ഒന്നും രണ്ടും ഭാഗങ്ങൾ ഇവിടെ
ഗാമയുടെ നാട്ടിൽ (ഒന്നാം ഭാഗം)
ഗാമയുടെ നാട്ടിൽ (രണ്ടാം ഭാഗം)
നഗരമദ്ധ്യത്തിൽ തന്നെയുള്ള കാസ്റ്റെലൊ ഡെ സാവോ ജോർജിലേക്ക് അഥവാ സെന്റ്
ജോർജ് കാസിലിലേക്ക് ഹോട്ടലിൽ നിന്ന് അധികദൂരമില്ല. ഒരു കുന്നു കയറി മുകളിലെത്തണം കാസിലിലേക്ക്.
കാസിലിലേക്കുള്ള ഇടുങ്ങിയ വഴി കരിങ്കല്ലു പാകിയിരിക്കുന്നു.
2ആം നൂറ്റാണ്ടിലാണ് കുന്നിന്റെ മുകളിലായി ഈ കോട്ട പണിഞ്ഞത്. ആഫ്രിക്കയിൽ
നിന്നും മദ്ധേഷ്യയിൽ നിന്നും മുസ്ലീം വിശ്വാസികളായ മൂറുകൾ ഇബീരിയ (സ്പെയിനും പോർച്ചുഗലും
ഉൾപെട്ട പ്രദേശം) പിടിച്ചെടുത്തപ്പോൾ സെന്റ് ജോർജ് കോട്ടയും അവരുടെ ഭരണത്തിലായി. ഇസ്ലാമിക
വാസ്തുവിദ്യപ്രകാരം മൂറുകൾ പണികഴിപ്പിച്ച ഭാഗങ്ങൾ ഇപ്പോഴും സെന്റ് ജോർജ് കോട്ടയിലുണ്ട്.
കോട്ടയും ലിസ്ബൺ നഗരവും മൂറുകളുടെ ഭരണത്തിൽ മുക്തമായത് 11ആം നൂറ്റാണ്ടിലെ
കുരിശുയുദ്ധത്തെ തുടർന്നാണ്.ജറുസലേം പിടിച്ചെടുക്കാൻ പുറപ്പെട്ട വടക്കൻ യുറോപ്പിലെ
പോരാളികളാണ് (Knights of templar) ചേർന്നാണ് മൂറുകളെ തുരത്തി ലിസ്ബൺ പിടിച്ചെടുത്തത്.
യൂറോപ്പ് മൂറുകളുടെ കീഴിൽ |
കുരിശു യുദ്ധം |
കുന്നു കയറി പകുതി ദൂരമെത്തുമ്പോൾ ലിസ്ബൺ കത്തീഡ്രൽ കാണാം. കുരിശുയുദ്ധത്തിൽ പിടിച്ചെടുത്ത ഒരു മുസ്ലിം പള്ളിയാണത്രേ ഈ കത്തീഡ്രലായി മാറിയത്.കത്തീഡ്രലിനു മുകളിൽ കാസിലിലേക്ക് വാഹനസൌകര്യമില്ല.
കാറുകൾക്ക് പ്രവേശനമില്ലെങ്കിലും കാസിലിനടുത്തേക്ക് ട്രാം സർവീസുണ്ട്.
പോർച്ചുഗൽ ടൂറിസ്റ്റുകൾക്കിടയിൽ പ്രശസ്തമായ ട്രാം 25. നഗരമദ്ധ്യത്തിലെ മിക്ക പ്രധാന
കൌതുകങ്ങളുടെയും മുന്നിലൂടെ കടന്നു പോകുന്ന ഈ ട്രാം, ഗതാഗതക്കുരുക്കൊഴിവാക്കി നഗരം
ചുറ്റാനെത്തുന്നവർക്കൊരനുഗ്രഹമാണ്.
കാസിലിന്റെ കവാടത്തിലായി ഒരു സുവനീർ ഷോപ്പുണ്ട്. പോർച്ചുഗലിന്റെ പ്രതീകമായി
നഗരത്തിലെവിടെയും കാണുന്ന വർണ്ണശബളമായ ഒരു കോഴിയെയാണ് സന്ദർശനത്തിന്റെ ഓർമ്മക്കായി
സഞ്ചാരികൾ വാങ്ങിക്കൊണ്ടു പോകുന്നത്..
