പഥികന്റെ കാൽപാട്Sunday, March 11, 2012

സാംബയുടെ നാട്ടിൽ (ബ്രസീൽ...രണ്ടാം ഭാഗം)

സാംബയുടെ നാട്ടിൽ - ബ്രസീൽ...ഒന്നാം ഭാഗം - ഇവിടെ - 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

കാമ്പിനാസിൽ എത്തിയതിന്റെ അടുത്ത ദിവസം അലാമടിക്കാതെ തന്നെ നേരത്തേ എഴുന്നേറ്റു. പടിഞ്ഞാറോട്ട് യാത്ര ചെയ്യുന്നതിന്റെ പ്രധാന പ്രയോജനം ഉറങ്ങാൻ അധികസമയം കിട്ടും എന്നുള്ളതാണ്.പക്ഷേ ഇവിടത്തെ സമയക്രമവുമായി ഒന്നു പൊരുത്തപ്പെട്ടു വരുമ്പോഴേക്കും തിരിച്ചു പോകാറാകും. യൂറോപ്പിലും പ്രസിദ്ധമായ ഒരു അന്താരാഷ്ട്ര ചെയിനിന്റേതാണ് ഹോട്ടൽ, പക്ഷേ മുറിവാടക ജർമ്മനിയിലെ അപേക്ഷിച്ച് വളരെ വളരെ കൂടുതലാണ്. മുറിയും മറ്റു സംവിധാനങ്ങളും സൌകര്യപ്രദമാണെങ്കിലും ആ ഉയർന്ന വാടകയെ ന്യായീകരിക്കത്തക്ക നിലവാരമൊന്നും ഹോട്ടലിലില്ല.

ഹോട്ടലിൽ നിന്നുള്ള കാഴ്ച

കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് ബ്രേക്ഫാസ്റ്റ് ടേബിളിലേക്കു ചെന്നു. റിസപ്ഷനിലുള്ള ഒന്നോ രണ്ടോ പേരൊഴിച്ച് ഹോട്ടൽ ജീവനക്കാരാരും ഇംഗ്ലീഷ് സംസാരിക്കുന്നവരല്ല. ഹോട്ടലിലെ അതിഥികളും എല്ലാം പോർച്ചുഗീസ് സംസാരിക്കുന്നവർ തന്നെ. യൂറോപ്യൻ-കോണ്ടിനന്റൽ രീതിയിലാണ് ഭക്ഷണം.ബ്രസീലിന്റെ പ്രത്യേകതയായി പറയാൻ പേസ്ട്രികളിലും സ്പോഞ്ച്ബണ്ണുകളിലും ധാരാളം തേങ്ങ ഉപയോഗിച്ചിട്ടുണ്ടെന്നു മാത്രം. പിന്നെ പൈനാപ്പിൾ, പപ്പായ, തണ്ണിമത്തൻ തുടങ്ങി ജർമ്മനിയിൽ സുലഭമല്ലാത്ത ധാരാളം പഴവർഗ്ഗങ്ങളുമുണ്ട്. കുടിക്കാൻ പൈനപ്പിളും കാജുവും (നമ്മുടെ കാഷ്യു).

റിസപ്ഷനിൽ നിന്നു ഒരു മാപ്പും ബസിന്റെ വിവരങ്ങളും എഴുതി വാങ്ങി, ഒരു ഒബ്രിഗാഡോയും (നന്ദി, പോർച്ചുഗീസ് ഭാഷയിൽ) തിരികെ നൽകി  കാമ്പിനാസ് നഗരപ്രദക്ഷിണത്തിനിറങ്ങി.  10 ലക്ഷം ആളുകൾ അധിവസിക്കുന്ന, വലിപ്പത്തിൽ തിരുവനന്തപുരത്തിനു സമാനമായ ഒരു നഗരമാണ് കാമ്പിനാസ്.പൊതുഗതാഗതസംവിധാനം അപര്യാപ്തമാണ് ബ്രസീലിൽ. മെട്രൊ-റെയിൽ വൻ‌നഗരങ്ങളായ റിയോയിലും സാവോ പോളോയിലും മാത്രം. ബ്രസീലിലെ ബസ് യാത്ര അത്ര സുരക്ഷിതമല്ല എന്നാണ് സുഹൃത്തുക്കൾ തന്ന വിവരം. അതുകൊണ്ട് കഴിയുന്നതും നടന്നു കാണാം എന്നു വിചാരിച്ചു.നിവൃത്തിയില്ലെങ്കിൽ മാത്രം ബസോ ടാക്സിയോ പിടിക്കാമെന്നും.


കാമ്പിനാസ് - നഗരദൃശ്യം

ഹോട്ടലിൽ നിന്ന് എതാണ്ട് 10 മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട് നഗരമധ്യത്തിലേക്ക്.ഫുട്പാത്തുകളുണ്ടെങ്കിലും സ്ലാബുകളൊക്കെ നിരയല്ലാതെ പാകിയിരികുന്നു. വായ്നോക്കി നടന്നാൽ തലകുത്തി വീഴും.റോഡിലെ വൃത്തിയും വെടിപ്പുമൊക്കെ ശരാശരി നിലവാരത്തിലാണെന്നു വേണം പറയാൻ . സിഗ്നലുകളൊക്കെ തെറ്റിച്ച് അലക്ഷ്യമായി വാഹനമോടിക്കുന്നവർ ധാരാളം. റോഡരികിൽ കിടന്നുറങ്ങുന്നവരും കുറവല്ല.എല്ലാംകൂടി എനിക്കൊരു “ബാക്ക് ഹോം” ഫീലിങ്ങ് തോന്നിത്തുടങ്ങിയിരിക്കുന്നു :).

