പഥികന്റെ കാൽപാട്



Wednesday, April 25, 2012

അഗ്നിപർവ്വതത്തിനു മുകളിൽ (വെസൂവിയസ്, പോം‌പൈ - ഇറ്റലി)

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഇറ്റലിയിലേക്ക് ഒന്നാം ഭാഗം ഇവിടെ....
അങ്ങനെ ചുവന്ന അമ്പിലേറി നേപിൾസിലേക്ക്....സർക്കാരിനെ നിയന്ത്രിക്കുന്ന മാഫിയാ സംഘങ്ങൾക്കും മയക്കുമരുന്ന് രാജാക്കന്മാർക്കും ഗ്യാങ്ങ് വാറുകൾക്കും കുപ്രസിദ്ധമായ നഗരം. ‘Godfather’ സിനിമയിലൂടെ ലോകമെങ്ങും അറിയപ്പെട്ട അധോലോകപട്ടണം സിസിലിയെക്കാൾ ഇറ്റാലിയൻ ഗവണ്മെന്റിന്‌ തലവേദന ഉണ്ടാക്കുന്ന,  പീറ്റ്സയുടെയും (Pizza) മാഫിയയുടെയും ജന്മഗൃഹം - ജർമ്മനിലും ഇറ്റാലിയനിലും നാപോളി എന്നറിയപ്പെടുന്ന നേപിൾസ്.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~



ഫ്രെച്ചാറോസ്സാ നേപിൾസ് റെയിൽ‌വേ സ്റ്റേഷനിൽ (Napoli Garibaldi) എത്തിയപ്പോൾ സമയം 9 മണി കഴിഞ്ഞു..ജൂൺ മാസത്തിൽ ജർമ്മനിയിലെ പോലെ രാത്രി 9.30 വരെ സൂര്യപ്രകാശമുണ്ടാവുമെന്ന പ്രതീക്ഷയിലാണ്  അവിടെ എത്തിയത്. നേപിൾസ് അത്ര സുരക്ഷിതമല്ലാത്തതു കൊണ്ട് ഇരുട്ട് പരക്കുന്നതിനു മുന്നെ ഹോട്ടലിലെത്തെണമെന്നും കരുതിയിരുന്നു. എന്നാൽ കുറച്ചു കൂടി ദക്ഷിണപ്രദേശമായതിനാൽ സമയം നേരത്തെ ഇരുട്ടിയിരിക്കുന്നു. റെയിൽ‌വേ സ്റ്റേഷൻ വൃത്തിയുള്ളതാണെങ്കിലും പുറത്തിറങ്ങിയാൽ നേപ്പിൾസിന്റെ യഥാർത്ഥമുഖം കാണാം.
നാപ്പോളി ഗരിബാൾഡി


മാലിന്യസംസ്കരണം മുതൽ കുടിവെള്ളം വരെ നേപ്പിൾസിൽ എല്ലാം നിയന്ത്രിക്കുന്നത് ഇറ്റാലിയൻ മാഫിയയാണത്രേ. പല മാഫിയാ സംഘങ്ങൾ തമ്മിലുള്ള ചേരിപ്പോരു മൂലം എല്ലാം താറുമാറായി കിടക്കുകയാണ്. റോഡിനിരുവശവും മാലിന്യം കൂമ്പാരം കൂട്ടി വച്ചിരിക്കുന്നതു കാണാം.വഴിയിൽ കിടന്നുറങ്ങുന്നവരും ഇരുട്ടിൽ പലതരം വ്യാപാരങ്ങൾ നടത്തുന്നവരും എവിടെയുമുണ്ട്.ഇന്ത്യയിലെ നഗരങ്ങളെ വെല്ലുന്ന രീതിയിലാണ് ട്രാഫിക് മര്യാദകൾ. സിഗ്നലിൽ നിർത്തനോ റോഡ് മുറിച്ചുകടക്കുന്ന വഴിയാത്രക്കാരെ കടത്തിവിടാനോ ഉള്ള ഭാവം വാഹനമോടിക്കുന്നവരാരും കാണിക്കുന്നില്ല.ഒരിടത്തും സൈൻ ബോർഡോ നിർദ്ദേശങ്ങളോ ഒന്നുമില്ല.ഇതൊക്കെ നേരത്തേ വായിച്ചറിഞ്ഞിരുന്നതു കൊണ്ട് സ്റ്റേഷനു തൊട്ടടുത്തുള്ള ഒരു നല്ല ഹോട്ടലിൽ തന്നെയാണ് താമസം ശരിയാക്കിയിരുന്നത്.എന്നിട്ടും സ്റ്റേഷന്റെ തെറ്റായ എക്സിറ്റിലൂടെ ഇറങ്ങിയിട്ടായിരിക്കണം ഹോട്ടലിലേക്കുള്ള വഴി കണ്ടു പിടിക്കാൻ സാധിച്ചില്ല.

