പഥികന്റെ കാൽപാട്



Showing posts with label പോർച്ചുഗീസ്. Show all posts
Showing posts with label പോർച്ചുഗീസ്. Show all posts

Wednesday, January 7, 2015

ഗാമയുടെ നാട്ടിൽ - മൂന്നാം ഭാഗം


ഒന്നും രണ്ടും ഭാഗങ്ങൾ ഇവിടെ

ഗാമയുടെ നാട്ടിൽ (ഒന്നാം ഭാഗം)

ഗാമയുടെ നാട്ടിൽ (രണ്ടാം ഭാഗം)



നഗരമദ്ധ്യത്തിൽ തന്നെയുള്ള കാസ്റ്റെലൊ ഡെ സാവോ ജോർജിലേക്ക് അഥവാ സെന്റ് ജോർജ് കാസിലിലേക്ക് ഹോട്ടലിൽ നിന്ന് അധികദൂരമില്ല. ഒരു കുന്നു കയറി മുകളിലെത്തണം കാസിലിലേക്ക്. കാസിലിലേക്കുള്ള ഇടുങ്ങിയ വഴി കരിങ്കല്ലു പാകിയിരിക്കുന്നു. 
സെന്റ് ജോർജ് കാസിൽ

2ആം നൂറ്റാണ്ടിലാണ് കുന്നിന്റെ മുകളിലായി ഈ കോട്ട പണിഞ്ഞത്. ആഫ്രിക്കയിൽ നിന്നും മദ്ധേഷ്യയിൽ നിന്നും മുസ്ലീം വിശ്വാസികളായ മൂറുകൾ ഇബീരിയ (സ്പെയിനും പോർച്ചുഗലും ഉൾപെട്ട പ്രദേശം) പിടിച്ചെടുത്തപ്പോൾ സെന്റ് ജോർജ് കോട്ടയും അവരുടെ ഭരണത്തിലായി. ഇസ്ലാമിക വാസ്തുവിദ്യപ്രകാരം മൂറുകൾ പണികഴിപ്പിച്ച ഭാഗങ്ങൾ ഇപ്പോഴും  സെന്റ് ജോർജ് കോട്ടയിലുണ്ട്.
തീ തുപ്പിയിരുന്ന കാലം

കോട്ടയും ലിസ്ബൺ നഗരവും മൂറുകളുടെ ഭരണത്തിൽ മുക്തമായത് 11ആം നൂറ്റാണ്ടിലെ കുരിശുയുദ്ധത്തെ തുടർന്നാണ്.ജറുസലേം പിടിച്ചെടുക്കാൻ പുറപ്പെട്ട വടക്കൻ യുറോപ്പിലെ പോരാളികളാണ് (Knights of templar) ചേർന്നാണ് മൂറുകളെ തുരത്തി ലിസ്ബൺ പിടിച്ചെടുത്തത്.

യൂറോപ്പ് മൂറുകളുടെ കീഴിൽ
കുരിശു യുദ്ധം




കുന്നു കയറി പകുതി ദൂരമെത്തുമ്പോൾ ലിസ്ബൺ കത്തീഡ്രൽ കാണാം.  കുരിശുയുദ്ധത്തിൽ പിടിച്ചെടുത്ത ഒരു മുസ്ലിം പള്ളിയാണത്രേ ഈ കത്തീഡ്രലായി മാറിയത്.കത്തീഡ്രലിനു മുകളിൽ കാസിലിലേക്ക് വാഹനസൌകര്യമില്ല.
കാറുകൾക്ക് പ്രവേശനമില്ലെങ്കിലും കാസിലിനടുത്തേക്ക് ട്രാം സർവീസുണ്ട്. പോർച്ചുഗൽ ടൂറിസ്റ്റുകൾക്കിടയിൽ പ്രശസ്തമായ ട്രാം 25. നഗരമദ്ധ്യത്തിലെ മിക്ക പ്രധാന കൌതുകങ്ങളുടെയും മുന്നിലൂടെ കടന്നു പോകുന്ന ഈ ട്രാം, ഗതാഗതക്കുരുക്കൊഴിവാക്കി നഗരം ചുറ്റാനെത്തുന്നവർക്കൊരനുഗ്രഹമാണ്.
പഴഞ്ചൻ ട്രാം