തൂക്കുമരത്തിൽ നിന്ന് ഒരു നിരപരാധിയെ രക്ഷിച്ച
വിദ്വാനാണ് റുസ്റ്റെർ ഓഫ് ബാർസെലോസ് എന്ന ഈ കോഴി.
ഒരിക്കൽ മോഷണക്കുറ്റം ആരോപിച്ച് നിരപരാധിയായ
ഒരു നഗരവാസിയെ കോടതിയിൽ ഹാജരാക്കി. തനിക്ക് തൂക്കുമരം വിധിച്ച ജഡ്ജിയോട്. മുന്നിലിരിക്കുന്ന പൊരിച്ച കോഴിയെക്കാട്ടി കുറ്റാരോപിതൻ
പറഞ്ഞത്രേ….ഞാൻ നിരപരാധിയാണെങ്കിൽ
എന്നെ തൂക്കിലേറ്റുമ്പോൾ ഈ പൊരിച്ച കോഴി കൂകും എന്ന്. ശിക്ഷ ഇളവുചെയ്തില്ലെങ്കിലും
ജഡ്ജി ചിക്കൻ ഫ്രൈ തിന്നാതെ മാറ്റി വച്ചു. അടുത്ത ദിവസം വധശിക്ഷ നടപ്പാക്കുന്നതിനിടയിൽ
കോഴി എണീറ്റ് പാടി എന്നും ജഡ്ജി ഓടിപ്പാഞ്ഞെത്തി കുരുക്കു മുറുകുന്നതിനു മുൻപ് നായകനെ
രക്ഷിച്ചു എന്നുമാണ് കഥ.
പൊരിച്ച കോഴിയെ പറപ്പിക്കുന്ന വിദ്വാന്മാരുള്ള നാട്ടിൽ നിന്നും വരുന്ന
നമ്മൾക്ക് കൂകിയ പൊരിച്ച കോഴി വലിയ കാര്യമൊന്നുമല്ലെങ്കിലും ഒരു സാമ്പിൾ വാങ്ങി വച്ചിട്ടുണ്ട്…എന്നെങ്കിലും
പ്രയോജനപ്പെട്ടാലോ..
നഗരവീക്ഷണമാണ് സെന്റ് ജോർജ് കാസിലിന്റെ ഏറ്റവും വലിയ ആകർഷണം. അറ്റ്ലാന്റിക്കിലേക്ക്
ചേരുന്ന ടാഗസ് നദിയും നദിക്കു കുറുകേ ഉള്ള പാലങ്ങളും ബലേം ഗോപുരവും ജനനിബിഢമായ നഗരവീഥികളും
കാസിലിൽ നിന്ന് നോക്കിക്കാണുന്നത് കൌതുകമാണ്.
അൽഫാമയിലെ കെട്ടിടങ്ങളുടെ മേൽക്കൂരകൾ താഴെ ചുവന്ന കാർപറ്റ് വിരിച്ച പോലെ താഴെയായി കാണാം. ലിസ്ബൺ റൂഫ്സ് എന്ന പേരിൽ ടൂറിസ്റ്റുകൾക്കിടയിൽ
പ്രശസ്തമാണ് ഈ മേൽക്കൂരകൾ.
ആധുനിക ലിസ്ബണിന്റെ മുഖമായ പാർക്വെ ദസ് നകോസ് (Parque das Nações Park of
nations ) ആണ് അടുത്ത ലക്ഷ്യം..1998
ലിസ്ബണിൽ നടന്ന Expo98 നോടനുബന്ധിച്ച് നഗരം നവീകരിച്ചപ്പോഴാണ് പാർക്വെ ദസ് നകോസിന്
ഈ പുതിയ മുഖം കൈവന്നത് .
Add caption |
വാസ്കോ ഡ ഗാമയുടെ ഇന്ത്യൻ പര്യവേഷണത്തിന്റെ 500 വാർഷിക അനുസ്മരണാർത്ഥമാണ്
1998 ഇൽ ഒരു മെഗാ ലോകപ്രദർശനം ഒരുക്കിയത് . 155 രാജ്യങ്ങളിൽ നിന്നായി 1.10 കോടി ആളുകൾ
എത്തിച്ചേർന്ന വമ്പൻ മേളയായിരുന്നത്രേ Expo98. ഒരു നഗരം തന്നെ പുതുക്കിപ്പണിഞ്ഞു നടത്തിയ
വമ്പൻ മേള.,ഏതായാലും Expo98 കഴിഞ്ഞു 10-12 കൊല്ലമായപ്പോളേക്കും പോർച്ചുഗൽ പാപ്പരായി
യൂറോപ്യൻ യൂണിയനു മുന്നിൽ കൈ നീട്ടി തുടങ്ങി എന്നതു വേറേ കഥ.