ഒന്നു രണ്ടുപേരോട് വഴി ചോദിക്കാൻ നോക്കിയെങ്കിലും ആരും അത്ര സൌഹൃദമനസ്കാരായി തോന്നിയില്ല.അവസാനം ഒറ്റനോട്ടത്തിൽ തന്നെ ഇറ്റലിക്കാരല്ല എന്ന് തോന്നിച്ച വൃദ്ധദമ്പതികളോട് വഴി ചോദിച്ചു.അവർ കൃത്യമായി ഹോട്ടൽ കാണിച്ചു തന്നു. കൂടാതെ ‘Be Careful’ എന്ന് ഒരുപദേശവും തന്നു.

ഹോട്ടലിലെത്തിയപ്പോൾ ശ്വാസം നേരേ വീണു. നല്ല സൗകര്യമുള്ള ഒരു സ്റ്റാർ ഹോട്ടൽ. രാത്രി എന്താണ്‌ കഴിക്കേണ്ടതെന്ന കാര്യത്തിൽ മാത്രം ഏതായാലും കൺഫ്യൂഷൻ ഉണ്ടായില്ല. പീറ്റ്സയുടെ ജന്മനാടായ നേപ്പിൾസിൽ വന്നിട്ട് വേറെ എന്ത് ട്രൈ ചെയ്യാൻ ?


പീറ്റ്സയുടെ നാട് - നേപ്പിൾസ്

കുളിയും തേവാരവും കഴിഞ്ഞ് അടുത്തദിവസം രാവിലെ പോംപെയിലേക്ക് തിരിച്ചു. നേപിൾസിൽ നിന്ന് സർകം വെസൂവിയാന എന്നു പേരുള്ള ലോക്കൽ മെട്രോ ട്രെയിനിലാണ്‌ പോംപൈക്കു പോകേണ്ടത്. (നേപിൾസിനടുത്തുള്ള ആധുനികനഗരം പോംപി എന്നും മണ്മറഞ്ഞ പുരാതന നഗരം പോം‌പൈ എന്നുമാണ് അറിയപ്പെടുന്നത്)
സർക്കം വെസൂവിയാന

നേപ്പിൾസിനു 20 കിമി വടക്കായി വെസൂവിയസ് അഗ്നിപർവ്വതത്തിന്റെ താഴ്വരയിൽ ഉണ്ടായിരുന്ന ഒരു കുഞ്ഞുഗ്രാമമായിരുന്നത്രേ പോംപൈ. സ്വന്തമായി കോട്ടമതിലും പടയാളികളും വ്യവസ്ഥിതിയും നിയമങ്ങളുമൊക്കെയുണ്ടായിരുന്ന ഒരു സ്വയംപര്യാപ്തഗ്രാമം. റോമാസാമ്രാജ്യം ശക്തിപ്രാപിച്ചപ്പോൾ പോം‌പൈ റോമിനു  കീഴിലായി. കലയിലും സാംസ്കാരത്തിലും നാഗരികതയിലും കാലത്തിനു മുൻപേ നടന്നു പോം‌പൈ.അങ്ങനെയിരിക്കെയാണ് നീണ്ട 800 വർഷത്തിനു ശേഷം എ.ഡി 79ൽ വെസൂവിയസ്  പൊട്ടിത്തെറിക്കുന്നത്. നിർത്താതെ രണ്ടു ദിവസം വെസൂവിയസ് തീതുപ്പി. പോം‌പൈയും സഹോദരനഗരമായ ഹെർകൂലിയവും അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരവും ലാവയും കൊണ്ടുമൂടി. 20 മീറ്റരോളം ആഴത്തിലുള്ള സ്ഫോടനാവശിഷ്ടങ്ങളിൽ ഇരു നഗരങ്ങളും കുഴിച്ചു മൂടപ്പെട്ടു. ഈ അപകടത്തിൽ എത്ര ജീവൻ പൊലിഞ്ഞു എന്നതിനു കൃത്യമായ കണക്കുകളൊന്നും നിലവിലില്ല.
പോം‌പൈക്കു മുകളിൽ തീ തുപ്പുന്ന വെസൂവിയസ് - ചിത്രകാരന്റെ ഭാവനയിൽ