കാസിലിന്റെ കവാടത്തിലായി ഒരു സുവനീർ ഷോപ്പുണ്ട്. പോർച്ചുഗലിന്റെ പ്രതീകമായി നഗരത്തിലെവിടെയും കാണുന്ന വർണ്ണശബളമായ ഒരു കോഴിയെയാണ് സന്ദർശനത്തിന്റെ ഓർമ്മക്കായി സഞ്ചാരികൾ വാങ്ങിക്കൊണ്ടു പോകുന്നത്.. 
 തൂക്കുമരത്തിൽ നിന്ന് ഒരു നിരപരാധിയെ രക്ഷിച്ച വിദ്വാനാണ് റുസ്റ്റെർ ഓഫ് ബാർസെലോസ് എന്ന ഈ കോഴി. 
റുസ്റ്റെർ ഓഫ് ബാർസെലോസ്

ഒരിക്കൽ മോഷണക്കുറ്റം ആരോപിച്ച് നിരപരാധിയായ ഒരു നഗരവാസിയെ കോടതിയിൽ ഹാജരാക്കി. തനിക്ക് തൂക്കുമരം വിധിച്ച ജഡ്ജിയോട്.  മുന്നിലിരിക്കുന്ന പൊരിച്ച കോഴിയെക്കാട്ടി കുറ്റാരോപിതൻ പറഞ്ഞത്രേ.ഞാൻ നിരപരാധിയാണെങ്കിൽ എന്നെ തൂക്കിലേറ്റുമ്പോൾ ഈ പൊരിച്ച കോഴി കൂകും എന്ന്. ശിക്ഷ ഇളവുചെയ്തില്ലെങ്കിലും ജഡ്ജി ചിക്കൻ ഫ്രൈ തിന്നാതെ മാറ്റി വച്ചു. അടുത്ത ദിവസം വധശിക്ഷ നടപ്പാക്കുന്നതിനിടയിൽ കോഴി എണീറ്റ് പാടി എന്നും ജഡ്ജി ഓടിപ്പാഞ്ഞെത്തി കുരുക്കു മുറുകുന്നതിനു മുൻപ് നായകനെ രക്ഷിച്ചു എന്നുമാണ് കഥ.
കടയിലെ ഒരു ദൃശ്യം

പൊരിച്ച കോഴിയെ പറപ്പിക്കുന്ന വിദ്വാന്മാരുള്ള നാട്ടിൽ നിന്നും വരുന്ന നമ്മൾക്ക് കൂകിയ പൊരിച്ച കോഴി വലിയ കാര്യമൊന്നുമല്ലെങ്കിലും ഒരു സാമ്പിൾ വാങ്ങി വച്ചിട്ടുണ്ട്എന്നെങ്കിലും പ്രയോജനപ്പെട്ടാലോ..
പ്രൌഢമായ ഗതകാലം

നഗരവീക്ഷണമാണ് സെന്റ് ജോർജ് കാസിലിന്റെ ഏറ്റവും വലിയ ആകർഷണം. അറ്റ്ലാന്റിക്കിലേക്ക് ചേരുന്ന ടാഗസ് നദിയും നദിക്കു കുറുകേ ഉള്ള പാലങ്ങളും ബലേം ഗോപുരവും ജനനിബിഢമായ നഗരവീഥികളും കാസിലിൽ നിന്ന് നോക്കിക്കാണുന്നത് കൌതുകമാണ്.
അൽഫാമയിലെ കെട്ടിടങ്ങളുടെ മേൽക്കൂരകൾ താഴെ  ചുവന്ന കാർപറ്റ് വിരിച്ച പോലെ  താഴെയായി കാണാം. ലിസ്ബൺ റൂഫ്സ് എന്ന പേരിൽ ടൂറിസ്റ്റുകൾക്കിടയിൽ പ്രശസ്തമാണ് ഈ മേൽക്കൂരകൾ.
ലിസ്ബൺ റൂഫ്സ്

ആധുനിക ലിസ്ബണിന്റെ മുഖമായ പാർക്വെ ദസ് നകോസ്  (Parque das Nações Park of nations )  ആണ് അടുത്ത ലക്ഷ്യം..1998 ലിസ്ബണിൽ നടന്ന Expo98 നോടനുബന്ധിച്ച് നഗരം നവീകരിച്ചപ്പോഴാണ് പാർക്വെ ദസ് നകോസിന് ഈ പുതിയ മുഖം കൈവന്നത് .
Add caption


