പഥികന്റെ കാൽപാട്



Showing posts with label വൈവ. Show all posts
Showing posts with label വൈവ. Show all posts

Thursday, December 15, 2011

സുഗന്ധം പരത്തിയ ഒരു വൈവ


എട്ടാം സെമസ്റ്റർ വൈവക്ക് ഊഴം കാത്തിരിക്കുമ്പോഴാണ്‌ കൂട്ടുകാരൻ ഫൈസലിന്‌ ഉൾവിളിയുണ്ടാവുന്നത്.അക്ഷരാർത്ഥത്തിലുള്ള ഉൾവിളി.

കക്കൂസിൽ പോണം.

ആൽഫബെറ്റിക്കൽ ഓർഡറിൽ ആദ്യപേരുകാരനായിരുന്നതു കൊണ്ട് വൈവാ പരിപാടികളൊക്കെ ആദ്യമേ കെട്ടിപ്പൂട്ടി കോനയടിച്ചു നടന്നിരുന്ന എന്നെ ഫൈസൽ തോണ്ടി വിളിക്കുന്നു.

മണിച്ചിത്രത്താഴിലെ ഇന്നസന്റ് സ്റ്റൈലിൽ..

“
കക്കൂസിൽ പോണമെടാ”

“
നീ ധൈര്യമായി പൊയ്ക്കോ.. ഞാൻ മോറൽ സപ്പോർട്ട് തരം ”

“
അല്ലെടാ....നിന്റെ ഹോസ്റ്റലിൽ പോണം..”

“
ങേ..കോളേജിലെ കക്കൂസൊക്കെ ഫുള്ളാണോ ? ”

“
അതല്ല..ഇവിടെ ഒന്നും നീറ്റല്ല..പോരാത്തതിന്‌ ഒരോരുത്തനൊക്കെ വേണ്ടാത്തത് കുത്തി വരച്ചു വച്ചിരിക്കുവല്ലേ..കോൺസന്റ്രേഷൻ പോകും”

കോൺസ്റ്റിപേഷന്‌ കോൺസണ്ട്രേഷൻ നിർബന്ധം !!

അവനെ തൂക്കിയെടുത്ത് ബൈക്കിലിരുത്തി, ഹോസ്റ്റലിലേക്ക്.

കലാപരിപാടികളെല്ലാം കഴിഞ്ഞ് ടവ്വലുമുടുത്തിറങ്ങിയപ്പോഴാണ്‌ അവന്‌ സ്വന്തം ലൂക്ക് ആന്റ് അപ്പിയറെൻസിനെപ്പറ്റി ബോധമുണ്ടാകുന്നത്.

റൂമിൽ കണ്ട ഒരു പെർഫ്യൂം എടുത്ത് ഒരു വീശ്...ദേഹത്തും പിന്നെ ഹാങ്ങറിൽ തൂക്കിയിട്ടിരിക്കുന്ന ഷർട്ടിലും ..

ക്ലാ..ക്ലൂ...ക്ലസ് ..ക്ലാ​‍ാ​‍ാൻ

പരിചയമില്ലാത്ത രൂക്ഷഗന്ധം പെർഫ്യൂമിന്‌..


കുപ്പി പരിശോധിച്ചു.. മണ്ണെണ്ണ !!!

റൂമിലൊരിടത്ത് “കൊളോണിയലിസത്തിന്റെ” ആദ്യമുന്നേറ്റങ്ങൾ നടത്തിയിരുന്ന ഉറുമ്പിൻ പറ്റത്തെ സ്പ്രേ ചെയ്ത് തുരത്താൻ സഹമുറിയൻ ബെന്നി പെർഫ്യൂം കുപ്പിയിലടച്ച് സൂക്ഷിച്ചിരുന്ന കരിനീലനിറത്തിലുള്ള നല്ല ഒന്നാം തരം റേഷൻ മണ്ണെണ്ണ.

“
അളിയാ..കലിപ്പായെന്നാ തോന്നുന്നേ, വൈവ ഇപ്പം തുടങ്ങും..എനിക്കാണെങ്കിൽ വേറെ ഉടുപ്പൊന്നുമില്ല.”

“
നീയായി നിന്റെ പാടായി, ...ഈ രക്തത്തിൽ എനിക്കു പങ്കില്ല”

“
നാറിയവനെ ചാരിയാൽ ചാരിയവനും നാറും” എന്ന ഐൻസ്റ്റീൻ തത്ത്വം അറിയാവുന്ന ഞാൻ ഓൺ ദി സ്പോട്ടിൽ അവനെ കൈയ്യൊഴിഞ്ഞു.