നഗരദൃശ്യം - ബാംഗ്ലൂർ എന്ന് പേരുള്ള ഒരു കട കാണാം

അല്പനേരം മാർക്കറ്റ് റോഡിൽ ചുറ്റിത്തിരിഞ്ഞു കറങ്ങിയ ശേഷം കാമ്പിനാസിലെ പുരാതന ദേവാലയമായ ബസലിക്ക ഡൊ കാർമോയിലേക്കു നടന്നു.ഹോട്ടലിൽ നിന്നു കിട്ടിയ മാപ്പ് ബാലരമയിലൊക്കെ കാണാറുള്ള “മിട്ടു മുയലിനു ചിന്നുമുയലിന്റെ അടുത്തെത്താനുള്ള വഴി കണ്ടുപിടിക്കുക“ റേഞ്ചിലുള്ളതായിരുന്നു.അതു നോക്കി നടന്നാൽ നിന്നിടത്തു തന്നെ നിന്നു കറങ്ങും എന്ന കാര്യം ഉറപ്പ്. ബാലൻസിന്റെ നല്ലൊരു ഭാഗം ചോർത്തിയെടുക്കുന്നുണ്ടായിരുന്നെങ്കിലും റോമിങ്ങിലുള്ള മൊബൈൽ ഗൂഗിൾമാപ്സ് നോക്കി പള്ളിയിലോട്ടുള്ള വഴി കണ്ടുപിടിച്ചു. വളരെ ചെറിയ, എന്നാൽ നല്ല ഐശ്വര്യം തുളുമ്പുന്ന ഒരു പള്ളിയാണ് ബസലിക്ക ഡൊ കാർമോ.പള്ളിയുടെ മുന്നിലെ പഞ്ചാരമണലും മുന്നിലുള്ള ചെറുതെങ്ങുകളും ചേർത്തലയിലെ അർത്തുങ്കൽ പള്ളിയെ അനുസ്മരിപ്പിക്കുന്നു.അടുത്തു കണ്ട ഒരു കൂട്ടം ചെറുപ്പക്കാരെക്കൊണ്ട് ദേവാലയത്തിനു മുന്നിൽ നിന്നുള്ള എന്റെ ഒരു ചിത്രം എടുപ്പിച്ചു.

ബസലിക്ക ഡൊ കാർമോ

പള്ളിമുറ്റത്തു നിന്നിറങ്ങി  “What Next” എന്ന ചോദ്യത്തിനുത്തരമായി ബാഗിൽ നിന്നും പ്രിന്റൌട്ടുകൾ എടുത്തു നിവർത്തിയപ്പോഴേക്കും  ആ ചെറുപ്പക്കാർ വീണ്ടും മുന്നിലെത്തി കുശലപ്രശ്നം നടത്തി. അവരും നഗരപ്രദക്ഷിണത്തിലാണെന്നും പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലെങ്കിൽ  കൂടെ കൂടിക്കൊള്ളാനും പറഞ്ഞു.

അന്റോണിയോ, കാമില, ഡ്യൂഗോ, ബ്രെനോ

അന്റോണിയോ എന്നാണ് എന്നോട് വന്ന് സംസാരിച്ചവന്റെ പേര്. കാമ്പിനാസിലെ ഐബി‌എമിൽ ഇലക്സ്ടോണിക്സ് എഞ്ചിനീയറാണ് അന്റോണിയോ. കൂടെയുള്ള ബ്രെനോയും ഐ‌ബി‌എമിൽ തന്നെ. ബ്രെനോയുടെ ഗേൾഫ്രണ്ട് കാമിലയാണ് പെൺകുട്ടികളിൽ ഒരാൾ. അമേരിക്കയിൽ പോയി എം‌എസ് പഠിച്ചിട്ട് ഒരാഴ്ച മുൻപ് തിരിച്ചെത്തിയതേ ഉള്ളൂ കാമില. ജർമ്മനിയിൽ ജനിച്ചു വളർന്നെങ്കിലും ടർക്കികാരിയെന്ന് സ്വയം പരിചയപ്പെടുത്താനാണ് നാലാമത്തവളായ ഡ്യുഗോവിനിഷ്ടം.
ബ്രസീലിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ ഡ്യുഗോവിനെ സ്ഥലം ചുറ്റികാണിക്കാനാണ് മറ്റു മൂന്നുപേരും കൂടി ഇറങ്ങിയിരിക്കുന്നത്. ഞാനും സംഘത്തിൽ കൂടി.

അന്റോണിയോയും ബ്രെനോയും കഷ്ടിച്ചേ ഇംഗ്ലീഷ് സംസാരിക്കൂ. അമേരിക്കയിൽ പഠിച്ച കാമില നന്നായി ഇംഗ്ലീഷ് സംസാരിക്കും .ഡ്യുഗോക്ക് ഇംഗ്ലീഷിനു പുറമേ ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, ടർക്കിഷ് എന്നീ ഭാഷകളും നന്നായി അറിയാം.പക്ഷേ ഈ ഭാഷകളൊന്നും ബ്രസീലിൽ ചിലവാകില്ല എന്നതാണ് അവളുടെ പ്രധാന വിഷമം.

അന്റോണിയോയുടെ സഹായത്തോടെ  ആദ്യം തന്നെ ഒരു പ്രി-പെയ്ഡ് സിം കാർഡ് വാങ്ങി. 3G കണക്ഷനോടു കൂടിയ ഒരു സ്കീം 10 റിയാക്കു (ബ്രസീലിലെ നാണയം) കിട്ടി.

നഗരമധ്യത്തിൽ തന്നെയാണ് കാമ്പിനാസിലെ ഏറ്റവും വലിയ പള്ളിയായ കത്തീഡ്രൽ മെട്രോ പൊളീറ്റ്ന ഡ കൊൻസൈസോ സ്ഥിതി ചെയ്യുന്നത്.മരം കൊണ്ടുള്ള മനോഹരമായ കൊത്തുപണികൾ ദേവാലയത്തിന്റെ അൾത്താരയിലുണ്ട്.. അൽത്താരക്കു സമീപമുള്ള കന്യാമറിയത്തിന്റെ കറുത്തരൂപത്തിലേക്ക് അന്റോണിയോ എന്റെ ശ്രദ്ധ ആകർഷിച്ചു. ബ്ലാക്ക് മഡോണ അഥവാ ബ്ലാക്ക് വിർജിൻ എന്നറിയപ്പെടുന്ന കറുത്ത കന്യാമറിയം ബ്രസീലിലെ കറുത്തവംശജരുടെ ഒരു പ്രധാന ആരാധനാമൂർത്തിയാണത്രേ. പേഗൻ ആരാധനാക്രമത്തിന്റെ പ്രത്യേകിച്ചും ഭൌമാരാധനയുടെ ഒരു ക്രൈസ്തവരൂപമാണീ ബ്ലാക്ക് മഡോണ  . ഇന്ത്യൻ മിതോളജിയിൽ ബ്ലാക് മഡോണയെ കാളീദേവിയുമായി ഉപമിക്കാം എന്നാണ് ഇപ്പോൾ ഈ കുറിപ്പെഴുതാനായി നെറ്റ് പരതിയപ്പോൾ കിട്ടിയ ഒരു വിവരം

അൾത്താര - കത്തീഡ്രൽ മെട്രോ പൊളീറ്റ്ന ഡ കൊൻസൈസോ


ഒരല്പം ആഫ്രോ പൈതൃകമുള്ളവനാണ് അന്റോണിയോ. അവന്റെ ഒരപ്പൂപ്പൻ നീഗ്രോ ആയിരുന്നത്രേ. ബാക്കി കുടുംബം ഇറ്റലിയിൽ നിന്ന് രണ്ടു തലമുറ മുൻപ് ബ്രസീലിലേക്ക് കുടിയേറിയവരും.

