീരമില്ലെന്ന യാഥാർത്ഥ്യത്തോടു പൊരുത്തപ്പെടാൻ ഏറെ പണിപ്പെട്ടു. മലയടിവാരത്തിലുള്ള മ്യൂണിക്കിലേക്ക് താമസം മാറിയപ്പോൾ കടൽ വിദൂരസ്വപ്നം തന്നെയായി.

കടലിനോടുള്ള ഈ കൊതി കൊണ്ട് തന്നെയാണ് ഒരു യാത്രക്ക് പോർച്ചുഗൽ തിരഞ്ഞെടുത്തതും.  വെയിലും മത്സ്യഭക്ഷണവുമൊക്കെ സമൃദ്ധിയായുള്ള ഇബീരിയൻ തീരങ്ങളെക്കുറിച്ച്  (ഇബീരിയ - പോർച്ചുഗലും സ്പെയിനുമുൾപ്പെടുന്ന ഭൂവിഭാഗം) അവിടെനിന്നുള്ള കൂട്ടുകാർ ഏറെ പാടിപുകഴ്ത്തിയിട്ടുണ്ടായിരുന്നു. കൂടാതെ നൂറ്റാണ്ടുകൾക്ക് മുമ്പ് കാറ്റിന്റെ മുഖം മാത്രം നോക്കി കടൽദൂരങ്ങൾ താണ്ടി, തിരമാലകളോടും ശത്രുക്കളോടും മഹാവ്യാധികളോടും ഒരേസമയം മല്ലിട്ട് പാശ്ചാത്യാധിപത്യത്തിനു നങ്കൂരമെറിഞ്ഞ പോർച്ചുഗീസ് നാവികരോടുള്ള അല്പം വിദ്വേഷം കലർന്ന ആരാധനയും.


ദേശീയപതാകപോർച്ചുഗീസ് നേവി, നൂറ്റാണ്ടുകളുടെ സമുദ്രാധിപത്യംവിമാനമിറങ്ങിയത് ഫാറോയിലാണ്. പോർച്ചുഗലിന്റെ തെക്കൻ കടലോരപ്രവിശ്യയായ അൽഗാർവെയുടെ തലസ്ഥാനമാണ് ഫാറോ. ഫാറോയിൽ നിന്ന് തുടങ്ങി 200 കിമീ വ്യാപിച്ചു കിടക്കുന്ന  നീണ്ട കടൽത്തീരമാണ് അൽഗാർവെയുടെ ഏറ്റവും വലിയ ആകർഷണം. എയർപോർട്ടിൽ നിന്നൊരു കാറും കടം വാങ്ങി അൽഗാർവേയുടെ ഹൃദയത്തിലേക്കു കടന്നു.


യൂറോപ്പ്, ഇബീരിയ, പോർച്ചുഗൽ, അൽഗാർവെ

പടിഞ്ഞാ‍ാറൻ യൂറോപ്പിനെക്കാൾ മെഡിറ്ററേനിയൻ ഭൂപ്രകൃതിയുമായാണ് പോർച്ചുഗലിനു സാമ്യം. കടലോരത്തുകൂടെയാണ് ഹൈവേ കടന്നു പോകുന്നത്. വഴിയോരത്ത് ഒറ്റപ്പെട്ട വീടുകളും ഇടവിട്ട കൃഷിയിടങ്ങളും മാത്രം. ചരിഞ്ഞ മേൽക്കൂരയും തവിട്ട് നിറത്തിലുള്ള ഓടുകളുമാണ് വീടുകൾക്കെല്ലാം. കേരളീയ വാസ്തുവിദ്യക്ക് പോർച്ചുഗൽ നൽകിയ സംഭാവന (അതോ തിരിച്ചോ) വ്യക്തമാക്കുന്നതാണ് ഓരോ വീടുകളും..