വാസ്കോ ഡ ഗാമയുടെ ഇന്ത്യൻ പര്യവേഷണത്തിന്റെ 500 വാർഷിക അനുസ്മരണാർത്ഥമാണ് 1998 ഇൽ ഒരു മെഗാ ലോകപ്രദർശനം ഒരുക്കിയത് . 155 രാജ്യങ്ങളിൽ നിന്നായി 1.10 കോടി ആളുകൾ എത്തിച്ചേർന്ന വമ്പൻ മേളയായിരുന്നത്രേ Expo98. ഒരു നഗരം തന്നെ പുതുക്കിപ്പണിഞ്ഞു നടത്തിയ വമ്പൻ മേള.,ഏതായാലും Expo98 കഴിഞ്ഞു 10-12 കൊല്ലമായപ്പോളേക്കും പോർച്ചുഗൽ പാപ്പരായി യൂറോപ്യൻ യൂണിയനു മുന്നിൽ കൈ നീട്ടി തുടങ്ങി എന്നതു വേറേ കഥ. 
മെട്രോ സ്റ്റേഷനു വെളിയിൽ
ഗരെ ഡൊ ഓറിയെന്റെ എന്ന മെട്രോ സ്റ്റേഷനു ചുറ്റുമായാണ് നഗരം വികസിപ്പിച്ചിരിക്കുന്നത്.  നഗരത്തിലെ ട്രാം സർവീസിനെക്കാൾ വൃത്തിയും വെടിപ്പുമുള്ളവയാണ് മെട്രൊ ട്രെയിനുകൾ. 

സ്റ്റേഷനു പുറത്തേക്കിറങ്ങുന്നത് ലിസ്ബണിലെ ഏറ്റവും വലിയ ഷോപ്പിങ് കോമ്പ്ലെക്സ് ആയ വാസ്കോ ഡ ഗാമ മാളിലേക്കാണ്. വിസ്താരത്തിലും ആധുനികതയിലും ജർമ്മനിയിലെ ഏതു മാളിനെയും കവച്ചു വയ്ക്കും വാസ്കൊ ഡ ഗാമ മാൾ. മിക്ക സാധനങ്ങൾക്കും ജർമ്മനിയെക്കാൾ വില കുറവുമാണ്. മാളിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തേക്ക് നടന്നു.
വാസ്കോ ഡ ഗാമ മാൾ

വാസ്കോ ഡ ഗാമ  മാളിൽ നിന്ന് വാസ്കോ ഡ ഗാമ ടവർ വരെ ടാഗസ് നദിക്കഭിമുഖമായുള്ള പാർക്കാണ് Parque das Nações. ഏല്ലാ ലോകരാജ്യങ്ങളുടെയും പതാകകളുള്ള കൊടിമരങ്ങൾ ഈ പാർക്കിലുണ്ട്. നടുക്ക് കീറി ചുറ്റിപ്പിണഞ്ഞ് പറക്കാനാകാതെ ഇന്ത്യയുടെ പതാകയും അവിടെ കണ്ടു.
Parque das Nações.

Expo98  ലെ യൂറോപ്യൻ പവലിയനായി ഒരു പായ്ക്കപ്പലിന്റെ മാതൃകയിലാണ് വാസ്കോ ഡ ഗാമ ടവർ രൂപകല്പന ചെയ്തിരിക്കുന്നത്. 120മീ ഉയരമുള്ള ഈ ഗോപുരമായിരുന്നു അടുത്തകാലം വരെ പോർച്ചുഗലിലെ ഏറ്റവും ഉയരമുള്ള കെട്ടിടം. 2009 മുതൽ ഈ ടവറിൽ ഒരു പഞ്ചനക്ഷത്രഹോട്ടൽ പ്രവർത്തിക്കുന്നു.
വാസ്കോ ഡ ഗാമ ടവർ,
വാസ്കോ ഡ ഗാമപാലം പുറകിലായി കാണാം

പാർക്വെ ദസ് നകോസ്  അവസാനിക്കുന്നത് യൂറൊപ്പിലെ ഏറ്റവും നീളം കൂടിയ പാലമായ വാസ്കോ ഡ ഗാമ ബ്രിഡ്ജിനു മുന്നിലാണ്. ടാഗസ് നദിയുടെ വീതികൂടിയ ഭാഗത്ത്ഇരുകരകളേയും ബന്ധിപ്പിക്കുന്നതാണ് 18 കിമീ നീളമുള്ള വാസ്കോ ഡ ഗാമ ബ്രിഡ്ജ്.