മുലയ്യൂട്ടുന്ന അമ്മ - കറുത്തവർഗ്ഗക്കാർക്കായുള്ള പള്ളിയിയുടെ മുന്നിലുള്ള ശില്പം

കത്തീഡ്രലിനോട് ചേർന്നാണ് കാമ്പിനാസിലെ പ്രധാന ഷോപ്പിങ്ങ് സ്ട്രീറ്റ്. അതിലേ നടക്കുമ്പോൾ പോക്കറ്റും ക്യാമറയും വളരെ സൂക്ഷിക്കണം എന്ന് നിർദ്ദേശം കിട്ടി.പട്ടാപകൽ അക്രമവും പിടിച്ചു പറിയും ഇവിടെ സാധാരണമാണ്. നിയന്ത്രിതമല്ലാത്ത കമ്പോളവൽക്കരണം  ബ്രസീലിന്റെ സാമ്പത്തികസന്തുലനം തകിടം മറിച്ചിരിക്കയാണ് അതിസമ്പന്നരായി സമൂഹത്തിൽ ഒരു ഉപരിവർഗ്ഗം വളർന്നു വരുന്നു.വിലക്കയറ്റം അതിരൂക്ഷമാണ് ബ്രസീലിൽ. മിക്ക സാധങ്ങൾക്കും ജർമ്മനി പോലുള്ള അതിവികസിത രാജ്യങ്ങളെക്കാൾ വില കൂടുതലാണ്.അതുകൊണ്ട് അതെല്ലാം സധാരണ ജനങ്ങൾക്ക് അപ്രാപ്യവും.വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്ക് ഒരു പ്രധാനകാരണം ഈ സാമ്പത്തിക അസന്തുലനം തന്നെ.

ഷോപ്പിങ്ങ് സ്ട്രീറ്റിന്റെ ഒരു വശത്തു കൂടെയുള്ള ചെറു റോഡിലൂടെ അല്പം നടന്നാൽ മാർക്കറ്റ് പ്ലേസിൽ (പോർച്ചുഗീസ് ഭാഷയിൽ മർക്കഡോ) എത്തും. കെട്ടിലും മട്ടിലും പാളയത്തെ കണ്ണിമാറ മാർക്കറ്റിനെ അനുസ്മരിപ്പിക്കുന്നതാണ് കാമ്പിനാസിലെ മർക്കാഡോ.ഉഷ്ണമേഖലാപ്രദേശമായതിനാൽ കാണുന്ന മിക്ക പച്ചക്കറികളും പഴങ്ങളും നമ്മുടെ കേരളത്തിലേതിനു സമാനമാണ്.ഒരു കടയിൽ കപ്പ നിരത്തി വച്ചിരിക്കുന്നു. കേരളത്തിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണിതെന്ന് പറഞ്ഞ് ഞാൻ കൂട്ടുകാർക്കു പരിചയപ്പെടുത്തിക്കൊടുത്തു. ഒപ്പം 1930 കളിലെ ക്ഷാമകാലത്ത് തിരുവിതാംകൂർ രാജാവ് ബ്രസീലിൽ നിന്നും കപ്പ വരുത്തി കേരളത്തിൽ പ്രചരിപ്പിച്ചകഥയും. പച്ചക്കപ്പക്കു  മണ്ഡിയോക്ക എന്നാണത്രേ പറയുന്നത്. കപ്പയിൽ നിന്നുണ്ടാക്കുന്ന വെളുത്ത മാവാണ് ടപ്പിയോക്ക. നമ്മളെ തെറ്റു പറഞ്ഞു പഠിപ്പിച്ചത് പോർച്ചുഗീസുകാരോ ബ്രിട്ടീഷുകാരോ ?

കപ്പ - മണ്ഡിയോക്ക
കപ്പ 

കൂട്ടത്തിൽ ചക്ക കണ്ടപ്പോൾ ഡ്യൂഗോക്ക് അതിശയം. ചക്കച്ചുള തിന്നുന്ന മാന്ത്രിക വിദ്യയെക്കുറിച്ച് ഞങ്ങൾ ബാക്കി മൂന്നാം‌ലോകക്കാർ അവളെ പറഞ്ഞു മനസ്സിലാക്കി. ഡ്യൂഗോക്കു വേണ്ടി അവളുടെ കൂട്ടുകാർ ഒരു ചെറിയ ചക്ക വാങ്ങി.

മാർക്കറ്റിനകത്തു കടന്നപ്പോൾ പുളിയും പുകയിലയും മുളകും എല്ലാം ചെറിയ വള്ളികൂടകളിലും ചാക്കുകളിലും നിരന്നിരിക്കുന്നു .ഒരു വശത്തു പമോന എന്ന പേരുള്ള ഒരു അട കൂന കൂട്ടി വച്ചിരിക്കുന്നഅതു കാണാം . ബ്രസീലിലെ മധുരപലഹാരങ്ങളിലൊന്നാണ് കോണും പാലും തേങ്ങയും ചേർത്ത  പമോന.

പുകയില


പമോന

അല്പസമയം അവിടെ ചുറ്റിതിരിഞ്ഞ ശേഷം അടുത്തുള്ള ഒരു ഓപൺ ഫുഡ്സ്റ്റാളിൽ ഭക്ഷണം കഴിക്കാനായി കയറി. ബ്രസീലിലെ തനതു ഭക്ഷണമായ ഫെസോഡ (Feijoada) കഴിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. പക്ഷേ വളരെ ‘ഹെവി’യായ ഈ ഭക്ഷണം സാധാരണ അത്താഴത്തു മാത്രമേ ഉണ്ടാകുകയുള്ളത്രേ. പകരം പാസ്റ്റെൽ എന്ന ബ്രസീലിയൻ സമോസയാണ്  വാങ്ങിയത്. ഉള്ളിൽ പലതരം ഫില്ലിങ്സ് നിറച്ച് ചതുരാകൃതിയിൽ വറുത്തെടുക്കുന്നതാണ് പാസ്റ്റെൽ.കൂടെ കുടിക്കാൻ പോർച്ചുഗീസിൽ മരക്കോയ (ജർമ്മനിലും അങ്ങനെ തന്നെ) എന്നറിയപ്പെടുന്ന പാഷൻ ഫ്രൂട്ടിന്റെ ജ്യൂസും.ആദ്യമായി കുടിക്കുന്ന പാഷൻ ഫ്രൂട്ട് ജ്യൂസ് എനിക്കു നന്നായി ഇഷ്ടപ്പെട്ടു .പാഷൻ ഫ്രൂട്ട്, പറങ്കിമാങ്ങ എന്നിവ സുലഭമായ നമ്മുടെ നാട്ടിൽ എന്താണാവോ ഇവയുടെ വിപണന സാധ്യതയെക്കുറിച്ച് ആരും ചിന്തിക്കാത്തത് ?