അങ്ങനെ പോം‌പൈയെയും ഹെർകൂലിയവും കാലത്തിന്റെ വിസ്മൃതിയിൽ മറഞ്ഞു...അവിടെ ഒരു നാഗരികത ഉണ്ടായിരുന്നു എന്ന ഓർമ്മപോലും അവശേഷിപ്പിക്കാതെ...16ആം നൂറ്റാണ്ടിൽ  സർനോ നദിയെ വഴിതിരിച്ചു വിടാനായി ഒരു ടണൽ കുഴിക്കുന്നതിനിടയിലാണ് ചുവരെഴുത്തുകളും ചിത്രപ്പണികളും നിറഞ്ഞ പൊം‌പൈയിലെ ഒരു ചുവർ കണ്ണിൽ‌പെടുന്നത്..തുടന്നു നടന്ന ഖനനത്തിൽ ആയിരക്കണക്കിന് ഏക്കർ വിസ്തൃതിയിൽ, മണ്മറഞ്ഞു കിടന്ന വിസ്മയ ലോകം അന്വേഷകർ പുറത്തെടുത്തു. ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ പെറുക്കിയെടുത്ത് കുന്നുകൂട്ടി, പോം‌പൈ എന്ന പൌരാണികനഗരത്തെ ഇന്നത്തെ തലമുറക്കു കണ്ടുമനസ്സിലാക്കാനായി പുനഃസൃഷ്ടിച്ചു. ഇന്ന് പോം‌പൈ, കഴിഞ്ഞകാലത്തിന്റെ തിരുശ്ശേഷിപ്പായി, നൂറ്റാണ്ടുകൾക്കു മുൻപ് നിന്നുപോയ ഒരു നിമിഷത്തിന്റെ ഫ്രീസ് ഫ്രെയിമായി ഇന്നലെയെ നോക്കിക്കാണാനെത്തുന്ന ദശലക്ഷക്കണക്കിനു യാത്രികരെ ആകർഷിക്കുന്നു
പോം‌പൈ സ്കാവി - റെയിൽ‌വേ സ്റ്റേഷൻ


പോം‌പൈയിലെത്തുന്ന സന്ദർശകർ അത്ഭുതപരതന്ത്രരാകുന്നത്, ഇരുപതു നൂറ്റാണ്ട് മുൻപുള്ള പോം‌പൈയുടെ നഗരാസൂത്രണം കാണുമ്പോഴാണ്. ഏത് ആധുനിക നഗരത്തെയും വെല്ലുന്ന രീതിയിലാണ് ജലസേചനം മുതൽ  ഡ്രൈനേജ് വരെ ഓരോ കാര്യവും പ്ലാൻ ചെയ്തിരിക്കുന്നത്.
ദേവാലയവും അൾത്താരയും

നഗരസ്വയംഭരണത്തിനായുള്ള യോഗങ്ങൾ നടത്തിയിരുന്ന ഹാളുകൾ ഒരു വശത്തായി കാണാം, വലിയ പില്ലറുകളുള്ള ഈ ഹാളുകളെ ബസലിക്ക എന്നാണത്രേ വിളിച്ചിരുന്നത്. പിൽക്കാലത്ത് ഈ മാതൃകയിലുള്ള നിർമ്മിതി പിൻ‌തുടർന്ന കൃസ്ത്യൻ ദേവാലയങ്ങളും ഇതേ പേരിൽ അറിയപ്പെട്ടു. 
ബസലിക്ക


അതു പോലെ ഫൌണ്ടനുകൾ, സ്നാനഗൃഹങ്ങൾ, ബേക്കറികൾ, പൊതു ടോയ്ലറ്റുകൾ അങ്ങനെ എല്ലാ ഒരു സ്വയം പര്യാപ്ത നഗരത്തിനു വേണ്ട എല്ലാ ഘടകങ്ങളും പോം‌പൈയിലുണ്ടായിരുന്നു. പോം‌പൈയിലെ ബേക്കറികളിലിരുന്ന് ഭക്ഷണം കഴിക്കാനും വാങ്ങിക്കൊണ്ടുപോകാനും സൌകര്യമുണ്ടായിരുന്നു, ഇന്നത്തെ ആധുനിക ബേക്കറികൾ പോലെ.
ബേക്കറി - വലിയ ഓവനുകൾ

ഖനനത്തിനിടെ കണ്ടെടുത്ത മൺപാത്രങ്ങളും പ്രതിമകളുമൊക്കെയായി ഒരു വശത്ത് വലിയ പ്രദർശനം ഒരുക്കിയിട്ടുണ്ട്. അതു പോലെ തന്നെ ലാവയിലുറഞ്ഞ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഫോസിലായി മാറിയ മനുഷ്യരുടെയും അവരുടെ വളർത്തു മൃഗങ്ങളുടെയും ശരീരാവശിഷ്ടങ്ങളും.
ഫോസിലുകൾ - മനുഷ്യരുടെയും പാത്രങ്ങളുടെയും

ഫോസിലുകൾ - മനുഷ്യരുടെയും പാത്രങ്ങളുടെയും


ഒരിടത്ത് വേശ്യാത്തെരുവ് കാണാം. അവിടെ അതിഥികൾക്കായുള്ള ചെറിയ ചെറിയ മുറികളും അവയിൽ കല്ലിൽ തീർത്ത കിടക്കകളും ഒരുക്കിയിട്ടുണ്ട്. മുറികളുടെ ചുവരുകളിലും മേൽക്കൂരകളിലും നിരവധി ചിത്രങ്ങളും ശില്പങ്ങളും . ഇപ്പോൾ കാണുന്നതിലും വിപുലമായിരുന്നത്രേ യഥാർത്ഥത്തിലുണ്ടായിരുന്ന ‘സെറ്റ് അപ്പ്’. എന്നാൽ ഖനനം നടത്തിയ 16ആം നൂറ്റാണ്ടിലെ കർക്കശമായ സാമൂഹികക്രമം പ്രകടമായ ലൈംഗികത വിളിച്ചോതുന്ന ഈ ചിത്രങ്ങളും ശില്പങ്ങളും പ്രദർശിപ്പിക്കുന്നതിനു തടസ്സമായി നിന്നു. അന്വേഷകർ കണ്ടെടുത്ത ഇത്തരം ‘കലാരൂപങ്ങൾ’ വീണ്ടും മണ്ണിനടിടിയിൽ കുഴിച്ചു മൂടുകയാണത്രേ ചെയ്തത്. 2000 ത്തിൽ മാത്രമാണ് ഇവ പൊതു ദർശനത്തിനായി തുടർന്നു കൊടുത്തത്.