തിരികെ മടങ്ങാൻ സമയമായി. അലയാഴിക്കകലെയുള്ള  നാടുകൾ ചെന്നു കണ്ട് കീഴടക്കിയ യോദ്ധാക്കളുടെ ഗതകാലപ്രതാപം വിളിച്ചോതുന്ന കഥകളുമായി ടാഗസ് നദി ശാന്തമായി ഒഴുകുന്നു, പണവും ശക്തിയും വിജയങ്ങളും ഒന്നും സനാതനമല്ലെന്ന സത്യം ഓർമ്മിപ്പിച്ചു കൊണ്ട്.


പോർച്ചുഗലിനോട് വിട !
 
വിട, പോർച്ചുഗൽ !

Wednesday, September 10, 2014

ഗാമയുടെ നാട്ടിൽ



ഒരു നഗരത്തിന് അവശ്യം വേണ്ടത് അടുത്തായി ഒരു കടലാണ് എന്നാണ് എന്റെ പക്ഷം. വീശിയടിക്കുന്ന തിരമാലകൾ തീരത്തെ പാറക്കൂട്ടങ്ങളിൽ തട്ടിത്തെറിപ്പിക്കുന്ന വെള്ളത്തുള്ളികൾക്ക് എപ്പോഴും  നമ്മുടെ മനസ്സിന്റെ ഭാവമായിരിക്കും. ഒരു വിങ്ങലുമായി കടൽത്തീരത്തു വന്നാൽ കടൽ കൂടെ കരയുകയാണെന്നു തോന്നും.  ചിരിയടക്കിയാണ് വരുന്നതെങ്കിൽ കടൽ മറയില്ലാതെ പൊട്ടിച്ചിരിക്കും. പ്രണയത്തിലും വിരഹത്തിലും കണ്ണീരിലും പുഞ്ചിരിയിലും നിറവിലും ഒഴിവിലും കടലിന്റെ കൂട്ടുകിട്ടുക ജീവിതത്തിലെ മഹാഭാഗ്യമാണ്.

തിരുവനന്തപുരം വിട്ടു കൂടുമാറിയപ്പോൾ നഷ്ടപ്പെട്ടതും കടലിന്റെ സാമീപ്യം തന്നെ. ചേക്കേറിയ നഗരങ്ങളെല്ലാം തീരത്തു നിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ അകെലെയായിരുന്നു. ബാംഗ്ളൂരിലെ ആദ്യദിനങ്ങളിൽ, വൈകുന്നേരങ്ങളിൽ പോയിരിക്കാൻ ഒരു തീരമില്ലെന്ന യാഥാർത്ഥ്യത്തോടു പൊരുത്തപ്പെടാൻ ഏറെ പണിപ്പെട്ടു. മലയടിവാരത്തിലുള്ള മ്യൂണിക്കിലേക്ക് താമസം മാറിയപ്പോൾ കടൽ വിദൂരസ്വപ്നം തന്നെയായി.

കടലിനോടുള്ള ഈ കൊതി കൊണ്ട് തന്നെയാണ് ഒരു യാത്രക്ക് പോർച്ചുഗൽ തിരഞ്ഞെടുത്തതും.  വെയിലും മത്സ്യഭക്ഷണവുമൊക്കെ സമൃദ്ധിയായുള്ള ഇബീരിയൻ തീരങ്ങളെക്കുറിച്ച്  (ഇബീരിയ - പോർച്ചുഗലും സ്പെയിനുമുൾപ്പെടുന്ന ഭൂവിഭാഗം) അവിടെനിന്നുള്ള കൂട്ടുകാർ ഏറെ പാടിപുകഴ്ത്തിയിട്ടുണ്ടായിരുന്നു. കൂടാതെ നൂറ്റാണ്ടുകൾക്ക് മുമ്പ് കാറ്റിന്റെ മുഖം മാത്രം നോക്കി കടൽദൂരങ്ങൾ താണ്ടി, തിരമാലകളോടും ശത്രുക്കളോടും മഹാവ്യാധികളോടും ഒരേസമയം മല്ലിട്ട് പാശ്ചാത്യാധിപത്യത്തിനു നങ്കൂരമെറിഞ്ഞ പോർച്ചുഗീസ് നാവികരോടുള്ള അല്പം വിദ്വേഷം കലർന്ന ആരാധനയും.