പാസ്റ്റെലും ഫ്രൂട്ട് ജ്യൂസും

ഫുഡ്സ്റ്റാളിനു പുറമേ പലതരം കരകൌശലവസ്തുക്കളുടെ ചെറുകിട കച്ചവടവും അവിടെ നടക്കുന്നു.


വഴിക്കച്ചവടം
ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങൾ അടുത്തുള്ള ഒരു ചെറിയ റിസർവ് വനത്തിലേക്കു നടന്നു. ഒരു മൃഗശാലയും Bosque dos Jequitibás എന്ന പേരിലുള്ള ഈ റിസർവ്വ് വനത്തിലുണ്ട്. ചക്ക താങ്ങിപ്പിടിച്ചു നടക്കുന്ന വിഷമം ഒഴിവാക്കാൻ അന്റോണിയോ കാട്ടിനുള്ളിലെ കുറ്റിച്ചെടികൾക്കുള്ളിൽ അതൊളിപ്പിച്ചു വച്ചു. കാടിനുള്ളിലെ ചുവപ്പു കലർന്ന ഈർപ്പമുള്ള മണ്ണും ചീവീടുകളുടെ ശബ്ദവും ഇടതൂർന്ന കുറ്റിച്ചെടികളും കേരളത്തിലെ ഒരു സർപ്പക്കാവിന്റെ പ്രതീതിയാണ് തോന്നിച്ചത്.

കാടിനുള്ളിൽ


കാടിന്റെ ഒരു വശത്ത് ആമസോണിലെ അമെരിന്ത്യക്കാർ ഉപയോഗിക്കുന്ന പോലത്തെ ഒരു വീടിന്റെ മാതൃക ഒരുക്കി വച്ചിട്ടുണ്ട്. മണ്ണുകൊണ്ടുള്ള ചുവരുകളും പുല്ലു മേഞ്ഞ മേൽക്കൂരയുമുള്ള ഒരു ചെറിയ വീട്. വീടിലെ അടുപ്പ് മണ്ണു കൊണ്ടുണ്ടാക്കിയതാണ്.

അമെരിന്ത്യൻ ഭവനം
അത്യാവശ്യം വലിപ്പമുള്ളതാണ് കാടിനുള്ളിലെ മൃഗശാല. പലതരം തത്തകളും, ആമയും പുലിയും കരടിയും സിംഹവുമൊക്കെയായി നിറയെ മൃഗങ്ങളുണ്ട്. പക്ഷേ തുമ്പിക്കുട്ടിയില്ലാതെ മൃഗശാല കാണാൻ എനിക്കല്പം പോലും താല്പര്യം തോന്നിയില്ല.അവിടെ മുഴുവൻ ചെമ്പരത്തിപ്പൂക്കൾ വച്ചു പിടിപ്പിച്ചിരിക്കുന്നത് കൌതുകമായി. ആദ്യമായാണ് ഇന്ത്യക്കു വെളിയിൽ ഒരു സ്ഥലത്ത് ചെമ്പരത്തിപ്പൂക്കൾ കാണുന്നത്.


ചെമ്പരത്തി


മൃഗശാലയിൽ നടന്നിറങ്ങി ആ കുറ്റിക്കാട്ടിൽ ചക്ക എടുക്കാൻ ചെന്നപ്പോൾ കിട്ടിയത് ചക്കക്കുരുവും തോടും മാത്രം. പാർക്കിൽ ധാരാളമായി ഉണ്ടായിരുന്ന കീരികൾ ചക്ക ശാപ്പാടാക്കിയിരുന്നു .ചക്ക പോയതിന്റെ ക്ഷീണം മാറ്റാൻ കരിമ്പിൻ ജ്യൂസ് കുടിക്കാൻ കയറി.നമ്മുടെ നാട്ടിലെ പോലെ കരിമ്പിൻ തണ്ടുകൾ ഒരു ചെറിയ ക്രഷറിൽ വച്ച് പിഴിഞ്ഞാണ് ജുസ് ഉണ്ടാക്കുന്നത്. ഈ ജ്യൂസ് ലെമണൈഡോ പെപ്പർ മിന്റോ ചേർത്ത്  കുടിക്കാം.ബ്രസീലിലെ പ്രധാനകൃഷിയാണ് കരിമ്പ്. പഞ്ചസാര ഉണ്ടാക്കാനല്ല, ചാരായം (എഥനോൾ) ഉണ്ടാകാനാണ് കരിമ്പ് പ്രധാനമായി ഉപയോഗിക്കുന്നത്. ബ്രസീലിലെ വാഹനങ്ങളുടെ മുഖ്യഇന്ധനം എഥനോളാണ്.നമ്മുടെ നാട്ടിലെ പെട്രോളിലും എഥനോൾ അടങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ അളവ് വളരെ കുറവാണ്. പരമാവധി 10%(E10) മാത്രം. 100% (E100) എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്നത് ലോകത്തിൽ ബ്രസീലിൽ മാത്രം.

ബ്രസീലിലെ കരിമ്പ് കൃഷികാറിൽ ഒരു നഗരപ്രദക്ഷിണമാണ് അന്റോണിയോയുടെയും സംഘത്തിന്റെയും അടുത്ത പരിപാടി. “ഭൂമിയിലും ജീവിതത്തിലും പ്രത്യേകലക്ഷ്യമില്ലാതെ അലയുന്ന ഞാനും” സ്വാഭാവികമായി കൂട്ടത്തിൽ കൂടി. ഹ്യൂണ്ടായ് ഐ10ന്റെ വലിപ്പം വരുന്ന ഒരു റെനോ ക്ലിയോ ആണ് അന്റോണിയോയുടെ കാർ.