തിരക്ക് - ചിത്രങ്ങളും ശില്പങ്ങളും കാണാൻ

നടന്നു നടന്ന് നിറയെ വീടുകളുള്ള ഒരു ‘ഹൌസിങ്ങ് കോളനി’ യിലെത്തി. കേരളമാതൃകയിൽ നടുമുറ്റമുള്ള ഒരു വീട് കൌതുകമായി തോന്നി. വീടിനു മുന്നിൽ നായയുണ്ട് സൂക്ഷിക്കുക എന്ന് ലാറ്റിൻ ഭാഷയിലുള്ള മുന്നറിയിപ്പുമുണ്ട്. 

‘ഇറ്റാലിയൻ മാർബിൾ’ 2000 വർഷത്തെ പഴക്കമുള്ളത്

വീടിനു പുറകിലായി ഡെമോക്ലിസിന്റെ വാളുപോളെ തൂങ്ങിക്കിടക്കുന്ന അഗ്നിപർവ്വതത്തിന്റെ ദൃശ്യം ! അങ്ങോട്ടാണ് ഇനി യാത്ര.
അഗ്നിപർവ്വതം attached !


പോം‌പൈ കവാടം - പുറകിൽ വെസൂവിയസ്


പോം‌പൈയിൽ നിന്ന് ഒരു മണിക്കൂറോളം യാത്രയുണ്ട് വെസൂവിയസ് പർവ്വതത്തിലേക്ക്. മെഡിറ്ററേനിയൻ കടൽക്കരയിലൂടെയുള്ള ഹൈവേയിലൂടെയാണ് യാത്ര. കെട്ടിടങ്ങളും ഭൂപ്രകൃതിയും വടക്കൻ യൂറൊപ്പിൽ നിന്നും തികച്ചും വിഭിന്നമാണ്. ഹൈവേയിൽ നിന്നു തിരിഞ്ഞ് വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴിയിലൂടെ അഗ്നിപർവ്വതത്തിന്റെ 1 കിമീ താഴെ വരെ എത്താം. അവിടെന്ന് മുകളിലേക്ക് നടന്നു തന്നെ പോകണം...38 ഡിഗ്രി ചൂട്, ശക്തമായ പൊടിക്കാറ്റ്, വഴി നിറയെ ലാവ ഉറഞ്ഞ ചരൽമണ്ണ്. ഊന്നി നടക്കാൻ ഒരു വടി കിട്ടിയത് ആശ്വാസമായി തോന്നി...


പകുതി കയറുമ്പോൾ തന്നെ നേപ്പിൾസ് നഗരത്തിന്റെയും മെഡിറ്ററേനിയന്റെയും മനോഹരമായ കാഴ്ച കാണാം... താഴേക്കു നോക്കി പോം‌പൈയെ കണ്ടു പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

നേപിൾസ് - വെസൂവിയസിനു മുകളിൽ നിന്നും

മുകളിലെത്താറായപ്പോൾ അമ്പിളി തളർന്നു. ഇനിയൊരടി വയ്ക്കാനാവില്ലെന്നും തുമ്പിയെയും കൂട്ടി പകുതി വഴിക്കു നിന്നോളാമെന്നും പറഞ്ഞു അമ്പിളി. പക്ഷേ തുമ്പി വിടാൻ കൂട്ടാക്കിയില്ല...അവൾക്ക് മലയുടെ മുകളിൽ നിന്നും തീ വരുന്ന സ്ഥലം കണ്ടേ പറ്റു :)....പൊരിവെയിലത്ത് ഒറ്റക്കു നിൽക്കാൻ താല്പര്യമില്ലാത്തതു കൊണ്ട് നിവർത്തിയില്ലാതെ അമ്പിളിയും പുറകേ നടന്നു.

നടന്നു തളർന്നു വരുന്നവർക്ക് ഇരിക്കാനുള്ള സൌകര്യം ക്രേറ്ററിനു (അഗ്നിപർവ്വതമുഖം) തൊട്ട് താഴെയായുണ്ട്...അവിടെയെത്തി അല്പസമയം വിശ്രമിച്ചിട്ട് ഞങ്ങൾ വീണ്ടും മുകളിലേക്കു നടന്നു.