അൽഗാർവെയിലെ വീടുകൾ (വിക്കിമീഡിയയിൽ നിന്ന്)


മുന്തിരിയും ഓറഞ്ചും ആൽമണ്ടു (ബദാം) മാണ് പ്രധാനകൃഷി.  വഴിയരികിലെ ഒരു ഓറഞ്ച് തോട്ടത്തിൽ വണ്ടി നിർത്തി. നിറയെ കായ്ച ഓറഞ്ചുമരങ്ങൾക്കിടെ ഒരു വാഴയും കുലച്ചു നില്പുണ്ട്.


ഓറഞ്ചുമരങ്ങളുടെ നാട്ടിൽ


അൽഗാർവേയുടെ മുഖമുദ്രയായ പ്രൈയ ഡ മരിഞ്ഞയാണ്  (Praia da Marinha ) ആദ്യലക്ഷ്യം നേവി ബീച്ച് എന്നാണ് പ്രൈയ ഡ മരിഞ്ഞയുടെ അർത്ഥം. ലോകം മുഴുവൻ വിൽക്കപ്പെടുന്ന യാത്രാ ബ്രോഷറുകളിൽ പോർച്ചുഗലിനെ പ്രതിനിധീകരിച്ചു പ്രത്യക്ഷപ്പെടുന്നത് മരിഞ്ഞയാണ്. 
 

പ്രൈയ ഡ മരിഞ്ഞ


ഒരു വലിയ കുന്നിനു മുകളിലാണ് പ്രൈയ ഡ മരിഞ്ഞയുടെ പാർക്കിങ്. അവിടെ നിന്ന് ബീച്ചിലേക്ക് പടവുകളുണ്ട്. കുന്നിനു മുകളിൽ നിന്നുള്ള തീരത്തിന്റെ കാഴ്ച അക്ഷരാർത്ഥത്തിൽ തന്നെ കണ്ണഞ്ചിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും picturesque ബീച്ചെന്ന് മരിഞ്ഞയെ വിശേഷിപ്പിക്കാം.

സ്വർണ്ണവർണ്ണമായ തീരം 

സ്വർണ്ണനിറമാണ് തീരത്തെ മണലിന്. അതിൽ അല്പം കൂടി കടുത്ത നിറത്തിലുള്ളതാണ് കടലിലെയും തീരത്തെയും വിവിധ റോക് ഫോർമേഷനുകൾ. ഇളം പച്ചനിറമുള്ള കടലിൽ വിചിത്രരൂപത്തിലുള്ള പാറക്കല്ലുകൾ തലയുയർത്തി നിൽക്കുന്നതു കാണാൻ നല്ല രസമാണ്.

പ്രകൃതിയുടെ നിർമ്മിതികൾ

മുകളിൽ ചുറ്റിനടന്ന് ചില ചിത്രങ്ങൾ പകർത്തിയ ശേഷം താഴേക്കിറങ്ങി. വേലിയേറ്റ സമയത്ത് ബീച്ച് മുഴുവൻ വെള്ളം കയറുമത്രേ. ബീച്ചിനടുത്തായി ഒരു ബിയർ പാർലർ ഉണ്ട്. പോർച്ചുഗീസ് വിഭവങ്ങളെക്കാൾ യാത്രികരെ ഉദ്ദേശിച്ചുള്ള ഫാസ്റ്റ് ഫുഡ് ഐറ്റങ്ങളാണ് അവിടെ മുഴുവനും.
ബീച്ചുകളിൽ നഗ്നസ്നാനം അനുവദിച്ചിട്ടില്ല. എന്നാലും പൂർണ്ണനഗ്നരായി സൂര്യസ്നാനത്തിനിറങ്ങുന്നവർ ധാരാളമുണ്ട്. ഈ സാധ്യത മുന്നിൽ കണ്ട് ഒരു ഫുൾ റിഫ്ലെക്റ്റിവ് സൺ ഗ്ലാസ്സ് കൂടെ കരുതിയിരുന്നു :)
തീരത്തെ കീറിമുറിച്ച് കരയിൽ നിന്ന് കടലിലേക്ക് തവിട്ടുനിറമുള്ള പാറക്കെട്ടുകൾ നീളുന്നു. കടലിലെ ഒറ്റപ്പെട്ട നിർമ്മിതികളെ അടുത്തുകാണാൻ തീരത്തു നിന്ന് ബോട്ട് സർവീസ് ഉണ്ട്. പുരാതനകാലത്തെ പായ്ക്കപ്പലുകളുടെ രൂപത്തിലാണ് ഈ സർവീസുകൾ.