Add caption

കാമ്പിനാസ് യൂണിവേർസിറ്റിയിലും കാമ്പിനാസിലെ ഏറ്റവും വലിയ പാർക്കായ ലഗോവ ഡൊ ടഖ്വാറലിലും അതിസമ്പന്നരുടെ വീടുകളുള്ള ചില തെരുവുകളിലും ഒരോട്ട പ്രദക്ഷിണം നടത്തി കാമ്പിനാസിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് സെന്ററായ ഇക്വെറ്റമിയിൽ വന്നെത്തി. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് സെന്ററാണത്രേ ഇക്വെറ്റമി. ലോകത്തിലെ മിക്ക പ്രധാനബ്രാൻഡുകളുടെയും ഔട്ട്ലെറ്റുകൾ ഇക്വെറ്റമി മാളിലുണ്ട്.കൂടാതെ യൂറോയും ഡോളറും എക്സ്ചേഞ്ച് ചെയ്യാനുള്ള സൌകര്യം കാ‍മ്പിനാസിൽ ചില ബാങ്കുകളിലും പിന്നെ ഇക്വിറ്റാമി മാളിലും മാത്രമേ ഉള്ളൂ. കയ്യിൽ ലോക്കൽ കറെൻസിയായ റിയാ ഒന്നും കരുതാതെയാണ് ഡ്യൂഗോ ജർമ്മനിയിൽ നിന്ന് ബ്രസീലിലെത്തിയിരിക്കുന്നത്.എക്സ്ചേഞ്ച് ചെയ്യാൻ ഇതേവരെ സൌകര്യം കിട്ടിയില്ലത്രേ. ചിലവുകളൊക്കെ കൂട്ടുകാരുടെ ‘ഓസ്’ തന്നെ.ഓരോ തവണ കാമില പേഴ്സ് തുറക്കുമ്പോഴും അവൾ പറയും, ഞാൻ വെറും കയ്യോടെയല്ല 100 യൂറോയും കൊണ്ടാണ് ബ്രസീലിൽ എത്തിയിരിക്കുന്നതെന്ന് .അവസാനം അത് എക്സ്ചേഞ്ച് ചെയ്യാനായാണ് ഇക്വെറ്റമി മാളിലോട്ടു വരാം എന്നു തീരുമാനിച്ചത്.

ഇക്വെറ്റമി മാൾ കാമ്പിനാസ്

ഏതായാലും 100 യൂറോയും കൊണ്ട് ലാറ്റിൻ അമേരിക്ക കാണാനിറങ്ങിയവളോട് എനിക്ക് സത്യത്തിൽ അസൂയയാണ് തോന്നിയത്. 100  രൂപയും കഷ്ടിച്ച് ഒരു ജോഡി ഡ്രെസ്സും പാക്ക് ചെയ്ത് ഇൻഡ്യൻ റയിൽ‌വേയുടെയും കെ.എസ്.ആർ.ടി.സിയുടെയും ‘സ്പോൺസർഷിപ്പിന്റെ’ മാത്രം ധൈര്യത്തിൽ കേരളപര്യടനം നടത്തിയിരുന്ന കോളേജുകാലം മനസ്സിലേക്ക് ഓടി വന്നു. ഇന്ന് ലോകം ചെറുതായിരിക്കുന്നു. ഒപ്പം ഇന്നത്തെ യുവതലമുറയുടെ ചക്രവാളങ്ങൾ ഒത്തിരി ഒത്തിരി വികസിക്കുകയും ചെയ്തിരിക്കുന്നു.

ഷോപ്പ്ങ്ങ് സെന്ററിൽ നിന്നിറങ്ങിയപ്പോൾ സമയം നന്നേ ഇരുട്ടിയിരുന്നു. തിരിച്ച് ഹോട്ടലിൽ കൊണ്ടുവിടാമെന്ന് അന്റോണിയോ ഏറ്റു. പോകുന്ന വഴി ബ്രസീലിന്റെ തനതു സവിശേഷതയാ‍യ അസായി (Acai) കഴിക്കാൻ കയറി.ആമസോൺ പ്രദേശത്തു കാണുന്ന ഒരു തരം ബ്ലാക്ക്ബെറി പഴമാണ് അസായി. തണുപ്പിച്ച് ക്രഷ് ചെയ്ത അസായി മ്യുസ്ലി(പരത്തിയ ഓട്ട്സ്) ചേർത്താണ് കഴിക്കുന്നത്. 

അസായ് - ബ്രസീൽ ബെറി

 
ഓഫീസിലെ ദിവസങ്ങൾ പെട്ടെന്നു നീങ്ങി. പബ്ലിക് ട്രാൻസ്പോർട്ട് ഇല്ലാത്തതും ടാക്സിക്കാരനോട് സംസാരിക്കാനുള്ള ഭാഷ അറിയാത്തതും കൊണ്ട് കാര്യമായ കറക്കം ഒന്നും നടന്നില്ല. ഹോട്ടലിനടുത്ത് ചില ചില്ലറ ഷോപ്പിങ്ങിനിറങ്ങിയതൊഴിച്ചാൽ .ബ്രസീലിൽ നിന്നും വരുമ്പോൾ കൊണ്ടു വരേണ്ട സാധനങ്ങളുടെ ലിസ്റ്റ് തുമ്പിമോൾ നേരത്തേ തന്നിട്ടുണ്ടായിരുന്നു. :)

ബ്രസീലിലേക്കു തിരിക്കാനുള്ള ഏറ്റവും വലിയ ആവേശം “സ്വപ്നനഗരം” എന്നറിയപ്പെടുന്ന റിയോ ഡി ജനൈറൊയും ലോകാൽഭുതങ്ങളിലൊന്നായ അവിടത്തെ രക്ഷകനായ യേശുവിന്റെ പടുകൂറ്റൻ പ്രതിമയും കാണണം എന്നതായിരുന്നു. ജർമ്മനിയിലേക്ക് മടങ്ങേണ്ടത് ഞായറാഴ്ചയാണ്. 500 കിലോമീറ്റർ ദൂരെയുള്ള റിയോയിൽ പോയി വരാൻ ആകെ ഒരു ദിവസം മാത്രം. ബ്രസീലിൽ നഗരങ്ങൾ തമ്മിൽ ട്രെയിൻ സൌകര്യമൊന്നുമില്ല. ബസ്സിലോ അല്ലെങ്കിൽ സാവോ പോളോയിലേക്ക് ചെന്നിട്ട് വിമാനത്തിലോ വേണം റിയോക്കു പോകാൻ.ഓഫീസിലെ സുഹൃത്തുക്കൾ ഫ്ലൈറ്റിൽ പോകാൻ നിർദ്ദേശിച്ച് ചില ട്രാവൽ ഏജെൻസികളുടെ നമ്പർ ഒക്കെ തന്നിട്ടുണ്ടായിരുന്നു (വെബ് സൈറ്റുകളെല്ലാം പോർച്ചുഗീസിലാണ്).  അസമയത്തുള്ള കണക്ഷനുകളും നഗരത്തിലേക്ക് എയർപോർട്ടിൽ നിന്ന് പോകാനുള്ള ബുദ്ധിമുട്ടും ഒക്കെയോർത്തപ്പോൾ   ബസ് തന്നെ ആക്കാം എന്നു വച്ചു. CPF എന്ന സോഷ്യൽ സെക്യൂരിറ്റി നമ്പർ ഉണ്ടെങ്കിലേ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ഓഫീസിലെ സുഹൃത്തുക്കളോട് CPF ചോദിക്കാൻ മടി തോന്നി, അന്റോണിയോയെ തന്നെ സഹായത്തിനു വിളിച്ചു.