ഒരു സ്പൂണുകൊണ്ട് മലയുടെ മുകൾഭാഗം ചൂഴ്ന്നെടുത്ത പോലെയാണ് ക്രേറ്റർ കാണപ്പെടുന്നത്.
ഒരു പടുകൂറ്റൻ ഗർത്തം. അതിൽ നിന്നും ഉരുകിയ ലാവയും ചാരവും തെറിക്കുന്നതോർത്തപ്പോൾ മനസ്സിൽ ഒരുൾക്കിടിലം തോന്നാതിരുന്നില്ല. 


ക്രേറ്റർ - ആകാശദൃശ്യം (ചിത്രം വികിയിൽ നിന്നും)


വരണ്ടുണങ്ങിയ ക്രേറ്ററിനരികിലായി ഒരു കുഞ്ഞു പൂവ് വിടർന്നു നിൽക്കുന്നു. ജീവിതത്തിന്റെ കൊടിപ്പടം താഴ്താൻ വിജുഗീഷുവായ മൃത്യുവിനാവില്ല എന്ന കവിവാക്യത്തെ ഓർമ്മിപ്പിച്ചുകൊണ്ട്
ക്രേറ്റർ - അടുത്തു നിന്നും

അഗ്നിപർവ്വതത്തിനു മുകളിൽ നിന്ന് ചില ലാവക്കല്ലുകളും പെറുക്കി ഞങ്ങൾ തിരിച്ചു നടന്നു. തിരികെ പോകുന്ന വഴിയാണ് ലാവ ഒഴുകിയിറങ്ങിയ വഴി ശ്രദ്ധയിൽ പെട്ടത്. ഒരു.പുല്ലു പോലും കിളിർക്കാത്ത രീതിയിൽ ലാവ ഒഴുകിയ പാത തരിശ്ശായിരിക്കുന്നു. പോം‌പൈയെ വിഴുങ്ങിയ ശേഷവും വെസൂവിയസ് അടങ്ങിയിരുന്നില്ല.പിന്നെയും പലതവണ തീ തുപ്പിയ വേസൂവിയസ് അവസാനം ഗർജ്ജിച്ചത് 1944 ലാണത്രേ. ഇറ്റലിയെ കീഴ്പ്പെടുത്തി പോം‌പൈക്കടുത്തു താവളമടിച്ചിരുന്ന അമേരിക്കൻ വ്യോമസേനയുടെ നിരവധി ബോംബറുകൾ ഈ വിസ്ഫോടനത്തിൽ തകർന്നു എന്നാണ് കണക്ക്. തന്റെ വിരിമാറിലേക്ക്  തീവർഷിക്കുന്നതിന് ഭൂമി കൊടുത്ത ഒരു ചെറിയ ശിക്ഷയാവാം അത്.
        

Volcanic Ashes
ലാവ ഒഴുകിയിറങ്ങിയ വഴി
തിരികെ നേപ്പിൾസിലെത്തി അവിടെ നിന്നും റോമിലേക്കു തിരിച്ചു. 3 മണിക്കൂർ യാത്രയുണ്ട് റോമിലേക്ക്. ഇറ്റലിക്കാരനായ ഒരാളും ഈജിപ്റ്റിലെ അലക്സ്സ്ണ്ട്രിയയിൽ നിന്നു സന്ദർശനത്തിനെത്തിയ ദമ്പതികളുമാണ് ബെർത്തിൽ കൂടെ ഉണ്ടായിരുന്നത്. ആ ദമ്പതികളിലെ യുവതി അർമേനിയക്കാരിയാണ്. സരസമായി സംസാരിക്കുന്ന വാചാലയ അവർക്ക് അർമേനിയൻ, റഷ്യൻ, ഇറ്റലിയൻ, ജർമ്മൻ, ഇംഗ്ലീഷ്, അറബിക് തുടങ്ങി നിരവധി ഭാഷകളറിയാം. അമേരിക്കക്കാരനായ ഭർത്താവുമൊത്ത്  നേപ്പിൾസിൽ ഒരു ഓപറാ അവതരണത്തിനെത്തിയതാണ്. തുമ്പിമോൾക്കായി മനോഹരമായ ഒരു ഗാനമാലപിച്ചുകൊണ്ടാണവർ സംസാരം തുടങ്ങിയത്. സോവിയറ്റ് അധിനിവേശക്കാലത്തെ അർമേനിയയിലെ കുട്ടിക്കാലത്തെപ്പറ്റിയും ഈജിപ്റ്റിലെ വരണ്ട ജീവിതത്തെപറ്റിയുമൊക്കെ സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ട്രെയിൻ റോമിലെത്തി.

All roads lead to Rome...എല്ലാ വീഥികളും റോമിലേക്ക് അങ്ങനെ സീസറുടെയും മാർക്ക് ആന്റണിയുടെയും നാട്ടിൽ, മരണത്തോടു പടവെട്ടി കാണികളെ രസിപ്പിച്ച ഗ്ലാഡിയേറ്ററുകളുടെയും  നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ചു ചിരിച്ച ചക്രവർത്തിമാരുടെയും നാട്ടിൽ, ജനാധിപത്യത്തിന്റെ ജന്മഭൂമിയിൽ, മാനവസംസ്കൃതിയുടെ കളിത്തൊട്ടിലിൽ, ഇനി രണ്ടു നാൾ... 