ദേശീയപതാക



പോർച്ചുഗീസ് നേവി, നൂറ്റാണ്ടുകളുടെ സമുദ്രാധിപത്യം







വിമാനമിറങ്ങിയത് ഫാറോയിലാണ്. പോർച്ചുഗലിന്റെ തെക്കൻ കടലോരപ്രവിശ്യയായ അൽഗാർവെയുടെ തലസ്ഥാനമാണ് ഫാറോ. ഫാറോയിൽ നിന്ന് തുടങ്ങി 200 കിമീ വ്യാപിച്ചു കിടക്കുന്ന  നീണ്ട കടൽത്തീരമാണ് അൽഗാർവെയുടെ ഏറ്റവും വലിയ ആകർഷണം. എയർപോർട്ടിൽ നിന്നൊരു കാറും കടം വാങ്ങി അൽഗാർവേയുടെ ഹൃദയത്തിലേക്കു കടന്നു.


യൂറോപ്പ്, ഇബീരിയ, പോർച്ചുഗൽ, അൽഗാർവെ

പടിഞ്ഞാ‍ാറൻ യൂറോപ്പിനെക്കാൾ മെഡിറ്ററേനിയൻ ഭൂപ്രകൃതിയുമായാണ് പോർച്ചുഗലിനു സാമ്യം. കടലോരത്തുകൂടെയാണ് ഹൈവേ കടന്നു പോകുന്നത്. വഴിയോരത്ത് ഒറ്റപ്പെട്ട വീടുകളും ഇടവിട്ട കൃഷിയിടങ്ങളും മാത്രം. ചരിഞ്ഞ മേൽക്കൂരയും തവിട്ട് നിറത്തിലുള്ള ഓടുകളുമാണ് വീടുകൾക്കെല്ലാം. കേരളീയ വാസ്തുവിദ്യക്ക് പോർച്ചുഗൽ നൽകിയ സംഭാവന (അതോ തിരിച്ചോ) വ്യക്തമാക്കുന്നതാണ് ഓരോ വീടുകളും..

അൽഗാർവെയിലെ വീടുകൾ (വിക്കിമീഡിയയിൽ നിന്ന്)


മുന്തിരിയും ഓറഞ്ചും ആൽമണ്ടു (ബദാം) മാണ് പ്രധാനകൃഷി.  വഴിയരികിലെ ഒരു ഓറഞ്ച് തോട്ടത്തിൽ വണ്ടി നിർത്തി. നിറയെ കായ്ച ഓറഞ്ചുമരങ്ങൾക്കിടെ ഒരു വാഴയും കുലച്ചു നില്പുണ്ട്.


ഓറഞ്ചുമരങ്ങളുടെ നാട്ടിൽ


അൽഗാർവേയുടെ മുഖമുദ്രയായ പ്രൈയ ഡ മരിഞ്ഞയാണ്  (Praia da Marinha ) ആദ്യലക്ഷ്യം നേവി ബീച്ച് എന്നാണ് പ്രൈയ ഡ മരിഞ്ഞയുടെ അർത്ഥം. ലോകം മുഴുവൻ വിൽക്കപ്പെടുന്ന യാത്രാ ബ്രോഷറുകളിൽ പോർച്ചുഗലിനെ പ്രതിനിധീകരിച്ചു പ്രത്യക്ഷപ്പെടുന്നത് മരിഞ്ഞയാണ്. 
 

പ്രൈയ ഡ മരിഞ്ഞ


ഒരു വലിയ കുന്നിനു മുകളിലാണ് പ്രൈയ ഡ മരിഞ്ഞയുടെ പാർക്കിങ്. അവിടെ നിന്ന് ബീച്ചിലേക്ക് പടവുകളുണ്ട്. കുന്നിനു മുകളിൽ നിന്നുള്ള തീരത്തിന്റെ കാഴ്ച അക്ഷരാർത്ഥത്തിൽ തന്നെ കണ്ണഞ്ചിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും picturesque ബീച്ചെന്ന് മരിഞ്ഞയെ വിശേഷിപ്പിക്കാം.