എന്നാലും നിക്കറിൽ മുള്ളിയ നഴ്സറിക്കുട്ടി ടീച്ചറിനെ നോക്കുന്നതു പോലെയുള്ള അവന്റെ അതിദയനീയമായ നോട്ടം കണ്ട് ആർദ്രഹൃദയനും
വിശാലമനസ്കനുമായ   എന്റെ മനസ്സ് അലിഞ്ഞലിഞ്ഞ് ഇല്ലാതെയായി.

മുറി മൊത്തം തപ്പി എന്റെ ഇരട്ടി വലിപ്പമുള്ള അവനാകെ പാകമാകുന്ന ഒരു ജുബ്ബയും സംഘടിപ്പിച്ച് ടച്ചിങ്ങ്സ് ഒട്ടും പാടില്ല എന്ന കണ്ടീഷനിൽ അവനെ തൂക്കിയെടുത്ത് ബൈക്കിന്റെ പിന്നിലിരുത്തി വൈവാ ഹാളിൽ ഡൗൺലോഡ് ചെയ്തു.

ഫൈനൽ ഇയർ വൈവക്ക്, ജുബ്ബയുമിട്ട് കമ്പ്ലീറ്റ് കണ്ട്രി ലുക്കിൽ മുന്നിൽ വന്നു ചാടിയ ഫൈസലിനെ കീരി ഗോപാലൻ സർ കടിച്ചുകുടഞ്ഞു.


“
What are the advantages and disadvantages of FIR filters compared to IIR counterparts ? ”
"How is a floating point number stored in computer memory ?"

കീരി  ഗോപാലൻ സാറിന്റെ ബൗൺസറുകൾ ചുടുനെടുവീർപ്പുകളായി അവന്റെ അന്തരാളങ്ങളിൽ ആഴ്ന്നിറങ്ങി, വിയർപ്പുകണങ്ങളായി ബഹിർഗമിച്ചു...
മുഖത്ത് ഉരുണ്ടു കൂടിയ വിയർപ്പ് തുള്ളികളെ അവൻ പോക്കറ്റിൽ നിന്നെടുത്ത തൂവാലകൊണ്ട് തുടച്ചു കളഞ്ഞു.

ആ തൂവാലയിൽ നിന്ന് അപ്രതീക്ഷിതമായ വേറൊരു രൂക്ഷഗന്ധമടിച്ച ഫൈസലും ഫൈസലിന്റെ കയ്യിലേക്ക് നോക്കി ഗോപാലൻ സാറും ഒരുപോലെ ഞെട്ടി.

വൈവാ ഹാളിന്റെ കണ്ണാടിക്കൂടിലൂടെ പുറത്തു കാത്തു നില്ക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ ആ ഞെട്ടൽ ഒരു മെക്സിക്കൻ വേവ് പോലെ പടർന്നു.


ഫൈസൽ സ്വന്തം കയ്യിലേക്ക് സൂക്ഷിച്ചു നോക്കി ആ നഗ്ന സത്യം ഉറപ്പു വരുത്തി...തൂവാലക്കു പകരം കയ്യിലുണ്ടായിരുന്നത് ഹോസ്റ്റലിൽ കോർ ഡമ്പ് ചെയ്യുന്ന സമയത്ത് ഊരി പോക്കറ്റിൽ തിരുകി വച്ച, തുടർന്നുള്ള കോലാഹലത്തിനിടയിൽ എടുത്തണിയാൻ വിട്ടു പോയ
പുണ്യപുരാതനമായ കുന്നത്തിന്റെ  ചുവന്ന ഷഡ്ഡി ! 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഈ പോസ്റ്റോടു കൂടി, തൽക്കാലത്തേക്ക് പെട്ടിയും കിടക്കയുമായി നാട്ടിലേക്ക് പാക്ക് ചെയ്യുന്ന കാര്യം അറിയിച്ചു കൊള്ളുന്നു..ഇനി മൂന്നാഴ്ച്ച പെരിയാറിന്റെ തീരത്തുള്ള വീട്ടിൽ അണപൊട്ടുന്നതും കാത്ത്:)
ഡാം പോട്ടുമ്പോൾ മലയാറ്റൂർ മലയിലേക്ക് ഓടികയറാനാണ് പരിപാടി...വേറെ ആർക്കെങ്കിലും ഇതേ പരിപാടി ഉണ്ടെങ്കിൽ അറിയിക്കുക..മലയാറ്റൂരിൽ ഒരു ബ്ലോഗ് മീറ്റ് നടത്താം. :)

എല്ലാവർക്കും ക്രിസ്‌മസ് , നവവത്സര ആശംസകൾ