(തുടരും)

35 comments:

  1. വീണ്ടും പഴയ യാത്രകൾ പൊടിതട്ടിയെടുത്തു തുടങ്ങി....:)..

    ReplyDelete
  2. യാത്രാ വിവരണങ്ങൾ വായിക്കുന്നത് എന്നും ഒരു ഹരമാണ്.
    മാഫിയാ സംഘങ്ങളുടെ നാട്ടിലെ സഞ്ചാരം ഇത്തിരി കടുകട്ടിയാട്ടോ...!
    ആരും ആക്രമിക്കാഞ്ഞതു ഭാഗ്യം...
    ( അതോ.. ആ സംഭവം പറയാത്തതോ..? വൈദ്യന്മാരോടും വക്കീലന്മാരോടും മാത്രമല്ല ബ്ലോഗറന്മാരോടും സത്യം മറച്ചു വക്കരുതെന്നാ പ്രമാണം..!!)
    ആശംസകൾ...

    ReplyDelete
    Replies
    1. സത്യം മാത്രം പറയാൻ തുടങ്ങിയാൽ ബ്ലോഗെഴുത്ത് നിർത്തേണ്ടി വരും :)) ..ഭാഗ്യത്തിനു ഒന്നും സംഭവിച്ചില്ല :)

      Delete
  3. ഹോ.. പോപേ പേടിപ്പിച്ചല്ലോ..... എന്നാലും ഞാന്‍ കാത്തിരിക്കുന്നത് റോം കാണാന്‍ ആണ്... വേഗം എഴുതണേ....

    ReplyDelete
    Replies
    1. റോം വരുന്നുണ്ട്..പുറകെ...

      Delete
  4. അപ്പോള്‍ ഇറ്റലി മഹാ കുഴപ്പം ആണല്ലേ? മര്യാദയില്ലാത്ത്തവര്‍..
    പോംപൈയുടെ ചിട്ടയും അഗ്നിപര്‍വ്വതത്തിന്റെ ആ കുഴിയും അത്ഭുതപ്പെടുത്തി.
    നല്ലൊരു വിവരണം.

    ReplyDelete
    Replies
    1. ഇറ്റലി മുഴുവൻ അങ്ങനെ അല്ല..തെക്കൻ ഇറ്റലി അല്പം മോശമാണ്

      Delete
  5. അടുത്തു തന്നെ ഒരു വൊള്‍ക്കാനോ നഗരിയില്‍ പോകണമെന്ന് കരുതിയിരുന്നതാണു അതുല്‍. ഇനിയിപ്പോള്‍ പോയി കണ്ടിട്ട് കാര്യമില്ലല്ലോ? വിശദമായി എല്ലാം എഴുതിയില്ലേ...

    ReplyDelete
    Replies
    1. എങ്ങോട്ടായിരുന്നു പ്ലാൻ ? പോയിട്ട് വിശദമായി എഴുതൂ

      Delete
  6. ഇറ്റലിയുടെ കാര്യം വായിക്കണോ എന്ന് ചിന്തിക്കട്ടെ. രണ്ടുപേരെ വെടിവച്ച് കൊന്നിട്ട്.......(എന്നാലും വായിച്ചു കേട്ടോ)

    ReplyDelete
    Replies
    1. ഇറ്റലിക്കാർ വന്നു വെടിവക്കുന്നതിനു മുൻപാ അങ്ങോട്ടു പോയത്..അല്ലെങ്കിൽ ഒരു കൈ നോക്കിയേനെ :)

      Delete
  7. പഥികൻ, വെസൂവിയസ് - പോം‌പൈയെക്കുറിച്ച് ഇതിനു മുൻപും ചില വിവരണങ്ങൾ വന്നതോർക്കുന്നു..പക്ഷെ ഇത്രയും വിശദമല്ലായിരുന്നു എന്നാണ് ഓർമ്മ.. ഇവിടെ കാഴ്ചകളെല്ലാം ചിത്രങ്ങളായും, അക്ഷരങ്ങളായും വളരെ മനോഹരമായി, ഞങ്ങൾക്കായി പകർത്തി വച്ചിരിയ്ക്കുന്നു..അതിന് ഏറെ അഭിനന്ദനങ്ങൾ.

    All roads lead to Rome...എന്നിട്ടും ഇതുവരെ അവിടെ എത്തിയില്ലേ? :)
    പെട്ടന്ന് ചെന്ന്, കാഴ്ചകൾ കണ്ട്, വിവരണങ്ങൾ പോരട്ടെ...സമയം കളയണ്ട...
    ഷിബു തോവാള.