സ്വർണ്ണവർണ്ണമായ തീരം 

സ്വർണ്ണനിറമാണ് തീരത്തെ മണലിന്. അതിൽ അല്പം കൂടി കടുത്ത നിറത്തിലുള്ളതാണ് കടലിലെയും തീരത്തെയും വിവിധ റോക് ഫോർമേഷനുകൾ. ഇളം പച്ചനിറമുള്ള കടലിൽ വിചിത്രരൂപത്തിലുള്ള പാറക്കല്ലുകൾ തലയുയർത്തി നിൽക്കുന്നതു കാണാൻ നല്ല രസമാണ്.

പ്രകൃതിയുടെ നിർമ്മിതികൾ

മുകളിൽ ചുറ്റിനടന്ന് ചില ചിത്രങ്ങൾ പകർത്തിയ ശേഷം താഴേക്കിറങ്ങി. വേലിയേറ്റ സമയത്ത് ബീച്ച് മുഴുവൻ വെള്ളം കയറുമത്രേ. ബീച്ചിനടുത്തായി ഒരു ബിയർ പാർലർ ഉണ്ട്. പോർച്ചുഗീസ് വിഭവങ്ങളെക്കാൾ യാത്രികരെ ഉദ്ദേശിച്ചുള്ള ഫാസ്റ്റ് ഫുഡ് ഐറ്റങ്ങളാണ് അവിടെ മുഴുവനും.
ബീച്ചുകളിൽ നഗ്നസ്നാനം അനുവദിച്ചിട്ടില്ല. എന്നാലും പൂർണ്ണനഗ്നരായി സൂര്യസ്നാനത്തിനിറങ്ങുന്നവർ ധാരാളമുണ്ട്. ഈ സാധ്യത മുന്നിൽ കണ്ട് ഒരു ഫുൾ റിഫ്ലെക്റ്റിവ് സൺ ഗ്ലാസ്സ് കൂടെ കരുതിയിരുന്നു :)
തീരത്തെ കീറിമുറിച്ച് കരയിൽ നിന്ന് കടലിലേക്ക് തവിട്ടുനിറമുള്ള പാറക്കെട്ടുകൾ നീളുന്നു. കടലിലെ ഒറ്റപ്പെട്ട നിർമ്മിതികളെ അടുത്തുകാണാൻ തീരത്തു നിന്ന് ബോട്ട് സർവീസ് ഉണ്ട്. പുരാതനകാലത്തെ പായ്ക്കപ്പലുകളുടെ രൂപത്തിലാണ് ഈ സർവീസുകൾ.

അലയാഴിയെ പുണർന്ന്

സന്ധ്യമയങ്ങി , ബിയർ പാർലറിൽ നിന്നുള്ള സ്പാനിഷ് ഓമ്ലറ്റൊക്കെ എപ്പൊഴേ ദഹിച്ചു കഴിഞ്ഞു. തിരികെ താവളത്തിലേക്കുള്ള വഴി ഇരുവശത്തുമുള്ള ഭക്ഷണശാലകളിൽ നിന്നുമുള്ള 'ഇന്നത്തെ സ്പെഷ്യൽ' മത്സ്യവിഭവങ്ങൾ മാടി വിളിക്കുന്നു.
 