അലയാഴിയെ പുണർന്ന്

സന്ധ്യമയങ്ങി , ബിയർ പാർലറിൽ നിന്നുള്ള സ്പാനിഷ് ഓമ്ലറ്റൊക്കെ എപ്പൊഴേ ദഹിച്ചു കഴിഞ്ഞു. തിരികെ താവളത്തിലേക്കുള്ള വഴി ഇരുവശത്തുമുള്ള ഭക്ഷണശാലകളിൽ നിന്നുമുള്ള 'ഇന്നത്തെ സ്പെഷ്യൽ' മത്സ്യവിഭവങ്ങൾ മാടി വിളിക്കുന്നു.
 

മീൻ മീൻ മീൻ

മീൻ മീൻ മീൻ

സഞ്ചാരികളുടെ കാഴ്ചവെട്ടത്തു പെടാതെ മറഞ്ഞിരിക്കുന്ന പ്രൈയ ഡെ അൽബൻഡൈര (praia de albandeira) എന്ന തീരത്തോട്ടാണ് അടുത്ത ദിവസം വച്ചു പിടിപ്പിച്ചത്. അൽബൻഡൈരയിലേക്കുള്ള റോഡ് അടുത്തുള്ള സ്പാ ഹോട്ടലിനു  (Suites Alba Resort and Spa) മുന്നിൽ അവസാനിക്കുന്നു. ഹോട്ടലിന്റെ ഒരു വശത്തു കൂടിയുള്ള ടാറിടാത്ത പാത വഴി അല്പം പോകണം ബീച്ചിനു മുകളിലുള്ള പാറക്കൂട്ടത്തിനടുത്തെത്താൻ. അവിടെ വാഹനം നിർത്തി  നടന്നിറങ്ങുന്നത് ഇരുവശത്തെയും മലകൾക്കിടയിലുള്ള ഏതാണ്ട് ഒരു പ്രൈവറ്റ് ബീച്ച് എന്നു വിളിക്കാവുന്ന പ്രൈയ ഡെ അൽബൻഡൈരലേക്കാണ്.
മലയിട്ഞ്ഞ് വീഴാതിരിക്കാൻ ചില ഭാഗങ്ങളിൽ ഇരുമ്പുവല കെട്ടിയിട്ടുണ്ട്. കൂടാതെ ഒരു മുന്നറിയിപ്പും. ഒരു മലയിടിഞ്ഞു വീഴുമ്പോൾ മലയുടെ പൊക്കത്തിന്റെ ഇരട്ടി ദൂരത്ത് കല്ലുകൾ ചിതറുമത്രേ.  അതൊന്നും കണക്കാക്കാതെ ഒരിടത്ത് പായ വിരിച്ചിരുന്നു..കഷ്ടിച്ച് നാലഞ്ച് പേർ മാത്രമേ അവിടെയുള്ളൂ.

അലസസുന്ദരതീരം

ഒരു ഭാഗത്തെ മലയിൽ നിന്ന് കടലിലേക്ക് ഒരു തുരങ്കമുണ്ട്. അതിലൂടെ ഇടക്കിടെ തിരമാലകൾ അടിച്ചു കയറുന്നു. വെള്ളത്തിലൂടെ നടന്ന് മറുവശത്തെത്തി. അവിടെ കടലിന്റെ നടുക്കായി പ്രകൃതി സൃഷ്ടിച്ച  ഒരു കമാനവും കരയിലൂടെ നടന്നെത്താൻ സാധ്യമല്ലാത്ത ഒരു മണൽത്തീരവും..