വ്യാഴാഴ്ച്ച വൈകുന്നേരം അന്റോണിയോ ഹോട്ടലിലെത്തി, ഒരുമിച്ച് റോഡോവിയാറിയോ എന്ന പ്രധാന ബസ് സ്റ്റേഷനിലേക്കു പോയി ടിക്കറ്റ് വിവരങ്ങളൊക്കെ തിരക്കി. ടിക്കറ്റ് കൌണ്ടറിലെ ക്രെഡിറ്റ് കാർഡ് നെറ്റ് വർക് തൽകാലത്തേക്ക് തകരാറിലായിരുന്നതിനാൽ, അത്രയും സമയം  റിയോ ഡി ജനൈറോയെപ്പറ്റി കുറച്ചു കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സ്റ്റേഷനുള്ളിലെ ഇന്റർനെറ്റ് കഫേയിലേക്കു കയറി. കൂടാതെ എനിക്കു വേണ്ടി ചില ബ്രോഷറുകളും പ്രിന്റ് ഔട്ടുകളും അവൻ കരുതിയിട്ടുണ്ടായിരുന്നു. മയക്കു മരുന്നു മാഫിയയും കൊള്ളക്കാരും സ്വൈരവിഹാരം നടത്തുന്ന റിയോ ഡി ജനൈറോ സ്വന്തം നിലക്ക് കറങ്ങുന്നത് എന്തു കൊണ്ടും “ആത്മഹത്യാപരമാണെന്ന്“ അന്റോണിയോ തീർത്തു പറഞ്ഞു. അവന്റെ നിർദ്ദേശമനുസരിച്ച് ഒരു ദിവസം കൊണ്ട് റിയോ ചുറ്റിക്കറങ്ങിക്കാണാനുള്ള ഒരു പാക്കേജ് ടൂർ ഓൺലൈൻ ആയിത്തന്നെ ബുക്ക് ചെയ്തു.

പിന്നെയും ഏതാണ്ട് ഒരു മണിക്കൂർ ബ്രസീലിന്റെ ഭൂമിശാസ്ത്രവും റിയോയുടെ ചരിത്രവുമൊക്കെ നോക്കി ഞങ്ങൾ അവിടെ ഇരുന്നു. ഇറങ്ങി കൌണ്ടറിലേക്ക് പോയപ്പോൾ വീണ്ടും അതേ നെറ്റ് വർക്ക് പ്രശ്നം ക്രെഡിറ്റ് കാർഡുകളൊന്നും വർക്ക് ചെയ്യുന്നില്ല. റിയോ പ്ലാൻ ഏതാണ്ട് ഉപേക്ഷിക്കേണ്ടി വരുമെന്ന അവസ്ഥയായപ്പോൾ അന്റോണിയോ ടിക്കറ്റ് വാങ്ങിത്തരാമെന്നായി. ഞാനതു സ്നേഹപൂർവ്വം നിരസിച്ചു. ഇനിയൊരിക്കലും അന്റോണിയോയെ കാണാനോ പണം മടക്കി നൽകാനോ ഉള്ള സാധ്യത ഉണ്ടാവില്ലായിരിക്കും എന്ന മുന്നറിയിപ്പോടെ. അതിനവൻ മറുപടി പറഞ്ഞതിങ്ങനെയാണ്  “Dont worry dude, then we will sort it out in next life” എന്ന്. അവസാനം കയ്യിലുള്ള യൂറോ അന്റോണിയോക്കു കൊടുക്കാമെന്നും സമയാനുസരണം അവനത് എക്സ്ചേഞ്ച് ചെയ്യാമെന്നും ഞാൻ മറ്റൊരു നിർദ്ദേശം വച്ചു. അങ്ങനെ ടിക്കറ്റ് പ്രശ്നം പരിഹരിക്കപ്പെട്ടു.

റോഡോവിയാറിയോയിൽ നിന്ന് രാത്രിഭക്ഷണം കഴിക്കാനായി ഇറങ്ങി. ഫെസോഡ(Feijoada) കഴിക്കാൻ എനിക്കിതേ വരെ പറ്റിയില്ലെന്നറിഞ്ഞ അന്റോണിയോ എന്നാൽ ഡിന്നറിന് അതു തന്നെ ആക്കാം എന്നു നിർദ്ദേശിച്ചു. കാമ്പിനാസിൽ അങ്ങോളമിങ്ങോളമുള്ള ആറേഴു റസ്റ്റോറന്റുകളിൽ കയറിയിറങ്ങിയിട്ടും ഫെസോഡ കിട്ടിയില്ല. അവസാനം ബ്രസീലിയൻ പിസയും കൂട്ടത്തിൽ പ്രസിദ്ധമായ ലാറ്റിനമേരിക്കൻ കോക്ടെയിൽ കൈപെരിന്യയും നുണഞ്ഞ് കുറേയേറെ നേരം ഒരു ഓപ്പൺ റസ്റ്റോറന്റിൽ കഴിച്ചു കൂട്ടി. തിരിച്ച് ഹോട്ടലിലെത്തിയപ്പോൽ സമയം ഒരു മണി കഴിഞ്ഞിരുന്നു. റിയോയിൽ അത്യാവശ്യത്തിന്  ഉപയോഗിക്കാനുള്ള പോർച്ചുഗീസ് വാക്കുകളും അപകടം കൂടാതെ റിയോയിൽ നിന്ന് തിരിച്ചെത്താനുള്ള ഉപായങ്ങളും ‘വയറു നിറയെ’ പറഞ്ഞുതന്ന് അന്റോണിയോ,യാത്രയായി. 'next life' ൽ പറ്റുമെങ്കിൽ വീണ്ടും കാണാമെന്ന യാത്രാമൊഴിയോടെ.

കൈപിരിൻഹ

മനസ്സു നിറയെ പ്രതീക്ഷകളും കൂട്ടത്തിൽ ഒരല്പം ഭയവുമായി അടുത്ത ദിവസം റിയോ ഡി ജനൈറോവിലേക്ക് വണ്ടി കയറി. കണ്ടനുഭവിച്ചറിഞ്ഞ നൂറായിരം പ്രത്യേകതകളെക്കാൾ ബ്രസീൽ യാത്ര മനസ്സിൽ തങ്ങി നിൽക്കുന്നത്  അപരിചിതനായ ഒരന്യദേശക്കാരനോട് തികഞ്ഞ കരുതലോടും ആതിഥ്യമര്യാദയോടും പെരുമാറിയ ഒരു സുഹൃത്തിന്റെ പേരിലായിരിക്കും.


(അങ്ങനെ കാമ്പിനാസിനോട് വിട, ഇനി റിയോയിൽ ചെന്നിട്ടു കാണാം)
 

25 comments:

 1. എഴുതി വന്നപ്പോൾ നീണ്ടു പോയി...വായിച്ചു കത്രിക വയ്ക്കാതെ പോസ്റ്റുന്നു...

