താടിയുള്ള അപ്പനെ എല്ലാർക്കും പേടിയാണെന്ന അടിസ്ഥാനതത്ത്വമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് താടിക്കാരൻ ഒരു സ്വകാര്യ അഭിമുഖത്തിൽ വ്യക്തമാക്കി.
എലിസബത്തിന്റെ വിജയത്തിൽ ലോകത്തിലെ പ്രധാനതാടിക്കാർ സന്തോഷം പ്രകടിപ്പിച്ചു. സാഹിത്യത്തിലും രാഷ്ട്രീയത്തിലും സ്പോർട്സിലും തത്വചിന്തയിലുമെന്ന പോലെ എന്ന പോലെ സൗന്ദര്യത്തിലും താടിക്കാർ കടന്ന് വരുന്നത് താടിയെ കൂടുതൽ ജനകീയവല്ക്കരിക്കുമെന്ന് മറ്റു താടിക്കാർ അറിയിച്ചു.
ലോകത്തെ പ്രധാന താടിക്കാരുടെ സംഘടനയായ WBBF (World Beard Bearers Foundation) എലിസബത്തിന് ആജീവനാന്ത അംഗത്വം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഷേവ് ചെയ്യാൻ മടിയുള്ളവരാണ് താടി വളർത്തുന്നത് എന്ന ക്ലീൻഷേവ് കാരുടെ ആക്ഷേപത്തിനുള്ള ശക്തമായ മറുപടിയാണ് ഈ താടിക്കാരൻ എന്ന് ഒരു പത്രക്കുറിപ്പിൽ WBBF അറിയിച്ചു.
പ്രധാനമന്ത്രി മൻമോഹൻ സിങ്ങ്, നടൻ ഹരിശ്രീ അശോകൻ, ക്രിക്കറ്റ് താരം ഹാഷിം അംല, ബാബാ രാംദേവ്, കണ്ണാടി ഗോപകുമാർ എന്നിവരാണ് WBBFന്റെ ഇപ്പോഴത്തെ ഭാരവാഹികൾ.താടി വടിച്ചാൽ അംഗത്വം നഷ്ടപ്പെടും എന്ന നിബന്ധനയുള്ള ഈ സംഘടനയിലെ എന്നും വിശ്വസിക്കാവുന്ന ഒരംഗമാണ് എലിസബത്തെന്ന് കണ്ണാടി ഗോപകുമാർ തലയാട്ടിക്കൊണ്ട് പറഞ്ഞു.
താടി വച്ച സ്ത്രീത്വം താൻ വിഭാവനം ചെയ്യുന്ന സ്വർഗ്ഗരാജ്യത്തിലുള്ളതാണെന്നും ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ വേണ്ടിയാണ് സാരിയുടുത്ത് രാംലീല ഉദ്യാനത്തിലൂടെ തെക്കുവടക്ക് ഓടിനടന്നതെന്നും ഇപ്പോൾ എലിസബത്ത് തന്റെ ജീവിതാഭിലാഷം നിറവേറ്റിയെന്നും ബാബാ രാംദേവ് എലിസബത്തിനയച്ച ആശംസാ സന്ദേശത്തിൽ അറിയിച്ചു.
ഒരു രോമം പോലും വളർത്താതെ താടിക്കാരനായ എലിസബത്തിന്റെ താടി പരിശോധനക്ക് വിധേയമാക്കുമെന്ന് ശാസ്ത്രസംഘടനയായ CERN അറിയിച്ചു. തല്കാലം ഉപയോഗത്തിലില്ലാത്ത ലാർജ് ഹൈഡ്രജൻ കൊളൈഡർ (LHC) ഇതിനായി മാറ്റി വച്ചിട്ടുണ്ടെന്ന് CERN വ്യക്തമാക്കി.
കേരളത്തിലെ ഈ താടിക്കാരനെ അൽ ഖ്വൈദ യിലേക്ക് റിക്രൂട്ട് ചെയ്യാനും അതു വഴി പ്രശസ്ത താടിക്കാരൻ ഉസാമാ ബിൽ ലാദന്റെ മരണം സൃഷ്ടിച്ച വിടവു നികത്താനും തയ്യാറാണെന്ന് അൽ ജസീറ ടിവി .അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേയുള്ള പോരാട്ടത്തിൽ എന്നും കനത്ത സംഭാവനകൾ നല്കിയിട്ടുള്ള കേരളത്തിന്റെ പുത്തൻ പ്രതീക്ഷയാണ് ഈ താടിക്കാരൻ എന്ന് ഒരു പ്രത്യേക ബുള്ളറ്റിനിൽ അൽ ജസീറ കൂട്ടിച്ചേർത്തു.
ഇശോ മിശിഹക്കു ശേഷം ലോകം കണ്ട പ്രസിദ്ധന(യാ)യ ക്രിസ്ത്യൻ താടിക്കാരനാകാൻ എലിസബത്തിനു കഴിയട്ടേ എന്ന് ഭദ്രാസനാധിപൻ ഫാദർ മാർ ഗ്രിഗേറിയസ് ഫർണാണ്ടസ് ആശംസിച്ചു.
മാർക്സിനും എംഗൽസിനും ലെനിനും ശേഷം താടിയുള്ള ഒരു താത്വികാചാര്യനെ തേടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും എലിസബത്തിനു പിന്നാലെയുണ്ട്. താടിയില്ലാത്ത താത്വികന്മാരായ ഇ എം എസിനും പി ഗോവിന്ദപ്പിള്ളക്കും ജനങ്ങളിൽ കനത്ത സ്വാധീനം ചെലുത്താനായിട്ടില്ലെന്ന തിരിച്ചറിവാണു ഇതിനു പിന്നിൽ.
പുത്തൻ തലമുറയിലെ ഈ താടിക്കാരന് താടി ഇല്ലാത്ത ഈ പഥികന്റെ വക ആശംസകൾ.
http://www.deccanchronicle.com/channels/cities/kochi/elizabeth-thadikaran-wins-miss-kerala-title-347
ഓ.ടോ : ഫ്രഞ്ച് താടിവച്ച് നടക്കണമെന്നത് എന്റെ ചിരകാലാഭിലാഷമായിരുന്നു. പലതവണ പ്രായപൂർത്തി എത്തിയിട്ടും ഫ്രഞ്ച് താടിക്ക് കണക്ഷൻ വരാത്തതിനാൽ ഫോട്ടോയിലെങ്കിലും ആ ലുക്കൊപ്പിക്കാൻ വേണ്ടിയാണ് ഞാൻ ഫോട്ടോഷോപ്പ് പഠിച്ചത്. താടിക്ക് സൗന്ദര്യത്തിലുള്ള സ്ഥാനം നന്നെ ചെറുപ്പത്തിലേ മനസ്സിലാക്കിയ ഞാനിന്നാരായി ?
ശംഭോ മഹാദേവാ !!