    ReplyDelete
    Replies
    1. ഒരു വിവരണം വായിച്ചിട്ടാണ് പോകാം എന്നു തീരുമാനിച്ചുറപ്പിച്ചത്..നല്ല വാക്കുകൾക്കു നന്ദി :0

      Delete
  8. സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങര ആ വഴി ഒരു "സഞ്ചാരം" ഈയിടെ നടത്തിയിരുന്നു.

    ReplyDelete
    Replies
    1. ഞാൻ വീഡിയോ നെറ്റിൽ തപ്പി നോക്കട്ടെ....

      Delete
  9. ഹൊ ന്റെയ് നാട്ടാരാ വായിച്ചു തീർന്ന ശേഷവാ ഞാനൊരു ദീർഘനിശ്വാസം വിട്ടതേയ്...മാഫിയാ സംഘങ്ങളുടെയൊക്കെ കാര്യം പറഞ്ഞ് പേടിപ്പിച്ചു...ഹും ഇവരെയാ നമ്മുടെ നാട്ടാരിപ്പോ വരച്ച വരയിൽ നിറുത്തി വില പേശണത്..
    ഇനി പോസ്റ്റിനെക്കുറിച്ച് പറയാം...പതിവു പോലെ ബോറഡിക്കാത്ത വിവരണംട്ടോ...മണ്മറഞ്ഞു പോയ ഒരു നാഗരികതയുടെ ശേഷിപ്പുകൾ വരും തലമുറകൾക്കായി പ്രകൃതി കാത്തു വച്ചത് ഒട്ടൊരു അത്ഭുതത്തോടെ തന്നെ വായിച്ചറിയുകയായിരുന്നു...പഴയ തലമുറയുടെ ചിന്തയും ബുദ്ധിയും ക്രിയേറ്റിവിറ്റിയും ഒക്കെ വിളിച്ചോതുന്നവ തന്നെ ആ അവശേഷിപ്പുകൾ...പിന്നെ ഇഷ്ടമായത് വെസൂവിയസും അതിലെ ലാവ പുറത്തേക്ക് വന്ന സ്ഥലവുമാണ്...ആ പൂവിന്റെ അഹങ്കാരം രസിപ്പിച്ചു..

    ഇനി റോമിലേക്ക്...കാത്തിരിക്കുന്നു...

    ReplyDelete
    Replies
    1. ആണോ ? അവർ നമ്മൾക്കല്ലേ വിലപറയുന്നത്....വരവിനും വായനക്കും നന്ദി സീത...

      Delete
  10. ക്രേറ്റര്‍ കാണാന്‍ രസമുണ്ട്.. എന്തായാലും അവിടെ പോകല്‍ നടക്കില്ല. അപ്പോളിങ്ങനെയെങ്കിലും കാണാലോ...

    ReplyDelete
  11. പീറ്റ്സയുടെ നാട് - നേപ്പിൾസ്,
    ഒപ്പം മാഫിയകളുടെ തലതൊട്ടപ്പന്മാരുടെ നാടും
    പിന്നെ പോരാത്തതിന് പണ്ട് പൊട്ടിയ അഗ്നിപർവ്വതങ്ങളും..
    പോരെ പൂരം...
    ഇതും അസ്സൽ വിവരണം കേട്ടൊ അതുൽ

    ReplyDelete
    Replies
    1. തലതൊട്ടപ്പന്മാരുടെ നാട് നേപിൾസിനും തെക്കാണ് മുരളിയേട്ടാ..സിസിലി...നല്ല വക്കുകൾക്കു നന്ദി...

      Delete
  12. നല്ല എഴുത്ത് നല്ല ചിത്രങ്ങള്‍ ....... ഭാവുകങ്ങള്‍

    ReplyDelete
  13. "ഇന്ന് പോം‌പൈ, കഴിഞ്ഞകാലത്തിന്റെ തിരുശ്ശേഷിപ്പായി, നൂറ്റാണ്ടുകൾക്കു മുൻപ് നിന്നുപോയ ഒരു നിമിഷത്തിന്റെ ഫ്രീസ് ഫ്രെയിമായി ഇന്നലെയെ നോക്കിക്കാണാനെത്തുന്ന ദശലക്ഷക്കണക്കിനു യാത്രികരെ ആകർഷിക്കുന്നു"

    "ഒരു സ്പൂണുകൊണ്ട് മലയുടെ മുകൾഭാഗം ചൂഴ്ന്നെടുത്ത പോലെയാണ് ക്രേറ്റർ കാണപ്പെടുന്നത്"

    "വേസൂവിയസ് അവസാനം ഗർജ്ജിച്ചത് 1944 ലാണത്രേ. ഇറ്റലിയെ കീഴ്പ്പെടുത്തി പോം‌പൈക്കടുത്തു താവളമടിച്ചിരുന്ന അമേരിക്കൻ വ്യോമസേനയുടെ നിരവധി ബോംബറുകൾ ഈ വിസ്ഫോടനത്തിൽ തകർന്നു എന്നാണ് കണക്ക്. തന്റെ വിരിമാറിലേക്ക് തീവർഷിക്കുന്നതിന് ഭൂമി കൊടുത്ത ഒരു ചെറിയ ശിക്ഷയാവാം അത്"

    "വരണ്ടുണങ്ങിയ ക്രേറ്ററിനരികിലായി ഒരു കുഞ്ഞു പൂവ് വിടർന്നു നിൽക്കുന്നു. ജീവിതത്തിന്റെ കൊടിപ്പടം താഴ്താൻ വിജുഗീഷുവായ മൃത്യുവിനാവില്ല എന്ന കവിവാക്യത്തെ ഓർമ്മിപ്പിച്ചുകൊണ്ട്...."