  സസ്നേഹം,
  പഥികൻ

  ReplyDelete
 2. മനോഹരമായ വിവരണം. ദേശവും ഭാഷയും ഏതു തന്നെയായാലും താങ്കള്‍ക്ക് "മനുഷ്യനായ" ഒരു സുഹൃത്തിനെ കിട്ടിയില്ലേ!

  ReplyDelete
 3. നമ്മുടെ നാടിനെയൊക്കെ അനുസ്മരിപ്പിക്കുന്ന പലചരക്കുകളൊക്കെ
  കാട്ടിതന്ന് ബ്രസീലിന്റെ വർണ്ണക്കാഴ്ച്ചകളുമായി വീണ്ടും കൊതിപ്പിക്കുന്ന
  സഞ്ചാരകുറിപ്പുകളുമായി എത്തിയതിൽ സന്തോഷം...!
  ‘അന്റോണിയോ എന്നാണ് എന്നോട് വന്ന് സംസാരിച്ചവന്റെ പേര്.
  കാമ്പിനാസിലെ ഐബി‌എമിൽ ഇലക്സ്ടോണിക്സ് എഞ്ചിനീയറാണ് അന്റോണിയോ.
  കൂടെയുള്ള ബ്രെനോയും ഐ‌ബി‌എമിൽ തന്നെ. ബ്രെനോയുടെ ഗെഡിച്ചി കാമിലയാണ് പെൺകുട്ടികളിൽ ഒരാൾ. അമേരിക്കയിൽ പോയി എം‌എസ് പഠിച്ചിട്ട് ഒരാഴ്ച മുൻപ് തിരിച്ചെത്തിയതേ ഉള്ളൂ ഈ കാമം തുടിപ്പിക്കും കാമില.
  ജർമ്മനിയിൽ ജനിച്ചു വളർന്നെങ്കിലും ടർക്കികാരിയെന്ന് സ്വയം പരിചയപ്പെടുത്താനാണ് നാലാമത്തവളായ തനിയൊരു ടർക്കിക്കോഴി കണക്കേയുള്ള ഡ്യുഗോവിനിഷ്ടം.
  ബ്രസീലിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ ഡ്യുഗോവിനെ
  സ്ഥലം ചുറ്റികാണിക്കാനാണ് മറ്റു മൂന്നുപേരും കൂടി ഇറങ്ങിയിരിക്കുന്നത്.
  ഞാനും സംഘത്തിൽ കൂടി...,അവർക്കൊക്കെ കണ്ണുപറ്റാതിരിക്കാൻ വേണ്ടിയാണ് കേട്ടൊ (ഞാനാണെങ്കിൽ ഇങ്ങിനെയൊക്കെയാവും എഴുതുക കേട്ടൊ അതുൽ)‘

  ReplyDelete
  Replies
  1. നിത്യപ്രണയനായകന്റെ ആ സിഗ്നേച്ചർ ശൈലി മുരളിയേട്ടനുമാത്രം സ്വന്തം..നമ്മൾ അനുകരിക്കാൻ നോക്കിയാൽ ചീറ്റിപ്പോകുകയേ ഉള്ളൂ :))

   Delete
 4. പഥികൻ...നീണ്ടതെങ്കിലും ആസ്വാദ്യകരമായ വിവരണം... നമ്മൾ ആസ്വദിച്ചത് മറ്റുള്ളവർക്കും ആസ്വാദ്യകരമായ രീതിയിൽ പങ്കുവയ്ക്കണമെങ്കിൽ അല്പം നീട്ടിവലിച്ചെഴുതിയേ പറ്റൂ...അത് രസകരമാകണമെന്ന് മാത്രം.ഭക്ഷണങ്ങളും, കാഴ്ചകളും, സുഹൃദ്‌വലയവും എല്ലാം ഉൾപ്പെടുത്തി മനോഹരമായി വിവരിച്ചിരിയ്ക്കുന്നു..സ്ഥലങ്ങളുടെ ചിത്രങ്ങൾ കുറഞ്ഞുപോയതുപോലെ മാത്രം തോന്നി.... ;)

  യാത്രകളിൽ സ്വദേശികളായ നല്ല സുഹൃത്തുക്കളെ കിട്ടുന്നത് ഒരു ഭാഗ്യമാണ്.(വളരെ അപൂർവ്വമാണെങ്കിലും)..ഇനിയുള്ള യാത്രകളിലും ഇതുപോലെ നല്ല സുഹൃത്തുക്കളെ കിട്ടുമെന്ന് പ്രതീക്ഷിയ്ക്കാം.. ആശംസകൾ നേരുന്നു.. സ്നേഹപൂർവ്വം ഷിബു തോവാള.

  ReplyDelete
 5. "എഴുതി വന്നപ്പോൾ നീണ്ടു പോയി..." ഏത്?ഇതോ?.ശക്തിയായി പ്രതിഷേധിക്കുന്നു.മനോഹരമായ വിവരണം വായിച്ച് തീര്‍ന്നതറിഞ്ഞില്ല,അതുല്‍. ഇതിന്റിരട്ടി നീളമുള്ള പോസ്റ്റുമായി ഉടനെ വരു,എന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
 6. ഹായ്, പ്രിയബ്രസീല്‍. ഇഷ്ടപ്പെട്ടു. പിന്നെ ആ ബാംഗളൂര്‍ സ്റ്റോര്‍ ഇന്‍ഡ്യക്കാരുടേത് ആയിരിക്കും അല്ലേ..?

  ReplyDelete
 7. മനോഹരം അതുൽ... മുരളിഭായ് പറഞ്ഞത് പോലെ എഴുതിയിരുന്നെങ്കിൽ കുറേക്കൂടി മനോഹരമായേനെ... :)

  അന്റോണിയോയെ പോലെ ആർജ്ജവമുള്ള വ്യക്തികൾ ഈ ലോകത്ത് ഇനിയും ബാക്കിയുണ്ടെന്നറിയുമ്പോൾ ആഹ്ലാദം തോന്നുന്നു... അതുലിന്റെ പോലെ ഞങ്ങളുടെയൊക്കെ സുഹൃത്തായിക്കഴിഞ്ഞിരിക്കുന്നു അന്റോണിയോ...

  അപ്പോൾ ശരി... ഇനി റിയോവിൽ കാണാം... (യാത്രക്കിടയിൽ ജർമ്മനിയിലെ പ്രിൻസ് ആൽബച്ച്സ്ട്രെയ്സിലേക്ക് ക്ഷണിക്കുന്നു...)