ഗുഹാമുഖംകരയിലൂടെ പ്രവേശനമില്ലാത്ത ബീച്ച്

കടലിലൂടെ നീന്തി അവിടെ എത്താനാണ് തോന്നിയത്. ഹൃദയത്തെ തലച്ചോർ കടിച്ചു പിടിച്ചതുകൊണ്ട് അതു നടന്നില്ല. പകരം കടലിലേക്ക് നീണ്ടുകിടക്കുന്ന പാറക്കൂട്ടങ്ങൾക്കു മുകളിൽ വലിഞ്ഞു കയറി ചില ചിത്രങ്ങൾ കൂടെ ചൂണ്ടി.


ആഴിക്കടലിലൊരു കവാടം

അസ്തമയത്തിനു മുമ്പ് അവിടെ നിന്നെഴുന്നേറ്റു ഹോട്ടലിനടുത്തുള്ള കർവൈറോ (Praia da carvoeiro) ബീച്ചിലേക്ക് നടന്നു. വഴിവാണിഭക്കാരും തെരുവുപ്രകടനക്കാരുമൊക്കെയായി സജീവമാണ് ബീച്ചിനടുത്തുള്ള ചെറിയ കവല. കടലിനഭിമുഖമായ മലയോരം അന്തിവെയിലിൽ വെട്ടിത്തിളങ്ങുന്നു.


അന്തിവെയിൽ പൊന്നുരുകും ..


അൽഗാർവെയോട് വിടപറയാൻ സമയമായി. കടുകുമണിയോളം വലിപ്പമുള്ള ഒരു രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ സമുദ്രശക്തിയാക്കിമാറ്റിയ വാസ്കോ ഡ ഗാമയുടെ ജന്മനാട്ടിലേക്ക് , ലിസ്ബണിലേക്കാണ് നാളത്തെയാത്ര. തീരത്തിന്റെ ആലസ്യത്തിൽ നിന്ന് പൌരാണികനഗരത്തിന്റെ പ്രൌഢിയിലേക്ക് തിരക്കുകളിലേക്ക്..

ലിസ്ബണിലേക്ക്

14 comments:

 1. എഴുതി കാലം കുറെ ആയതിനാൽ പേന ഉന്താൻ വലിയ പാട് . മഷിയും പിടിക്കുന്നില്ല. തെറ്റു കുറ്റങ്ങൾ പൊറുത്ത് വന്നു വായിക്കണം എന്നഭ്യത്ഥിക്കുന്നു . നന്ദി, നമസ്കാരം :)

  സസ്നേഹം ,
  പഥികൻ

  ReplyDelete
 2. മനോഹരമായിരിക്കുന്നു ഭൂപ്രകൃതിയും ചിത്രങ്ങളും. സറമാഗോയുടെ പുസ്ത്കങ്ങളിലൂടെയാണ് പോർട്ടുഗലിന്റെ അവ്യക്ത രൂപരേഖ കിട്ടിയിട്ടുള്ളത്. തുടർഭാഗങ്ങൾക്കുള്ള പ്രതീക്ഷയോടെ...

  ReplyDelete
 3. വീണ്ടും എഴുതിത്തുടങ്ങിയതിൽ സന്തോഷം അതുൽ..

  പോർച്ചുഗൽ തീരങ്ങളിലൂടെയുള്ള യാത്ര രസിച്ചു... സൺ റിഫ്‌ളക്ടിവ് ഗ്‌‌ളാസ് വെറുതെയായി അല്ലേ? :)

  ReplyDelete
 4. അങ്ങനെ ഞാനും പോയി പോർറ്റുഗലിൽ

  ഏതായാലും ഇവന്മാരെ എനിക്ക് ഭയങ്കര ബഹുമാനം ആണ്. ഒരു വലിയ വള്ളത്തിൽ കുറെ തിന്നാനുള്ളതും പെറുക്കി വച്ച്  ഇന്ത്യ കണ്ടുപിടിച്ചുകളയാം എന്ന് പറഞ്ഞ് കടലിലേക്ക് പായുന്ന ആ ധൈര്യം.