    മനോഹരമായി എഴുതിയിരിക്കുന്നു ഈ യാത്രാനുഭവങ്ങൾ. നന്ദി.

    ReplyDelete
    Replies
    1. വിശദവായനക്ക് നന്ദി പള്ളിക്കരയിൽ.....നല്ല വാക്കുകൾക്കും...

      Delete
  14. അതുല്‍ വളരെ മനോഹരം ആയ വിവരണം..
    അല്പം പേടിച്ചു കേട്ടോ..ഇറ്റാലിയന്‍ മാഫിയ
    വളരെ കുപ്രസിദ്ധി നേടിയവ ആണല്ലോ...

    റോമിലെ ബസലിക്കകള്‍ കാണാന്‍ കാത്തിരിക്കുന്നു..

    ReplyDelete
  15. സുന്ദരമായ വിവരണം. ഒരുപാടിഷ്ടപ്പെട്ടു. എന്നാ ഇനി അടുത്ത ഭാഗം.

    ReplyDelete
  16. അതുലെ യാത്രാവിവരണം ഇത്തവണയും നന്നായിട്ടെഴുതി ട്ടോ ...!
    മാഫിയാ സംഘങ്ങള്‍ ഉള്ളയിടത്ത് എന്ത് ധൈര്യത്തില്‍ ആണ് അമ്പിളിയേയും തുമ്പിയേയും
    കൂടെ കൂട്ടിയത് ..!!
    ഒന്നും സംഭവിക്കാഞ്ഞതിനു ദൈവത്തിനോട് നന്ദി പറയണം ...!!
    റോമന്‍ യാത്രാവിവരണത്തിനായി കാത്തിരിക്കുന്നു ട്ടോ ...!!

    ReplyDelete
  17. ഇതും വളരെ നന്നായി .വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല .ഇറ്റലിയില്‍ റോമില്‍ പോകാന്‍ സാധിച്ചിട്ടുണ്ട് .വേറെ ഒരിടത്തും പോകാന്‍ കഴിഞ്ഞില്ല .ഈ യാത്രയുടെ അടുത്തത് ആകാഷയോടെ കാത്തിരിക്കുന്നു ...

    ReplyDelete
  18. മനോഹരമായി വിവരണം.അഭിനന്ദനങ്ങൾ.

    ReplyDelete
  19. അതി സുന്ദരമായ വിവരണം.. നേപ്പിള്‍സില്‍ പോയി വന്നത് പോലെ തോന്നി.. ചിത്രങ്ങളും സംസാരിക്കുന്നത് പോലെ തോന്നി.. അത്രക്കും വാചാലം.. ആശംസകളോടെ..

    ReplyDelete
  20. ചുമ്മാതല്ല വെടി വച്ചത്... ..... ഇതല്ലേ വര്‍ഗം...

    യാത്ര പതിവ് പോലെ... ഉഗ്രന്‍..

    ReplyDelete
  21. സുപ്രഭാതം..
    താങ്കളുടെ പോസ്റ്റ് ഒരു യാത്രാ വിവരണം എന്നതിനപ്പുറം വളരെ നിലവാരം പുലര്‍ത്തുന്നു..
    എഴുത്തിനപ്പുരം ഓരോ ചിത്രവും പ്രാധാന്യം അര്‍ഹിയ്ക്കുന്ന സ്ഥാനം കയ്യടക്കിയിരിയ്ക്കുന്നു..
    അഭിനന്ദനങ്ങള്‍...!

    ReplyDelete
  22. മനോഹരമായ പോസ്റ്റ്

    ReplyDelete
  23. വാചാലമായ ചിത്രങ്ങൾ വിവരണത്തിന് കൂടുതൽ മിഴിവെകുന്നു..!!

    ReplyDelete
    Replies
    1. കുറെ ഏറെ തെരക്കായതിനാല്‍ വരാന്‍ താമസിച്ചു പോയി
      പക്ഷെ എത്ര താമസിച്ചാലും വരണമല്ലൊ അത്ര സുന്ദരമായ യാത്രാവിവരണം അല്ലെ. ആ നാട്ടിലൊക്കെ ഒന്നു പോയി വന്നതുപോലെ തോന്നി
      നന്ദി. ആ ക്രേറ്ററിനുള്ളിലെ പൂവാണ്‌ മനസിനെ വല്ലാതെ ആകഷിച്ചത്‌

      Delete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...