ഗരെ ഡൊ ഓറിയെന്റെ എന്ന മെട്രോ സ്റ്റേഷനു ചുറ്റുമായാണ് നഗരം വികസിപ്പിച്ചിരിക്കുന്നത്. നഗരത്തിലെ ട്രാം സർവീസിനെക്കാൾ വൃത്തിയും വെടിപ്പുമുള്ളവയാണ്
മെട്രൊ ട്രെയിനുകൾ.
സ്റ്റേഷനു പുറത്തേക്കിറങ്ങുന്നത് ലിസ്ബണിലെ ഏറ്റവും വലിയ ഷോപ്പിങ് കോമ്പ്ലെക്സ്
ആയ വാസ്കോ ഡ ഗാമ മാളിലേക്കാണ്. വിസ്താരത്തിലും ആധുനികതയിലും ജർമ്മനിയിലെ ഏതു മാളിനെയും
കവച്ചു വയ്ക്കും വാസ്കൊ ഡ ഗാമ മാൾ. മിക്ക സാധനങ്ങൾക്കും ജർമ്മനിയെക്കാൾ വില കുറവുമാണ്.
മാളിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തേക്ക് നടന്നു.
വാസ്കോ ഡ ഗാമ മാളിൽ നിന്ന്
വാസ്കോ ഡ ഗാമ ടവർ വരെ ടാഗസ് നദിക്കഭിമുഖമായുള്ള പാർക്കാണ് Parque das Nações. ഏല്ലാ ലോകരാജ്യങ്ങളുടെയും പതാകകളുള്ള
കൊടിമരങ്ങൾ ഈ പാർക്കിലുണ്ട്. നടുക്ക് കീറി ചുറ്റിപ്പിണഞ്ഞ് പറക്കാനാകാതെ ഇന്ത്യയുടെ
പതാകയും അവിടെ കണ്ടു.
Expo98 ലെ യൂറോപ്യൻ പവലിയനായി
ഒരു പായ്ക്കപ്പലിന്റെ മാതൃകയിലാണ് വാസ്കോ ഡ ഗാമ ടവർ രൂപകല്പന ചെയ്തിരിക്കുന്നത്. 120മീ
ഉയരമുള്ള ഈ ഗോപുരമായിരുന്നു അടുത്തകാലം വരെ പോർച്ചുഗലിലെ ഏറ്റവും ഉയരമുള്ള കെട്ടിടം.
2009 മുതൽ ഈ ടവറിൽ ഒരു പഞ്ചനക്ഷത്രഹോട്ടൽ പ്രവർത്തിക്കുന്നു.
പാർക്വെ ദസ് നകോസ് അവസാനിക്കുന്നത്
യൂറൊപ്പിലെ ഏറ്റവും നീളം കൂടിയ പാലമായ വാസ്കോ ഡ ഗാമ ബ്രിഡ്ജിനു മുന്നിലാണ്. ടാഗസ് നദിയുടെ
വീതികൂടിയ ഭാഗത്ത്ഇരുകരകളേയും ബന്ധിപ്പിക്കുന്നതാണ് 18 കിമീ നീളമുള്ള വാസ്കോ ഡ ഗാമ
ബ്രിഡ്ജ്.
തിരികെ മടങ്ങാൻ സമയമായി. അലയാഴിക്കകലെയുള്ള നാടുകൾ ചെന്നു കണ്ട് കീഴടക്കിയ യോദ്ധാക്കളുടെ ഗതകാലപ്രതാപം
വിളിച്ചോതുന്ന കഥകളുമായി ടാഗസ് നദി ശാന്തമായി ഒഴുകുന്നു, പണവും ശക്തിയും വിജയങ്ങളും
ഒന്നും സനാതനമല്ലെന്ന സത്യം ഓർമ്മിപ്പിച്ചു കൊണ്ട്.
പോർച്ചുഗലിനോട് വിട !