മീൻ മീൻ മീൻ

മീൻ മീൻ മീൻ

സഞ്ചാരികളുടെ കാഴ്ചവെട്ടത്തു പെടാതെ മറഞ്ഞിരിക്കുന്ന പ്രൈയ ഡെ അൽബൻഡൈര (praia de albandeira) എന്ന തീരത്തോട്ടാണ് അടുത്ത ദിവസം വച്ചു പിടിപ്പിച്ചത്. അൽബൻഡൈരയിലേക്കുള്ള റോഡ് അടുത്തുള്ള സ്പാ ഹോട്ടലിനു  (Suites Alba Resort and Spa) മുന്നിൽ അവസാനിക്കുന്നു. ഹോട്ടലിന്റെ ഒരു വശത്തു കൂടിയുള്ള ടാറിടാത്ത പാത വഴി അല്പം പോകണം ബീച്ചിനു മുകളിലുള്ള പാറക്കൂട്ടത്തിനടുത്തെത്താൻ. അവിടെ വാഹനം നിർത്തി  നടന്നിറങ്ങുന്നത് ഇരുവശത്തെയും മലകൾക്കിടയിലുള്ള ഏതാണ്ട് ഒരു പ്രൈവറ്റ് ബീച്ച് എന്നു വിളിക്കാവുന്ന പ്രൈയ ഡെ അൽബൻഡൈരലേക്കാണ്.
മലയിട്ഞ്ഞ് വീഴാതിരിക്കാൻ ചില ഭാഗങ്ങളിൽ ഇരുമ്പുവല കെട്ടിയിട്ടുണ്ട്. കൂടാതെ ഒരു മുന്നറിയിപ്പും. ഒരു മലയിടിഞ്ഞു വീഴുമ്പോൾ മലയുടെ പൊക്കത്തിന്റെ ഇരട്ടി ദൂരത്ത് കല്ലുകൾ ചിതറുമത്രേ.  അതൊന്നും കണക്കാക്കാതെ ഒരിടത്ത് പായ വിരിച്ചിരുന്നു..കഷ്ടിച്ച് നാലഞ്ച് പേർ മാത്രമേ അവിടെയുള്ളൂ.

അലസസുന്ദരതീരം

ഒരു ഭാഗത്തെ മലയിൽ നിന്ന് കടലിലേക്ക് ഒരു തുരങ്കമുണ്ട്. അതിലൂടെ ഇടക്കിടെ തിരമാലകൾ അടിച്ചു കയറുന്നു. വെള്ളത്തിലൂടെ നടന്ന് മറുവശത്തെത്തി. അവിടെ കടലിന്റെ നടുക്കായി പ്രകൃതി സൃഷ്ടിച്ച  ഒരു കമാനവും കരയിലൂടെ നടന്നെത്താൻ സാധ്യമല്ലാത്ത ഒരു മണൽത്തീരവും..

ഗുഹാമുഖം



കരയിലൂടെ പ്രവേശനമില്ലാത്ത ബീച്ച്

കടലിലൂടെ നീന്തി അവിടെ എത്താനാണ് തോന്നിയത്. ഹൃദയത്തെ തലച്ചോർ കടിച്ചു പിടിച്ചതുകൊണ്ട് അതു നടന്നില്ല. പകരം കടലിലേക്ക് നീണ്ടുകിടക്കുന്ന പാറക്കൂട്ടങ്ങൾക്കു മുകളിൽ വലിഞ്ഞു കയറി ചില ചിത്രങ്ങൾ കൂടെ ചൂണ്ടി.


ആഴിക്കടലിലൊരു കവാടം

അസ്തമയത്തിനു മുമ്പ് അവിടെ നിന്നെഴുന്നേറ്റു ഹോട്ടലിനടുത്തുള്ള കർവൈറോ (Praia da carvoeiro) ബീച്ചിലേക്ക് നടന്നു. വഴിവാണിഭക്കാരും തെരുവുപ്രകടനക്കാരുമൊക്കെയായി സജീവമാണ് ബീച്ചിനടുത്തുള്ള ചെറിയ കവല. കടലിനഭിമുഖമായ മലയോരം അന്തിവെയിലിൽ വെട്ടിത്തിളങ്ങുന്നു.


അന്തിവെയിൽ പൊന്നുരുകും ..


അൽഗാർവെയോട് വിടപറയാൻ സമയമായി. കടുകുമണിയോളം വലിപ്പമുള്ള ഒരു രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ സമുദ്രശക്തിയാക്കിമാറ്റിയ വാസ്കോ ഡ ഗാമയുടെ ജന്മനാട്ടിലേക്ക് , ലിസ്ബണിലേക്കാണ് നാളത്തെയാത്ര. തീരത്തിന്റെ ആലസ്യത്തിൽ നിന്ന് പൌരാണികനഗരത്തിന്റെ പ്രൌഢിയിലേക്ക് തിരക്കുകളിലേക്ക്..

ലിസ്ബണിലേക്ക്