  ഇമ്മാതിരി പാറക്കെട്ടാണെങ്കിൽ ഒരു തിര വന്നടിച്ചാൽ പൊടിപോലും ബാക്കി കിട്ടാത്ത കടല്ക്കര

  അതിരിക്കട്ടെ എന്നാലും ആ സൺഗ്ലാസിൽ കൂടി എടുത്ത ഒരു പടം കൂടി ഇടാമായീരുന്നു

  ReplyDelete
 5. നുമ്മടെ വാസ്കോ ഡ ഗാമയുടെ ആരേങ്കിലും കണ്ടോ?

  (എന്റെ കൂടെ രണ്ട് പോര്‍ട്ടുഗീസുകാരുണ്ട്! ആരാ ഈ ഗാമ എന്ന് എന്നോട് ചോദിച്ചു)

  ReplyDelete
 6. അൽഗാർവെയിലെ വീടുകൾ ശരിക്കും കേരളത്തിലേതു പോലെ തന്നെ. ഭംഗിയുള്ള ചിത്രങ്ങൾ. അന്തിവെയിൽ പൊന്നുരുകും എന്നൊക്കെ കേട്ടിട്ടേയുള്ളൂ. ഇപ്പോൾ കണ്ടു.
  യാത്ര തുടരട്ടെ..

  ReplyDelete
 7. ആ കറുത്ത കണ്ണാടിയില്‍ കൂടി എടുത്ത പടങ്ങളുടെ പകര്‍പ്പുകള്‍ ഉടനെ മെയിലില്‍ എത്തിക്കാന്‍ അപേക്ഷ..
  ഗാമയുടെ നാടുകാണാന്‍ ഞാന്‍ ഇതാ അരയും തലയും മുറുക്കി റെഡി.. വണ്ടി വിട്ടോ.. അങ്ങേരുടെ ബന്ധുക്കളില്‍ ആരെയെങ്കിലും കണ്ടിട്ടുവേണം നാല് പെട പെടയ്ക്കാന്‍..

  ReplyDelete
 8. വീണ്ടും കണ്ടതില്‍ വളരെ സന്തോഷം

  ReplyDelete
 9. വീണ്ടും കണ്ടതില്‍ സന്തോഷം ,, ഇനി ലിസ്ബണ്‍ കാഴ്ചകള്‍ കൂടി വന്നോട്ടെ !! ,, നല്ല വിവരണവും ചിത്രങ്ങളും ,,

  ReplyDelete
 10. യൂറോപ്യന്‍ വിവരണം നടക്കട്ടെ, കാത്തിരിക്കുന്നു അടുത്തതിനായി.

  ReplyDelete
 11. ഇവിടെ ഗ്രേറ്റ് ഓഷ്യൻ റോഡിലൂടെ സഞ്ചരിച്ച് കടലും ബീച്ചും കണ്ട പ്രതീതി, ചിത്രങ്ങൾക്ക് .

  ReplyDelete
 12. കണ്ണുകള്‍ക്ക് പുതുപുതു കാഴ്ചകള്‍ സമ്മാനിക്കുന്ന മനോഹരചിത്രങ്ങളും,വിവരണവും!
  ആശംസകള്‍

  ReplyDelete
 13. അപ്പോ ഞാനും കണ്ടു പോർച്ചുഗൽ... പടങ്ങൾ വിസ്തരിച്ച് ഒന്നും കൂടി കാണണം. ആകെപ്പാടെ സന്തോഷമായീ ഈ യാത്ര...

  ReplyDelete
 14. എത്ര മനോഹരമായാണ് അതുൽ ഭായ്
  ഓരോ ചിത്രങ്ങളും ഒപ്പിയെടുത്തിരിക്കുന്നത്
  അഭിനന്ദനങ്ങൾ....

  ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...