  ReplyDelete
 8. സൌഹ്രദത്തിന്റെ നിറവുംകൂടിച്ചേർന്നപ്പോൾ രചന വളരെ നന്നായി.വിവരണം പുതിയ മാനങ്ങൾ തേടുന്നു.ഇങ്ങനെ വേണം.

  ReplyDelete
 9. വളരെ നന്നായെഴുതി.

  യാത്രാ വിവരണം വായിക്കുമ്പോള്‍ നമ്മളൂം യാത്ര ചെയ്യുകയാണെന്ന്‌ തോന്നുമ്പോള്‍ എഴുത്ത്‌ വിജയമാകുന്നു.

  ആശംസകള്‍

  ReplyDelete
 10. പോസ്റ്റ്‌ നീണ്ടു പോയത് കൊണ്ട് ,നല്ല സന്തോഷമായി തന്നെ വായിച്ചു തീര്‍ന്നു ...ചെമ്പരത്തി പൂവും ,കപ്പയും, ബ്രസില്‍ വിശേഷങ്ങളും എല്ലാം കൂടി പോസ്റ്റ്‌ വളരെ നന്നായി ട്ടോ ..

  ReplyDelete
 11. മനോഹര ചിത്രങ്ങൾ...ആദ്യം അതറിയിയ്ക്കട്ടെ..!
  എപ്പോഴത്തേയും പോലെ യാത്രാ വിശേഷവും ഗംഭീരം...
  എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിലേയ്ക്ക് ഒരു എളുപ്പ വഴി കാണിച്ചു തരുന്ന പഥികന്,
  ആശംസകൾ ട്ടൊ...നന്ദി..!

  ReplyDelete
 12. സാംബേടേ നാട്ടിൽ ഞാനും......പോസ്റ്റിനു നീളം കൂടിയില്ല.
  നല്ല രസമുണ്ടായിരുന്നു വായിയ്ക്കാൻ. ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
  പിന്നെ ആ അന്റോണിയോ....അദ്ദേഹത്തെയും വളരെ ഇഷ്ടമായി.

  ReplyDelete
 13. റിയലി ഗുഡ്. ബ്രസീലിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ആശംസകള്‍..

  ReplyDelete
 14. മർക്കാഡോയിലൂടെ കയറിയിറങ്ങി അല്പം കപ്പയും ചക്കയും കണ്ടു പള്ളിക്കാഴ്ച്ചകളും കണ്ട് കൈപിരിൻഹ നുണഞ്ഞ് ഞാന്‍ പോകുന്നു.

  ReplyDelete
 15. നീളമുള്ള പോസ്റ്റെന്ന തോന്നൽ തീരെയുണ്ടായില്ലെനിക്ക്. അത്ര നന്നായി ആസ്വദിച്ചു. മുമ്പെപ്പോഴോ
  വീരേന്ദ്രകുമാറിന്റെ “ആമസോണും കുറേ വ്യാകുലതകളും” വായിച്ചതില്‍പ്പിന്നെ മനസ്സിൽ കുടിയേറിയതാണ് ഡിയോയും ആമസോൺ നദിയുമൊക്കെ കാണണമെന്ന അതിമോഹം. ഇത് വായിച്ചപ്പോൾ ഉറങ്ങിക്കിടന്ന ആഗ്രഹം വീണ്ടും തലപൊക്കാൻ തുടങ്ങി :)

  അന്റോണിയോയുടെ സ്നേഹം...ആ വാക്കുകൾ... ഒക്കെ ഹൃദയസ്പർശിയായി...

  ReplyDelete
 16. ഈ ചെമ്പരത്തിയും, ചക്കയുമൊക്കെ അവിടെയും ഉണ്ടല്ലേ...

  പഥിക... പതിവ് പോലെ കലക്കന്‍...

  ReplyDelete
 17. നന്നായി അവതരിപ്പിച്ചിരിക്കുന്നു ബ്രസീല്‍ വിശേഷങ്ങള്‍/
  എല്ലാ കണ്‍മുമ്പില്‍ കാണുന്ന പ്രതീതി.മനോഹരം!
  ആശംസകള്‍

  ReplyDelete
 18. അന്റോണിയോയെപ്പോലുള്ളവർ ഇനിയും ഈ ലോകത്ത് അവശേഷിക്കുന്നുവെന്നോർക്കുമ്പോൾ എന്തോ ഒരു കുളിർമ്മ ഫീൽ ചെയ്യുന്നു...! വിവരണം ഒട്ടും കൂടിയിട്ടില്ലെന്നു മാത്രമല്ല പോരെന്നാണ് എനിക്കു തോന്നിയത്. അതോടൊപ്പം ചിത്രങ്ങൾ കുറഞ്ഞില്ലേന്നൊരു സംശയവും ഇല്ലാതില്ല.
  ആശംസകൾ...

  ReplyDelete
 19. നന്നായി. ബ്രസീലിലൂടെ യാത്ര ചെയ്ത പ്രതീതി!

  ReplyDelete
 20. :))

  സാമൂഹികാവസ്ഥയെങ്ങനെ?
  കൂടുതല്‍ ചെലവഴിക്കാന്‍ പറ്റാത്തതിനാ‍ല്‍ മനസ്സിലാക്കാന്‍ പറ്റിയില്ലാരിക്കും, മ്..

  ReplyDelete
 21. അല്പം കൈപെരിന്യ കിട്ടിയിരുന്നെങ്കില്‍.....
  നല്ല ചിത്രങ്ങള്‍.. നല്ല വിവരണം.

  ReplyDelete
 22. പഥികൻ യൂറോപ്പ് വിട്ട് മൊത്തത്തിൽ ഇന്റർനാഷണൽ റോമിംഗിലാണല്ലോ :) സാവോ പോളോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

  ReplyDelete
 23. പ്രിയപ്പെട്ട അതുല്‍,
  ബ്രസീല്‍ യാത്രയുടെ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചത് അറിഞ്ഞിരുന്നില്ല,കേട്ടോ.
  പള്ളിയുടെ ......കാടിന്റെ.....കപ്പയുടെ....ചെമ്പരത്തിപൂവിന്റെ ഫോട്ടോസ് എല്ലാം തന്നെ മനോഹരം...!
  അപ്രതീക്ഷിതമായി, സ്നേഹത്തിന്റെ,സഹായത്തിന്റെ,സ്വാന്തനത്തിന്റെ ഒരു മുഖം നമുക്കായി ഈശ്വരന്‍ കരുതിവെക്കും. അതിനാല്‍,നമ്മളും എപ്പോഴും നന്മ നിറഞ്ഞ ഒരു ഹൃദയംകൈമോശം
  വരാതെ നോക്കണം,സുഹൃത്തേ.
  ഒബ്രിഗാഡോ !

  സസ്നേഹം,
  അനു

  ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...